സഭാ സമ്മേളനം മാറ്റിവച്ച് മുഖ്യൻ; 'ക്ലച്ചു'പിടിക്കാത്ത സങ്കടത്തിൽ ചെന്നിത്തല

thiruva-23
SHARE

ചാനല്‍ ചര്‍ച്ചകളില്‍ പോയിരുന്ന് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധിക്കാന്‍ എന്തും പറയാം. പക്ഷേ അതുപോലെയല്ല നിയമസഭ. അവിടെ പറയുന്നതൊക്കെ സഭാരേഖകളാകും. സ്വര്‍ണലിപികളില്‍ എല്ലാം രേഖകളില്‍ എഴുതിച്ചേര്‍ക്ക് എന്നൊക്കെ ചിലപ്പോള്‍ ദ്വയാര്‍ഥത്തില്‍ പ്രതിപക്ഷം സഭയുടെ കാരണവറായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നോക്കി പറഞ്ഞെന്നും വരാം.  അതുകൊണ്ടല്ല തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചത്. കോവിഡ് അല്ലേ. സമ്പര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്. ചില സമ്പര്‍ക്കങ്ങളുടെ പേരിലാണ് ഇപ്പോള്‍ ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കുന്നത് എന്നുമാത്രം 

എന്തൊക്കെയായിരുന്നു നാം സ്വപ്നം കണ്ടത്. നിയമസഭ ചേരും. പിന്നെ പലതും കാണാം കേള്‍ക്കാം. എല്ലാം വെറുതെയായി. ജൂണില്‍ സ്കൂള്‍ തുറക്കുന്നതും കാത്തിരുന്ന കുട്ടികള്‍ ഇപ്പോളും കാത്തിരിക്കുകതന്നെയാണല്ലോ. അതേ അവസ്ഥയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്‍റേതും. പുത്തന്‍ മുദ്രാവാക്യമൊക്കെയിട്ട് നിയമസഭയിലെത്തി ഒന്ന് ഷൈന്‍ ചെയ്യാനിരുന്നതാ. ഇരട്ട ചങ്കുള്ള മുഖ്യന്‍റെ ഖല്‍ബ് ഇങ്ങനെ കാലുമാറുമെന്ന് ചെന്നിത്തല സ്വപ്നത്തില്‍ പോലും നിരീച്ചില്ല. പഴയതൊന്നും മറക്കരുതെന്നാണല്ലോ. അതുകൊണ്ട് ചെന്നിത്തലയുടെ ആ പ്രതീക്ഷകളില്‍ നിന്നുതന്നെ തുടങ്ങാം.  സഭാസമ്മേളനം നിശ്ചയിച്ച ആ കാലയളവില്‍ സര്‍ക്കാരും ആത്മവിശ്വാസത്തിന്‍റെ നിറകുടമായിരുന്നു. ഊരിപ്പിടിച്ച വാള്‍ എന്നല്ല നിറതോക്കിനു മുന്നിലൂടെപ്പോലും നെഞ്ചുവിരിച്ച് നടക്കാനുള്ള ധൈര്യം അന്നുണ്ടായിരുന്നു.

ഇനിവരുന്ന നിയമസഭാ സമ്മേളനത്തോടെ പ്രതിപക്ഷമേ നീ തീര്‍ന്നടാ തീര്‍ന്ന് എന്ന ലൈനിലാണ് നിയമമന്ത്രി എകെ ബാലനൊക്കെ ഡയലോഗടിച്ചത്. അറബിക്കടല്‍ ആഞ്ഞടിക്കാന്‍ പോകുന്നുവെന്നൊക്കെയായിരുന്നു തള്ള്. അറേബ്യയില്‍ നിന്ന് വന്ന പൊന്നിന്‍റെ പേരില്‍ ഉണ്ടായ വിവാദമായതുകൊണ്ടാണോ എന്നറിയില്ല ഈ അറബിക്കടല്‍ പ്രയോഗം നടത്തിയത്. 

ബാലന്‍ വക്കീലിന്‍റെ തിരക്ക് ഇപ്പോള്‍ പഴയ ശക്തിയില്ല. സംഭവിച്ചത് എന്താണ് എന്നതിന്‍റെ ഒരു ഏകദേശ രൂപം പറഞ്ഞുതരാ. അറബിക്കടലിലെ ശക്തിയുള്ള തിര കണ്ട ബാലന്‍ മന്ത്രക്ക് ഈ തിരമാലയുടെ ശക്തി പ്രതിപക്ഷത്തിനും കാട്ടിക്കൊടുക്കാം എന്നു തോന്നിക്കാണം. ലോക്ഡൗണ്ടായതിനാല്‍ രമേശ് ചെന്നിത്തലയെ കടപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ആവില്ല. അതിനാല്‍ ആ അറബിക്കടലിലെ വെള്ളം ഒരു ബക്കറ്റില്‍ കോരി. ബക്കറ്റിലെ വെള്ളത്തില്‍ തിരയുണ്ടാകില്ല എന്ന വിജയസൂക്തം മറന്നതാണ് ഈ അബദ്ധത്തിന് കാരണം. സാരമില്ല. തിരയില്ലെങ്കിലും കടപ്പുറത്തേതുപോലെ കാറ്റെങ്കിലും വരുമാരിക്കും. എന്തായാലും സഭാ സമ്മേളനം മാറ്റി. നിയമസഭയില്‍ പ്രവേശിക്കരുതെന്ന് കോവിഡ് വൈറസിന് റൂളിങ് നല്‍കാന്‍ സ്പീക്കര്‍ക്കാകില്ലല്ലോ. ഓണ്‍ലൈന്‍ സമ്മേളനം വിക്ടേഴ്സ് വഴി നടത്തുകയും പ്രായോഗികമല്ല. പാവം രമേശ്. വെറുതെ കുളിച്ചൊരുങ്ങി. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തോക്കില്‍ ഉണ്ട നിറച്ചിരുന്നതാ. ഇനിയിപ്പോ ആകാശത്തോട്ടു വെടി വയ്ക്കുകയേ നിവര്‍ത്തിയുള്ളൂ. 

ഇതാണ് ശരിക്കും ചെന്നിത്തലയുടെ അവസ്ഥ. ആരോപണങ്ങള്‍ ഒന്ന് ക്ലച്ചുപിടിച്ചുവരുമ്പോള്‍ ഇതുപോലെ ഓരോ പണിയും കിട്ടിക്കൊണ്ടിരിക്കും. തന്‍റെ ഓഫീസിനെ ലക്ഷ്യംവച്ചാണ് രമേശ് പുത്തനുടുപ്പുമിട്ട് നിയമസഭയില്‍ പോകാന്‍ ഇരിക്കുന്നതെന്ന് മുഖ്യന് അറിയാമല്ലോ. സഭയിലെത്തുന്ന രമേശ് ആദ്യം സ്പീക്കറെയാകും പഞ്ഞിക്കിടുക. എന്തിനാണ് ഈ റിസ്കൊക്കെയെടുത്ത് കാശും ചിലവാക്കി തലവച്ചുകൊടുക്കുന്നതെന്ന വിവേകം അല്‍പ്പം വൈകിയാണെങ്കിലും പിണറായിക്കുണ്ടായി. പഴയതുപോലല്ല. ഉപദേശകരുടെ എണ്ണത്തിലിപ്പോള്‍ കാര്യമായ കുറവുണ്ട്. അതുകൊണ്ടാണ് തീരുമാനം വൈകിയത്. 

പിണറായി വിജയന്‍ മുഖ്യമന്ത്രി മാത്രമല്ല. ഐടി മന്ത്രികൂടിയാണ്. എന്നുവച്ചാല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല വിവര സാങ്കേതിക വിദ്യയുടെ കേന്ദ്രം കൂടിയാണ്. അത്തരമൊരു കേന്ദ്രത്തില്‍ നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ഒരു സിസിടിവി പോലുമില്ല എന്നത് ഞെട്ടലോടെയാണ് ജനം കേട്ടത്. നമ്മുടെ മുഖ്യന്‍റെ ഓഫീസ് ക്യാമറ നിരീക്ഷണത്തിലായിരുന്നില്ലത്രേ. വഴിയോരത്ത് വെറുതെ ഫ്ലക്സ് പതിക്കുന്ന ഒരു രീതി നാട്ടിന്‍പുറത്ത് നിലവിലുണ്ട്. മാലിന്യം നിക്ഷേപിക്കരുത്. നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന് ബോര്‍ഡു വയ്ക്കും. നൂറ്റിയമ്പതുരൂപയാണ് ചിലവ്. ഈ ചുവരെഴുത്തു കാണുന്നവര്‍ മാലിന്യമിടാതെ പേടിച്ച് മടങ്ങും എന്നാണ് വിശ്വാസം.  അങ്ങനെയൊരു ഫ്ലക്സെങ്കിലും പിണറായിക്ക് ഓഫീസിന് മുന്നില്‍ വയ്ക്കാമായിരുന്നു. ശിവശങ്കരനും സ്വപ്നയുമൊക്കെ കച്ചവടം അവിടെനിന്നെങ്കിലും മാറ്റിയേനേ. പണ്ട് സിസിടിവി ദൃശ്യങ്ങളും സിഡിയും തപ്പിപ്പോയതിന്‍റെ രണ്ടാം ഭാഗം ഇക്കുറി ഉണ്ടാകുമോ എന്തിരോ

ഇടവപ്പാതിക്ക് ആകാശത്തുനിന്നു പുറപ്പെട്ട ഒരു ഇടിമിന്നല്‍ തലസ്ഥാനത്തെത്താന്‍ കുറച്ചു വൈകി. ചിലപ്പോള്‍ ആകാശയാത്രാ വിലക്കുണ്ടായിരുന്നതുകൊണ്ടാകാം. എന്തായാലും കര്‍ക്കിടകത്തില്‍ ആഞ്ഞടിച്ച ആ ഇടക്കാണത്രേ സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറ കേടായത്. മിന്നര്‍ പിണറായി എന്നൊക്കെയാണ് മുഖ്യമന്ത്രിയെ മാലോകര്‍ വാഴ്ത്തുന്നത്. ആ മിന്നല്‍ പിണറിന്റെ ശക്തികാരണം സിസിടിവിയിലെ ഐസി ചിപ്പുകള്‍ അടിച്ചുപോയതാകാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. അത്രക്ക് വലിയ പ്രഭ താങ്ങാനുള്ള ശേഷിയിലുള്ള സാങ്കേതിക വിദ്യയൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലത്രേ. പക്ഷേ അല്‍ഭുതം കണ്ണും കാതും കൂര്‍പ്പിച്ച് ജീവിക്കുന്ന രമേശ് ചെന്നിത്തല ആ ഇടി ശബ്ദം കേട്ടില്ല എന്നതാണ്. ഫ്രീക്വന്‍സി കൂടിയ ശബ്ദം മനുഷ്യന്‍റെ ചെവിക്ക് അത്രക്കങ്ങ് കേള്‍ക്കാനാകില്ല എന്നാശ്വസിക്കാം. 

സിപിഎം മന്ത്രിമാരുടെ സ്റ്റാഫിന്‍റെ സംസ്ഥാന സമ്മേളനം തിരുവന്തപുരത്ത് എകെജി സെന്‍ററില്‍ നടന്നു. പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നാണ് പേരെങ്കിലും പബ്ലിക് മണികൊണ്ട് സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നവരാണ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍. അവരാണ് ഇപ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നാണ് സര്‍ക്കാരും സിപിഎമ്മും പറയുന്നത്. വ്യക്തി ബന്ധങ്ങളില്‍ സുതാര്യത പുലര്‍ത്തണമെന്നാണ് ഇന്നു നടന്ന സ്റ്റഡി ക്ലാസിലെ ഉപദേശം. സിപിഐ മന്ത്രിമാരുടെയും മറ്റ് ഘടകകക്ഷി മന്ത്രിമാരുടെയും സ്റ്റാഫിന് ഈ സുതാര്യത ബാധകമല്ലേ എന്നു ചോദിക്കരുത്. അവരെക്കൂടി എകെജി സന്‍ററിലേക്ക് വിളിച്ചാല്‍ അത് എല്‍ഡിഎഫ് സ്റ്റാഫ് അസോസിയേഷന്‍ സമ്മേളനമായി മാറും. വിജയരാഘവന്‍ കണ്‍വീനര്‍ക്കാണ് മുന്നണിയോഗം വിളിക്കാന്‍ അധികാരം. അതുകൊണ്ടാകും അത് ഒഴിവാക്കിയത്. ട്യൂഷന്‍ ക്ലാസ് ഒക്കെ കിട്ടിയതുകൊണ്ട് ഇനിയിപ്പോ അടിപൊളി ഭരണമാകും നമ്മള്‍ കാണാന്‍ പോകുന്നത്. ജാഗ്രതയുടെ ബഹളമായിരിക്കും. ഇനിയൊരു ശിവശങ്കരന്‍ ഈ ഭൂമിമലയാളത്തില്‍ ഉണ്ടാകില്ല. സെക്രട്ടറിയേറ്റിന്‍റെ മുന്നില്‍ എംജി റോജിലൂടെ പോലും ഇനി അവതാരങ്ങള്‍‍ക്ക് സഞ്ചരിക്കാനാകില്ല. അപ്പോള്‍ തന്നെ അലാറം അടിക്കും.

ഇപി ജയരാജന്‍ ധര്‍മിഷ്ടനും നീതിമാനും മനസലിവുള്ളവനുമാണ്. തന്‍റെ സ്റ്റാഫിലൊരാള്‍ക്ക് കാലുവേദന വന്നപ്പോള്‍ ചികില്‍സക്കായി അവധിക്കു പകരം വിരമിക്കല്‍ തന്നെ അനുവദിച്ചു. ഇത്രയും നല്ല മന്ത്രിമാരുടെ സ്റ്റാഫാകാന്‍ പുണ്യം ചെയ്യണം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...