ഇനി ലോകാവസാനം വന്നാലും തമ്മിലടിക്ക് മാറ്റമില്ല; മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ ചൂടന്‍ സമ്മാനം

thiruva
SHARE

തിരുവാ എതിര്‍വാ വീണ്ടും തുടങ്ങുകയാണ്.  കോവിഡായതിനാല്‍ സാമൂഹ്യ അകലം പാലിച്ച് മാറിനിന്നതല്ല. മഹാമാരിക്കാലത്ത് രാഷ്ട്രീയ വൈറസുകളുടെ അഴിഞ്ഞാട്ടം അധികം ഉണ്ടാവില്ല എന്ന തെറ്റിദ്ധാരണയില്‍ മാസ്ക് വച്ചതാണ്. പക്ഷേ ഇക്കാലയളവിലാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഏറ്റവും കൂടുതല്‍ തമ്മിലടിച്ചത്. അതുകൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരംഭിക്കുന്നു തിരുവാ എതിര്‍വാ

കൊറോണ വൈറസിനെയാണ് ജനങ്ങള്‍ ഇപ്പോള്‍ ഏറെ ഭയക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന് മാത്രം അത് അങ്ങനെയല്ല. അവര്‍ ആരോഗ്യമന്ത്രിക്കു കിട്ടുന്ന കൈയ്യടികളെയാണ് അതിലേറെ ഭീതിയോടെ കാണുന്നത്. പ്രതിപക്ഷത്തിന്‍റെ പേടി കൂടും തോറും ശൈലജ ടീച്ചറിന്‍റെ ഖ്യാദിയും കൂടുന്നുണ്ട്. എല്ലാം പിആര്‍ വര്‍ക്കാണെന്നാണ് ചെന്നിത്തല മുല്ലപ്പള്ളിയാദികള്‍ പറയുന്നത്. ഒടുവില്‍ അവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട്  ഐക്യരാഷ്ട്ര സഭ വക ചെറിയൊരു ആദരം. ആ പൂച്ചെണ്ട് പ്രതിപക്ഷത്തിന് മുള്‍ക്കിരീടമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മോദിക്കും യോഗിക്കുമൊന്നും കിട്ടാത്ത ആ പൂച്ചെണ്ടില്‍ ബിജെപിയും അസ്വസ്ഥരാണ്. 

യുഎന്‍ വക അഭിനന്ദനം ലംഭിക്കുന്നതിനു മുമ്പ് കെകെ ശൈലജക്ക് മറ്റൊരു പട്ടം ലഭിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ നിന്നല്ല ഈ രാഷ്ട്രത്തില്‍ തെല്ലും ഐക്യമില്ലാത്ത ഒരു സ്ഥലത്തുനിന്ന്. കെപിസിസി ആസ്ഥാനത്തുനിന്ന്. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കോവിഡ് രാജ്ഞി എന്ന പദവി പ്രഖ്യാപിച്ചത്. പക്ഷേ ആ പുരസ്കാരം ആരോഗ്യമന്ത്രി നിരസിച്ചു. സമ്മാനം നല്‍കാനെത്തിയ മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ വക നല്ല ചൂടന്‍ സമ്മാനം ലഭിക്കുകയും ചെയ്തു. ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ എന്നാല്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ച് അഭിനയിക്കുന്നവരാണ് എന്ന കണ്ടുപിടുത്തവും ഇതിനിടെ മുല്ലപ്പള്ളി നടത്തി. പാര്‍ട്ടിയെ അച്ചടക്കത്തോടെ മുന്നോടേടു കൊണ്ടുപോകുന്നതിന്‍റെ തിരക്കിനിടയില്‍ ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് മുല്ലപ്പള്ളിക്ക് എവിടെനിന്നാണ് സമയം എന്നാണ് മനസിലാകാത്തത്. ഈ കണ്ടുപിടുത്തങ്ങളുടെ പേരില്‍ യുഎന്‍ മുല്ലപ്പള്ളിയെ ആദരിക്കാനും മതി. 

ഡാന്‍സ് അത്ര വശമില്ലാത്തയാളായിരുന്നു മുല്ലപ്പള്ളി. എന്നാല്‍ എയും ഐയും വിശാലന്മാരും ഗ്രൂപ്പില്ലാത്തവന്മാരുടെ ഗ്രൂപ്പുമെല്ലാം ഇട്ടു തട്ടുന്ന സ്ഥിതി വന്നതോടെ ചുവടുകള്‍ പഠിക്കാതെ നില്‍ക്കക്കള്ളിയില്ലെന്നായി. എന്ത് കണ്ടാലും അതിനെ ഡാന്‍സായി തെറ്റിദ്ധരിക്കുന്ന പ്രത്യേക മാനസികാവസ്ഥയും ഇതോടെ വന്നു ചേര്‍ന്നു. ഐ ആം എ ഡിസ്കോ ഡാന്‍സര്‍ എന്നൊക്കെ മൂളിയാണത്രേ ഇപ്പോള്‍ കക്ഷിയുടെ നടപ്പ്. അങ്ങനെ നടക്കുമ്പോളാണ് ദ് ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് മാധ്യമത്തിലെ ചില വരികള്‍ മുല്ലപ്പള്ളിയുടെ ശ്രദ്ധയില്‍ പെട്ടത്. റോക്സ്റ്റാര്‍ എന്നാണ് ഇതില്‍ ശൈലജയുടെ പേരിനൊപ്പം എഴുതിയിരുന്നത്. തലക്കെട്ടുമാത്രം മുല്ലപ്പള്ളി ഒന്ന് പരിഭാഷപ്പെടുത്തി.  മുഴുവന്‍ ആര്‍ട്ടിക്കിളും ട്രാന്‍സിലേറ്റ് ചെയ്യാതിരുന്നത് ഭാഗ്യം. 

ദേഷ്യം വരുമ്പോള്‍ സംസാരിക്കാന്‍ പറ്റിയ ഭാഷ ഇംഗ്ലീഷാണെന്നൊക്കെ മുല്ലപ്പള്ളിക്കും അറിയാം. അതുകൊണ്ട് അധികം ദേഷ്യം പിടിപ്പിക്കാതിരിക്കുന്നതാണ് ഏവര്‍ക്കും നല്ലത്. 

കടുകട്ടി വാക്കുകളുടെയും തീപ്പൊരി ഡയലോഗുകളുടെയും പേറ്റന്‍റ് ഹോള്‍സെയിലായി എടുത്തിട്ടുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളിയെ ഭരണപക്ഷം വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഖദറും മുറുക്കിയിറങ്ങി. യു ട്യൂബില്‍ നിന്ന് മുഖ്യമന്ത്രിയുടെ പഴയ കലിപ്പന്‍ ഡയലോഗുകള്‍ കലക്ട് ചെയ്തായിരുന്നു ആ വരവ്. കോവിഡ് കാലമായതുകൊണ്ടാകണം മുഖ്യന്‍ അത്രക്കങ്ങ് ആഞ്ഞടിച്ചില്ല. എന്നാല്‍ അടിക്കാതെയുമിരുന്നില്ല. 

സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥിയുടെ തടവുകാരനാണ് മുല്ലപ്പള്ളിയെന്നായിരുന്നു പിണറായിയുടെ മറുപടി. കേട്ട മുല്ലപ്പള്ളിക്ക് ഇക്കാര്യത്തില്‍ സംശയമില്ലെങ്കിലും കെ മുരളീധരന് അത് അങ്ങനെയല്ല. മലയാളത്തിലെ പല പ്രയോഗങ്ങളിലും ഗവേഷണം നടത്തിയിട്ടുള്ള താന്‍ ഇങ്ങനെയൊന്ന് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്ന് മുരളി കട്ടായം പറയുന്നു. ഇത് കേള്‍ക്കുന്ന മുഖ്യമന്ത്രി മലയാള പ്രയോഗത്തിനായി ഉപദേശകനെ വച്ചേക്കാനും സാധ്യതയുണ്ട്. 

മുല്ലപ്പള്ളിയും പിണറായിയും തമ്മിലുള്ള പോരിന് വലിയ പഴക്കമുണ്ട്. എന്നുവച്ചാല്‍ ഇരുവരുടെയും രാഷ്ട്രീയപ്രവേശനത്തിനും മുമ്പേ എന്നു പറയാം. ശരിക്കും വ്യക്തികള്‍ തമ്മിലല്ല, പ്രസ്ഥാനങ്ങളും ആശയങ്ങളും തമ്മിലുള്ള തമ്മിലടിയാണത്. അങ്ങനെയൊന്നും അട്ടത്തുവയ്ക്കാനാവാത്ത ചില ചരിത്രങ്ങള്‍. എല്ലാം എല്ലാവരും ഒന്ന് മറന്നതായിരുന്നു. പക്ഷേ ഈ കെ മുരളീധരനൊന്നും അതിന് സമ്മതിക്കില്ല

മുസ്ലീം ലീഗ് നേതാവും കുറ്റ്യാടി എംഎല്‍എയുമായ പാറക്കല്‍ അബ്ദുല്ല കാലത്തിന് മുമ്പേ നടന്നവനാണ്. പറയാന്‍ കാരണം മറ്റൊന്നുമല്ല. കേരളത്തില്‍ ആദ്യം മാസ്ക് വച്ച ആളാണ് കക്ഷി. അതും നിപ്പ കാലത്ത്. അന്ന് അബ്ദുല്ല പ്രഹസനം നടത്തുകയാണെന്നാണ് സര്‍ക്കാര്‍ വിമര്‍ശിച്ചത്.

എന്നാലിപ്പോള്‍ അതേ സര്‍ക്കാര്‍ ജനങ്ങളോട് പറയുകയാണ് മാസ്ക് വയ്ക്കാന്‍ . പൊതുജനം അനുസരിക്കുന്നുണ്ട്. എല്ലെങ്കില്‍ കേസെടുക്കും. പക്ഷേ രാഷ്ട്രീയക്കാര്‍ക്ക് അത് തെല്ലും ബാധകമല്ല. കൊറോണക്ക് അവരെ പേടിയാണത്രേ. അതുകൊണ്ട് താടിയിലും തലയിലുമൊക്കെയാണ് രാഷ്ട്രീയക്കാരുടെ മാസ്ക്. ചലര്‍ ചെവിയില്‍ ഇങ്ങനെ തൂക്കിയിടും

കോവിഡല്ല ലോകാവസാനം വന്നാലും അതിലൊന്നും കുലുങ്ങാതെ തമ്മിലടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കൂട്ടരേ ലോകത്തുള്ളൂ. കേരള കോണ്‍ഗ്രസുകാര്‍. കോട്ടയം ചങ്ങനാശേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജോസും ജോസഫും തമ്മിലടിക്കുകയാണ്. പാര്‍ട്ടിയിലെ ശക്തി തെളിയിക്കാന്‍ പ്രാദേശിക സമരങ്ങള്‍ വ്യാപകമാക്കിയിരിക്കുകയാണ് ഇരുപക്ഷവും. ഇന്ധന വില വര്‍ദ്ധനവിനെതിരെ തോമസ് ചാഴിക്കാടന്‍റെ നേതൃത്വത്തില്‍ ജോസ് വിഭാഗം വള്ളമിറക്കി തുഴഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാന്‍ ഇക്കാലമത്രയും കൊണ്ട് കഴിയാത്ത കൂട്ടരാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഇന്ധന വില കുറപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഇതിനാണ് എത്ര തുഴഞ്ഞിട്ടും വഞ്ചി തിരുന്നക്കരയില്‍ത്തന്നെ എന്നു പറയുന്നത്. കെട്ടിയിട്ട വള്ളം തുഴഞ്ഞ് മിനക്കെടാതെ പ്രഹസനം അവസാനിപ്പിക്കുന്നതാണ് പാര്‍ട്ടിയുടെ ആരോഗ്യത്തിന് നല്ലത്. അപ്പോ ഇന്നത്തെ വള്ളംകളി നമ്മളും അവസാനിപ്പിക്കിക്കുകയാണ് നന്ദി നമസ്കാരം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...