'ഉണ്ട വിഴുങ്ങിയ' മുഖ്യനും ഉണ്ടതേടിപ്പോയ തച്ചങ്കരിയും

thiruva
SHARE

തോക്കുകാണാതെപോയതിനെപ്പറ്റി ചോദിക്കാന്‍ ചെന്നപ്പോള്‍ കേട്ടതാണ്. വെടികൊള്ളാതെ ഓടി രക്ഷപെട്ടു. ജീവന്‍ കിട്ടിയതുതന്നെ ഭാഗ്യം. അപ്പോള്‍ തുടങ്ങുകയാണ് ഇന്നത്തെ ഫുള്‍ ലോഡഡ് തിരുവാ എതിര്‍വാ

അങ്ങനെയൊന്നും തോക്കുന്നവരല്ല കേരള പൊലീസ്. പ്രത്യേകിച്ച് പിണറായി വിജയന്‍ അവരുടെ തലതൊട്ടപ്പനായി വാഴുന്ന ഇക്കാലത്ത്. സര്‍ക്കാരിനുനേരെ സിഎജി ഒരു വെടിപൊട്ടിച്ചു. തിരിച്ചു വെടിവയ്ക്കാന്‍ പൊലീസിന്‍റെ കൈയ്യില്‍ തോക്കില്ല എന്ന് ഉറപ്പിച്ച ശേഷമായിരുന്നു ആ വെടി. അന്നുമുതല്‍ പിണറായി ആഭ്യന്തരകാര്യങ്ങള്‍ സംസാരിക്കാതായി. ഉണ്ടവിഴുങ്ങിയതുപൊലെയാണ് മുഖ്യന്‍റെ പെരുമാറ്റം. ഈ വിഷയത്തില്‍ കമാ എന്നൊരു ഉരിയാട്ടമില്ല. കാണാതായ തോക്കുകള്‍ പരതാന്‍ മുഖ്യന്‍ തച്ചങ്കരി എന്ന വിശ്വസ്തനെ ഏല്‍പ്പിച്ചു. സിഎജി തപ്പിയിട്ട് കാണാത്ത ആ തോക്കുകള്‍  മൂളിപ്പാട്ടും പാടി തച്ചങ്കരി കണ്ടെത്തി. പക്ഷേ ഉണ്ട ചോദിക്കരുത്. ഇത് ഉണ്ടയില്ലാ വെടിയാണ്. മാവോയിസ്റ്റുകവ്‍ക്കുനേരെയൊക്കെ നിരവധ തവണ വെടിവച്ച സര്‍ക്കാരല്ലേ. അവരുടെ ഉണ്ട പോയതിന് ഇങ്ങനെ കണക്കു ചോദിക്കുന്നത് കഷ്ടമാണ്. 

ഇത്രയും തോക്ക് എണ്ണിയെണ്ണി നിരത്തിയിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് തെല്ലും വിശ്വാസമില്ല. ചെന്നിത്തലയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇത് കണ്ടെത്തിയത് തച്ചങ്കരിയാണ്. സത്യസന്ധതക്ക് നിരവധി തവണ വിഷിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയിട്ടുള്ള തച്ചങ്കരിയുടെ ചരിത്രങ്ങള്‍ ചെന്നിക്കലക്ക് അറിവുള്ളതാണല്ലോ. സിഎജിയുടെ റിപ്പോര്‍ട്ടില്‍ തോക്കും ഉണ്ടയും സംബന്ധിച്ച് മാത്രമായിരുന്നില്ല കണ്ടെത്തലുകള്‍. അത് പ്രതിപക്ഷം അത്രക്കങ്ങ് ഉന്നയിക്കാഞ്ഞത് നന്നായി. അല്ലെങ്കില്‍ തച്ചങ്കരി പൊലീസുകാര്‍ക്കായി പണിത ഫ്ലാറ്റും വകമാറ്റാത്ത വാഹങ്ങളുമെല്ലാം അണിനിരത്തിയേനേ. എന്തായാലും അർബന്‍ നക്സലുകളൊക്കെ ഈ തോക്കൊക്കെ കണ്ട് ഒന്നു ഞെട്ടുമാരിക്കും. 

സിപിഎം ഭരിക്കുമ്പോള്‍ കേരളത്തില്‍ അഴിമതി എന്നൊരു വാക്കില്ല. സത്യപ്രതിഞ്ജ ചെയ്താലുടന്‍ അധികാരം വിട്ടൊഴിയുന്നതുവരെ ആ വാക്കിന് വിശ്രമം അനുവദിക്കും. വകമാറ്റല്‍ ക്രിയാത്മക ഇടപെടല്‍ തുടങ്ങിയ പദങ്ങള്‍ക്കാണ് പിന്നീട് ഡിമാന്‍റ്. ആഭ്യന്തരകാര്യത്തില്‍ പിണറായി മിടുക്കനാണെന്നും ബഹ്റ മിടുമിടുക്കനാണെന്നും പറയാന്‍ കോടിയേരിയെക്കഴിഞ്ഞേ ആളുള്ളൂ. പാര്‍ട്ടിക്ക് എല്ലാം ബോധ്യമായ സ്ഥിതിക്ക് നാട്ടുകാരും അത് വിശ്വസിക്കേണ്ടതാണ്. 

സാധാരണയില്‍നിന്ന് വ്യത്യസ്ഥമായ ആ കാര്യം സിഎജി DGPയുടെ പേര് പറഞ്ഞ് അഴിമതി നിരത്തിയതാണ് എന്നാകും നാം കരുതുക. എന്നാല്‍ സിപിഎം അതിനെ അങ്ങനെയല്ല കാണുന്നത്. കോടിയേരിക്ക് അസാധാരണമായി തോന്നിയത് എന്താണെന്നല്ലേ. ബാക്കികൂടി കേള്‍ക്കാം

രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാരുടെ ആയുധ പോരാട്ടമാണ് ഇതുവരെ കണ്ടത്. എന്തായാലും തോക്കുകിട്ടിയ സ്ഥിതിക്ക് ഒരിടവേള. എവിടെ മുങ്ങിയായാലും തച്ചങ്കരി ആ ഉണ്ടകള്‍ കണ്ടെടുത്തിരിക്കും. സിഎജി ബേജാറാവണ്ട. അതാണ് കേരള പൊലീസ്. 

മൂന്നുമാസമായി പൂട്ടിക്കിടന്ന മാരാര്‍ജി ഭവനിലെ ബിജെപി അധ്യക്ഷന്‍റെ മുറി ഒടുവില്‍ തുറന്നു.  കോഴിക്കോട് ഉള്ളിയേരിക്കാരന്‍ കുഞ്ഞിരാമന്‍ സുരേന്ദ്രനാണ് നറുക്ക്. ശബരിമല സമരങ്ങളിലൊക്ക മുന്‍പന്തിയിലുണ്ടായിരുന്ന സുരേന്ദ്രനെ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നപോലെ നറുക്കെടുപ്പിലൂടെയല്ല പാര്‍ട്ടി തിരഞ്ഞെടുത്തത്. അത്യാവശ്യം മസില്‍ പിടുത്തവും വടംവലിയുമൊക്കെ  വി മുരളീധരന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും തമ്മില്‍ നടന്നിരുന്നു. മൂന്നുമാസം നീണ്ട കായിക ബലാബലത്തിനൊടുവില്‍ സുരേന്ദ്രന്‍ പ്രസിഡന്‍റായി. വിജയസാധ്യതയുണ്ടായിരുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്നത് നന്നായി. ഒന്നും മുന്‍കൂട്ടി കണ്ടല്ലാത്താതുകൊണ്ട് കുഴപ്പമില്ല

അതെ രണ്ടു പ്രബന്ധങ്ങള്‍ .ഒന്ന് ഏവര്‍ക്കും ഓര്‍മയുള്ളതാണ്. പണ്ട് സുവര്‍ണകാലത്ത് ശബരിമലയില്‍ പയറ്റിയത് . ഇരുമുടിക്കെട്ടൊക്കെയായി ഒരുപൊടൊരുപാടുണ്ട് ആ പ്രബന്ധത്തില്‍. അടുത്ത പ്രബന്ധം ഏതാണെന്നല്ലേ. അതൊരു കോമഡി പ്രബന്ധമാണ്. വിവരങ്ങള്‍ നിയുതക്ത പ്രസിഡന്‍റ് തന്നെ വിശദീകരിക്കും.

ഇതാണ് ശ്രീധരന്‍ പിള്ളക്ക് നല്‍കാനുള്ള ഉപദേശം. തീര്‍ച്ചയായും കുമ്മനം രാജേട്ടനും പറയാന്‍ മറ്റൊന്നാകില്ല ഉണ്ടാവുക. രക്ഷപെട്ടത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്. ബിജെപി അധ്യക്ഷനെ പാര്‍ട്ടി നിയമിക്കാത്തതിന് പഴികേട്ടതും അധിക പണിയെടുത്തതും അദ്ദേഹമായിരുന്നല്ലോ. അധ്യക്ഷനാകാന്‍ ഉടുപ്പു തയിച്ച എംടി രമേശിന്‍റെ കാര്യമാണ് കഷ്ടം. ലിസ്റ്റുവന്നപ്പോള്‍ അതില്‍ തന്‍റെ പേര് എംറ്റിയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. 

വി മുരളീധരന് അഭിമാനിക്കാം. കാലം കുറച്ചൊന്നുമല്ല മുരളിയേട്ടന്‍ പാര്‍ട്ടിയെ നയിച്ചത്. ഇപ്പോള്‍ കേന്ദ്രമന്ത്രിസ്ഥാനം. കേരളത്തിലാകട്ടെ പാര്‍ട്ടിയുടെ കടിഞ്ഞാല്‍. 

ഇനി മതിലിന്‍റെ കഥയാണ്. ഫാസിസത്തിനെതിരെ ഇടതുപക്ഷം പണിയുന്ന സാങ്കല്‍പ്പിക മതിലല്ല. ഇത് അതുക്കും മേലെയാണ്. ഫാസിസ്റ്റുകള്‍ െറ്റൊരു ഫാസിസ്റ്റിനെ പറ്റിക്കാന്‍ പണിയുന്ന മതില്‍. അമേരിക്കന്‍ പ്രസിഡന്‍റ് ‍ഡൊണാള്‍ഡ് ട്രംപ് വരുന്നതിന്‍റെ ഭാഗമായാണ് അഹമ്മദാബാദില്‍ മതില്‍ ഉയരുന്നത്. ആവശ്യം സിപിളാണ്. റോഡിനിരുവശവുമുള്ള ചേരിപ്രദേശങ്ങള്‍ ട്രംപ് കാണരുത്. ഇതിലും നല്ലത് ട്രംപിനെ കണ്ണുകെട്ടി കൊണ്ടുവരുന്നതായിരുന്നു. ചേരിനിവാസികളുടെ കോഴികള്‍ റോഡിലേക്ക് കയറാതിരിക്കാനാണ് മതില്‍ പണിയുന്നതെന്നാണ് ചില ന്യായീകരണങ്ങള്‍. ഞങ്ങള്‍ കയറില്ലെന്ന് കോഴികള്‍ പറയാത്തിടത്തോളം സംഗതി സേഫാണ്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...