പിണറായി സൈബര്‍ സഖാക്കളുടെ മിന്നല്‍ പുലി; ‘സ്മരണ വേണം’

thiruva
SHARE

തിരുവാ എതിര്‍വാ ചെറിയ ഒരു ഇടവേള എടുത്തുനില്‍ക്കുകയായിരുന്നു. അവധി വെറുതെ കളയണ്ടല്ലോ എന്നുകരുതി അവധിക്കാല ക്ലാസിന് പോയി. പഠനമൊക്കെ കഴിഞ്ഞ് വരുന്ന വരവാണ്. എന്നുവച്ചാല്‍ പിണറായി സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍. പലവിഷയങ്ങളും പഠിച്ചെങ്കിലും സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് മാത്രം  പഠിക്കാനായില്ല. കേരളത്തിലെ സോഷ്യല്‍ മീഡിയ നിറയെ ഇപ്പോള്‍ അതാണ് നിറഞ്ഞിരിക്കുന്നത് എന്നത് നമുക്കറിയാവുന്ന സത്യമാണ്. പക്ഷേ പിണറായി സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിലെ പ്രധാന അധ്യാപകന് ഈ വിഷയത്തില്‍ അത്ര അറിവും ശ്രദ്ധയും പോരാ. വൈകിട്ട് ആറുമുതല്‍ ഏഴുമണിവരെയുള്ള ക്ലാസില്‍ ആശാന്‍ അത് പഠിപ്പിച്ചില്ല. ഇനി  വല്ല സൈബര്‍ സഖാക്കളുടെയും ഓണ്‍ലൈന്‍ ക്ലാസില്‍ ചേരണം

ദേശാഭിമാനി മാത്രം വായിക്കുകയും കൈരളി മാത്രം കാണുകയും ചെയ്യുന്ന ബ്രിട്ടാസ് മാനിയ കാരണമാണ് ഇങ്ങനെ പറയുന്നത്. കേരളത്തില്‍ പല ഏര്‍പ്പാടുകള്‍ക്കും മുന്‍കൈ എടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണല്ലോ. സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കാന്‍ സെക്രട്ടറി ശിവശങ്കര്‍. സൈബര്‍ ബുള്ളിയിങ്ങിന് നേതൃത്വം നല്‍കാന്‍ പ്രസ് സെക്രട്ടറി പിഎം മനോജ്. പ്രസ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാണ് തെല്ലും ബുദ്ധിയില്ലാത്ത മാധ്യമങ്ങള്‍ പറയുന്നത്. അങ്ങനെ തെറ്റുകാര്‍ക്കെതിരെയെല്ലാം നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെറും ബോര്‍ഡുമാത്രമാകും മിച്ചം.

എന്താണ് സൈബര്‍ ബുള്ളിയിങ്. ഇന്നത്തെ കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു ക്രിമിനല്‍ ആക്ടിവിറ്റി അല്ലെങ്കില്‍ മാനസിക വൈകല്യമാണിത്. നാക്കിന് എല്ലില്ലാത്ത അവസ്ഥയാണ് ഇതിന്‍റെ പ്രാഥമിക യോഗ്യത. ഐടി ആക്ട് പ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ട്. പക്ഷേ ആരോഗ്യകര സമവാദമായേ മനസിലാക്കൂ എന്നു നിര്‍ബന്ധം കാട്ടിയാല്‍ ബുദ്ധിമുട്ടാണ്. സൈബര്‍ സഖാക്കളുടെ കണ്ണില്‍ പിണറായി ഈറ്റപ്പുലിയല്ല. മിന്നല്‍ പുലിയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൈയ്യടിക്കാനുള്ള എൈറ്റം നമ്പറിനുള്ള സമയമാണ് ഇനി. വൈകിയാണെങ്കിലും എല്ലാം ശ്രദ്ധയില്‍പ്പെട്ടു. വ്യക്തിപരമല്ല. വ്യക്തിപരമേ ആയിരുന്നില്ല. സ്മരണ വേണം സഖാവേ സ്മരണ. ഒന്നുമല്ലേലും ഇന്ന് സോളര്‍ വിഷയത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചതിന്‍റെ ഏഴാം വാര്‍ഷികം ഒക്കെയല്ലേ. മറക്കരുത് ഒന്നും. 

സിപിഎമ്മിന് സൈബര്‍ സഖാക്കള്‍ എന്നൊന്നില്ല എന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. അങ്ങനെ പെരുമാറരുത്.  സൈബര്‍ മേഖലയിലെ ഈ പണിക്കാര്‍ക്കായി ഒരു തൊഴിലാളി സംഘടന ഒക്കെ ഉണ്ടാക്കണം. പറ്റുമെങ്കില്‍ പെന്‍ഷന്‍, ക്ഷേമനിധി തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കണം. പഴയ കട്ടന്‍ചായ കൂലി സമ്പ്രതായം ഈ ആധുനിക കാലത്ത് പാടില്ല.ഇവരെ  മെമ്പര്‍ഷിപ്പില്‍ ചേര്‍ത്താല്‍ അണികളുടെ എണ്ണത്തില്‍ വന്‍ ബാഹുല്യം നേടാനാകും. തുടര്‍ ഭരണമാണല്ലോ നമ്മുടെ ലക്ഷ്യം.

മാധ്യമങ്ങള്‍ ശരിക്കും നിഷ്കളങ്കരാണ്. അല്ലെങ്കില്‍ പിന്നെ അവര്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ സൈബര്‍ സഖാക്കള്‍ ചീത്ത വിളിച്ചു എന്ന പരാതി പറയാന്‍ പോകുമോ. അറിയുന്ന പോലീസാകുമ്പോള്‍ രണ്ടടി കൂടുതല്‍ എന്നതൊക്കെ പണ്ട്. ഇപ്പോള്‍ പിണറായി പോലീസിന് ആ പഴഞ്ചൊല്ലെന്നും അറിയുകതന്നെയില്ല. അത് പോട്ടെ. ഈ മോശം ഭാഷാ പ്രയോഗത്തെപ്പറ്റി നേരെ ചെന്ന് ഒരു ചോദ്യം. ആരോട്. സാക്ഷാല്‍ എല്‍ഡിഎഫ് കണ്‍വീനറോട്. എ വിജയരാഘവന്‍റെ ബുള്ളിയിങ് പാടവം പാടേ മറന്നപോലെവാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയതിന്‍റെ ഈ വര്‍ഷത്തെ ലോകറെക്കോഡ് ചെന്നിത്തലക്കാരന്‍ രമേശിനുള്ളതാണ്. ഇന്നത്തേതുകൂടെ കൂട്ടി എത്ര എണ്ണം നടത്തിയെന്ന് പുള്ളിക്കുപോലും നിശ്ചയമില്ല. രമേശ് വാര്‍ത്താ സമ്മേളനം നടത്തും മുന്നേ പിണറായിയും കോടിയേരിയും പുശ്ചിച്ചു കഴിയും. അഥാണ് ഇപ്പോള്‍ ശീലം. പക്ഷേ തളരാത്ത പോരാളി ഇന്നും കളത്തിലെത്തി. 

ഇനി അല്‍പ്പം വെടി കഥകളാണ്. ആരും ശബ്ദം കേട്ട് ഞെട്ടരുത്. വെടി തീരുന്നില്ല. ഇനി കെ സുരേന്ദ്രന്‍റെ വകയാണ്. രമേശ് ബിജെപി ആയോ അതോ സുരേന്ദ്രന്‍ കോണ്‍ഗ്രസായോ എന്ന വിഷയം അടുത്ത പ്ലീനത്തില്‍ സിപിഎം ചര്‍ച്ച ചെയ്യാന് ഇരിക്കുകയാണ്. എനിക്കും സിഎമ്മിനോട് ഒരു സൈബര്‍ ബുള്ളിയിങ് പരാതി പറയാനുണ്ടായിരുന്നു. അതായത് ഇന്ന് ഉച്ചമുതല്‍ തിരുവാ എതിര്‍വായുടെ പ്രമോയ്ക്ക് ഫേസ്ബുക്കില്‍ സഖാക്കള്‍ വക തെറിയഭിഷേകമാണ്. ആ വിഷയത്തില്‍ അങ്ങ് ദയവുചെയ്ത് ചുവന്ന് ഷര്‍ട്ട് ഒക്കെ ഇട്ട് വന്നത് വെറുതെയായി.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...