കാണാതെ പോകുന്ന പൊലീസ് തോക്കുകളും ഉണ്ടകളും; ആരോട് പരാതിപ്പെടും..?

thiruva-dgp
SHARE

കേരള പോലീസിന്‍റെ കുറച്ച് തോക്കുകളും ഉണ്ടകളുമൊക്കെ കാണാതെ പോയിട്ടുണ്ട്. ആര്‍ക്കെങ്കിലും വഴിയില്‍ കിടന്ന് കിട്ടിയാല്‍  തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ സി എ ജി ഓഫിസിലോ എത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. 

നമ്മുടെയൊക്കെ വിലപിടിപ്പുള്ള വല്ലതും കാണാതെ പോയാല്‍ നേരേ പോയി പറയുന്നത് പൊലീസിനോടാണ്. പക്ഷേ ഇപ്പോളറിയുന്നത് പൊലീസിന്‍റെ കൈയിലെ പലതും കാണാതെ പോകുന്നു എന്നാണ്. അവരിനി ആരോട് പറയാനാണിത്. കാണാതെ പോയത്  പേനയോ പെന്‍സിലോ ഒന്നുമല്ല, നല്ല ഉഗ്രന്‍ തോക്കും വെടിയുണ്ടയും ഒക്കെയാണ്. സി എ ജി സംഗതിയെല്ലാം അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. റിപ്പോര്‍ട്ട് സഭയിലും വച്ചു. പക്ഷേ കാണാതെ പോയത് കിട്ടിയിട്ടില്ല

കേരളം പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഒരു സമത്വ സുന്ദര സമാധാന സൗഹൃദ  ഹരിത ഭൂമിയായി കഴിഞ്ഞ സ്ഥിതിക്ക് ഇവിടെ തോക്കും വെടിയുണ്ടയും ഒന്നും വേണ്ട എന്ന് ഏതെങ്കിലും സഖാവ് വന്ന് ന്യായീകരിക്കുന്ന സീന്‍ ആണ് ഇനി കാണാനുള്ളത്. അല്ലെങ്കിലും കേരള പൊലീസിന് എന്തിനാണ് വെറുതെ തോക്ക്. കടിക്കുന്ന പട്ടിക്ക് തലയെന്തിന് എന്ന് ചോദിക്കും പോലെയാണത്. സി എ ജിക്കു മുന്നില്‍ ഇതുപോലത്തെ ഒരുപാട് ന്യായം ബെഹ്്റാജി പറഞ്ഞു നോക്കിയതാണ്. അവര്‍ക്കാണ്  വലിയ നിര്‍ബന്ധം കേരളത്തെ ഒരു ആയുധപ്പുരയാക്കണം എന്ന്. എന്തുചെയ്യും?

പണ്ട് ലാവ്്ലിന്‍ കേസ് എന്നും പറഞ്ഞ് ഒരു കേസുണ്ടായത് തന്നെ ഇതുപോലെ ഒരു സി എ ജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. അതിനെക്കൊണ്ടുണ്ടായ ദുരിതം പിണറായി വിജയനേ അറിയൂ. അതുകൊണ്ട് തന്നെ ഈ സി എ ജി റിപ്പോര്‍ട്ട് ഇനി എന്തൊക്കെയാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. ഫണ്ട് വകമാറ്റിയതുള്‍പ്പെടെ ഉരുപാട് തിരിമറികളുടെ കണക്കുള്‍ വേറെയുമുണ്ട് റിപ്പോര്‍ട്ടില്‍. ആ കണ്ണൂര്‍ ഭാഗത്തൊക്കെ തോക്കും ഉണ്ടയുമൊക്കെ സ്വന്തമായി ഉള്ള ഒരുപാട് പാര്‍ട്ടിക്കാരുള്ളതാണ്. നേരത്തേ ഒരു വിവരം കിട്ടിയിരുന്നെങ്കില്‍ കാണാതായതിന് പകരം വച്ച് സംഗതി കഴിച്ചിലാക്കാമായിരുന്നു.ഇതിപ്പോ ഉണ്ടയില്ലാത്ത പോലീസ് എന്ന് ആളുകള്‍ കേരളപ്പോലീസിനെ കളിയാക്കുന്ന അവസ്ഥയായി. 

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ഒന്ന് പുറത്തു വരാനിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പാചക വാതക വില നൈസായിട്ടങ്ങ് കൂട്ടിയിട്ടുണ്ട്. ചെറിയ കൂട്ടലൊന്നുമല്ല കൂട്ടിയത്.  ഇതു പിന്നെ പ്രതീക്ഷിക്കേണ്ടതായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന കാലങ്ങളിലും ഇതു തന്നെയായിരുന്നു അനുഭവം. വോട്ടെടുപ്പ് കഴിയുമ്പോള്‍ ഇന്ധന വില അങ്ങു കൂടും. ഇതു പിന്നെ വോട്ടെണ്ണും വരെയെങ്കിലും കാത്തു നിന്നു. ലോകസഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തണം എന്ന് മോദി സര്‍ക്കാര്‍ എപ്പോഴും ആഗ്രഹിക്കുന്നതിന്‍റെ കാരണം മനസിലായില്ലേ? അതാകുമ്പോള്‍ പിന്നെ അടുത്ത അഞ്ചു കൊല്ലം തോന്നുമ്പോഴൊക്കെ വില കൂട്ടാമല്ലോ. ഇതിപ്പോ ഇടക്കിടക്ക് വരുന്ന തിരഞ്ഞെടുപ്പുകളാണ് ഒരു തടസ്സം. എന്തായായലും ഇത്തവണത്തെ വില കൂട്ടല്‍ കണ്ടാല്‍ ഗുണ്ടാ പിരിവു നടത്തുന്നവര്‍ ഇതിലും കണ്ണില്‍ച്ചോരയുള്ളവരാണെന്ന് തോന്നിപ്പോകും. 

ഇങ്ങനെ പിടിച്ചു പറിക്കാന്‍  തക്കതായ കാരണവുമുണ്ട്. സ്വന്തം ജനങ്ങളോട് അത്രക്ക് കലിപ്പ് തോന്നുന്ന ഒരു സര്‍ക്കാരേ ഇതുപോലൊരു വിലക്കയറ്റത്തിന് കൂട്ടു നില്‍ക്കൂ. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം കണ്ടവര്‍ക്ക് ആ കാരണം അന്വേഷിച്ച് പോകേണ്ട കാര്യമൊന്നുമില്ല. അമ്മാതിരി പണിയാണ് ഡല്‍ഹിക്കാര്‍ മോദി ജിക്ക് കൊടുത്തത്. എന്നിട്ട് തോറ്റ കോണ്‍ഗ്രസും ഏഴയലത്ത് പോലും എത്താത്ത കമ്യൂണിസ്റ്റുകളും വരെ വലിയ ആഘോഷവും. 

ഇനി പറയൂ. എങ്ങനെ ദേഷ്യം വരാതിരിക്കും. അപ്പോള്‍ പിന്നെ ഒരു പണി  ഈ ജനത്തിന് ആരായാലും കൊടുത്തു പോകില്ലേ?

ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് വലിയ വാര്‍ത്തകള്‍ ഒന്നും കാണാനില്ലായിരുന്നു. ഇപ്പോഴിതാ വാര്‍ത്തകള്‍ വന്നു തുടങ്ങി. പാർട്ടിയുടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു.  എംഎല്‍എയും എംപിയും അണികളും ഒന്നുമില്ലാത്ത ഒരു സംസ്ഥാനത്തിന് പ്രത്യേകിച്ച് ചുമതലക്കാരന്‍ എന്തിനാണ്?

യഥാര്‍ഥത്തില്‍ പി സി ചാക്കോ രാജിവക്കേണ്ട ഒരു കാര്യവുമില്ല. ഡല്‍ഹിയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നു പറഞ്ഞ് അങ്ങ് തുടര്‍ന്നാല്‍ മതിയായിരുന്നു. കഴിഞ്ഞ ഇലക്ഷനിലും പൂജ്യം സീറ്റ്, ഈ ഇലക്ഷനിലും പൂജ്യം സീറ്റ്. സ്റ്റാറ്റസ് കോ. സിപിഎമ്മിനും അവിടെ പൂജ്യം സീറ്റാണ്. പക്ഷേ, കോണ്‍ഗ്രസിന്‍റെ പൂജ്യം മാത്രമാണ് ടിവിയിലും പത്രത്തിലും ഒക്കെ വലുതായി എഴുതിക്കാണിച്ചത്. അതാണ് പ്രശ്നം

പൗരത്വ പ്രശ്നം വന്നു കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും യുഡിഎഫിലെ ലീഗും ഒക്കെ അങ്ങ് കളം നിറഞ്ഞു കളിച്ചു. കോണ്‍ഗ്രസിന്‍റെ യുവജന ..വിദ്യാര്‍ഥി വിഭാഗങ്ങള്‍ക്ക് വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ല. ലീഗ് എംഎല്‍എമാര്‍ സ്വന്തമായി നടത്തിയ സമരങ്ങളില്‍ പോലും ഡല്‍ഹിയില്‍ നിന്ന് ഗസ്റ്റ് ആക്ടിവിസ്റ്റുകളെ ഇറക്കി ആളെ കൂട്ടി. കെഎസ് യുവും ആ ലൈന്‍ തന്നെ പിടിച്ചു. ഗസ്റ്റ് ഒന്നുമല്ല, സ്വന്തം പാര്‍ട്ടിയിലെ ഹിന്ദിക്കാരെ ഇറക്കി. എന്നാലേ ഇവിടെ ഒരു വെയിറ്റുള്ളു

അതാണ് ആ താരം. ആ വടക്കേ ഇന്ത്യന്‍ താരം ഇറങ്ങി ഫാസിസത്തിനെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നത് കാത്തിരിക്കുകയാണ് കെഎസ് യുക്കാര്‍. കാണാം

അതുശരി. പാട്ടു പാടാനാണോ വണ്ടി പിടിച്ച് ഇവിടെ വരെ എത്തിയത്. പാട്ടെങ്കില്‍ പാട്ട്

ഇതോടെ ആ പരിപാടി മൊത്തത്തില്‍ ഒരു കവിസമ്മേളനമായി മാറി. നന്നായി പ്രസംഗിക്കാറുള്ള പിസി വിഷ്ണുനാഥ് പോലും ട്രാക്ക് മാറ്റിപ്പിടിച്ചു

സംസ്ഥാന ബജറ്റു പോലും  കോളജ് മാഗസിന്‍ പോലെ പാട്ടും കവിതയുമായി ഇറങ്ങുന്ന കാലമാണ് .ട്രെന്‍ഡ് അങ്ങനെയാണെങ്കില്‍ വിഷ്ണുവും പാടിക്കോളൂ

ഇടക്കുള്ള സഖാവ് വിളിയൊക്കെ ഒന്നു മാറ്റാമായിരുന്നു. തങ്ങളെ ഉദ്ദേശിച്ചല്ലെന്ന് വിചാരിച്ച് കെ എസ് യുക്കാര്‍ തെറ്റിപ്പോകാന്‍ ഇടയുണ്ട്. അല്ലെങ്കിലും

കവിതയും സാഹിത്യവുമൊക്കെ ഇടതുപക്ഷക്കാരുടെ കുത്തകയാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട് പൊതുവില്‍. വിഷ്ണുനാഥ് ഇന്നത് തെറ്റിക്കും എന്ന് പ്രതീക്ഷിക്കാം

കവിത തെറ്റിക്കണം എന്നല്ല പറഞ്ഞത്. മലയാളികളുടെ തെറ്റിദ്ധാരണ തെറ്റിക്കണം എന്നാണ്. നശിപ്പിച്ചല്ലോ വിഷ്ണുനാഥേ

ഇനി രമ്യാ ഹരിദാസ് കൂടെ. അതു പിന്നെ പാട്ടാണല്ലോ മെയിന്‍

നിയമസഭയില്‍ ഇന്ന് പ്രശ്നം കുശുമ്പായിരുന്നു. ഷാനി മോള്‍ ഉസ്മാന് വനിതാ കമ്മിഷനോട് കുശുമ്പാണെന്ന് മുഖ്യമന്ത്രി. വനിതാ കമ്മിഷനെ വിമര്‍ശിച്ച ഷാനി മോളോട് പിണറായിക്കാണ് കുശുമ്പെന്ന് ചെന്നിത്തല. ആകെ നല്ല നാടന്‍ വായ്്മൊഴി വഴക്കം

ഇന്നത്തെ കലാപരിപാടി അവസാനിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും ശുഭരാത്രിയും ശുഭനിദ്രയും നേരുന്നു. ഇത്രയും കലുഷിതമായ ഈ കാലത്ത് നല്ല ഉറക്കം കിട്ടാന്‍ തന്നെ ഒരു ഭാഗ്യം വേണം. എല്ലാവര്‍ക്കും മണിയാശാനെപ്പോലെ ഉറങ്ങാനാകട്ടെ എന്ന് ആശംസിക്കുന്നു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...