ഇതിനപ്പുറം ചാടിക്കടന്നവരാണ് കേരള പൊലീസ്; വെടികൊള്ളാതെ ഓടിക്കോ

Thiruvaa20026
SHARE

വെടിയുണ്ടയാണല്ലോ ഇപ്പോ നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം. നാട്ടില്‍ കള്ളത്തരം കാണിക്കുന്നവരെപിടികൂടാനുള്ള ആളുകള്‍ സ്വന്തം നിലയ്ക്ക് അല്ലറ ചില്ലറ കള്ളത്തരം കാണിക്കുന്നതാണ് അതിനേക്കാളും വലിയ പ്രശ്നം. അതുകൊണ്ട് പൊലീസിന്‍റെ കള്ളക്കളികള്‍ വെളിച്ചത്തുവരുന്നത് വരെ നാട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. കാരണം, ഇവരെയൊക്കെ എങ്ങനെയാണ് വിശ്വസിച്ച് നാടും വീടും ജീവനും സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുക എന്ന അത്യധികം വിഷമം പിടിപ്പിക്കുന്ന ആലോചനയിലാണ് നാട്ടുകാര്‍. ഫണ്ട് വകമാറ്റുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ വെടിപൊട്ടിച്ച ഉണ്ടയുടെ ബാക്കിയൊക്കെ എടുത്ത് ഉരുക്കി വേറൊന്തോ രൂപങ്ങളിലേക്ക് മാറ്റിയെന്നൊക്കെയാണ് കേള്‍ക്കുന്നത്. പൊലീസിലൊക്കെ ഇത്രയും ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നവരുണ്ടെന്ന് ഇപ്പോഴല്ലേ മനസിലായത്. 

അതിപ്പോ ഒരു എംബ്ലം ഉണ്ടാക്കിയത് അത്രവലിയ തെറ്റായൊക്കെ കാണേണ്ട കാര്യമുണ്ടോ? വെടിവച്ച് പരിശീലിച്ചപ്പോ ബാക്കിവന്ന ചെമ്പൊക്കെ എടുത്ത് കൊണ്ടുപോയി ഒരു എംബ്ലം അങ്ങ് ഉണ്ടാക്കി. ഒന്നും വേസ്റ്റ് ആക്കണ്ടാന്ന് കരുതിയാവണം. കട്ട മുതല്‍ രൂപം മാറ്റി വില്‍ക്കുന്നതും സൂക്ഷിക്കുന്നതുമൊക്കെ ഒരര്‍ഥത്തില്‍ കലാപ്രകടനങ്ങളാണല്ലോ. കള്ളന്‍മാരുടെ കൈയ്യിലിരിപ്പ് സ്വായത്തമാക്കിയപ്പോള്‍ പൊലീസിനും അങ്ങനെയൊക്കെ ചെയ്യാന്‍ തോന്നി. പൊലീസില്‍ ഇത്രയും നല്ല സര്‍ഗാത്മക ചിന്തയുള്ളവരെ പ്രോല്‍സാഹിപ്പിച്ചാല്‍ കട്ടമുതലുകള്‍ക്കൊക്കെ ഭാവിയില്‍ പലപല ഉപയോഗങ്ങളും വന്നുചേരും. കട്ടമുതലുകളുടെ പുനരുപയോഗസാധ്യത എന്ന പേരില്‍ ഇതേക്കുറിച്ച് ഒരു പ്രബന്ധം തന്നെ കേരള പൊലീസിന് തയ്യാറാക്കാവുന്നതാണ്.

പൊലീസിനെ പറയുമ്പോള്‍ ഉറപ്പായും പൊലീസ് മന്ത്രിയെയും പറയണം. അതാണല്ലോ അതിന്‍റെ ഇരുപ്പ് വശം. മുഖ്യമന്ത്രിയാണ് പൊലീസ് മന്ത്രി എന്ന നിലയ്ക്ക് രണ്ട് വെവ്വേറെ രാജ്യം ആവശ്യം പ്രതിപക്ഷത്തിന് നടത്തേണ്ട ബുദ്ധിമുട്ടും ഇപ്പോഴില്ല. വിഎസിന്‍റെ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ. അകുകൊണ്ട് പിണറായി വിജയന്‍ സമാധാനം പറയേണ്ടതുണ്ട്. അതിപ്പോ മുഖ്യമന്ത്രി എന്ന നിലയില്‍ പറ്റിയില്ലെങ്കില്‍ വേണ്ട, പൊലീസ് മന്ത്രി എന്ന നിലയില്‍ പറഞ്ഞാലും മതി.

ഉണ്ടയെക്കുറിച്ചൊക്കെ രമേശ് ചെന്നിത്തലയ്ക്ക് നല്ല പിടിപാടാണ്. ഒന്നാമത് കഴിഞ്ഞ സര്‍ക്കാരില്‍ താക്കോലുമായി വന്ന് ആഭ്യന്തരം ഭരിച്ച ആളാണ്. ഉണ്ടയും തോക്കിന്‍റെയും കാര്യത്തില്‍ തന്നെ ആരും പറ്റിക്കാന്‍ ശ്രമിക്കേണ്ട എന്ന ഭാവമാണ് ചെന്നിത്തലയ്ക്ക്. അതുകൊണ്ട് ഉണ്ട വന്നാലും പോയാലും വേറെ കേസ് ചെന്നിത്തല എടുത്തിടും. കണ്ടുപിടിക്കേണ്ടതും തെളിയിക്കേണ്ടതും പിണറായി പൊലീസ് തന്നെയാണല്ലോ എന്നതാണ് ഏക ആശ്വാസം.

ഉണ്ട പൊയെങ്കില്‍ പോട്ടെന്ന്. പക്ഷേ വകമാറ്റി ചിലവിടല്‍ ഉണ്ടല്ലോ. അങ്ങനെ കച്ചവടം പലതല്ലേ പൊലീസില്‍

പിണറായി സര്‍ക്കാരിനെ ഇതൊന്നും അല്ല വലയ്ക്കുന്ന പ്രശ്നം. അത് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതാണ്. റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പേ പി.ടി. തോമസ് സഭയില്‍ ഇക്കാര്യം ചോദിച്ചതാണ് അതിനുള്ള തെളിവ്. ഇതൊക്കെ കേട്ടാല്‍ തോന്നും ഈ എല്‍ഡിഎഫുകാര്‍ ഒരു കാലത്തും കേരളത്തില്‍ പ്രതിപക്ഷസ്ഥാനത്ത് ഇരുന്നിട്ടും ഭരണപക്ഷത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ കൊണ്ടുവന്നിട്ടില്ലാ എന്നുമൊക്കെ. 

ചെന്നിത്തലയ്ക്കൊപ്പം മുല്ലപ്പള്ളിയും പി.ടി.തോമസും ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇനി ഒരു കാര്യത്തില്‍ ഒരു തീരുമാനമാവേണ്ടതുണ്ട്. പ്രതിപക്ഷത്തിന് ഏതന്വേഷണമാണ് വേണ്ടത്.

ആ ..സിബിഐ. ജുഡീഷ്യല്‍ അന്വേഷണ പ്രേമിയും കെപിസിസി പ്രസിഡന്‍റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനം തിരുത്തിയതെങ്ങനെ. അതിലൊരു അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് സിബിഐ എന്നുപറയും. മുല്ലപ്പള്ളി ജുഡീഷ്യല്‍ അന്വേഷണം എന്നും പറയും. ഒടുക്കം രാഷ്ട്രീയ കാര്യസമിതിയില്‍ എല്ലാത്തിനും തീരുമാനമായിട്ടുണ്ട്. അതെങ്ങനെ സാധിച്ചും എന്നതിലേക്ക് വഴിയേ വരാം.

ഇങ്ങനെ വഴിമാറി നടന്ന മുല്ലപ്പള്ളിയെ എല്ലാവരും കൂടി വളഞ്ഞിട്ട് പിടിച്ചു. കൊടുത്തു. അതായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ ക്രിയാത്മകവും ആരോഗ്യകരവുമായ ചര്‍ച്ച.

കെ. സുധാകരനും വി.ഡി. സതീശനുമൊക്കെ കെപിസിസി അധ്യക്ഷന്‍ ആരുമായി കൂടിയാലോചിക്കുന്നില്ലെന്നും മിണ്ടുന്നില്ലെന്നും എന്നൊക്കെ പറഞ്ഞെന്ന് കേട്ടല്ലോ. ശരിയാണോ

സംഗതി മനസിലായി. എല്ലാവരും കൂടെ ഒരുമിച്ചെടുത്ത് അങ്ങ് പെരുമാറി. അങ്ങനെ ഏകകണ്ഠേന തീരുമാനവും ആയി. അതല്ലേ ഇപ്പോ സിബിഐ.

അയ്യോ...പാവം. ന്യായം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. 

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രെംപ് ഇന്ത്യയില്‍ ഉടനെ എത്തും. ട്രെംപിന്‍റെ വരവ് പ്രമാണിച്ച് പത്തുനൂറു കോടി രൂപ മുടക്കി രാജ്യത്തെ വെള്ളപൂശുന്ന തിരക്കിലാണ് മോദിജിയും സംഘവും. നല്ല തിളങ്ങുന്ന ഇന്ത്യയെ കണ്ടുവേണം ട്രെംപ് മടങ്ങാന്‍ എന്നതാണ് മോദിജിയുടെ ആശ. അതൊക്കെ നല്ലതാണ്. അതുകൊണ്ട് ചേരികളും പട്ടിണിയും കാണാതിരിക്കാന്‍ വലിയ മതിലൊക്കെ കെട്ടി. അതുകൊണ്ട് വേറൊരു കാര്യം സംഭവിച്ച്, ട്രെംപ് മാത്രമല്ല ലോകം മൊത്തെ മതിലിനപ്പുറമുള്ള കാര്യങ്ങള്‍ അറിഞ്ഞു. അല്ലെങ്കിലും ബുദ്ധിയുടെ കാര്യത്തില്‍ മോദിജിയേയും അമിത് ഷാജിയേയം വെല്ലാന്‍ തല്‍ക്കാലം ഈ രാജ്യത്ത് വേറെ ആളില്ല. 

ട്രെംപ് വരുമോ ഇല്ലയോ എന്ന സംശയത്തിന്‍റെ ആവശ്യമൊന്നും ഇല്ല. മോദിജി ട്രെംപിനെ സംബന്ധിച്ച് ഒരമ്മ പെറ്റ അളിയന്‍മാരാണ്. 

ഇന്ത്യയിലേക്ക് വരുന്ന ട്രെംപ് ആകെ ആവേശത്തിലാണ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വരവില്‍ റോഡിനിരുവശവും ലക്ഷക്കണക്കിന് ആളുകള്‍ തമ്പടിക്കും, സമ്മേളനം നടക്കുന്ന സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലുതാണ് എന്നൊക്കെയാണ് മോദിജി വെച്ചു കാച്ചിയിരിക്കുന്നത്. അതും വിശ്വസിച്ചാണ് ട്രെംപിന്‍റെ വരവ്. പാവം.

പക്ഷേ പെട്ടൂന്ന് പറയാലോ. വല്യ കച്ചോടമൊക്കെ ഉറപ്പിച്ച് ഒപ്പും ഇട്ട് പോവും എന്നുകരുതിയാണ് കാത്തിരിപ്പ്. എന്നാ അതുണ്ടാവില്ലാന്ന് ട്രെംപ് പുറപ്പെടും മുമ്പ് പറഞ്ഞിട്ടുണ്ട്. വരും  മോദിയെ കാണും കെട്ടിപ്പിടിക്കും... ഒരുമിച്ച് ഭക്ഷണവും ക്യാമറക്കു മുന്നില്‍ കെട്ടിപ്പിടിച്ചും കൈകോര്‍ത്തു പിടിച്ചും അല്‍പം ഭാവാഭിനയം ...പിന്നെ മോദിയെ പൊക്കി പറയല്‍, വരുന്ന ഇലക്ഷന് അനുഗ്രഹം തേടല്‍  ഇത്രയും വക കാര്യങ്ങളില്‍ പക്ഷേ മാറ്റമുണ്ടാവില്ല. 

രാജ്യത്തെ പ്രശ്നങ്ങളിലൊന്നും വലിയ ആശങ്കകളില്ലാത്ത കൂട്ടരാണ് ബിഡിജെഎസുകാര്‍. ആരാണ് ശരിക്കും ബിഡിജെഎസ് എന്നാണ് അവര്‍ പരസ്പരം ചോദിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയാണെങ്കില്‍ സുഭാഷ് വാസുവിനെ അഴിയെണ്ണിപ്പിക്കാനുള്ള കൂടോത്രം തയ്യാറാക്കി വരികയുമാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...