നല്ല കമ്മ്യൂണിസ്റ്റ് ആയില്ലെങ്കിലും സത്യവിശ്വാസി ആയാല്‍ മതി

thiruva-ethirva2
SHARE

നല്ല കമ്മ്യൂണിസ്റ്റ് ആയില്ലെങ്കിലും ഈമാനുള്ള സത്യവിശ്വാസി ആയാല്‍ മതിയെന്നാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് വന്നതോടെ കേരളത്തിലെ സിപിഎമ്മിന്‍റെ അഭിപ്രായം. കാലവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് അടവുനയങ്ങളെ നിര്‍ണയിക്കുന്നത് എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഒരു കള്ളക്കടത്ത് കേസ് ഇത്തരത്തില്‍ നയരൂപീകരണത്തിന് പ്രാപ്‍തമാക്കി എന്ന സവിശേഷ സാഹചര്യത്തില്‍ നിന്നുകൊണ്ട് ആരംഭിക്കുകയാണ്, തിരുവാ എതിര്‍വാ. 

വീണ്ടും കേരളം കണ്ട ഒരു യാത്രയുമായി തുടങ്ങുകയാണ് ഇന്നത്തെ എപ്പിസോഡ്. മന്ത്രി കെ.ടി. ജലീല്‍ ഒരു ഈച്ചപോലും അറിയാതെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് ഹാജരായതായിരുന്നല്ലോ നേരത്തെ. എന്‍ഐഎ വിളിച്ചപ്പോഴെങ്കിലും പഴയപോലെ പോകില്ലെന്നാണ് വിചാരിച്ചത്. പക്ഷേ ഒറ്റബുദ്ധിക്ക് മറുബുദ്ധിയില്ലല്ലോ. എന്‍ഐഎ വിളിച്ചപ്പോഴും ജലീല്‍ മുന്‍രീതിയാണ് അവലംബിച്ചത്. ഒരു തവണ പ്രയോഗിച്ച് വിജയിച്ചതിനാല്‍ ആരായാലും അതില്‍ ഹരം കയറും. ആ ഹരത്തിലാണ് ഇത്തവണ അതായത് 2020 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചയ്ക്ക് കൊച്ചിയിലെ എന്‍ഐഎ ഓഫിസിലേക്ക് ധര്‍മയുദ്ധത്തിന് കാറുമാറി ഒളിച്ചെത്തിയത്.

ഇത്തവണ ചില വ്യത്യാസങ്ങളുണ്ടായിരുന്നു യാത്രക്ക്. ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലം ആയതുകൊണ്ടും ഓണപ്പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കുന്നതും കണ്ട ജലീല്‍ സാഹിബ്, ശരിയാണ് ആള് ഉന്നതവിദ്യാഭ്യാസ മന്ത്രിയൊക്കെ ആണല്ലോ, അതുകൊണ്ട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പറഞ്ഞ എന്‍ഐഎ യോട് ആവശ്യപ്പെട്ടത് ഓണ്‍ലൈന്‍ വഴിയുള്ള പരിപാടിയായിരുന്നു. നടക്കില്ലാന്ന് പറഞ്ഞപ്പോള്‍ രാത്രി വരാമെന്ന് പറഞ്ഞുനോക്കി. എന്‍ഐഎയ്ക്ക് ഇതൊരു രാത്രികാലപരിപാടി അല്ലാത്തതുകൊണ്ട് അതും അനുവദിക്കപ്പെട്ടില്ല. എങ്കില്‍ വെളിച്ചം വീഴുന്നതിന് മുമ്പ് ഞാനങ്ങെത്തുമെന്നും വാതില്‍ തുറന്ന് തരണമെന്നും ആവശ്യപ്പെട്ടു. അതാണ് ഉറക്കമെണീറ്റ മലയാളി കഴിഞ്ഞദിവസം കണ്ടത്. 

ഇടതുപക്ഷ സ്വതന്ത്രനും സര്‍വോപരി സത്യസന്ധനുമായ കെ.ടി. ജലീല്‍ ഇനിയിപ്പോ കേസില്‍ അറസ്റ്റിലായാലും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. അത് ഏതായാലും ദീര്‍ഘവീക്ഷണമുള്ള തീരുമാനം തന്നെയാണ്. കേസന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തില്‍‌ ഇനിയിപ്പോ അറസ്റ്റുണ്ടായാലും പേടിക്കണ്ടല്ലോ, രാജിയുണ്ടാവില്ല. ഭരണത്തിലും ഇത്തരം ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.

സിപിഎമ്മുകാരുടെ ചങ്കായ പിണറായി സഖാവിന്‍റെ ചങ്കായിരുന്നല്ലോ എം. ശിവശങ്കര്‍. പക്ഷേ ആ ചങ്കിനെ പിടിച്ചു സസ്പെന്‍ഡ് ചെയ്തിരുന്നതാണ്. പക്ഷേ ജലീല്‍ ആരാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചോദിച്ചാല്‍ അതുവല്ലാത്തൊരു ബന്ധമാണ്. അങ്ങനെ എളുപ്പം വാചകളിലൂടെ പറഞ്ഞ് ഫലിപ്പിക്കാവുന്ന ഒന്നല്ല അത്. കരുതലിന്‍റെ ആള്‍രൂപമായ പിണറായി സഖാവിന്‍റെ കരുതല്‍ ജലീലിനുണ്ട്. ജലീലിന്‍റെ പ്രവര്‍ത്തികളൊക്കെ അതുകൊണ്ടു തന്നെ ഈ നാടിനോടുള്ള കരുതലിന്‍റെ ഭാഗവുമാണ്. വേറൊന്നും അല്ല. അക്കാര്യത്തില്‍ ഒരു തെറ്റിദ്ധാരണയും സഖാക്കള്‍ക്ക് വേണ്ട.

പണ്ടൊക്കെ പാര്‍ട്ടിക്ലാസുകളിലൂടെയാണ് പ്രതിരോധകുറിപ്പുകളും ന്യായങ്ങളും വിതരണം ചെയ്തിരുന്നതെങ്കില്‍ ഇക്കാലത്ത് അത് വാര്‍ത്താസമ്മേളനങ്ങളിലൂടെ എല്ലാവരിലേക്കും എത്തിക്കുകയാണ് രീതി. ഒപ്പം ജില്ലാ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന ക്യാപ്സൂള്‍ മരുന്നുകള്‍കൂടി കഴിച്ചാല്‍ ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ ഇന്നീ നാട്ടിലെ സഖാക്കള്‍ക്ക് എളുപ്പം സാധിക്കും. അടവുകള്‍ കണ്ടെത്തുന്നതിലെ ജാഗ്രതയാണല്ലോ ഈ പാര്‍ട്ടിയെ എല്ലാക്കാലത്തും മുന്നോട്ട് നയിച്ചിട്ടുള്ളത്.

ചോദ്യം ചെയ്യലിന് എത്താന്‍ ക്ഷണിച്ചുകൊണ്ട് എന്‍ഐഎ കൊടുത്ത കത്താണ് ആകെയുള്ള കച്ചിത്തുരുമ്പ്. സാക്ഷിയായ ജലീല്‍ എന്തുപിഴച്ചു എന്നു ചോദിച്ചാല്‍ മതിയല്ലോ. മാത്രവുമല്ല  വഴിമുട്ടിയ  കേസന്വേഷണത്തിന്‍റെ നല്ലപോക്കിന് വിലപ്പെട്ട നിര്‍ദേശങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ കൂടിയാണ് ജലീല്‍ സാഹിബിനെ എന്‍ഐഎ വിളിച്ചതുതന്നെ. 

താനൊരു സത്യസന്ധനാണെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം കെ.ടി. ജലീല്‍ പറഞ്ഞോണ്ട് നടപ്പുണ്ട്. അല്ലെങ്കിലും ഇങ്ങനെ വിളിച്ചുപറയുന്നത് ശ്രദ്ധിക്കണം. പടച്ച തമ്പുരാനാണേ ഉറപ്പ്, സംശയം കൂട്ടാനേ ഉപകരിക്കൂ. ഇനിയിപ്പോ അവിശ്വാസികളായ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് തനിക്ക് രക്ഷ നല്‍കാന്‍ ഉപകാരപ്പെട്ടോട്ടെ എന്നുകരുതി പറയുകയാണോ എന്നറിയില്ല. ഏതായാലും സഖാവ് ബാലനൊക്കെ ജലീലിനെ ഈമാനെ പൊക്കിപ്പിടിച്ച് ഇറങ്ങിയിട്ടുണ്ട്.

സാധാരണ കമ്മ്യൂണിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളെ നല്ല കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഇത് പക്ഷേ ഫ്രെഷ് ഐറ്റം ആണ്. വളരെ നല്ലത്. ഇനി മുതല്‍ സഖാക്കള്‍ എന്നതിന് പകരം ഉമ്മത്തുകള്‍ എന്നും ലാല്‍സലാം എന്നതിന് പകരം അസ്സലാമു അലൈക്കും എന്നും പറയാം. ഈ  ഏരിയ കമ്മിറ്റികളൊക്കെ ഉണ്ടല്ലോ, അതിനെ മഹല്ല് കമ്മിറ്റികളെന്ന് വിളിക്കുന്നതിലും തെറ്റില്ല. പാര്‍ട്ടി വിടുന്ന കുലംകുത്തികളെ മുര്‍ത്തദുകളെന്നാണ് വിളിക്കേണ്ടത്. പാര്‍ട്ടി വിശ്വാസികള്‍ സത്യവിശ്വാസികള്‍ എന്നും അറിയപ്പെടും.

ഭ്രാന്ത് പിടിച്ചോ എന്നൊന്നും ചോദിക്കരുത്. ഇതൊക്കെ ഒരു അടവുനയമായി കണ്ടാമതി. 

നിങ്ങള്‍ മതങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ‍ഞങ്ങള്‍ മാനവികതയിലേക്ക് അങ്ങനെ പടര്‍ന്നോണ്ടിരിക്കും എന്ന് പ്രസംഗിച്ചു നടന്ന കക്ഷികളാണ്.... ഇപ്പോ ദാ ദേ ദേശാഭിമാനിയില്‍ എഡിറ്റോറിയല്‍ പേജില്‍ വരെ എഴുതുന്നു. അങ്ങനെ ജലീലിനെതിരെയുള്ള പ്രതിഷേധം ഖുര്‍ ആര്‍ വിരുദ്ധപ്രക്ഷോഭവുമായി. 

മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും ഈ ന്യൂനപക്ഷ വകുപ്പിന്‍റേയും വകുപ്പ് മന്ത്രിയുടെയും പണി മതപ്രചാരണമാണെന്ന്. 

ഒരു രണ്ടാംമന്ത്രികൂടി കേസിലുണ്ടെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയൊക്കെ പറയുന്നത്. പക്ഷേ ആളെപ്പറയൂല. വേണേല്‍ തൊട്ടുകാണിക്കാം എന്ന ലൈന്‍. പക്ഷേ മറുപടി തരാന്‍ ഉദ്ദേശിച്ച ആളുതന്നെ നേരിട്ടെത്തിയതോടെ ആ സംശയമങ്ങ് മാറിക്കിട്ടി. ഇതാണ് ഹീറോയിസം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...