സര്‍ക്കാരിന്‍റെ നെഞ്ചിലെ തീയും സ്വയം അഗ്നിശുദ്ധി വരുത്തി സെക്രട്ടറിയേറ്റും

thiruva
SHARE

പുകയില്ലാതെ തീയോ തീയില്ലാതെ പുകയോ ഉണ്ടായാലും അല്‍ഭുതപ്പെടാനില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് തീ പിടിക്കുമ്പോള്‍ വിവാദം ഉണ്ടാകില്ല എന്നു മാത്രം കരുതരുത്. ആരോപണങ്ങളെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് സ്വയം അഗ്നിശുദ്ധി വരുത്തിയതാണ് എന്നാണ് സിദ്ധാന്തങ്ങള്‍.  ഫയലുകള്‍ ഏതൊക്കെ കത്തി എന്നതില്‍ പല സംശയങ്ങളുമുണ്ട്. എന്നാല്‍ നാട് നിന്നു കത്തുകയാണ് എന്ന കാര്യത്തില്‍ തെല്ലും സംശയമില്ലാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ശരിക്കും സര്‍ക്കാരിന്‍റെ നെഞ്ചിലാണ് തീ. എന്തൊരു അവസ്ഥയാണ്. വിവാദ പെരുമഴയില്‍ കുളിച്ച് പിണറായി സര്‍ക്കാര്‍ അങ്ങനെ നില്‍ക്കുകയാണ്. സെക്രട്ടറിയേറ്റിന് ലേശം ഇടിവെട്ടിയതിന്‍റെ ചീത്തപ്പേരുപോലും മുഖ്യന് ചാര്‍ത്തിക്കൊടുത്തു പ്രതിപക്ഷം. എല്ലാത്തിനുമൊടുവില്‍ അവിശ്വാസമൊക്കെ പിന്നിട്ട്  സമാധാനമായി ശ്വാസം വലിച്ചുതുടങ്ങാം എന്നു വിചാരിക്കുമ്പോളാണ് ഈ തീയും പുകയും. പൊതുഭരണവകുപ്പിലാണ് തീ പിടിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്‍ഐഎ ഇടക്കിടക്ക് ചോദിക്കുന്നുണ്ട്. മന്ത്രി ജലീലിന്‍റെ സക്കാത്തിടപാടിന്‍റെ കണക്കുപുസ്തകങ്ങളും ഈ പറയുന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. എന്‍ഐഎക്ക് ആവശ്യമുള്ള ഫയല്‍ ഏതാണ് ആവശ്യമില്ലാത്ത ഫയല്‍ ഏതാണ് എന്നൊന്നും തീക്ക് അറിയില്ലല്ലോ. ചീത്തപ്പോരുണ്ടാക്കാനും  കനല്‍ ഒരു തരിതന്നെ മതി. 

ഒരപകടം അറിഞ്ഞാല്‍ ആളുകള് ‍ഓടിയെത്തുന്നത് സ്വാഭാവികം. ഹജൂര്‍കച്ചേരിയിലെ പുക കണ്ടപ്പോള്‍ ഓടിക്കയറിയ സുരേന്ദ്രന് അപ്പോള്‍ പുകകൊണ്ടുള്ള ശ്വാസം മുട്ടല്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ആരോപണങ്ങളുടെ ശ്വാസം മുട്ടല്‍ നേരിടേണ്ടിവരുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ ആദ്യ വിദഗ്ധനാണ് സുരേന്ദ്രന്‍ എന്നത് ആരും മറക്കരുത്. സത്യം പറഞ്ഞാല്‍ അഞ്ചുമിനിട്ട് മുന്‍പ് എത്തിയിരുന്നെങ്കില്‍ തീയിട്ടതാണോ തീ പിടിച്ചതാണോ എന്നതിന്  സുരേട്ടന്‍ ദൃക്സാക്ഷിയാകേണ്ടതായിരുന്നു. ജസ്റ്റ് മിസ്. എങ്കിലും സംഭവത്തിന്‍റെ കിടപ്പ് വിശദീകരിക്കാന്‍ ഈ വിദഗ്ധനായി

സുരേന്ദ്രന്‍റെ കണ്ടുപിടുത്തങ്ങള്‍ അമിതമായത് സെക്രട്ടറിയേറ്റിന്‍റെ തലവനായ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് തെല്ലും ഇഷ്ടമായില്ല. പിണറായിയോടുള്ള വിശ്വാസം കാക്കുന്നതിന്‍റെ ഭാഗമായി സുരേന്ദ്രനെ പൊലീസിന് പിടിച്ചുകൊടുത്തു. പിന്നെ പിണറായി സ്റ്റൈലില്‍ മാധ്യമങ്ങളോട് പറഞ്ഞൂ. കടക്കൂ പുറത്ത്. പിണറായി ആശാന് പറ്റിയ ശിഷ്യന്‍ തന്നെ

ചെലോര്‍ടെ തീ ശരിക്കു കത്തും ചെലോര്‍ടേത് ശരിക്കു കത്തില്ല. എന്‍റേത് ഭാഗികമായേ കത്തിയുള്ളൂ. ഇതാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. ഇനിയും ക്യാമറയുമായി നിന്നാല്‍ താന്‍ വെറും ചീപ്പ് സെക്രട്ടറിയാകും എന്നതായിരുന്നു വിശ്വാസ് മേത്തുടെ ലൈന്‍. സര്‍ക്കാരിനെതിരായ  പല ആരോപണങ്ങളും അന്വേഷിച്ചു തല പുകക്കുന്ന രമേശ് ചെന്നിത്തലയുടെ തൊപ്പിയിലേക്ക് ഒരു തീ കേസുകൂടി. കെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റില്‍ എന്ന വാര്‍ത്ത കേട്ടു ഞെട്ടിയ ചെന്നിത്തല ആദ്യം സ്ഥലം എംഎല്‍എ വിഎസ് ശിവകുമാറിനെ സ്ഥലത്തേക്കയച്ചു. മന്ത്രിയാരുന്നപ്പോള്‍ പോലും നേരെ ചൊവ്വേ സെക്രട്ടറിയേറ്റില്‍ കയറാറില്ലായിരുന്ന ശിവകുമാറിന് ഇക്കുറിയും അകത്തുകടക്കാന്‍ കഴിഞ്ഞില്ല. അതോടെ രമേശന്‍ നേരിട്ടെത്തി. ഭാവി മുഖ്യമന്ത്രി വരുന്നെടാ എന്ന ഒരു ബിജിഎം ചെന്നിത്തലയുടെ മനസില്‍ ഉയര്‍ന്നു എന്നു തോന്നുന്നു

തീ പിടിച്ചാല്‍ തൊട്ടുപിന്നാലെ വെള്ളമെത്തും. ഇവിടെ പക്ഷേ സെക്രട്ടറിയേറ്റിനകത്തായിരുന്നു തീ. വെള്ളം സെക്രട്ടറിയേറ്റിന്‍റെ ഗയിറ്റിന് പുറത്താണെന്നുമാത്രം. സമരക്കാരുടെ മുകളില്‍. പ്രായം നോക്കാതെ യൂത്തതും മൂത്തതും മോര്‍ച്ചയും മൂര്‍ച്ചയുമെല്ലാം തെരുവിലിറങ്ങി. പിണറായിയുടെ പൊലീസ് ഫയര്‍ഫോഴ്സായി. എല്ലാവരെയും നിഷ്കരുണം നനച്ചു. 

ഈ മന്ത്രിസഭയിലെ സാങ്കേതിക വിദഗ്ധന്‍ ഇ പി ജയരാജനാണ് തീപിടുത്ത അന്വേഷണ സമിതി ചെയര്‍മാന്‍. ലോകത്ത് എവിടെ തീ പിടുത്തമുണ്ടായാലും ആദ്യം പറയുന്ന ഒരു വാക്കുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട്. ഇവിടെയും ആ പറച്ചിലിന് മാറ്റമില്ല. വൈദ്യുതി മന്ത്രി പറഞ്ഞിരുന്നെങ്കില്‍ സംഗതിക്ക് അല്‍പ്പം കൂടി വിശ്വാസ്യത വന്നേനേ. എഫ്ഐആറും ഫയറും തമ്മില്‍ ഒരു ഇ യുടെ കുറവല്ലേയുള്ളൂ എന്ന് ഇപി ഓര്‍ത്തോ എന്തോ. എന്തൊക്കെ രേഖകള്‍ കത്തിയെന്ന് എന്‍ഐഎ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷാദികള്‍ പറയുന്നത്. പാവം എന്‍ഐഎ. ഉടനെങ്ങും അവര്‍ക്ക് മടക്കമുണ്ടാകും എന്ന് തോന്നുന്നില്ല

എസിയുള്ള ഓഫീസിലെ ഫാന്‍ ചൂടായി ഉരുകിയലിച്ചതിന്‍റെ സാങ്കേതികത്വമാണ് ചെന്നിത്തല ചോദ്യം ചെയ്യുന്നത്. ഹിന്ദിവിദ്വാനായതുകൊണ്ടാണ് രമേശിന് ഇതൊന്നും മനസിലാകാത്തത് എന്നാണ് സര്‍ക്കാര്‍ പക്ഷം. അല്ലങ്കില്‍ പിന്നെ ഇപിയെ പോലെയോ കടകംപള്ളിയെപ്പോലെയോ പോളിടെക്നിക്കിലൊക്കെ പഠിക്കണമായിരുന്നു

സെക്രട്ടറിയേറ്റിന് രമേശ് ചെന്നിത്തല തീയിട്ടു എന്ന ലൈനിലാണ് ഇപ്പോള്‍ സര്‍ക്കാരുള്ളത്. ഈ വിഷയത്തില്‍ രമേശ് എങ്ങനെയാകും അഗ്നിശുദ്ധി വരുത്തുക.

ഫയലുകള്‍ കത്തിയില്ല എന്ന് മന്ത്രിമാരും ചീഫ്സെക്രട്ടറിയും മാറിമാറി പറയുമ്പോളും അന്തരീക്ഷത്തിനില്ല തീ പിടിച്ചതെന്ന് പിണറായി മുഖ്യന്‍ വ്യക്തമാക്കി. ചിലതൊക്കെ കത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തു ചോദിച്ചപ്പോള്‍ ഞാന്‍ സ്വര്‍ണം കടത്തിയെന്നാണോ എന്നായിരുന്നു മുഖ്യന്‍റെ പ്രതികരണം.ഇക്കുറി ഞാന്‍ തീയിട്ടു എന്നാണോ എന്നു ചോദിച്ചില്ല. ഭാഗ്യം. 

ഇതിലും വലിയൊരു തീയും പുകയും അവിശ്വാസവും കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. കേരളത്തിലല്ല. കേന്ദ്രത്തില്‍. വളരെ നാളുകള്‍ക്കു ശേഷം സോണിയ ഗാന്ധിക്ക് ഒരു കത്തു വന്നു. സന്തോഷത്തോടെ അവര്‍ അത് പൊട്ടിച്ചു വായിച്ചു. കുടുംബ സ്വത്ത് വീതം വയ്ക്കാറായെന്നാണ് കോണ്‍ഗ്രസിലെ പത്തിരുപത്തിയഞ്ചു നേതാക്കള്‍ സംയുക്തമായി ആവശ്യപ്പെട്ടത്. കത്തുവായിച്ച സോണിയയുടെ മനസിന് മുറിവേറ്റു. ആ മുറിവ് കാണാനുള്ള ആക്കമില്ലാത്ത നേതാക്കള്‍ കത്ത് കത്തിച്ചു കളഞ്ഞോ എന്ന ലൈന്‍ സ്വീകരിച്ചു. ബാക്കി കഥകളില്‍ ഒരു മാറ്റവുമില്ല. തല്‍സ്ഥിതി തുടരും. ഫാസിസത്തെ നമുക്ക് തടുക്കണം. അതാണ് കോണ്‍ഗ്രസുകാര്‍ പരസ്പരം പറയുന്നത്. തടുക്കാം എന്നും സ്വയം പറയും. ആര് മുന്നില്‍ നില്‍ക്കും. ആരാണ് നമ്മുടെ നേതാവ്. അപ്പോള്‍ തമ്മില്‍ നോക്കും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...