ഇടിവെട്ടിയ ഓഫീസിന് തീ പിടിച്ചു; അവിശ്വാസം മാറാതെ പ്രതിപക്ഷവും

et
SHARE

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നു കേട്ടിട്ടുണ്ട്. ഇടിവെട്ടിയ ഓഫീസിന് തീപിടിച്ചുവെന്ന പുതിയ പ്രയോഗം ഇന്നു മുതല്‍ നിലവില്‍ വന്നിരിക്കുകയാണ്. ഈ തീപിടുത്തം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കും. അല്ലെങ്കില്‍ സിബിഐ. എന്തായാലും സംക്രട്ടറിയേറ്റനും മുഖ്യമന്ത്രിയുടെ ഓഫീസിനും ചിങ്ങത്തിന്‍റെ സമൃദ്ധിയൊന്നും ലഭിച്ച മട്ടില്ല. അപ്പോള്‍ പുക അടങ്ങും മുമ്പേ അവിശ്വാസം പ്രകടിപ്പിക്കാതെ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

സര്‍ക്കാരില്‍ പ്രതിപക്ഷത്തിന് പണ്ടേ വിശ്വാസമില്ല. എന്നിട്ടും തട്ടീം മുട്ടീം എല്ലാം മറച്ചുവച്ച് അങ്ങനങ്ങ് പോവുകയായിരുന്നു. എന്നാല്‍ ഒടുവില്‍ തീരുമാനിച്ചു അവിശ്വാസം തുറന്നു പറയാന്‍. തലയെണ്ണിയാല്‍ ഭരണപക്ഷത്തേക്കാള്‍ നന്നേ എണ്ണം കുറവാണ്. അതുകൊണ്ടാണല്ലോ പ്രതിപക്ഷത്തിരിക്കേണ്ടിവന്നതും. എന്നാലും പ്രതീക്ഷ. അതാണല്ലോ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. മുമ്പ് സര്‍ക്കാരിനെതിരെയും സ്പീക്കര്‍ക്കെതിരെയും അവിശ്വാസം അവസരിപ്പിക്കാന്‍ കട്ടകെട്ടിയിരുന്നതാണ്. സാമൂഹ്യ അകലം പറഞ്ഞ് അന്ന് പിണറായി സഭ സമ്മേളനം മാറ്റി പണി കൊടുത്തു. ഒടുവില്‍ ഭരണഘടനാപരമായി സഭ വിളഇക്കാതിരിക്കാന്‍ പറ്റില്ല എന്നായപ്പോള്‍ സര്‍ക്കാരിനു മുന്നില്‍ വേറെ വഴിയില്ലാതായി. അങ്ങനെ ഒറ്റ ദിവസത്തെ സമ്മേളനം തുടങ്ങുകയാണ്., ആദ്യമേ തന്നെ സ്പീക്കറുടെ വക മുട്ടന്‍ കോമഡിയുണ്ട്. സഭയില്‍ സമയ നിഷ്ട പാലിക്കുമത്രേ. ചിരിക്കാതെ എന്നാ ചെയ്യും

അങ്ങനെ തുടങ്ങി. വിഡി സതീശന്‍ ചെന്നിത്തലയുടെ വിശ്വസ്തനാണ്. അതുകൊണ്ടുതന്നെ അവിശ്വാസം ഈ വിശ്വാസിയെ രമേശ് ഏല്‍പ്പിച്ചു. പണ്ട് തോമസ് ഐസക്കിനെ ചെസ് കളിയില്‍ തോല്‍പ്പിച്ച രാവണനാണ്. സതീശന്്‍ ഒറ്റക്കല്ല. വില്യം ഷേക്സ്പിയറുമുണ്ട് കൂടെ. ഷെല്ലിയും റോബര്‍ട് ഫ്രോസ്റ്റും ചാള്‍സ് ഡിക്കന്ഡസും  എന്തിന് വാല്‍മീകി വരെ വരാനിരുന്നതാണ്. പറവൂരില്‍ നിന്നും തലസ്ഥാനത്തേക്കു പുറപ്പെട്ട സതീശന്‍റെ വണ്ടിയില്‍ ഇടം കുറവാരുന്നതുകൊണ്ട് ഷേക്സ്പിയറെ മാത്രമേ കൂടെക്കൂട്ടാനായൊള്ളൂ. ട്രൂ ലൗവിനെക്കുറിച്ചുമാത്രമല്ല ഷേക്സ്പിയര്‍ എഴുതിയിട്ടുള്ളത്. വഞ്ചനയുടെ കഥപറയുന്ന ഓഥല്ലോയും പുള്ളിയുടേതാണല്ലോ. അപ്പോള്‍ വിശ്വാസ വഞ്ചനയെക്കുറിച്ചു പറയുമ്പോള്‍ ഷോക്സ്പിയറെ കൂടെക്കൂട്ടാതെ വയ്യ

ഓണറബിള്‍ മാന്‍. വേറെ എന്തു വിശേഷണം പ്രയോഗിച്ചാലും അണ്‍പാര്‍ലമെന്‍ററി എന്നു വേണമെങ്കില്‍ സ്പീക്കര്‍ക്കോ ഭരണ പക്ഷ അംഗങ്ങള്‍ക്കോ ആരോപിക്കാം. ഇപ്പോ പക്ഷേ അതു പറ്റില്ല. കാരണം ഓണറബിള്‍ മാന്‍ എന്നത് നിഖണ്ടുവില്‍ മോശം പദമല്ല. നൈസ് പണി. വിഡി സതീശന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ആദ്യം ഇറക്കിയത് കെബി ഗണേശ് കുമാറിനെയാണ്. ഭാവഭേദങ്ങള്‍ മുഖത്ത് മിന്നിമായുന്ന ഗണേശനിലെ നടനവൈഭവം മുതലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഓണ്‍ലൈന്‍ ക്ലാസ് വഴി പലതും ഗണേശ് പഠിച്ചുകാണുമെന്ന് പിണറായിക്കറിയാം. വേറെ പ്രത്യേകിച്ച് പണിയൊന്നും ആ പാര്‍ട്ടിക്ക് ഇടതുമുന്നണിയിലില്ലല്ലോ

ഇത്രക്കു മൂര്‍ച്ചയുള്ള ഒരേ ഒരു ആയുധമേ പ്രതിപക്ഷത്തിന്‍റെ കൈയ്യിലുള്ളൂ. മറ്റാരുമല്ല. സാക്ഷാല്‍ കെ എം ഷാജി. കിട്ടിയ സമയത്ത് സര്‍ക്കാരിന്‍റെയും മന്ത്രിമാരെയും  റേറ്റിങ് ഷാജി നടത്തിക്കളഞ്ഞു. റോഡിലിറങ്ങാനുള്ളതുകൊണ്ടാണെന്നു തോന്നുന്നു പൊതുമരാമത്ത മന്ത്രി ജി സുധാകരനെ മാത്രം കാര്യമായി ഒന്നും പറഞ്ഞില്ല. ബാക്കി എല്ലാവരെയും ഒരു ഗുണ്ടയുടെ ലാഘവത്തോടെ ഷാജി കൈകാര്യം ചെയ്തു. 

പിണറായി പെട്ടു. അല്ല ഞാന്‍ സീനിയറല്ല എന്നു പറഞ്ഞാല്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് ആണ് എന്നു സമ്മതിക്കലാകും. എജ്ജാതി ബുദ്ധിയാണ് ഷാജിക്ക്. ഇതിനൊക്കെ മറുപടിയുമായി ജൂനിയര്‍ പിണറായി എത്തും. ഇടവേളകഴിഞ്ഞ്

പിണറായിയെ ആര് എന്തു പറഞ്ഞാലും അത് ആദ്യം കൊള്ളുക സ്വരാജിനാണ്. പിണറായിയെപ്പോലെ നടക്കുക പിണറായിയെപ്പോലെ ഇരിക്കുക അതുപോലെ പറയുക. അതൊക്കെ അച്ചട്ടായി സ്വരാജ് ശീലിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി.  ആ മിമിക്രി ഏറെക്കുറെ ഒക്കുന്നുമുണ്ട്. ആരോപണങ്ങളില്‍ മുങ്ങി നിന്ന സര്‍ക്കാരിന് രോമാഞ്ചമുണ്ടാക്കിയ പ്രകടനമാണ് സ്വരാജ് നടത്തിയത്. സൈബര്‍ സഖാക്കളൊക്കെ വ്യാജ ട്രോള്‍ നിര്‍മിതി നിര്‍ത്തി സ്വരാജിന് വൈറലാക്കാന്‍ ഓടിപ്പോയി. 

ഇനി പതിയെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. പക്ഷേ ഈ സിനിമയുടെ ക്ലൈമാക്സ് അഞ്ചോ എട്ടോ മിനിട്ടല്ല. മൂന്നു നാലു മണിക്കൂറാണ്. കോവിഡ് പോലും ഞെട്ടിത്തരിച്ചു നിന്നുപോയി എന്നുവേണം പറയാന്‍. മൂടും കുത്തി ഇരുന്നിരുന്നു പ്രതിപക്ഷം ലാസ്റ്റ് മൂഡോഫായി. വാര്‍ത്തേ സമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചു മടുത്ത ചെന്നിത്തലയുടെ അവിശ്വാസ നീക്കത്തിന് പണികൊടുക്കാനുറച്ച പിണറായി തന്‍റെ പ്രോഗ്രസ് കാര്‍ഡും കൂടെ എടുത്തിരുന്നു. പതിവ് ആറുമണി വാര്‍ത്താ സമ്മേളനം അഞ്ചു ദിവസം അടുപ്പിച്ചു കണ്ട പ്രതീതി

കേരള കോണ്‍ഗ്രസ് കാര്യം കേട്ട ഉടന്‍ പാതി ഉറക്കത്തിലായിരുന്ന പിജെ ജോസഫ് ചാടി എഴുന്നേറ്റു. പിന്നെ തന്‍റെ ആവശ്യം അറിയിച്ചു തിക്കിലും തിരക്കിലും പെടാതെ സൈഡില്‍ അടങ്ങിയിരിക്കുകയായിരുന്ന ബിജെപിയുടെ കന്നി എംഎല്‍എ രാജേട്ടന്‍റെ അവസരമാണിനി. സഭയില്‍ എഴുന്നേറ്റപ്പോളൊക്കെ രാജേട്ടന്‍ പറഞ്ഞിട്ടുള്ളത് അവിടെ നടക്കുന്ന സംഭവങ്ങളുമായി തെല്ലും ബന്ധമില്ലാത്ത കാര്യങ്ങളാണ്. ഇക്കുറിയും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല

എന്തോ പൊതു പരിപാടിക്ക് തന്നെ സ്പീക്കര്‍ ക്ഷണിച്ചതാണെന്നാണ് രാജേട്ടന്‍ വിചാരിച്ചത്. സാരമില്ല. ആളൊരു നിരുപദ്രവകാരിയാണ്. മുഖ്യന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരണം അതിരുവിട്ടതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്തും തട്ടിപ്പുമൊക്കെയായിരുന്നു അവിശ്വാസത്തിന്‍റെ വിഷയം. എന്നാല്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ പുകഴത്തല്‍ പിണറായിയെക്കുറിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ നടത്തിയതൊഴിച്ചാല്‍ സ്വര്‍ണമോ സ്വപ്നയോ ചര്‍ച്ചയായില്ല.  പൊരിഞ്ഞ പോരൊട്ടമായിരുന്നുവെന്ന് ഇരുകൂട്ടരും വാദിച്ചു. സമയത്തെ ചെല്ലിയുള്ള തര്‍ക്കം തീര്‍ന്നിട്ടില്ല താനും. സാരമില്ല. മഴകഴിഞ്ഞ് മരം പെയ്യുന്നതാണെന്ന് ഓര്‍ത്താ മതി. അപ്പോ വിശ്വാസത്തോടെ നിര്‍ത്തുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...