ഇനിയിപ്പോ രാജ്യാന്തര അദാനിത്താവളം; പക്ഷേ അത്ര ഒത്തില്ല: ചെറുതായൊന്നു പാളി

thiruva
SHARE

നമ്മുടെ തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോയി. ഇനിയിപ്പോ തിരുവന്തപുരം രാജ്യാന്തര അദാനിത്താവളം എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാവുന്നതാണ്. അപ്പോള്‍ ഇന്നത്തെ പറത്തല്‍ തുടങ്ങുകയാണ്. സ്വാഗതം. തിരുവാ എതിര്‍വാ

എല്ലാം വില്‍ക്കുന്ന പരിപാടി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഭാഗ്യത്തിന് സര്‍ക്കാര്‍ വില്‍ക്കുന്നതൊന്നും അപരിചിതരല്ല വാങ്ങുന്നത്. മോദിയുടെയും അമി്ഷായുടെയും സ്വന്തക്കാരായ അദാനിയും അംബാനിമാരുമൊക്കെയാണ് എല്ലാം കൈക്കലാക്കുന്നത്. ആശ്വാസം. ഈ കേന്ദ്രസര്‍ക്കാര്‍ കാരണം അവരെങ്കിലും വികസിക്കുന്നുണ്ടല്ലോ. കേരളത്തിന്‍റെ തലസ്ഥാനത്തെ വിമാനത്താവളം ഇനി കോര്‍പ്പറേറ്റ് വിമാനത്താവളമാണ്. ആദ്യമായല്ല ഈ കച്ചവടം. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളും ഏറ്റെടുക്കാനുള്ള കച്ചവടത്തില്‍ അദാനി ഒപ്പിട്ടിരുന്നു. ഏറ്റെടുത്തോ എന്നു ചോദിക്കരുത്. കാരണം കരാറൊക്കെ ഒരു തമാശാണ്. അദാനിക്കിഷ്ടമുള്ളപ്പോള്‍ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കും. വികസനത്തിന് ഒരു വോട്ട് എന്നു ചോദിച്ചു വന്നപ്പോള്‍ നമ്മുടെ രാജ്യത്തിന്‍റെ വികസനം എന്നു തെറ്റിദ്ധരിച്ച ജനങ്ങളാണ് മണ്ടന്മാര്‍. വികസനം എന്നത് ഒരു കോര്‍പ്പറേറ്റ് സ്വപ്നമാണ്

അതെ ഇങ്ങനെ എളിമയോടെ വിളിച്ച് ഓരോന്ന് കൊടുക്കുകയാണ്. വിറ്റ് വിറ്റ് അവസാനം പാര്‍ലമെന്‍റും സുപ്രീം കോടതിയുമൊക്കെ തീറെഴുതാതിരുന്നാ ഭാഗ്യം. വികസനമാണല്ലോ നമ്മുടെ ലക്ഷ്യം. കേരള സര്‍ക്കാര്‍ തിരുവന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പിനായി കൊതിച്ചിരുന്നതാണ്. പക്ഷേ ഒത്തില്ല. സംഗതി ചെറുതായൊന്നു പാളി. സംഗതി ലേലത്തില്‍ വച്ചോ ഞാന്‍ പിടിച്ചോളാം എന്ന പിണറായി വിജയന്‍റെ ഐഡിയ പരാജയപ്പെട്ടു. ഒന്നാലോചിച്ചാല്‍ നിലവിലെ അവസ്ഥയില്‍ അത് നന്നായി. അല്ലെങ്കില്‍ ഒന്ന് ആലോചിച്ചു നോക്ക്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന്‍റെ മുഴുവന് ‍പാപ ഭാരവും തലതക്കു മുകളില്‍ വന്നു നില്‍ക്കുന്ന ഈ സമയത്ത് അതേ വിമാനത്താവളത്തിന്‍റെ നടത്തിപ്പു കൂടി സര്‍ക്കാരിന് കിട്ടിയിരുന്നെങ്കില്‍ ആക്ഷേപം കേട്ട് മടുത്തേനേ. സര്‍ക്കാര്‍ അങ്ങനെ ആശ്വസിക്കാനാണ് സാധ്യത. എന്തായാലും കേന്ദ്രത്തിനെതിരെ അഴിമതി ആരോപണവുമായി കടകംപള്ളി സുരേന്ദ്രനൊക്കെ വണ്ടീം പിടിച്ച് വന്നിട്ടുണ്ട്. ഇതേ അദാനിയെയാണ് നമ്മുടെ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നത് എന്നോര്‍ക്കുമ്പോളാണ്.  കടലില്‍ കല്ലിട്ടപോലെ എന്ന പ്രയോഗം അന്വര്‍ത്ഥമായി

നമ്മള്‍ കരുതിയത് കെ മുരളീധരനൊക്കെ കേന്ദ്ര മന്ത്രിസഭയില്‍ വരുന്നതോടെ കേരളത്തിന്‍റെ ആവശ്യങ്ങളൊക്കെ നടപ്പാകും എന്നാണ്. എന്നാല്‍ തെറ്റി. നമുക്ക് അങ്ങോട്ട് ആവശ്യങ്ങള്‍ പറയാനല്ല കേന്ദ്രത്തിന് നമ്മളോട് മലയാളത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഈ സ്ഥാനം. മന്ത്രി എന്നല്ല പരിഭാഷകന്‍ എന്നതാകും കൃത്യമായ പേര്. സര്‍ക്കാര്‍ നിലപാട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ ബിഎംഎസ് യൂണിയന് അകത്തേക്കു കയറാന്‍ മന്ത്രി ആപ്പീസിന്‍റെ കതക് തുറന്നു കൊടുത്തു എന്ന വലിയ ഉത്തരവാദിത്തം കേരളത്തിനു വേണ്ടി ചെയ്തിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. അദാനി വരുന്നതോടെ വിമാനത്താവളത്തിലെ ചായയുടെയും കാപ്പിയുടെയും വില കൂടും. അതാണ് കെ മുരളീധരന്‍റെ ടെന്‍ഷന്‍. വിമാനത്താവളത്തിലെ കഫറ്റീരിയയിലെ ഉഴുന്നുവടയുടെ തുള മാത്രമാകും അദാനിയുടെ വരവോടെ വികസിക്കുക എന്ന ലൈനിനുള്ള കണ്ടെത്തലാണ് മുരളീധരന്‍ നടത്തിയത്. സാധാരണക്കാര്‍ക്ക് മനസിലാകാന്‍ വേണ്ടിയാകും ഇത്തരത്തിലുള്ള സിംപിള്‍ ഉദാഹരിക്കലുകള്‍

ഇനി ഈ വിഷയത്തില്‍ ഏക പ്രതീക്ഷ താമര അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജിയിലാണ്. കേന്ദ്ര ജി മാര്‍ അദാനിയുടെ അനുയായികളായതിനാല്‍ സുരേന്ദ്രനോടുതന്നെ ചോദിക്കാം ഈ അദാനിത്താവളത്തെക്കുറിച്ച്.  അതേ അടിപൊളി. ചോദിക്കണ്ടാര്‍ന്നു. അപ്പോ അതിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. ഇനി നമുക്ക് ലോക്കലായി സംസാരിക്കാം. ലൈഫ് മിഷന്‍. അങ്ങനെയൊരു പദ്ധതി സര്‍ക്കാരിന്‍റെ ലൈഫിനെ ബാധിക്കുമെന്നു സ്വപ്നത്തില്‍ പോലും ആരും കരുതിയില്ല. ഇപ്പോ മുഖ്യമന്ത്രിക്കസേരയുടെ ലൈഫ് എങ്ങനെയെങ്കിലും നീട്ടാന്‍ സംസ്ഥാന മന്ത്രിമാര്‍ ഒന്നടങ്കം ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനമില്ല. അതുകൊണ്ട് മറ്റു മന്ത്രിമാര്‍ നറുക്കിട്ട് ഇറങ്ങിയിരിക്കുകയാണ്. ഇന്ന് എകെ ബാലനാണ് നറുക്ക് വീണത്. മുഴുവന്‍ പേപ്പറിലും ബാലേട്ടന്‍ സ്വന്തം പോേരെഴുതി ആത്മാരര്‍ഥത കാട്ടി എന്നാണ് അണിയറ സംസാരം. ഇരുതല മൂര്‍ച്ചയുള്ള നാവുമായി രാജ്മോഹന്‍ ഉണ്ണിത്താനൊക്കെ കളത്തിലിറങ്ങിയിട്ടുണ്ട്. പേരില്‍ ബാലന്‍ ഉണ്ണി എന്നൊക്കെയുണ്ടെങ്കിലും രണ്ടുപേരുടെയും സംസാരത്തില്‍ ആ കുട്ടിത്തമേയില്ല

ഉണ്ണിത്താന്‍ പറഞ്ഞതിലും കാര്യമുണ്ട്. സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ അടയിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലായി. കട പൂട്ടിയിറങ്ങുന്നതിന് മുന്‍പ് ഒരു രസത്തിനെങ്കിലും അതൂടെ എടുത്തോണം. അപ്പോ നമുക്ക് ഒരു ഇടവേളയെടുക്കാം പറഞ്ഞുവന്നത് സര്‍ക്കാരിന്‍റെ ലൈഫിന് ഭീഷണയിയാകാന്‍ സാധ്യതയുള്ള ലൈഫ് മിഷന്‍ പദ്ധതിയെപ്പറ്റിയാണ്.  ദുബായ് കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും ഇടപെട്ട ഇടപാടില്‍ രണ്ടുപേരുമായും അടുത്ത ബന്ധമുള്ള സ്വപ്ന കമ്മീഷന്‍ അടിച്ചു. അതാണ് വിഷയം. എന്തായാലും പദ്ധയതിയുടെ ഫയലുകളെല്ലാം മുഖ്യന്‍ വിളിച്ചുവരുത്തിച്ചിട്ടുണ്ട്. ശിവശങ്കറിന്‍റെ ഭരണ മികവുകള്‍ ആ ഫയലില്‍നിന്നെങ്കിലും മുഖ്യന് മനസിലായാല്‍ മതിയാരുന്നു. ഉണ്ണിത്താന് ചില പഴങ്കഥകളുടെ ഭാണ്ഡംകൂടി അഴിക്കാനുണ്ട്. 

നിയമമന്ത്രിയായ ബാലേട്ടന്‍ തന്നെ ഇങ്ങനെ പറയണം. മുഖ്യനു കുടപിടിക്കേണ്ടിവരുന്നതിന്‍റെ ജാള്യതയില്ലാതെ ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നതും ഒരു കഴിവാണ്.  മുഖ്യമന്ത്രി നുണയനാണെന്നു പറയാന്‍ വരെ ഉണ്ണിത്താന്‍ ധൈര്യം കാട്ടുകയാണ്. ക്വാറന്‍റീനിലായതിനാല്‍ വൈകുന്നേരം ആറുമണിക്ക് പിണറായി വിജയന്‍ ക്യാമറക്കുമുന്നില്‍ എത്തില്ല എന്നതാണ് ഉണ്ണിത്താന്‍റെ ധൈര്യത്തിന്‍റെ മൂലധനം

ഇതുതന്നെയാണ് നമുക്കും പറയാനുള്ളത്. നിയമം കൊണ്ടാണ് ബാലന്‍ കളിക്കുന്നത്. ഉണ്ണിത്താന്‍ നാവുകൊണ്ടും.  എന്നുവച്ചാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശം പണം നല്‍കുന്നവര്‍ക്കു മാത്രമാണ് എന്ന്. എങ്കില്‍ പിന്നെ സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരു നേര്‍ച്ചപ്പെട്ടി കൂടി സ്ഥാപിക്കാവുന്നതാണ്. വിമര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതില്‍ നിക്ഷേപിച്ച് അര്‍ഹത നേടാമല്ലോ. ബാലന്‍ നിര്‍ത്തിയാലും കെ മുരളീധരന്‍ നിര്‍ത്തില്ല. മോന്തായം വളഞ്ഞാല്‍ എല്ലാം വളയും എന്നാണല്ലോ. ആലപ്പുഴക്കാരനായ കെപിസിസി സെക്രട്ടറി ത്രിവിക്രമന്‍ തമ്പിയാണ് ആ പ്രയോഗത്തിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവ്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...