സെക്രട്ടേറിയറ്റിലേക്കു എൻഐഎയ്ക്ക് വരവേൽപ്

thiruva23
SHARE

കോവിഡ് കാലത്തും ഒരു വലിയ ചടങ്ങിനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ദേശീയ അന്വേഷണ ഏജന്‍സി അഥവാ എന്‍ഐഎ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണവുമായി എത്തുന്ന സമയം. ഭരണത്തിന്‍റെ അവസാന വര്‍ഷത്തില്‍ അത്യപൂര്‍വവും സര്‍ക്കാരിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുന്ന ഈ ആഘോഷച്ചടങ്ങിലേക്ക് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്ത് ആരംഭിക്കുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

ഇതൊരു പാര്‍ട്ടി പരിപാടിയല്ലെങ്കിലും മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ സമുന്നതനായ നേതാവുമായ സഖാവ് പിണറായി വിജയന്‍ നായകത്വം വഹിക്കുന്ന ഓഫിസിലേക്കാണ് എന്‍ഐഎ വരുന്നത്. ചില്ലറ കാര്യമാണോ. ഒട്ടും അല്ല. രാജ്യത്തെ തന്നെ വേറൊരു മുഖ്യമന്ത്രിക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമാണിത്. അതുകൊണ്ട് തന്നെ സംഗതി ആഘോഷമായി തന്നെ കൊണ്ടാടേതുണ്ട്. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ പതാക ജാഥ, ദീപശിഖാപ്രയാണം, കൊടിമരജാഥ, മൈക്ക് കെട്ടി പൊതുസമ്മേളനം  ഇതൊന്നും ഉണ്ടാവുന്നതല്ല. പ്രഭാതഭേരി പോലും വേണ്ടെന്നാണ് തീരുമാനം. എന്ന് വച്ച് ചില്ലറ ഒരുക്കങ്ങള്‍ പാടില്ലെന്നില്ലല്ലോ. 

ഏതന്വേഷണത്തിനേയും സ്വാഗതം ചെയ്ത ആളാണ് പിണറായി വിജയന്‍. എന്തിന് കേന്ദ്രത്തിന് തോന്നുന്ന ഏജന്‍സിയെ വച്ച് അന്വേഷിച്ചോളാന്‍ പറഞ്ഞ് കത്തുവരെ അയച്ചതല്ലേ. അതിനും വേണം ഒരു ധൈര്യം. മടിയില്‍ കനമില്ലാത്തതിനാല്‍ ഒന്നും പേടിക്കാനില്ലെന്ന് പണ്ടുതൊട്ടേ പറയുന്ന ആളാണ്. പക്ഷേ എന്‍ഐഎ മടിയില്‍ കനമുണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കാന്‍ വരുന്നതല്ലെന്നാണ് സുരേന്ദ്രജിയും ചെന്നിത്തലയും ഒക്കെ പറയുന്നത്. സംഗതി നാണക്കേടാണ് പോലും അവര്‍ക്ക്. ഇതിലിപ്പോ നാണക്കേടിന്‍റെ കാര്യമൊക്കെ എന്തിരിക്കുന്നു. നെഞ്ചും വിരിച്ച് ഇരട്ടച്ചങ്കോടെ മുഖ്യമന്ത്രി ഇങ്ങനെ നില്‍ക്കല്ലേ. ആ നാട്ടിലെ പ്രതിപക്ഷമെന്ന നിലയില്‍ അഭിമാനിക്കല്ലേ വേണ്ടത്. അല്ലെങ്കിലും ഈ യുഡിഎഫിന്‍റെ കാലത്തൊക്കെ എന്ത് അന്വേഷണമാണുണ്ടായത്. ഏറിയാല്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം. അല്ലാതെ നിങ്ങളൊക്കൊണ്ടൊന്നും ഇതുപോലെ രാജ്യാന്തരബന്ധമുള്ള ഒരു കേസോ എന്‍ഐഎ അന്വേഷിക്കുന്ന കേസോ ഒന്നും സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരാന്‍ പറ്റിയില്ലല്ലോ. അതല്ലേ നാണക്കേട്. 

ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുത്തതില്‍ പിന്നെ സുരേന്ദ്രന്‍ജിക്ക് കാര്യമായി ഒരു കേസ് കൈയ്യില്‍ കിട്ടുന്നത് ദാ ഇപ്പോഴാണ്. കോവിഡ് വന്നതോടെ വലിയ സ്പെയിസൊന്നും ഇല്ലാതായതായിരുന്നു. പിന്നെ പിണറായി സഖാവും കേന്ദ്രത്തിലെ മുരളീധരന്‍ജിയും തമ്മില്‍‌ നേരിട്ടായിരുന്നു തല്ല്. അതൊക്കെ കഴിഞ്‍ഞ് ഇപ്പോഴാണ് ഒന്ന് സജീവമാകാന്‍ സാധിച്ചത്. പിന്നെ ഈ എന്‍ഐഎ എന്നതൊക്കെ സ്വന്തം തറവാട്ടില്‍ നിന്ന് വരുന്ന ടീമാണെന്നൊരു വിചാരവുമുണ്ട്. അതെന്തായാലും അന്വേഷണം വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഇന്‍റലിജന്‍സ് സുരേന്ദ്രന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനൊന്നും എന്‍ഐഎ നിന്നുകൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞേക്കണം. മറക്കണ്ട.

പ്രതിപക്ഷം പറയുന്നത് മുഖ്യമന്ത്രി മിണ്ടുന്നില്ല എന്നാണ്. വലിയ കഷ്ടമാണ് ഇങ്ങനെ പറയുന്നത്. ദിവസവും കൃത്യം ഒരുമണിക്കൂറാണ് നമ്മുടെ മുഖ്യമന്ത്രി ഈ നാട്ടുകാരോട് മിണ്ടുന്നത്. ഏഴുമണിക്ക് കിറുകൃത്യം മൈക്ക് ഓഫ് ചെയ്ത് മാസ്ക് വയ്ക്കും.  പച്ചക്കറി കൃഷി തുടങ്ങി നാട്ടിലെ സകലമാന പട്ടിയും പൂച്ചയും വരെ സാകൂതം ശ്രവിക്കുന്ന ഓണ്‍ലൈന്‍ ക്ലാസാണ് വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം.  ആ നേരത്ത് കണ്ണില്‍ ചോരയില്ലാതെ ഇങ്ങനെ വിമര്‍ശിക്കരുത്. പാപം കിട്ടും.

 മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ പോലുമില്ലാതെ ഇത്രയും നേരം വാര്‍ത്താസമ്മേളനം നടത്താന്‍ അല്ല ഈ ചെന്നിത്തലയ്ക്കും സുരേന്ദ്രനുമൊക്കെ സാധിക്കുമോ? ഇല്ലന്നേ പറ്റില്ല. മാക്സിമം പോയാല്‍ ഒരു അരമണിക്കൂര്‍. ഇതിപ്പോ കണ്ടില്ലേ... സൂര്യനു താഴെയുള്ള സകലവിഷയങ്ങളെപ്പറ്റിയും പറയും. കരുതലിന്‍റെ ഒരു മണിക്കൂറാണ് ആ വാര്‍ത്താസമ്മേളനങ്ങള്‍. നിങ്ങള്‍ക്ക് രണ്ടു അക്ഷരത്തില്‍ കാര്യം പറഞ്ഞാല്‍ മതിയല്ലോ. ഏത്... രാജി. അതന്നെ. 

സംഗതി ഇത്ര കലുഷിതമാണെങ്കില്‍ നമ്മുടെ ആള് രംഗത്തിറങ്ങും. ചില്ലറക്കാരനല്ല. നിയമം ആറ്റിക്കുറിക്കി കുടിച്ചവനാണ്. രണ്ടു ലോ പോയന്‍റ് അങ്ങ് വച്ച് കാച്ചിയാല്‍ ഈ പ്രതിപക്ഷമൊക്കെ വിറക്കും. ദാ വേണേല്‍ കേട്ടോ. പിണറായി സഖാവിന്‍റെ രാജി ആവശ്യപ്പെടുന്ന ഈ കോന്തന്‍മാരോട് അങ്ങനെ നല്ലഭാഷയില്‍ മറുപടി പറഞ്ഞിട്ട് കാര്യമില്ലെന്ന് ബാലന്‍ മന്ത്രിക്ക് നന്നായി അറിയാം. 

ഈ സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍  പ്രത്യേകിച്ച് പ്രതിപക്ഷവും സിപിഎം വിരുദ്ധരും പിന്നെ വലിയ രാഷ്ട്രീയ ചായ്്വൊന്നും ഇല്ലാത്തവരൊക്കെ പറയുന്ന കാര്യമുണ്ട് അത് ഈ യുഡിഎഫിന്‍റെ കാലത്ത് നടന്ന സോളര്‍ കേസുമായി താരതമ്യം ചെയ്യലാണ്. എന്നാല്‍ പറഞ്ഞേക്കാം. രണ്ടും രണ്ടാണ്. ഒന്ന് അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ഇപ്പോ പിണറായി വിജയനാണ്. പിന്നെ അന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു ഭരണം. ഇന്ന് അത് സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ്. ഇത്രയും വ്യത്യാസങ്ങളുണ്ടായിട്ടാണ് ഇവന്‍മാര്‍ രണ്ടിനേയും താരതമ്യ പഠനം നടത്തുന്നത്. പിന്നെ അന്ന് സോളര്‍ കേസിന്‍റെ കാലത്തെ പ്രതിപക്ഷസമരമൊക്കെ. അതും വേറെയല്ലേ. അവരല്ലല്ലോ ഇപ്പോഴത്തെ പ്രതിപക്ഷക്കാര്‍. വ്യത്യാസമുണ്ട്. കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. കേസിന്‍റെ അന്വേഷണരീതി, അന്വേഷിക്കുന്ന ഏജന്‍സി, പ്രതികള്‍ ഒക്കെ വേറെയല്ലേ. ഇനി വ്യക്തമാകാത്തവര്‍ക്ക് സഖാവ് ഇ.പി. ജയരാജന്‍ നിലപാട് വ്യക്തമാക്കിത്തരും. അതോടെ ഇതിനൊരു അവസാനമുണ്ടാവും. 

വലിയ ദുരന്തങ്ങളില്ലാതെ അവസാനിപ്പിച്ചതില്‍ വളരെ സന്തോഷം. ഈ നാട്ടിലെ സകലമാന പ്രശ്നങ്ങള്‍ക്കും ഉത്തരവാദി ഈ ശിവശങ്കറും കൂട്ടരുമൊന്നും അല്ല. അതിവിടുത്തെ മാധ്യമങ്ങളാണ്. അവരെ വളരാന്‍ അനുവദിച്ചുകൂടാ. അതിനൊക്കെ അങ്ങ് ചൈന, റഷ്യ ഒക്കെ നോക്കൂ... സര്‍ക്കാര്‍ മാധ്യമം മാത്രം. ഇവിടേയും അങ്ങനെ വേണം. അല്ല പിന്നെ. 

മാധ്യമങ്ങളെ വരച്ച വരയില്‍ നിര്‍ത്തണം. അതാവണം അടുത്ത തിരഞ്ഞെടുപ്പിലെ നമ്മുടെ പ്രഖ്യാപിത നയം. അത് പറഞ്ഞ് തന്നെ വോട്ടും ചോദിക്കണം. ഇല്ലെങ്കില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോകുന്നവര്‍ക്ക് ജയ് വിളിച്ചും സബാഷ് പറഞ്ഞും സഖാക്കള്‍ മടുക്കും. അവരുടെ ഒക്കെ ഉള്ളിലെ ചാനല്‍ ചര്‍ച്ച ഇങ്ങനെയാണല്ലോ. 

സ്വപ്നം കാണുന്നതിന് ലിമിറ്റ് ഒന്നും ഇല്ലല്ലോ. എങ്ങനെ വേണെങ്കിലും ആവാം. പക്ഷേ യാഥാര്‍ഥ്യങ്ങളില്‍ അടിപതറരുത്.

ഇനിയാണ് സീന്‍. പിന്നെ സ്വന്തം നിലയ്ക്ക് ഒരു പ്രസംഗം ഇടും. അത് കഴിഞ്ഞ് കൂട്ടക്കരച്ചില്‍. അടുത്തത് ബഹിഷ്കരണം. അധികം നില്‍ക്കുന്നില്ല.. പിന്നെ കാണാം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...