കമ്യൂണിസ്റ്റ് 'മാണി'ഫെസ്റ്റോ; ഇനി രണ്ടിലയിട്ട് ഉണ്ണാൻ സിപിഎം‍

Thiruvaa_09_09_20
SHARE

കേരള കോണ്‍ഗ്രസ് ഈ ഓണത്തിന്  ശരിക്കും രണ്ട് ഇലയിലായിരുന്നു സദ്യ വിളമ്പിയത്. പിളരുന്നതൊക്കെ കേരള കോണ്‍ഗ്രസില്‍ പതിവാണെങ്കിലും ഇക്കുറി അത് ഒരു ഒന്നൊന്നര ചരിത്രമാണ്. അക്കഥയൊക്കെ പറയാം. 

യുഡിഎഫിലെ ക്രമസമാധാന നില തകര്‍ന്നതും യോഗത്തില്‍ ചര്‍ച്ചയായോ ആവോ. ഉപതിരഞ്ഞെടുപ്പെന്നല്ല ഏത് തിരഞ്ഞെടുപ്പായാലും യുഡിഎഫ് ഇത്ര ആത്മാര്‍ഥമായി വേഗത്തില്‍ സ്ഥാനാര്‍ഥിയെ അടുത്ത കാലത്തൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിന്‍റെ കുട്ടനാട്ടില്‍ രണ്ടിലയുടെ അവകാശി ജോസ് കെ മാണിയെ അറിയിക്കാതെ ഒരു സ്ഥാനാര്‍ഥി പ്രഖ്യാപനം. 

യുഡിഎഫ് യോഗത്തില്‍ വിളിച്ച് ജോസ് കെ മാണിക്കും ശിങ്കിടികള്‍ക്കും തല്‍ക്കാലം വടേം ചായേം കൊടുക്കേണ്ട എന്ന തീരുമാനം യുഡിഎഫ് പുനപരിശോധിച്ചു. ഇനി ചായ പോയിട്ട് പച്ചവെള്ളം പോലും കൊടുക്കേണ്ട എന്നതാണ് പുതിയ തീരുമാനം. വലതുപക്ഷത്തിന്‍റെ പുതിയ സെന്‍സസ് പ്രകാരം ജോസല്ല ജോസഫാണ് ഇനി മാണി കോണ്‍ഗ്രസ്. മധ്യകേരളത്തില്‍ റബര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് കേരള കോണ്‍ഗ്രസാണ്. എന്നാല്‍ കുട്ടനാട്ടില്‍ അത് അങ്ങനെയല്ല. ആ തിരിച്ചറിവാണ് യുഡിഎഫ് തീരുമാനത്തിന്‍റെ  ആധാരം. തിരഞ്ഞെടുപ്പു കമ്മീഷന്‍ രണ്ടിലയെടുത്ത് ജോസിനു നേരെ വീശുമെന്ന് സ്വപ്നത്തില്‍ പോലും രമേശും യുഡിഫും കരുതിയില്ല. അന്ന് പള്ളുപറഞ്ഞു മാറ്റിനിര്‍ത്തിയതുകൊണ്ട് ഇനി ജോസിന്‍റെ മുന്നില്‍ കുനിയാനും വയ്യ

ഇതൊക്കെ പാലാ ഉപതിരഞ്ഞെടുപ്പു സമയത്ത് ചെയ്തിരുന്നെങ്കില്‍ മണ്ഡലം കൈയ്യിലിരുന്നേനേ. കോട്ടയം ജില്ലാ പഞ്ചായത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു തീര്‍പ്പുണ്ടാക്കിയത്. ജില്ലാ പഞ്ചായത്തിലെ സ്ഥാനം രാജി വയ്ക്കാന്‍ മടിച്ച ജോസിനോട് രാജ്യസഭയിലെ സ്ഥാനവും നിയമസഭയിലെ സ്ഥാനങ്ങളും രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. നടന്നതുതന്നെ. നിയമസഭയില്‍ അവിശ്വാസമുണ്ട് എന്ന് ജോസിനോട് യുഡിഎഫ് പറഞ്ഞിരുന്നു. യുഡിഎഫിന് തന്നോടും പാര്‍ട്ടിയോടും അവിശ്വാസം ഉണ്ട് എന്നാണ് ജോസ് ധരിച്ചത്. അതുകൊണ്ട് വിട്ടുനിന്നു. അങ്ങനെ സര്‍ക്കാരിനെ മറിക്കാന്‍ പോയ കോണ്‍ഗ്രസ് കൂടെയുണ്ടായിരുന്ന ഘടകകക്ഷിയുടെ ഒരു ഭാഗം അപ്പുറത്തേക്ക് മറിച്ചു കൊടുത്തു. ഇതാണ് ഇക്കഴിഞ്ഞ അവിശ്വാസത്തിന്‍റെ റിസള്‍ട്ട്

ആര് ആരെയാണ് വഞ്ചിച്ചത് എന്നത് വലിയ തര്‍ക്ക വിഷയമാവുകയാണ്. ഇത്രയും കാലം കൂടെനിന്ന പാര്‍ട്ടിക്ക് അര്‍ഹിക്കുന്ന പ്രൊവിഡന്‍ര് ഫണ്ടും ഗ്രാറ്റുവിറ്റിയും കൊടുത്ത് യാത്ര അയക്കാമായിരുന്നു. ജോസിനൊപ്പമുള്ള എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവയ്ക്കണമെന്നാണ് യുഡിഎഫ് പറയുന്നത്. അതേ യുഡിഎഫ് തന്നെയാണ് ഇനി നാലുമാസത്തേക്കുവേണ്ടി എന്തിനാ കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് എന്നും ചോദിക്കുന്നത്. മുഴുവന്‍ ഖദര്‍ധാരികളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് രാജ്യസഭാ സീറ്റ് തളികയില്‍ വച്ചു നല്‍കി മുന്നണിയോട് പിണങ്ങിനിന്ന മാണി ഗ്രൂപ്പിനെ മുന്‍പ് കോണ്‍ഗ്രസ് ഒപ്പം കൂട്ടിയത്. ഇപ്പോള്‍ പറയുന്നു ആ രാജ്യസഭാ പദവി തിരിച്ചു വേണം എന്ന്. വെറുതെ വിഎം സുധാരന് ഫേസ്ബുക്ക് പോസ്റ്റിടാന്‍ അവസരം ഉണ്ടാക്കാം എന്നതല്ലാതെ മറ്റൊരു ഗുണവും ഈ പറച്ചില്‍ കൊണ്ടില്ല.

ഇടതുമുന്നണിക്ക് ഇപ്പോള്‍ കേരള കോണ്‍ഗ്രസിന്‍റെ കളക്ഷന്‍ ഉണ്ടെന്ന് തോന്നുന്നു.  കെഎം മാണിക്കെതിരെ ചുവരെഴുതിയാണ് ഇടതുമുന്നണി അധികാരത്തില്‍ വന്നത്. അതേ മാണിയുടെ കേരള കോണ്‍ഗ്രസിനായി ഈട്ടിക്കസേര പണിയുകയാണ് ഇപ്പോള്‍ ഇടതുപക്ഷം. കള്ളപ്പിള്ളേ എന്നു വിളിച്ച്  ജയിലിലാക്കിയ ബാലകൃഷ്ണപിള്ളക്ക് ക്യാബിനറ്റ് പദവി നല്‍കിയ ഈ സിപിഎം എന്ന ഈ പാര്‍ട്ടിയെക്കുറിച്ച് നമുക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. പറ‍ഞ്ഞുവരുമ്പോള്‍ അത്രക്കു വരില്ല കെഎം മാണിയുടെ മകന്‍ ജോസിനായി ചോപ്പ് പരവതാനി വിരിക്കുന്ന നിലവിലെ കാര്യങ്ങള്‍. അന്ന് കേരള കോണ്‍ഗ്സിനെതിരെ അടവുനയം ഇന്ന് കേരള കോണ്‍ഗ്രസിനായി അടവുനയം. അത്രേയുള്ളൂ

നിയമസഭയില്‍ അരങ്ങേറിയവ മലയാളിയുടെ മനസില്‍ എവര്‍ഗ്രീന്‍ കോമഡിയായി ഇത്രക്കങ്ങ് തങ്ങി നില്‍ക്കുമെന്ന്  ഇടതുന്മാര്‍ ഓര്‍ത്തില്ല. അപ്പോ ബാര്‍കോഴ. സഭയിലെ അങ്കങ്ങള്‍. കോഴമാണി വിളികള്‍

അപ്പോ സ്പീക്കറുടെ കസേര പറത്തിയതും മൈക്കും സാമഗ്രികളും തച്ചുടച്ചതും ഉമ്മന്‍ചാണ്ടി ആരുന്നോ. മാണിക്ക് മണിയോഡറയച്ച സഖാക്കളുടെ പണമൊക്കെ തിരിച്ചു കൊടുക്കാനും പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകുമാരിക്കും.   അതൊക്കെ പോട്ട്. എങ്ങനേലും മറക്കാം. പക്ഷേ ആ നോട്ടണ്ണല്‍ യന്ത്രത്തിന്‍റെ കാര്യം എങ്ങനാ. 

ദാ ഇതാണ്. യന്ത്രത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ ഇങ്ങനെ യാന്ത്രികമായി പറയാനുള്ള തഴക്കമാണ് ഒരു മുന്നണി നടത്തിപ്പുകാരന്‍റെ പ്രാഥമിക യോഗ്യത. ഇതിനുള്ള മറുപടി അന്ന് ബാര്‍കോഴ സമയത്തുതന്നെ  വിഎസ് അച്യുതാനന്ദന്‍ സഖാവ് പറഞ്ഞു വച്ചിരുന്നു

ഇക്കണ്ട പീഡനവും പുകിലുമൊക്കെ ഉണ്ടാകുമ്പോള്‍ നമ്മള്‍ കരുതും അത് സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കും എന്ന്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. സര്‍ക്കാരിനെ തല്ലാന്‍ വടി ഒടിക്കാന്‍ പോയ ചെന്നിത്തല മരത്തില്‍ നിന്ന് തലയും കുത്തി വീണ് പരുക്കേല്‍ക്കുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പീഡനമാണ് വിഷയം. ഇതിനുള്ള ഉത്തരം ചെന്നിത്തല പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് പുറത്ത് സ്ത്രീ സുരക്ഷ ഉയര്‍ത്തി കോണ്‍ഗ്രസ് മഹിളകള്‍ കത്തിക്കയറുകയായിരുന്നു

മഹിളാ കോണ്‍ഗ്രസ് കത്തിച്ച കോലത്തിനു മുകളില്‍ ചെളിവെള്ളം കോരിയൊഴിക്കുന്ന പരിപാടിയാണ് രമേശ് ചെയ്തത്. ഇനി പരിഹാര ക്രിയയാണ്. മാപ്പു പക്ഷേ മുഖദാവിലല്ല മുഖപുസ്തകത്തിലാണ്. 

നാടുവിട്ടുപോയിട്ട് മടങ്ങിവരുന്ന കഥാപാത്രങ്ങള്‍ക്ക്  ഉണ്ണി എന്നാണ് പതിവ് പേര്. ഇക്കുറി ഒരു വെറൈറ്റിക്ക് അത് കുട്ടി എന്നാക്കിയിട്ടുണ്ട്. വെരും കുട്ടിയല്ല. കുഞ്ഞാലിക്കുട്ടി. ഇന്ദ്രപ്രസ്ഥത്തിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് മടങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പിന്‍റെ വാര്‍ത്തകള്‍ വന്ന കൂട്ടത്തില്‍ ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം എന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്നാണ് വലിയ സ്ഥാന ത്യാഗം.  കുഞ്ഞാപ്പയെ നാട്ടില്‍ കണ്ട് മുട്ടുന്നവര്‍ ഒരുമാതിരി പ്രവാസികളോട് ചോദിക്കുന്നതുപോലെ ഇനി എന്നാ ഡല്‍ഹിക്ക് മടക്കം എന്നു ചോദിക്കരുത് എന്ന് അപേക്ഷ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...