വമ്പൻസ്രാവുകളെ തിരഞ്ഞവർ വലയിൽ വീഴുമോ?

thiru-ethir
SHARE

ഈ കാലത്ത് പണികിട്ടാന്‍ വല്യ താമസം ഒന്നും വേണ്ട. വമ്പന്‍ സ്രാവുകളാരൊക്കെ എന്നൊക്കെയുള്ള വല്യ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നവര്‍ ഒരു രാവ് വെളുക്കുമ്പോള്‍ സ്രാവുകള്‍ ഉള്‍പ്പെട്ട കള്ളക്കടലിലെ പരല്‍മീനുകളായി എത്രപെട്ടെന്നാണ് വലയില്‍ വീണു കരയ്ക്കെത്തുന്നത്.   സ്വാഗതം തിരുവാ എതിര്‍വായിലേക്ക്. 

അങ്ങനെ സ്വര്‍ണക്കള്ളക്കടത്ത് കേസിന്‍റെ അന്വേഷണം എല്ലാവഴിക്കും നീങ്ങുന്ന ഘട്ടമായെന്ന് പറയാം. കാരണം കേരളത്തില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രതികള്‍ ഇല്ലാതാവുമ്പോ അന്വേഷണം നിഷ്പക്ഷമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഒരു പൊതുനിയമം. ആ നിലയ്ക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് ഏറെക്കുറെ നിഷ്പക്ഷമാണെന്ന് ഇപ്പോ എല്ലാ പാര്‍ട്ടിക്കാര്‍ക്കും പൊതുവില്‍ ഒരു അഭിപ്രായം ഉണ്ടായിട്ടുണ്ട്. അതിലേക്ക് വഴിവച്ചത് സംഘപരിവാര്‍ അനുകൂല വാര്‍ത്താചാനലായ ജനം ടിവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിനെ കുടുക്കിയ അതേ സ്വപ്ന നായരാണ് നമ്പ്യാരേയും കുടുക്കിയത്. പതിവുപോലെ സൗഹൃദമാണ് പ്രശ്നമായത്. സൗഹൃദത്തിന്‍റെ പുറത്ത് ചില ഉപദേശങ്ങള്‍കൂടി മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ കൈമാറി. അല്ലെങ്കിലും ഇക്കാലത്ത് ഒരു ചിലവുമില്ലാത്ത പരിപാടിയായ ഉപദേശങ്ങളെകൊണ്ടും പണം കൊടുത്ത് ഏര്‍പ്പെടുത്തിയുള്ള ഉപദേശികളെക്കൊണ്ടുമാണ് പ്രഗല്‍ഭരായ പലരും പെട്ടുപോവുന്നത്. 

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ വമ്പന്‍ സ്രാവുകളെ തേടിയൊക്കെ ഈ അനില്‍ നമ്പ്യാര്‍ കുറെ ചര്‍ച്ചയൊക്കെ സംഘടിപ്പിച്ചിരുന്നു മുമ്പ്. അതിനും ഒരു ഭാഗ്യം വേണം. എന്താണെന്ന് വച്ചാല്‍ പുറത്തു വന്ന സ്വപ്നയുടെ മൊഴി അനുസരിച്ച് അനില്‍ നമ്പ്യാര്‍ക്ക് സ്വര്‍ണക്കടത്തും ഡിപ്ലോമാറ്റിക് ബാഗേജും പരിപാടിയും ഒക്കെ അറിയാമായിരുന്നു. ഇങ്ങനെ ഇതിന്‍റെ പിന്നണിപ്രവര്‍ത്തനത്തെക്കുറിച്ച് ഇത്ര ഭംഗിയായി അറിയാവുന്ന ഒരാള്‍ തന്നെ വമ്പന്‍ സ്രാവുകളെ തേടി ചര്‍ച്ച ചെയ്യുന്നത് എന്തുകൊണ്ടും വളരെ മികച്ച അനുഭവമായിരിക്കണം. പക്ഷേ ഇങ്ങനെയൊക്കെ പണിയെടുത്തിട്ടും കേരളത്തിലെ ബിജെപി അനില്‍ നമ്പ്യാരേയും ജനം ടിവിയേയും തള്ളിപ്പറയാന്‍ പാടില്ലായിരുന്നു. രക്ഷപ്പെടാനാണെങ്കിലും ഇങ്ങനെയുള്ള തമാശകളൊന്നും പറയരുത് സുരേന്ദ്രന്‍ ജി. 

സംഭവത്തിന്‍റെ ആകെ ഒരു ഹൈലറ്റ് എന്താണെന്ന് വച്ചാല്‍ ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുകയും സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്തുവരികയും ചെയ്തതോടെ സിപിഎമ്മുകാരും ഈ മൊഴിയെക്കുറിച്ചും കസ്റ്റംസ് നീക്കങ്ങളെക്കുറിച്ചും അതനുസരിച്ച് ലഭ്യമായി  പുറത്തുവരുന്ന സൂചനകള്‍ അടിസ്ഥാനമാക്കിയുമുള്ള  മാധ്യമവാര്‍ത്തകളൊക്കെ വിശ്വസിക്കാന്‍ തുടങ്ങി എന്നതാണ്. ഇത്രയും കാലം അതൊന്നും വാര്‍ത്തകളേ അല്ലായിരുന്നു.  മാധ്യമധര്‍മത്തിന് നിരക്കാത്ത എന്തോ ഏര്‍പ്പാടായിരുന്നു. പ്രതിയുടെ മൊഴിക്ക് അത്രയൊക്കെ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നുവരെ ചോദിച്ചവരുണ്ട്. അവരൊക്കെ ഇപ്പോ അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴിയുമെടുത്ത് വാര്‍ത്തസമ്മേളനം വരെ നടത്തുന്നത് കാണുമ്പോഴാണ് നമുക്കൊക്കെ ഒരു ആശ്വാസം. ഒപ്പം ഈ കസ്റ്റംസ്, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ  അന്വേഷണം എന്നുപറഞ്ഞാല്‍ പൊളിയാണെന്നും കള്ളമാന്‍മാര്‍ പിടിയിലാവുമെന്നും പറഞ്ഞിരുന്ന ബിജെപിക്കാര്‍ ഇനിമുതല്‍ അന്വേഷണത്തെ ഒരു പ്രഹസനമായി കാണാനാണ് താല്‍പര്യപ്പെടുന്നത് എന്നും അറിയിച്ചുകൊള്ളുന്നു.

നാട്ടിലെ പുതിയ പ്രശ്നം ആര് ആരെ എന്ത് തെറിവിളിച്ചു എന്നതാണ്. അവിശ്വാസ പ്രമേയചര്‍ച്ചയാണ് വേദി. മുഖ്യമന്ത്രി തന്‍റെ മാരത്തണ്‍ പ്രസംഗം സോറി വായന നടത്തുമ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി തെറിവിളിച്ചു എന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ചര്‍ച്ച ടിവിയില്‍ കണ്ടവരാരും അത് കേട്ടില്ല എന്നതുകൊണ്ട് മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. പ്രതിപക്ഷ അംഗങ്ങള്‍ വരെ പരസ്പരം നോക്കി ആരാണ് വിളിച്ചത് എന്ന തര്‍ക്കത്തിലാണ്. 

ഹോ.. അങ്ങ് രക്ഷിച്ചു. ചുരുക്കിയുള്ള പറച്ചില്‍ ഇങ്ങനെയാണെങ്കില്‍ ചുരുക്കാതെയുള്ള പറച്ചില്‍ ഓര്‍ത്തിട്ട് തന്നെ പേടിയാവുന്നു. 

അല്ലെയല്ല. ഇങ്ങനെ ഒരു സമീപനം അല്ല സ്വീകരിക്കേണ്ടത്. കുറച്ചുകൂടി മികച്ച സംസ്കാരം ഇപ്പോഴത്തെ ഭരണപക്ഷക്കാര്‍ മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഈ നാടിന് കാണിച്ചു തന്നിരുന്നു. എങ്ങനെയാണ് നിയമസഭയില്‍ കാണിക്കേണ്ട മര്യാദ എന്നൊക്കെ അത് നോക്കി വേണം മനസിലാക്കാന്‍. അല്ലാതെ ഇപ്പോഴത്തെ പ്രതിപക്ഷം കാണിക്കുന്നതുപോലെ അല്ല ചെയ്യേണ്ടത്.

ഭരണപക്ഷത്തെ ഗര്‍ജിക്കുന്ന യുവസിംഹം എം. സ്വരാജിന്‍റെ പ്രസംഗം കൊണ്ട് ആകെയുണ്ടായ ഒരു ഗുണം രമേശ് ചെന്നിത്തല അന്നുവരെ പറയാന്‍ മറന്നുപോയ പല വാക്കുകളും ഇപ്പോ പറയാന്‍ തുടങ്ങി എന്നതാണ്. ഇതിപ്പോ സ്വരാജ് അടിച്ചത് സെല്‍ഫ് ഗോളായിപ്പോയോന്നാ സംശയം.

രമേശ് ചെന്നിത്തലയ്ക്ക് ഇതുമാത്രമല്ല വേറെയും ഒരുപാട് പരാതിയുണ്ട്. തീവെട്ടിക്കൊള്ളയൊക്കെ അങ്ങോട്ട് കൊണ്ടുപോയി കൊടുത്തിട്ട് പറയിപ്പിച്ചതാണ്. അല്ലെങ്കില്‍ ചെന്നിത്തല അതൊന്നും ഓര്‍ക്കാനേ പോകില്ലായിരുന്നു. അങ്ങനെയുള്ള രമേശ് ചെന്നിത്തല കുറച്ചുകൂടി നീതി അര്‍ഹിക്കുന്നുണ്ടെന്നാണ് നമ്മുടെ ഒരു തോന്നല്‍.

പക്ഷേ വേറെയും പ്രശ്നമുണ്ട്. വളരെ സീരിയസ് ആണത്. ഈയൊരു അവസ്ഥയില്‍ മികച്ച ഒരുപ്രതിപക്ഷനേതാവായി തുടരുക എന്നതൊക്കെ വല്യ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ... അങ്ങ് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ പ്രിയപ്പെട്ട ആളാണല്ലോ. കൂട്ടത്തില്‍ പ്രതിപക്ഷനേതാവിന്‍റെ പ്രശ്നങ്ങള്‍കൂടി പരിഹരിക്കാന്‍ മനസുണ്ടാവണം. മീന്‍കൃഷിയും മട്ടുപ്പാവു കൃഷിയും പോലെത്തന്നെ പ്രധാനമാണല്ലോ പ്രതിപക്ഷവും അവരുടെ നേതാവും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...