കാനത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും; സര്‍ക്കാരിന്‍റെ കപ്പിള്‍ ചലഞ്ചും

Thiruvaa-21-09-2020-845
SHARE

ചിരി ചലഞ്ച് കത്തിനില്‍ക്കുന്ന സമയത്ത് സീരിയസായി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. ചിരി ഒട്ടും വരാത്ത ഒരു പരിപാടിയുണ്ട്.ചിരി വരില്ല എന്നുമാത്രമല്ല ചിലപ്പോള്‍ നമ്മള്‍ അങ്ങ് പേടിച്ചുപോകും. പറഞ്ഞുവരുന്നത് മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തെക്കുറിച്ചാണ്. ആദ്യ പകുതിയില്‍ കോവിഡ് കണക്കുകളാണ്. അവ പേടിപ്പെടുത്തുന്നതാണെന്നതില്‍ തെല്ലും സംശയമില്ല. രണ്ടാം പാതി അതിലും ഭീകരമാണ്. ഒരാള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ചോദ്യങ്ങള്‍ വീതിക്കുന്നതില്‍ വരെ സോഷ്യലിസം വച്ചുപുലര്‍ത്തുന്ന ആളാണ് നമ്മുടെ മുഖ്യന്‍. ഒന്നിലധികം ചോദ്യങ്ങള്‍ ഒരാള്‍ത്തന്നെ ചോദിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിക്ക് ഇവിടെ സ്ഥാനമില്ല. ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് മനുഷ്യര്‍. അത് അവനവന്‍ ചോദിക്കുമ്പോളാണ് എന്നുമാത്രം. ചോദ്യം ചെയ്യപ്പെടുമ്പോള്‍ മൂഡ് അങ്ങ് മാറും.

ചോദ്യങ്ങളെ ഭയപ്പെടുന്ന ഫാസിസ്റ്റ് ഭരണകൂടം എന്ന വിഷയത്തില്‍ നമ്മുടെ ഡിഫിയൊക്കെ സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍ ആവേശത്തില്‍ ഉദ്ഘാടനത്തിനെത്തുന്നതും ഇതേ സഖാവാണെന്നത് സ്മരണീയം. ഇതുപോലെ തന്നെയുള്ള മറ്റൊരു ഇഷ്ടവിഷയമാണ് സ്ത്രീ ശാക്തീകരണം. ഒരു സാംപിള്‍ കണ്ടുവരാം. ഇതൊക്കെ കേള്‍ക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തക ചോദ്യവുമായി സധൈര്യം ചാടിവീഴും. ജയന്തിജനതക്ക് തലവെക്കലായിരുന്നു ഭേദമെന്ന് തിരിച്ചറിയാന്‍ അധികനേരം വേണ്ടിവരാറില്ല.

ജലീല്‍ വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ കിട്ടിയ ദിനംകൂടിയാണ് ഇന്ന്. പിണറായി വിജയന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ട് സഖാവ് കാനം രാജേന്ദ്രന്‍ രംഗപ്രവേശനം ചെയ്തു. ശരിക്കുപറഞ്ഞാല്‍ ഇപ്പോളാണ് സര്‍ക്കാരിന്‍റെ കപ്പിള്‍ ചലഞ്ച് പൂര്‍ത്തിയായത്. പിണറായിക്കൊപ്പം നിറപുഞ്ചിരിയുമായി നില്‍ക്കുന്ന കാനം ഇന്നലകളില്‍ വല്യേട്ടന്‍റെ കൈയ്യില്‍ നിന്ന് സിപിഐക്ക് കിട്ടിയ വേദനകളെ ഇല്ലാതാക്കി. താന്‍ വേണമെങ്കില്‍ സിപിഐ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാം എന്നാലും ജലീലിനെ രാജിവയ്ക്കാന്‍ അനുവദിക്കില്ല എന്നാണ് നിലപാട്. ഭൂപരിഷ്കരണ നിയമത്തിന്‍റെ സുവര്‍ണ ജൂബിലി ചടങ്ങിനു പിന്നാലെയാണ് ഇതിനു മുമ്പ് കാനം പിണറായെ സ്നേഹിച്ചത്. ആ ചടങ്ങില്‍ മുഖ്യന്‍ സിപിഐയെ തേച്ചപ്പോള്‍ ചരിത്രം അറിയാത്തവര്‍ അത് വായിച്ചു പഠിക്കണം എന്നായാരുന്നു കാനത്തിന്‍റെ ഉപദേശം. ചരിത്ര പുസ്തകം കളവു പോയതുകൊണ്ടാണെന്നു തോന്നുന്നു ഇപ്പോള്‍ ചരിത്രത്തെക്കുറിച്ച് കാനം സഖാവ് അത്ര ആശങ്കാകുലനല്ല. പ്രായോഗിക രാഷ്ട്രീയത്തിലാണ് ശ്രദ്ധ അപ്പോ ജലീല്‍ ഒഴിയുവാരിക്കും അല്ലേ, എന്നുവച്ചാല്‍ രാജി വയ്ക്കേണ്ട എന്നാണോ

സര്‍ക്കാര്‍ വക ജലീല്‍ ന്യായാകരണമായിരുന്നു ഇതുവരെയുള്ള കേള്‍വി. ചോദ്യം ചെയ്യലിനുള്ള കത്ത് വന്നത് അപ്പുറത്തെ തട്ടുകടയുടെ വിലാസത്തിലാണ് മന്ത്രി വാഹനത്തില്‍ പോകാത്തത് നാട്ടുകാരുടെ സുരക്ഷയെക്കരുതിയാണ് തുടങ്ങിയ ന്യായീകരണവുമായി സിപിഎം നേതാക്കള്‍ മിന്നുന്ന പ്രകടനം നടത്തുകയാണ്. അവരെ തോല്‍പ്പിക്കാനുറച്ചാണ് കാനം എത്തുന്നത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് കാനം കണ്ടെത്തി. പിന്നെ എന്തിനാണ് കേന്ദ്ര ഏജന്‍സി എല്ലാം അന്വേഷിക്കണമെന്ന് മുഖ്യന്‍ ഡല്‍ഹിക്ക് കത്തെഴുതിയത് ആവോ.

പിണറായി വിജയന്‍ പോലും പറയാന്‍ ‍മടിക്കുന്ന കാര്യം പുറത്തുപറയാന്‍ തനിക്ക് പേടിയില്ലെന്നും ശരിക്കപറഞ്ഞാല്‍ താന്‍ ഡബിള്‍ ഇരട്ടചങ്കനാണെന്നും കിട്ടിയ അവസരത്തില്‍ കാനം വെച്ചടിച്ചു. ഇങ്ങനൊക്കെയാണെങ്കിലും സിപിഎമ്മിന് തനിക്കൊണം കാണിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. കാനം ഇതൊക്കെ പറഞ്ഞോണ്ടിരിക്കുന്ന സമയത്തുതന്നെ സഹോദര സ്ഥാപനത്തെ സര്‍ക്കാര്‍ തേച്ചു. ശ്രീനാരായണ ഗുരുവന്‍റെ പ്രതിമാ സ്ഥാപിക്കല്‍ ചടങ്ങിന് എംഎന്‍ സ്മാരകത്തിലേക്ക് കുറി അയച്ചില്ല. കോവിഡ് എന്നൊക്കെ കേള്‍ക്കുന്നതിനും എത്രയോ നാള്‍ മുമ്പോ സിപിഐയുമായി ഒരു സാമൂഹിക അകലം സിപിഎം വച്ചു പുലര്‍ത്തുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കാതെ സിപിഐ പാര്‍ട്ടി പ്രോട്ടോക്കോള്‍ പാലിച്ചു.

 സ്വര്‍ണക്കടത്തു കേസിന്‍റെ പേരില്‍ ആകെ നനഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ ഒന്ന് മുങ്ങി നിവരാന്‍ ശ്രമിക്കുകയാണ്. ഖുറാനാണ് പിടിവള്ളി. നവോത്ഥാന നായകന്‍ പിണറായി വിജയനും കൂട്ടരും അവസാനം ആ കാര്‍ഡിറക്കി. സര്‍‌ക്കാരിന്‍റെ നഷ്ടമായ വിശ്വാസം തിരിച്ചു പിടിക്കാന്‍ വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് നല്ലതെന്ന് ഏത് ഉപദേശിയാണ് സര്‍ക്കാരിനെ ഉപദേശിച്ചത് എന്നറിയില്ല. ആരുടെ തലയില്‍ വിരിഞ്ഞതാണെങ്കിലും സര്‍ക്കാര്‍ അതിനെ ഭംഗിയായി അഭിനയിപ്പിച്ചു പൊലിപ്പിക്കുന്നുണ്ട്. ഒരു നുണ നൂറാവര്‍ത്തി ആവര്‍ത്തിച്ചാല്‍ അത് സത്യമായി മാറുമോ എന്ന വിഷയത്തില്‍ ഇടതുപക്ഷം പരീക്ഷണം നടത്തുകയാണ്. ഖുര്‍ ആന്‍ ആന്‍ ഖുര്‍ ആന്‍ എന്ന് നിരന്തരം പറഞ്ഞാല്‍ കടത്തിക്കൊണ്ടുവന്നത് ഖുറാന്‍ ആകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം

ഈ കടത്തിന് ഒരല്‍പ്പം മധുരവുമുണ്ട്. ഈന്തപ്പഴമാണ് വിഭവം. ആരും കഴിക്കാതെ പോകരുത്. തോക്കോ ലാത്തിയോ പൊട്ടാസോ എന്തുവേണമെങ്കിലും എടുക്ക്. നമ്മള്‍ എതിരല്ല. ഇത്രയും നിസാരമാണ് കാര്യങ്ങള്‍ എന്നു കരുതുന്ന ചെന്നിത്തലക്ക് ഇതുവരെയും സര്‍ക്കാരില്‍ നിന്ന് ലൈഫ് മിഷന്‍റെ ഒരു രേഖ പോലും വാങ്ങിയെടുക്കാന്‍ കഴിഞ്ഞില്ല. പിന്നല്ലേ ജലീലിന്‍റെ രാജി.

പാഞ്ഞടുക്കുന്ന വാഹനങ്ങള്‍ക്കുമുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന തവളകളെ കണ്ടിട്ടില്ലേ. അങ്ങനെയൊരു കാഴ്ച കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉണ്ടായി. പൊലീസ് ഇടപെട്ടതുകൊണ്ട് തവണ പാണ്ടിലോറി കയറാതെ രക്ഷപെട്ടു. അപ്പോ ഇന്നത്തെ ആക്ഷനുകള്‍ അവസാനിപ്പിക്കകയാണ്. ബാക്കി നാളെ. വീണ്ടും കാണാം. നന്ദി നമസ്കാരം

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...