ഉണ്ട വിറ്റ് ഉണ്ടതാര്?

Thiruvaa
SHARE

ഉണ്ടവിറ്റ് ഉണ്ടതാരാന്ന കാര്യത്തില്‍ ഒരു തീരുമാനമാകാത്ത സ്ഥിതിക്ക് ഇന്നും ഉണ്ട കണ്ടെത്താന്‍ വല വീശിത്തുടങ്ങുകയാണ്. 

പൊലീസ് സ്റ്റേഷനില്‍ നിന്ന് ഗുണ്ടയെ വരെ കാണാതായ നാടാണിത്. ആ നിലയ്ക്ക് പൊലീസ് ക്യാംപില്‍ നിന്ന് നാലുണ്ട കാണാതായത് വലിയ സംഭവമൊന്നും ആക്കേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. പക്ഷേ വലിയ കാര്യമാക്കേണ്ട പ്രതിപക്ഷം പോലും ഒരു കത്തെഴുതി മിണ്ടാതിരിക്കുന്ന സ്ഥിതിക്ക് അതിങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ എന്ന് തിരുവാ എതിര്‍വായ്ക്ക് തോന്നി. അതുകൊണ്ടാണ് ഉണ്ടയ്ക്കായുള്ള അന്വേഷണം നമ്മള്‍ നിര്‍ത്താന്‍ മെനക്കേടാത്തത്.

എന്നെ കണ്ടാല്‍ ഉണ്ട കട്ടവനെപ്പോലുണ്ടോ എന്നാണ് മൊത്തത്തില്‍ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്‍റേയും ഒക്കെ ഒരു ഭാവം. ഡിജിപി ലോക്നാഥ് ബഹ്റയ്ക്കാണെങ്കില്‍ കട്ടവനെയൊക്കെ തനിക്കറിയാം പക്ഷേ കമാന്ന് മിണ്ടൂല എന്ന ലൈനാണ്.  ഏതായാലും ഉണ്ടകളും തോക്കുകളും കാണാതായതോടെ കേരള പൊലീസിന്‍റെ കൈയ്യിലെ തോക്കുകളെ പറ്റി ഒരു ഗംഭീര സ്റ്റഡി തന്നെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ നടത്തിയിട്ടുണ്ട്. ഇതുവരെ വെടികൊള്ളാനും വെടിവയ്ക്കുന്നത് കാണാന്‍പോലും കഴിയാതിരുന്ന ഇക്കൂട്ടര്‍ അതുകൊണ്ട് തന്നെ തോക്കുകളെക്കുറിച്ച് അത്ര വേവലാതി കാണിച്ചിരുന്നില്ല. ഇപ്പോഴാണ് അതിനൊക്കെ ഒരു സമയം കിട്ടിയത്. തനി നാടന്‍ എയര്‍ ഗണ്‍ തൊട്ട് റൈഫിളും എ.കെ. 47 വരെ അതിന്‍റെ സാങ്കേതികവശം അടക്കം ഇനി ഇവര്‍ പറഞ്ഞുതരും.

മുഖ്യമന്ത്രി വരെ പാഴ് വെടി വയ്ക്കുകയാണ്. കൊള്ളുന്നില്ല. സ്വതവേ അദ്ദേഹം ഉന്നം വച്ചാല്‍ അത് കൊണ്ടിട്ടേ നിര്‍ത്താറുള്ളു. ഇതിപ്പോ ഉന്നം പിടിക്കാന്‍ പോലും നില്‍ക്കുന്നില്ല. സത്യത്തില്‍ കേരള പൊലീസിന്‍റെ അവസ്ഥ വേറെയാണ്. അവര്‍ക്ക് തോക്കുതന്നെ ആവശ്യമില്ല എന്ന നിലപാടാണ്. പിന്നെയല്ലേ ഉണ്ട. ഒന്നാമത് ഈ തോക്കും തൂക്കിയിട്ട് ഇങ്ങനെ നടക്കുക എന്നല്ലാതെ വെടിവയ്പൊന്നും നടക്കാറില്ല. പിന്നെ വല്ല കാട്ടിലും പോയി മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് വെടിവയ്്ക്കണം. പക്ഷേ അതൊരു ശീലമാക്കാനും പറ്റില്ലല്ലോ. അതുകൊണ്ട് ഉണ്ടയും തോക്കുമൊന്നും കേരള പൊലീസിനെ സംബന്ധിച്ച് ഒരു വിഷയമേയല്ല. അല്ലെങ്കിലും കടിക്കുന്ന പട്ടിക്ക് എന്തിനാണ് തല. ആ അവസ്ഥയിലാണ് ‍ഡിജിപി. അദ്ദേഹമാണെങ്കില്‍ ഇവിടെ കേരളത്തില്‍ തോക്കെടുത്ത് കളിക്കേണ്ട വലിയ അവസ്ഥയൊന്നും ഇല്ല. അപ്പോ പിന്നെ കുറച്ച് ദല്ലാള്‍ പണി ആവാമെന്ന് വച്ചു.

സിപിഐയുടെ കാനം രാജേന്ദ്രന്‍ സഖാവ് വരെ പൊലീസിനെ പ്രതിരോധിക്കുകയാണ്. ഉള്ള ഉണ്ടകൊണ്ട് തന്നെ ഇവന്‍മാര്‍ മാവോയ്സറ്റുകളെ  വെടിവച്ചിട്ട് കൊല്ലുകയാണ്. അപ്പോ പിന്നെ അധികം ഉണ്ടയൊന്നും വേണ്ടെന്ന് സഖാവിന് തോന്നിക്കാണണം. ഇനി ഉണ്ടയും തോക്കും കണ്ടെത്തിയാല്‍ തന്നെ പൊലീസ് പദ്ധതികളില്‍ നല്ല കച്ചവടം നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ വരെ സ്വകാര്യ കമ്പനി പ്രതിനിധികളാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് പണവും കിട്ടുന്നു. മുഖ്യമന്ത്രി വരെ ഈ പങ്കാളിത്തം മറച്ചുവച്ചാണ് മിണ്ടിയത്. 

കാണാതായ ഉണ്ടകള്‍ ഉരുക്കി ഈയമാക്കിയോ എന്നൊരു സംശയം ഇല്ലാതില്ല. അതിപ്പോ കെഎസ്ഇബിയില്‍ നിന്ന് കമ്പി മോഷ്ടിക്കുന്നപോലെ പൊലീസ്  വകുപ്പില്‍ നിന്ന് മോഷ്ടിക്കാന്‍ കിട്ടുന്നത് ഉണ്ടയാണല്ലോ, കമ്പി ഉരുക്കുന്നപോലെ ഉണ്ടയും ഉരുക്കുന്നു. വെരി സിംപിള്‍. പിന്നെ തെളിവ് ഇല്ലാതാക്കാന്‍ പൊലീസിനെ പഠിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ. പക്ഷേ ഉണ്ടയില്‍ കയറി പ്രതിപക്ഷം വല്ലാതങ്ങ് പിടിക്കാത്തതെന്താണെന്നാണ് മനസിലാകാത്തത്. ജിഹാദികള്‍ കൊണ്ടുപോയേന്നൊരു സെന്‍കുമാര്‍ വചനവും കണ്ടില്ല. ഇനിയെങ്ങാനും അങ്ങേരുടെ കാലത്താണോ ഈ മുതല് കട്ടുപോയത്. ചോദ്യങ്ങള്‍ കുറെയുണ്ട്. ഏതായാലും ‍‍ഡിജിപി ബഹ്റാജി ലണ്ടനിലേക്ക് പറക്കാന്‍ പോവ്വാണ്. വെടിയുണ്ടക്ക് പകരം ഉണ്ടംപൊരി വച്ച കാലം തന്നെയാണ് ദൂരയാത്രയ്ക്ക് പറ്റിയ സമയം.

പൊലീസ് ഉണ്ട പോയ പൊലീസാണെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഗ്യാസ് പോയ അവസ്ഥയിലാണ്. പക്ഷേ ഗ്യാസ് കുറ്റിയും ചുമന്ന് രാജ്യതലസ്ഥാനത്ത് സമരം നടത്തേണ്ടവരൊക്കെ മോദിജിക്കൊപ്പം രാജ്യം ഭരിക്കുന്ന തിരക്കിലായതുകൊണ്ട് ഇക്കുറി കാണാനില്ല എന്നുമാത്രം. സിലിണ്ടറിന് 11 രൂപ കൂട്ടിയപ്പോ രാജ്യം മുഴുവന്‍ സമരം വിളിച്ച ആളാണ് സ്മൃതി ഇറാനി. ആ സ്മൃതികളിലേക്ക് അല്‍പസമയം.

കേരളത്തില്‍ അന്ന്  വീട്ടമ്മമാരുടെ വിഷമം അപ്പടി ക്യാമറയില്‍ പകര്‍ത്തിയ ആളാണ് സാക്ഷാല്‍ ശോഭ സുരേന്ദ്രന്‍. അതിഗംഭീരമായൊക്കെ അഭിനയിച്ചെങ്കിലും മോദിജിയും ബിജെപിയും ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ പാചകം നിര്‍ത്തിയ ആളാണ് ശോഭചേച്ചി. ഇപ്പോ അടുക്കളയില്‍ കയറാറേയില്ല. വീട്ടമ്മമാരുടെ വിഷമത്തെപ്പറ്റി അതുകൊണ്ട് അറിയാനും വഴിയില്ല. 

നിയമസഭയില്‍ കഴിഞ്ഞ ദിവസത്തെ പ്രധാന പ്രശ്നം കുശുമ്പായിരുന്നു. ഷാനി മോള്‍ ഉസ്മാന് വനിതാ കമ്മിഷനോട് കുശുമ്പാണെന്ന് മുഖ്യമന്ത്രി. വനിതാ കമ്മിഷനെ വിമര്‍ശിച്ച ഷാനി മോളോട് പിണറായിക്കാണ് കുശുമ്പെന്ന് ചെന്നിത്തല. ആകെ നല്ല നാടന്‍ വായ്്മൊഴി വഴക്കം

പി.ജെ. ജോസഫിന്‍റെ പ്രശ്നം മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സഹവാസം എങ്ങനെ മെച്ചപ്പെടുത്താന്‍ പറ്റും എന്നതായിരുന്നു.  മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളും വസിക്കുന്ന ഒരു മാതൃകാസ്ഥാനമായി കേരളത്തിലെ മലയോര മേഖലയെ മാറ്റിയെടുക്കാനുള്ള അതീവ ജാഗ്രതാനിര്‍ദേശങ്ങളാണ് പി.ജെ. മുന്നോട്ട് വയ്ക്കുന്നത്. 

േകരള കോണ്‍ഗ്രസില്‍ മനുഷ്യര്‍ തമ്മിലെങ്കിലും ഇതുപോലൊരു സഹവാസം ഉണ്ടായികണ്ടാ മതിയായിരുന്നു. എന്നാ പിന്നെ പാട്ടായിക്കോട്ടെ അടുത്തത്.

പാട്ടെന്നും പറഞ്ഞ് അങ്ങനെ എന്തും പാടാമൊന്നൊന്നും പി.ജെ. ജോസഫ് വിചാരിക്കേണ്ട. കവിയും മന്ത്രിയുമായ ജി. സുധാകരന്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കും. വിടമാട്ടേന്‍.

അതേതാതായാലും നന്നായി. ജിയുടെ മഹാകവിതകളും ഇതുപോലെ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നുണ്ട്. ഇനി അറിയേണ്ടത് എസ്ഡിപിഐയോട് ആര്‍ക്കാണ് ബന്ധം എന്ന കാര്യത്തിലാണ്. എംഎല്‍എമാരൊന്നും ഇല്ലെങ്കിലും എസ്ഡിപിഐ ആണ് സഭയില്‍ ചര്‍ച്ചയാവുന്ന പാര്‍ട്ടി. ആ ബന്ധത്തെച്ചൊല്ലിയാണ് നിരന്തര തര്‍ക്കം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...