വിമർശകർക്ക് 'കമ്മീ ബാത്ത്'; ആ ഒറ്റ ചോദ്യത്തിന്‍റെ കഥ

te
SHARE

അല്‍പം ആരോഗ്യകരമായ സംവാദത്തില്‍ ഏര്‍പ്പെടാം. ഇത് കാണുമ്പോള്‍ എന്തൊരുദുരന്തം എന്ന് ഒരു കൂട്ടര്‍ക്കും ആഹാ പൊളിച്ച് എന്ന്  മറ്റൊരു കൂട്ടര്‍ക്കും തോന്നിയേക്കും. അതൊക്കെ അവരവരുടെ കാര്യം. നമ്മളിവിടെ ഉദ്ദേശിക്കുന്നത് ആരോഗ്യകരമായ എന്നുവച്ചാല്‍ കമ്മ്യൂണിസ്റ്റ് ആരോഗ്യത്തില്‍ നിന്നുകൊണ്ടുള്ള ചില നര്‍മസംവാദങ്ങളാണ്. 

അപ്പോ ആരംഭിക്കാം. കേരളത്തില്‍ ടെലിവിഷന്‍, അതുപോലെ മറ്റ് സോഷ്യല്‍ മാധ്യമങ്ങളിലൊക്കെ ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കാണുന്ന പരിപാടിയാണ് നമ്മുടെ മുഖ്യമന്ത്രി അഥവാ സിപിഎമ്മുകാരുടെ പിണറായി സഖാവ് നടത്തുന്ന വാര്‍ത്താ സമ്മേളനം. സംഗതി വാര്‍ത്താ സമ്മേളനം എന്നൊക്കെയാണ് പേരെങ്കിലും സൂര്യന് താഴെയുള്ള സകലമാന കാര്യങ്ങളും എഴുതികൊണ്ടുവന്ന് വായിക്കുന്ന ഒരു പരിപാടിയാണത്. പിന്നെ വിചാരിച്ചതിലും നേരത്തെ അത് വായിച്ചു തീര്‍ന്നാല്‍ ചില ചോദ്യങ്ങള്‍ക്കുള്ള അവസരം കിട്ടും. ചോദ്യങ്ങള്‍ കൂടുതലാവുമെന്ന് തോന്നുന്ന ദിവസം വായന കൂടും. ബിബിസി കേരളത്തെക്കുറിച്ച് പറയുന്ന ദിവസം വായന കുറയും പകരം ചിരിയും കളിയും കൂടും. ഇങ്ങനെയൊക്കെയാണ് അതിന്‍റെ ഒരു രീതി. ഇന്നലെ പക്ഷ വായന ഒരു കാല്‍മണിക്കൂര്‍ ബാക്കിയാവും മുമ്പേ തീര്‍ന്നു. ഒരൊറ്റ ചോദ്യം.  ബാക്കി ദാ ... ഇങ്ങനെ

ഇതുകേട്ടാല്‍ തോന്നും അധികം ഒന്നും പറയാന്‍ നില്‍ക്കുന്നില്ല, വേറെ ചോദ്യങ്ങളാവാം എന്നാണെന്നൊക്കെ. പക്ഷേ രണ്ടാമത്തെ ചോദ്യവും മൂന്നാം ചോദ്യവും ഒക്കെയായി കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരായായി... ആ അതന്നെ. സീരിയസായിട്ടാണെങ്കിലും ഇങ്ങനെയൊന്നും പറ്റിക്കരുത് സഖാവേ.

ഇതിപ്പോ സാധാരണ ചോദ്യോത്തരവേളയില്‍ ഉത്തരം എഴുതിക്കൊണ്ടുവരണം എന്നുണ്ടെങ്കില്‍ ആദ്യമേ ചോദ്യം എന്താണെന്ന് അറിയണമല്ലോ. ഇവിടെ അങ്ങനെ ഒന്നുണ്ടായിട്ടുണ്ട്. ഒന്നുകില്‍ ചോദ്യവും ഉത്തരവും ഒരാളുതന്നെ തയ്യാറാക്കി ആരെയോ ഏല്‍പിച്ചതുമാകും. പക്ഷേ ഇങ്ങനെ വന്ന ചോദ്യത്തെ വളരെ സ്വാഭാവിക ചോദ്യമാണെന്ന് തോന്നിപ്പിക്കുകയും അതിലും സാധാരണരീതിയിലുള്ള ഒന്നായി മറുപടിയെ വരുത്തിതീര്‍ക്കാനുള്ള വളരെ തന്ത്രപരമായ നീക്കം. അതാണ് ഈസ്റ്റേറ്റ് കണ്ടത്. 

വിമര്‍ശകര്‍ ഈ വാര്‍ത്താസമ്മേളനങ്ങളെ കമ്മീ ബാത്ത് എന്നൊക്കെ പറയും. മൈന്‍ഡ് ചെയ്യരുത്. പ്രതിപക്ഷം ഇങ്ങനെ ഇതൊക്കെ എടുത്ത് പറയുമ്പോ വിഷമിക്കണ്ട കാര്യവും ഇല്ല. അഭിനയം ചിലഘട്ടങ്ങള്‍ ഏശും. അതായത് ചെലോല്‍ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല്ല. ഇത്തവണ മുഖ്യമന്ത്രിയുടേത് റെഡ്യായില്ല. അത്രേ ഉള്ളു. പക്ഷേ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഭിനയകളരിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വിഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുഖം ഇങ്ങനെയല്ലാ എന്നും പറഞ്ഞ് നാളെ തിരുവാ എതിര്‍വാ വ്യാജവീഡിയോ ഇറക്കി എന്നും പറഞ്ഞ് വരരുത്. നാട്ടിലെ ജനങ്ങളുടെ ബുദ്ധി അളക്കാന്‍ നിക്കരുത്.

അടുത്ത് ഒരു ചോദ്യോത്തര പരിപാടിയാണ്. വാര്‍ത്താസമ്മേളനമല്ലെന്ന് ആദ്യമേ പറയട്ടെ. ഇവിടെ പക്ഷേ ചോദ്യങ്ങള്‍ ആദ്യമേ തയ്യാറാണ്. നേരത്തെ പുറത്തുംവിട്ടിട്ടുണ്ട്. ഉത്തരങ്ങള്‍ കാണാപാഠം പഠിച്ചുവരാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പകര്‍ത്തിയെഴുത്ത് പരീക്ഷാഹാളില്‍ അനുവദനീയമല്ല.

ഏതുതരം ക്വസ്റ്റ്യന്‍ പേപ്പര്‍ വന്നാലും അതില്‍ ഏതുതരത്തിലുള്ള ചോദ്യങ്ങളുണ്ടായാലും എനിക്കത്  അറിയില്ല, പരിശോധിക്കാം, ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എന്നൊരു ഉത്തരത്തില്‍ തല്‍ക്കാലം ഒതുക്കാന്‍ പറ്റും. അതാരും അങ്ങനെ വന്ന് പഠിപ്പിക്കേണ്ട കാര്യമില്ല.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി, കണ്‍സല്‍ട്ടേഷന്‍ പരിപാടികള്‍, ഉയരുന്ന കോവിഡ് കണക്ക്, മഴദുരിതങ്ങള്‍ ഇതൊക്കെ ഉള്ളപ്പോഴും നാളെ യുഡിഎഫുകാര്‍ കുടുങ്ങാന്‍ പോകും എന്നൊരു വിചാരത്തില്‍ പൊസിറ്റീവായി ഇരിക്കുന്ന ആളുകളാണ് ഈ സഖാക്കള്‍. അതിന് നേതൃത്വം നല്‍കലാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സ്ഥിരം പരിപാടി. അന്വേഷണം നടക്കട്ടെ, കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ കാണാം ആരൊക്കെ കുടുങ്ങും എന്നാണ് പിണറായി സഖാവ് പറയുന്നത്. ദേ ഇപ്പോ ഇ. പി. സഖാവും അതുതന്നെ പറയുന്നു. വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് ഇതെന്തായാലും പുളുവടി ആവാന്‍ ഇടയില്ല എന്നൊക്കെ ഒരു കൂട്ടര്‍ക്ക് തോന്നും. അത്രയേ അവരും ഉദ്ദേശിച്ചുള്ളു. കോവിഡിന്‍റെ ഈ നശിച്ച കാലത്തും അണികളെ പോസിറ്റിവ് ആയി നിര്‍ത്താന്‍ വേറെന്തു ചെയ്യാനാണ്?

അത് ഏതായാലും ഗംഭീര താത്വിക വിശകലനം തന്നെയാണ്. ഒരു  അപകടവും സ്വര്‍ണക്കള്ളക്കടത്തും ഒരേ നിലയില്‍ കാണാനുള്ള ആ മനസുണ്ടല്ലോ... ഒരു പക്ഷേ ഈ സ്വര്‍ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടുപോയതിനെ ഒരു അപകടമായി കണ്ടതാവാനാണ് സാധ്യത. സോഷ്യല്‍ മീഡിയയിലെ വൃത്തിക്കേടിലും ഇത്തരത്തിലൊരു താത്വികപ്രശ്നം നിലനില്‍ക്കുന്നുണ്ട്. ശ്രദ്ധിച്ചു കേട്ടാ മനസിലാവും.

അതെ, വയറ്റിപ്പിഴപ്പാണ്. വെരി സിംപിള്‍. ഇങ്ങോട്ട് കിട്ടിയതുകൊണ്ടാണ് തിരിച്ച് കൊടുക്കുന്നത് എന്നൊരു ന്യായീകരണ സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും കൈകൊണ്ട സാഹചര്യത്തില്‍ ഒപ്പിച്ചു വച്ച സകല പണികളെയും വെള്ളപൂശാന്‍ പറ്റി എന്നത് തന്നെയാണ് പ്രശ്നം. കാരണം അത് സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പിനു കീഴിലാണ് ആകുന്നത്. അതിനെ അത്രയ്ക്കെളുപ്പം പ്ലീനം ചേര്‍ന്ന് പോലും ന്യായീകരിക്കാന്‍ കഴിയില്ല സഖാവേ. 

നാട്ടിലിപ്പോ എല്ലാം വെറൈറ്റി ആണ്. കേസന്വേഷണം ഒഴിച്ച് ബാക്കി സകലമാന പണികളും കേരള പൊലീസ് നന്നായി ചെയ്യുന്നുണ്ട്. ആരോഗ്യരംഗം നോക്കുന്നത് വരെ പൊലീസാണ്. ബഹ്റയെയും സംഘത്തേയും പൊലീസായി കാണാത്തതുകൊണ്ടാണോ അതോ പിണറായി വിജയന്‍ പൊലീസ് മന്ത്രിയായി ഇരിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, മെയിന്‍ പണിയായ കേസന്വേഷണം ഏതായാലും പൊലീസ് നടത്തുന്നില്ല. മാധ്യമങ്ങളും കൂടി കേസന്വേഷണ പരിപാടി നിര്‍ത്തിയാല്‍ ബൂര്‍ഷ്വാസികളില്‍ നിന്ന് ഈ നാട് വിമോചിപ്പിക്കപ്പെടും എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. കോവിഡ് രോഗികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റ വരെ എടുക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. 

സാമൂഹ്യ അകലം പാലിക്കാനാണല്ലോ നിര്‍ദേശം. അകലത്തിലിരിക്കുമ്പോഴാണല്ലോ ഫോണില്‍ വിളിച്ച് സംസാരിക്കേണ്ടിവരുന്നത്. അപ്പോ പിന്നെ കാള്‍ ഡീറ്റയില്‍സ് ഒക്കെ കോവിഡ് പ്രതിരോധത്തിന് വേണ്ടി എടുക്കുന്നത് ആലോചിക്കുമ്പോഴാണ്. .. ഓരോരോ വെറൈറ്റികള്‍. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...