മോദിയുടെ പുതിയ ഇന്ത്യ കൺ നിറയെ കണ്ട് ട്രംപ്

Thiruva-26
SHARE

ഡൊണള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്‍റ് എന്നതിനെക്കാള്‍ നരേന്ദ്ര മോദിയുടെ കൂട്ടുകാരന്‍ ആയി കാണുന്നതാണ് മോദിക്കിഷ്ടം. നിങ്ങളുടെ സുഹൃത്ത് ആരെന്ന് പറയൂ, നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് പറയാം എന്ന് ഒരു ചൊല്ലില്ലേ. അത് ഇവരുടെ രണ്ടുപേരുടെയും കാര്യത്തിലാണ് അത് അടുത്ത കാലത്ത് ഏറ്റവും ഒത്തുവന്നിട്ടുള്ളത്. ട്രംപ് ഏതായാലും ഭാഗ്യമുള്ളയാളാണ്. മോദിയുടെ പുതിയ ഇന്ത്യയെ ഒറ്റ വരവില്‍ തന്നെ മുഴുവനായും കാണാന്‍ കഴിഞ്ഞു. അപ്പോള്‍ തുടങ്ങാം. അഹമ്മദാബാദില്‍ നിന്ന്. ഒന്നാം ദിവസം

കൂട്ടുകാരന്‍റെ  വരവിനുള്ള  ഒരുക്കങ്ങള്‍  സ്വീകരണ കമ്മിറ്റി അധ്യക്ഷനായ മോദി തന്നെ ഓടിനടന്ന് ചെയ്തു. വിമാനത്താവളത്തിലെത്തി വിമാനമല്ലാതെ മറ്റു വാഹനങ്ങളൊന്നും റണ്‍ വേയില്‍ ലാന്‍ഡ് ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. സ്വീകരിക്കാനെത്തിയവരുടെ പൗരത്വം പരിശോധിച്ച് ഉറപ്പു വരുത്തി. 

കാത്തിരിപ്പിന് അറുതി വരുത്തി വിമാനമെത്തി.  മോദി ജി ഇടപെട്ട് സ്ഥലം ഒരുക്കിയിരുന്നതിനാല്‍  പാര്‍ക്കിങ്ങിന് വിഷമം ഉണ്ടായില്ല. മോദി ജിക്ക്  വിമാനം മാറിപ്പോകാതിരിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് വലിയ അക്ഷരത്തില്‍ അതില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ മുഖ്യമന്ത്രിയുടെ കാറിന് ഒന്നാം നമ്പര്‍ ഇടുന്നത് അനുകരിച്ച് എയര്‍ ഫോഴ്സ് വണ്‍ എന്നാണ് അമേരിക്കാര്‍ പ്രസിഡന്‍റിന്‍റെ വിമാനത്തിന് പേരു കൊടുത്തിരുന്നത്. ട്രംപിന്‍റെ കൂടെ കരാട്ടേ വേഷത്തില്‍ കണ്ടത് ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബ സമേതമാണ് വരവെന്ന് വ്യക്തമായി

ട്രംപ് നിലത്തെത്തിയതും സ്ഥലത്ത് നേരത്തേ എത്തി തമ്പടിച്ചിരുന്ന കാവടി, കരകാട്ടം, നെയ്യാണ്ടി മേളം, കോല്‍കളി സംഘം തുടങ്ങിയവര്‍ സ്വീകരണ പരിപാടി തുടങ്ങി. വിമാനത്താവളങ്ങളില്‍ സാധാരണ കാണാറുള്ള കസ്റ്റംസ്, എമിഗ്രേഷന്‍ തുടങ്ങിയവ പോലെ  ഇന്ത്യയിലെ നടപടിക്രമമാണിവയെന്നാണ് ട്രംപ് ആദ്യം കരുതിയത്. ഇവയെല്ലാം ട്രംപിനായി സ്പെഷലായി സംഘടിപ്പിച്ച പ്രഹസനങ്ങളാണെന്ന് മോദി പറഞ്ഞു മനസിലാക്കിച്ചു. സുരക്ഷയുടെ ഭാഗമാണെന്ന വ്യാജേന നര്‍ത്തകിമാര്‍ക്കിടയില്‍ തിരിഞ്ഞു കളിച്ച ഒരു സായിപ്പിനെ പ്രത്യേകം നോട്ടു ചെയ്യുകയും ചെയ്തു.  അരസികന്‍മാരും കലാ വിരോധികളുമായ മറ്റു സുരക്ഷാ ഭടന്‍മാര്‍ കലാപ്രകടനങ്ങള്‍ ശ്രദ്ധിക്കാതെ പല ദിക്കിലേക്ക് വായിനോക്കി നില്‍ക്കുന്നതും കാണാമായിരുന്നു. പ്രസിഡന്‍റിന് യാത്ര ചെയ്യാന്‍ കാര്‍ മുതല്‍ കൈവണ്ടി വരെ പലവിധ വാഹനങ്ങള്‍ ഒരുക്കിയിരുന്നു. അതിലൊന്ന് അദ്ദേഹം തിരഞ്ഞെടുത്തു

ട്രംപ് പോയിട്ടും കലാപ്രകടനം നിര്‍ത്താന്‍ നൃത്തസംഘം കൂട്ടാക്കിയില്ല. ട്രംപ് നേരേ വണ്ടി വിട്ടത് സബര്‍മതി ആശ്രമത്തിലേക്കായിരുന്നു. ചേരി മറക്കാന്‍ കാശുമുടക്കി കെട്ടിയടച്ച മതിലിനു മുന്നില്‍ മനുഷ്യ മതില്‍ തീര്‍ത്ത് ഗുജറാത്ത് വാസികള്‍ ട്രംപിന് കൈവീശി. ട്രംപ് വണ്ടിയില്‍ ചാ‍ഞ്ഞും ചരിഞ്ഞും നോക്കിയിട്ടും ചേരിയുടെ പൊടിപോലും കാണാന്‍ പറ്റിയില്ല. രാജ്യത്തിന്‍റെ സാംസ്കാരിക പാരമ്പര്യം മുഴുവന്‍ ഫുട്്പാത്തില്‍ കിടന്ന് ആടിത്തിമിര്‍ത്തു. തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞ 70 ലക്ഷം പേര്‍ എവിടെ എന്നായിരുന്നു ആ സമയത്ത് ട്രംപിന്‍റെ മനസിലെ ചോദ്യം . വണ്ടിയിറങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി

3000 രൂപ മുടക്കി സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയൊക്കെ ഉണ്ടാക്കിയെങ്കിലെന്ത് അതൊന്ന് ട്രംപിനെ കാണിക്കാന്‍ മോദിക്കായില്ല. ഇന്ത്യയിലെത്തി എന്ന് ലോകം അറിയണമെങ്കില്‍ സബര്‍മതിയിലോ താജ്്മഹലിലോ ഒക്കെയാണ് പോകേണ്ടത് എന്ന് ട്രംപിന്  വിവരമുള്ള ആരോ പറഞ്ഞു കൊടുത്തു കാണണം. ആശ്രമത്തില്‍ കാണേണ്ട കാഴ്ചകളായിരുന്നു. മരിച്ച ശേഷം ഖാദി ബോര്‍ഡിന്‍റെയും മറ്റും പരസ്യങ്ങളിലും രൂപാ നോട്ടിലുമാണ് ഇദ്ദേഹം സാന്നിദ്ധ്യം അറിയിക്കുന്നത് എന്ന് മോദി അവരോട് പറഞ്ഞു. താന്‍ വന്ന ശേഷം സ്വഛ്ഛ ഭാരതത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. മോദിയെ വിഷമിപ്പിക്കണ്ട എന്നു കരുതി ഗാന്ധിജി എങ്ങനെയാണ് മരിച്ചത് എന്ന് ട്രംപ് ചോദിക്കാന്‍ നിന്നില്ല. തുടര്‍ന്ന് ആശ്രമം മോദി ജി അവരെ നടത്തി കാണിച്ചു

ചര്‍ക്ക കണ്ടതും ട്രംപിനും ഭാര്യക്കും കൗതുകമായി. ഗാന്ധിജിയെപ്പോലെ തന്നെ ഇന്ത്യയില്‍ കാലഹരണപ്പെട്ട സംഗതിയാണെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. ഇതുപോലുള്ള ടൂറിസ്റ്റുകള്‍ക്ക് വിവരിച്ച് കൊടുക്കാനായി ചര്‍ക്കയുടെ പ്രവര്‍ത്തനം പഠിച്ച ഒരു ചേച്ചി യന്ത്രത്തില്‍ നിന്ന് നൂല്‍ നൂറ്റു കാണിച്ചു. ചര്‍ക്ക കറക്കി ബോറഡിച്ചപ്പോള്‍ മൂവരും ആശ്രമത്തിന്‍റെ വരാന്തയില്‍ കുറച്ചു നേരം മിണ്ടിയും പറഞ്ഞുമിരുന്നു. തുടര്‍ന്ന് സന്ദര്‍ശക പുസ്തകത്തില്‍ എന്തെങ്കിലും എഴുതാന്‍ പറഞ്ഞപ്പോള്‍ മോദി ആശിച്ച പോലെ ട്രംപ് ജി കൂട്ടുകാരന്‍ മോദിയെക്കുറിച്ച് എഴുതി. മെലാനിയ സ്വന്തമായി ഒന്നും എഴുതാതെ എല്ലാം ഏട്ടന്‍റെ ഇഷ്ടം എന്ന് മനസില്‍ പറഞ്ഞ് ഒരു ഒപ്പു മാത്രം ഇട്ടു. ഗാന്ധിയെക്കുറിച്ച് ഒന്നും എഴുതാത്തതില്‍ ആരും പരാതി പറഞ്ഞില്ല. 

മൂന്നു പേരും കൂടി മൂന്ന് കുരങ്ങന്‍മാരുടെ ശില്‍പം പരിശോധിച്ച രംഗമായിരുന്നു പിന്നീട്. ഇതെന്താ മൂന്ന് കുരങ്ങന്‍മാര്‍ എന്ന് ട്രംപ് ചോദിച്ചതുമില്ല മോദി ഒന്നും പറഞ്ഞതുമില്ല. പോകുന്നതിനു മുന്‍പ് മൂവരും ചെരുപ്പു ധരിച്ചു. ഭാഗ്യത്തിന് അഴിച്ചിട്ട ചെരുപ്പുകള്‍ അവിടെ തന്നെയുണ്ടായിരുന്നു. 

ക്രിക്കറ്റ് കളിയില്ലാത്ത രാജ്യമാണ് അമേരിക്ക. അവിടത്തെ പ്രസിഡന്‍റിനെത്തന്നെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉല്‍ഘാടനം ചെയ്യാന്‍ ക്ഷണിച്ച മോദിജിയെ സമ്മതിക്കണം. അത് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണത്രേ. ക്രിക്കറ്റ് ലോകം എന്ന് പറഞ്ഞാല്‍ അറിയാമല്ലോ. നമ്മള്‍ ഒരു അഞ്ചെട്ട് രാജ്യങ്ങളേ ഉള്ളു. അതില്‍ തന്നെ വലിയ സ്റ്റേഡിയമൊക്കെ ഉണ്ടാക്കാന്‍ കഴിവുള്ളവരും കുറവാണ്. പരിപാടി പക്ഷേ ഉഷാറായിരുന്നു. രാത്രി ആയിരുന്നെങ്കില്‍ കുറേക്കൂടെ ഗുമ്മുണ്ടായേനെ

ആളെ പിടിച്ചിരുത്താന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഗാനമേള തുടങ്ങിയിരുന്നു. നൃത്തനൃത്യങ്ങള്‍ വേറെയും. നട്ടുച്ചക്ക് ഇങ്ങനെ ഡാന്‍സും പാട്ടും നടത്തുന്നത്  ട്രംപ് കാണാതിരിക്കാന്‍ പ്രോഗ്രാം കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ സ്ഥലത്ത് എത്തിച്ചത്.  എത്തിക്കഴിഞ്ഞതും , ട്രംപ് – മോദി സൗഹൃദ പ്രദര്‍ശനത്തിന്‍റെ വേദിയായി അത് മാറി. ഇരുവരും തമ്മില്‍ പരസ്പരം പുകഴ്ത്തുന്നതിനുള്ള പ്രത്യേക മല്‍സരവും കാര്യപരിപാടിയില്‍ പ്രത്യേക ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. പുകഴ്ത്തല്‍ മല്‍സരത്തില്‍ തോറ്റ ട്രംപ് , ഇന്ത്യന്‍ വാക്കുകള്‍ പറയുന്ന മല്‍സരത്തിലാണ്  പ്രതികാരം വീട്ടിയത്. 

ട്രംപിന്‍റെയും മോദിയുടെയും പ്രസംഗത്തെക്കാള്‍ മോദിയുടെ പാര്‍ട്ടിക്കാരെ സ്വാധീനിച്ച പ്രസംഗം ഡല്‍ഹിയിലെ കപില്‍ മിശ്രയുടേതായിരുന്നു. അവര്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോളാ‍ണ് , മോദിയുടെ നേതൃത്വത്തിലെ പുതിയ ഇന്ത്യ എങ്ങനെയാണ് എന്ന് ട്രംപ് പ്രസംഗം ആരംഭിച്ചത്. പിന്നെ ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ അവസാനം  വരെ, പകുതി സ്ക്രീന്‍  പുതിയ ഇന്ത്യ കൊണ്ടു പോയി. 

പ്രഭാഷണങ്ങള്‍ അവസാനിപ്പിച്ച് വീണ്ടും ചില സ്നേഹ പ്രകടനങ്ങള്‍ നടത്തിയ ശേഷമേ യോഗം പിരിച്ചു വിട്ടുള്ളു. സ്റ്റേഡിയം ലോകത്തിന് സമര്‍പ്പിച്ച് ട്രംപ് തിരിച്ച് വിമാനത്താവളത്തിലെത്തിയപ്പോള്‍ പഴയ സംഗീത നാടക സംഘങ്ങള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു റൗണ്ടു കൂടി സാംസ്കാരിക തനിമ വിളിച്ചറിയിച്ച് നാട്ടുകാരെ കൊണ്ട് പറയിച്ച ശേഷമേ അവര്‍ മടങ്ങിപ്പോയുള്ളു.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തില്‍ ഒരിക്കല്‍ കൂടി അസൂയപ്പെട്ട ശേഷം ട്രംപ് ആഗ്രയിലേക്ക് വിമാനം കയറി. ആ സമയമായപ്പോള്‍ നമ്മുടെ ഡല്‍ഹി കത്തി ഒരു പരുവമായിട്ടുണ്ടായിരുന്നു. അവിടെ പൊലീസ് എന്നത് ഒരു സങ്കല്‍പമായി മാറിക്കഴിഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് വരുന്നതുകൊണ്ട് ക്രമസമാധാനം ഒക്കെ അമേരിക്കന്‍ പോലീസ് നോക്കിക്കോളും എന്ന മട്ടിലായിരുന്നു ഡല്‍ഹിയിലെ അമിത് ഷാ പോലീസിന്‍റെ പ്രവര്‍ത്തനം. ദീപാവലിക്ക് നമ്മുടെ നാട്ടില്‍ പിള്ളേരു പൊട്ടാസ് തോക്ക് കൊണ്ടു നടക്കും പോലെയാണ് ഡല്‍ഹിയില്‍  കലാപകാരികള്‍ ഒറിജിനല്‍ തോക്കും കൊണ്ടു നടന്ന് ആളെ തട്ടിയത്. ഉരുക്കു മനുഷ്യനായ പട്ടേലിന്‍റെ നാട്ടുകാരന്‍ ഡബിള്‍ ഉരുക്ക് അമിത് ഷായാണ് ഈ പൊലീസിന്‍റെ മന്ത്രി. ഒന്നുകില്‍ അമിതിനെ കൊണ്ട് ഈ പണിക്ക് കൊള്ളില്ല. അല്ലെങ്കില്‍ അമിത് അറിഞ്ഞിട്ട് തന്നെയാണ് ഈ കളി

അപ്പോഴേക്കും ആഗ്രയിലെ വിമാനത്താവളത്തില്‍ ട്രംപിന്‍റെ വിമാനമെത്തി. പിന്‍വാതിലിലൂടെ ആളിറങ്ങുന്ന കാഴ്ച , അമേരിക്കയിലും പിന്‍വാതില്‍ ഏര്‍പ്പാടുകളുണ്ടെന്നതിന്‍റെ തെളിവായി. വിശിഷ്ടരെ പരിചപ്പെടുന്ന കൂട്ടത്തില്‍ സ്വന്തം മകളെയും മരുമകനെയും കണ്ട് പരിചയം പുതുക്കി. പുറത്തിറങ്ങാന്‍ തുടങ്ങിയതും വീണ്ടും രാജ്യത്തിന്‍റെ സാംസ്കാരിക തനിമ കണ്ട് കോരിത്തരിച്ചു. ആനമയിലൊട്ടകത്തില്‍ മയിലായിരുന്നു ഇത്തവണ കൂടുതല്‍.

രാവിലെ മുതല്‍ റിഹേഴ്സല്‍ നടത്തി തളര്‍ന്നതു കൊണ്ടാവണം ചെറിയ തോതിലെ ആളനക്കങ്ങളേ ഇത്തവണ സാംസ്കാരിക പോരാളികള്‍ കാഴ്ച വച്ചുള്ളു. മയിലാട്ട സംഘങ്ങളില്‍ നിന്ന് രക്ഷപെട്ട് നേരെ വച്ചുപിടിച്ചത് താജ്്മഹല്‍ കാണാനായിരുന്നു. യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായതു മുതല്‍ ഇതൊന്ന് പോയി കാണാന്‍  അമേരിക്കക്കാര്‍ തിരക്കു കൂട്ടുന്നത് ട്രംപ് അറിഞ്ഞിട്ടുണ്ടായിരുന്നു. എന്നാണ് പൊളിച്ചു കളയുന്നത് എന്ന് അറിയില്ലല്ലോ. 

താജ്്മഹലിന് എന്തു വില വരും എന്നു ചോദിച്ചപ്പോള്‍ വാങ്ങാന്‍ ആണെങ്കില്‍ നിര്‍മല സീതാറാമനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി കിട്ടിയത്. തന്‍റെ നിത്യ ഹരിത നായകത്വം തെളിയിക്കാനുള്ള അവസരമായി ട്രംപ് താജ്്മഹല്‍ സന്ദര്‍ശനം മാറ്റിയെടുത്തു. അഗ്രയില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ പതിവ് സാംസ്കാരിക പാരമ്പര്യ സംഘങ്ങളെ കാണാത്തതില്‍ ട്രംപിന് വിഷമമായി. രാത്രിയില്‍ ഇനി യാത്രയിലെന്ന് ഇംഗ്ലീഷില്‍ പറഞ്ഞായിരുന്നു മടക്കം. 

മോദിയുടെ കൂടെ കൂടിയാല്‍ നവംബറില്‍ വരുന്ന അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാം എന്നാകും പാവം ട്രംപ് കണക്കു കൂട്ടുന്നത്. മോദിക്ക് സ്വന്തമായി ജയിക്കാനറിയാം എന്നല്ലാതെ വേറെ ഒരാളെ ജയിപ്പിക്കാന്‍ കഴിയുമെന്ന് വലിയ ഉറപ്പൊന്നുമില്ല ട്രംപ് ചേട്ടാ. മൂക്കിനു താഴെയുള്ള ഡല്‍ഹിയില്‍ ജയിപ്പിക്കാന്‍ പറ്റിയില്ല. പിന്നെയാണ് അമേരിക്കയില്‍ ട്രംപിനെ. ഏതായാലും അങ്ങനെ രണ്ടാം ദിവസം ട്രംപിലെ കച്ചവടക്കാരന്‍ ഉണര്‍ന്നു. വന്ന കാര്യം മറക്കാന്‍ പാടില്ലല്ലോ. ആദ്യം ചില പതിവ് യാത്രാചാരങ്ങള്‍

സബര്‍മതിയില്‍ ചിത്രമായി കണ്ട ഗാന്ധിജിയുടെ സമാധി കാണാന്‍ ഡല്‍ഹിയില്‍ ട്രംപ് മറന്നില്ല. ഗാന്ധിജി നിത്യ വിശ്രമത്തിലാണെന്നും ഇനി മടങ്ങി വരില്ലെന്നും ഉറപ്പിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ഇടക്കിടെ വന്ന് പുഷ്പാര്‍ച്ചന നടത്തുന്ന സ്ഥലം എന്ന പ്രാധാന്യമുള്ള സ്ഥലമാണിതെന്ന് ട്രംപ് കേട്ടിട്ടുണ്ട്. നേരിട്ട് കണ്ട് ഉറപ്പാക്കാന്‍ ഈ സന്ദര്‍ശനത്തില്‍ സാധിച്ചു. 

തുടര്‍ന്ന് കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഇരുവരും ചേര്‍ന്ന് ഒരു മരവും വച്ചു. ഏതെങ്കിലും പ്രത്യേക സമയം ചൂണ്ടിക്കാട്ടി, ആ സമയത്ത് ഒരു മരം വച്ചാല്‍ മതിയായിരുന്നല്ലോ എന്ന് ആരെങ്കിലും ഏതെങ്കിലും ചോദിച്ചാല്‍ കാണിക്കാനായി തെളിവിന് ഫോട്ടോയും എടുത്തു. കച്ചവട കാര്യങ്ങള്‍ക്കായി ട്രംപിനെ പറഞ്ഞയച്ച ശേഷം ഭാര്യ ഡല്‍ഹിയിലെ സ്കൂള്‍ സന്ദര്‍ശിക്കാന്‍ പോയി. സ്കുളുകളിലെ സന്തോഷത്തിന്‍റെ കണക്കെടുപ്പായിരുന്നു അജണ്ട. ഈ സമയത്ത് ട്രംപ് ഇന്ത്യന്‍ ചുമതലക്കാരുമായി ചര്‍ച്ച നടത്തി കച്ചവടം ഉറപ്പിക്കുകയായിരുന്നു. രാജ്യ വ്യാപകമായി ആയുധം വിറ്റ് സമാധാനക്കേട് ഉറപ്പു വരുത്തുക എന്ന കാലാകാലമായുള്ള രാജ്യതാല്‍പര്യം  സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. 

ആദ്യ ദിവസം കിട്ടിയ ശ്രദ്ധ ട്രംപിന് രണ്ടാം ദിവസം കിട്ടിയില്ല. കാരണം ഡല്‍ഹിയിലെ കലാപം ശ്രദ്ധിക്കാതിരിക്കാന്‍ വയ്യായിരുന്നു. തെരുവായിപ്പോയി , വല്ല കോളജ് ലൈബ്രറിയും ആയിരുന്നെങ്കില്‍ ഞങ്ങള്‍ തകര്‍ത്തേനെ എന്ന നിലപാടില്‍ നില്‍ക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. മതം ചോദിച്ച് ആളെത്തല്ലുന്ന ഏര്‍പ്പാട് അപ്പോഴേക്കും വ്യാപകമായി. മോദിയും ട്രംപും തമ്മിലെ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തുന്ന സീന്‍ ആയിരുന്നു ആദ്യം. വലിയ ശ്രദ്ധ കിട്ടേണ്ട സംഗതി.

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനം ഇനി. ലോക മാധ്യമങ്ങള്‍ കാത്തിരിക്കുന്നു. എന്തു ഫലം. ഡല്‍ഹിയിലെ തീ ഒന്ന് അടങ്ങണ്ടേ. രാഷ്ട്രപതി ഭവനിലെ വിരുന്നായിരുന്നു ഏറെ കളര്‍ഫുള്‍. ഒരു രക്ഷയുമില്ല. അങ്ങനെ എങ്ങനെയൊക്കെയോ ആ സന്ദര്‍ശനം അവസാനിച്ചു. ഗാന്ധിജി ഉണ്ടാക്കിയ സബര്‍മതിയും മുഗളന്‍മാര്‍ ഉണ്ടാക്കിയ താജ്്മഹലും കേജരിവാള്‍ നന്നാക്കിയെടുത്ത സ്കൂളുമൊക്കെ ഉണ്ടായിരുന്നതു കൊണ്ട് ട്രംപിന്‍റെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റി. സ്വന്തം ആളുകളെക്കൊണ്ട് ട്രംപിനെ കാണിക്കാനായി ഉണ്ടാക്കാന്‍ കഴിഞ്ഞത് ഡല്‍ഹിയിലെ കലാപമായിരുന്നല്ലോ. അതോടെ,  ട്രംപ് ഒന്ന് വന്നാല്‍ മതിയായിരുന്നു എന്ന് കരുതിയിരുന്ന കേന്ദ്ര സര്‍ക്കാരിന് ഒടുവില്‍ ഈ ട്രംപ് എങ്ങനെയെങ്കിലും ഒന്ന് പോയിക്കിട്ടിയാല്‍ മതിയായിരുന്നു. തലസ്ഥാന നഗരത്തില്‍ ഗുണ്ടകളെ പിടിച്ചു കെട്ടാന്‍ വയ്യാത്ത മോദിയാണോ ലോകത്തിലെ ശക്തനായ നേതാവ് എന്ന ചോദ്യം  ലോകത്തെക്കൊണ്ട് സീരിയസായി ചോദിപ്പിച്ചു കൊണ്ട് അങ്ങനെ ആ സന്ദര്‍ശനം തീര്‍ന്നു. 

അമേരിക്ക കണ്ട പ്രസിഡന്‍റുമാരുടെ ചരിത്രമെടുത്തു നോക്കിയാല്‍ ഇപ്പോളീ വന്നു പോയ ട്രംപിന്‍റെ സ്ഥാനമെന്തെന്ന് കൃത്യമായി മനസിലാകും. ഒരു മേഖലയിലും ഇനി ഒരു പഴി കേള്‍ക്കാന്‍ ബാക്കിയില്ല. അങ്ങനെയൊരാളുടെ പുകഴ്ത്തലില്‍ മതിമറക്കാം.  സംഘര്‍ഷങ്ങളും കലാപങ്ങളും കണ്ടില്ലെന്ന് നടിക്കാം. അവ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുറുക്കുവഴിയായി കണക്കു കൂട്ടുകയും ചെയ്യാം. പക്ഷേ , ലോകം എന്നും ഭരിക്കുന്നത് ഫ്രോഡുകളും വംശവെറിയന്‍മാരുമായിരിക്കില്ല. അവരുടെ സര്‍ട്ടിഫിക്കറ്റല്ല വലുതെന്ന് വലിയ താമസമില്ലാതെ മനസിലാകും. പിന്നെ , എന്നും ചരിത്രം എഴുതുന്നത് വാട്്സ് ആപ്പിലെ മിത്രങ്ങളും ആയിരിക്കില്ല.  

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...