യുഎപിഎയും മുഖ്യന്റെ നിലപാട് മാറ്റവും

Thiruvaa
SHARE

പിണറായി മുഖ്യന്‍റെ നിയമസഭയിലെ ഇന്നലത്തെ പ്രകടനമാണ് ഈ കണ്ടത്. അലനും താഹക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തപ്പോളായിരുന്നു പിണറായി ഇങ്ങനെ രോഷാകുലനായത്. ശൊ ചോദിക്കേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷത്തിനുപോലും തോന്നിപ്പോയി. ആ ചോദ്യംചെയ്യലിന്‍റെ കുറ്റബോധത്തില്‍ ചെന്നിത്തലയൊക്കെ തലക്കു കൈയ്യും കൊടുത്തിരിക്കുമ്പോളാണ് ആ കത്ത് കണ്ടത്. കേസ് എന്‍ഐഎ ഏറ്റെടുക്കേണ്ട ആവശ്യമോ ഗൗരവമോ ഇല്ല എന്നുപറഞ്ഞ് സാക്ഷാല്‍ അമിത്ഷായ്ക്ക് അയച്ച കത്ത്. ആരയച്ചു. വേറെ ആര്, കാലുപിടിക്കാന്‍ എന്‍റെ പട്ടിപോകുമെന്നുപറഞ്ഞ അതേ പിണറായി. അലനും താഹയും അകത്തായത് ചായകുടിക്കാന്‍ പോയപ്പോളല്ല എന്നുപറഞ്ഞ അതേ മുഖ്യന്‍. മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ അത് നിലപാട് മാറ്റില്ലെന്ന നിലപാട് മാറ്റുന്നതാണ്.

*************************************

കേരള നിയമസഭയില്‍ സര്‍ക്കാര്‍ എഴുതി നല്‍കിയ നയപ്രഖ്യാപനം ഗവര്‍ണര്‍ വായിക്കുമോ ഇല്ലയോ എന്നതാണല്ലോ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള കേരളത്തിലെ ചര്‍ച്ചാ വിഷയം. ഒടുവില്‍ ആ വായന നടന്നു. അതിന്‍റെ പരിണിത ഫലമായി നമുക്ക് ഒരു വാക്കും കിട്ടി. ശുദ്ധിപത്രം. സംഗതി എന്താണെന്നല്ലേ. സര്‍ക്കാര്‍ എഴുതി നല്‍കിയത് ചെറിയ ഡയലോഗിനു ശേഷമാണെങ്കിലും ഗവര്‍ണര്‍ വായിച്ചു. ഇംഗ്ലീഷില്‍. അതിന്‍റെ പരിഭാഷ മലയാളത്തില്‍ തയ്യാറാക്കിയപ്പോള്‍ സംഗതി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഒന്നു മാറി. ദേശീയ നേതാക്കളുടെ പ്രസംഗം ലോക്കല്‍ നേതാവ് പരിഭാഷപ്പെടുത്തുമ്പോള്‍ അല്‍പ്പ സ്വല്പ്പം കൈയ്യില്‍ നിന്ന് ഇടാറില്ല. അതുപോലൊരു സംഗതി. പക്ഷേ ഇത് നിയമസഭയാണ്. അവിടെ നിയമസഭാ രേഖ എന്നൊരു സംഗതിയുണ്ട്. അതില്‍ അച്ചടിച്ചാല്‍ അത് അച്ചടിച്ചതിതന്നെയാണ്. ആ തങ്കലിപി ആലേഖനം വെട്ടിത്തിരുത്തി ശരിക്കുള്ള അര്‍ത്ഥം എഴുതിച്ചേര്‍ക്കുന്നതിന്‍റെ പേരാണ് ശുദ്ധിപത്രം. ഏതുപോലീസുകാരനും എന്നതുപോലെ ഒരു തെറ്റൊക്കെ ഏത് സ്പീക്കര്‍ക്കും പറ്റും. എല്ലാം കണ്ടുപിടിച്ചു കത്തിക്കയറുന്നത് ടിവി എബ്രഹാമാണ്. സഭാ ടിവിയില്‍ തന്‍റെ മുഖം വരും എന്നൊരു വിചാരവും ടിവി എബ്രഹാമിന് ഇല്ലാതില്ല

*************************************

അതെ പിജെ ജോസഫിന് നന്നായറിയാം ഇക്കാര്യങ്ങള്‍. ഈ കൊക്കെത്ര നയപ്രഖ്യാപനം കണ്ടതാ. പിണറായി നയം സിപിഎം നടപ്പാക്കുന്നതിലാണ് പ്രതിപക്ഷത്തിന് ഇനി പരാതിയുള്ളത്. പത്തിരുപതുവര്‍ഷമായി ഇതാണ് സിപിഎമ്മില്‍ നടന്നുപോകുന്നത് എന്ന് പ്രതിപക്ഷം പ്രത്യേകിച്ച് ടിവി ഇബ്രാഹിം മനസിലാക്കാത്തത് കഷ്ടമാണ്. ഈ നയത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ലൂയി പതിനാലാമന്‍ വരെ സഭയില്‍ വന്നു. ഒറ്റക്ക് വന്നതല്ല. ടിവി കൂട്ടിക്കൊണ്ടുവന്നതാണ്. 

*************************************

ഗവര്‍ണറും മുഖ്യനും തമ്മിലുള്ള തമ്മിലടി കെട്ടിപ്പിടുത്തമായി മാറിയതിനുപിന്നിലെ മനശാസ്ത്രം തപ്പിയുള്ള യാത്രയിലായിരുന്നു സിഎച്ച് മുഹമ്മദ് കോയ മകന്‍ മുനീര്‍ സാബ്. പണ്ട് തിരുവനന്തപുരത്ത് റെക്കോഡുവേഗത്തില്‍ അടിപ്പാത തീര്‍ത്ത് വക്കം പുരുഷോത്തമന്‍റെ കൈയ്യില്‍ നിന്ന് പട്ടും വളയും സമ്മാനം വാങ്ങിയ ചരിത്രമുണ്ട് മുനീറിന്. ആ പഴയ ഫോമിലേക്ക് വീണ്ടും കക്ഷി തിരിച്ചെത്തിയെന്നാണ് രണ്ടുമൂന്നുദിവസമായി സഭയിലുള്ള പ്രകടനം കാണുമ്പോള്‍ തോന്നുന്നത്. പാവം മുനീര്‍.  കുഞ്ഞാപ്പയുടെ തണലില്‍ വരള്‍ച്ച മുരടിച്ച് കിടക്കുകയായിരുന്നിരിക്കണം. ഇപ്പോള്‍ തടസം മാറി. അതിന് നന്ദി പറയേണ്ടത് പിണറായി സര്‍‌ക്കാരിനോടും അവരുടെ നയപ്രഖ്യാപനത്തോടുമാണ്. ബോറഡിച്ച് വിഷമത്തോടെയിരിക്കുമ്പോള്‍ മുനീര്‍ ആ നയപ്രഖ്യാപനമെടുത്ത് വായിക്കും. അപ്പോള്‍ ചിരിച്ച് ചിരിച്ച് പള്ളകൂച്ചും. ചിരി ഒരു നല്ല ഔഷധമാണല്ലോ. അങ്ങനെയാണ് മുനീറിന് ഫോമിലാകാന്‍ കഴിഞ്ഞത്. നയപ്രഖ്യാപനമെന്ന ഒറ്റമൂലി ആര്‍ക്കും പരീക്ഷിക്കാവുന്നതാണ്.

*************************************

മദ്യത്തിന്‍റെ കാര്യം ചോദിക്കുമ്പോള്‍ ഒന്ന് ആടിയുലഞ്ഞ് മറുപടി പറയുക എന്നത് ഏതു സര്‍ക്കാരിന്‍റെയും ഒരു രീതിയാണ്. അത് മദ്യത്തിന്‍റെ കിക്കുകൊണ്ടല്ല മറിച്ച് മദ്യം നല്‍കുന്ന വരുമാനത്തിന്‍റ കിക്കുകൊണ്ടാണെന്നും ഏവര്‍ക്കുമറിയാം. പടിപടിയായി ബിവറേജുകള്‍ പൂട്ടുമെന്നൊക്കെ ഗീര്‍വാണം മുഴക്കിയാണ് ഇടതുസര്‍ക്കാര്‍ വന്നത്. അല്ലെങ്കിലും മദ്യത്തിന്‍റെ കാര്യത്തില്‍ ആരും പറയുന്നത് വിശ്വസിക്കരുത്. എല്ലാം കെട്ടിറങ്ങുമ്പോള്‍ മാറ്റിപ്പറയും. സ്വാഭാവികം. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. വീര്യം കുറഞ്ഞ മദ്യമാണ് പിന്നണിയില്‍ വാറ്റുന്നതെന്നാണ് ടിപി പറയുന്നത്. പതിവുപോലെ ഒന്നാം തീയതി അത് വിതരണം ചെയ്യില്ല. 

*************************************

അന്‍വര്‍ സാദത്തിന് അറിയേണ്ടത് ഇതൊന്നുമല്ല. ആ ബ്ലൂവറിയും ഡിസ്റ്റലറിയും വരുമോ ഇല്ലയോ എന്നതാണ്. മദ്യത്തിന്‍റെ കാര്യത്തില്‍ എല്ലാവര്‍ക്കും കുറഞ്ഞത് ഒരു ചോദ്യമെങ്കിലും ഉണ്ടാകും. എല്ലാ മണ്ഡലത്തെയും ബാധിക്കുന്ന വിഷയമാണല്ലോ

*************************************

ടിപിയുടെ മറുപടിയില്‍ തന്നെയുണ്ട് തീരുമാനം. ഏറെക്കുറെ ഉറപ്പാണ്. മദ്യം സംബന്ധിച്ച ചില തമാശകളും നയപ്രഖ്യാപനത്തിലുണ്ടെന്ന കണ്ടുപിടുത്തവുമായി ശ്രീമാന്‍ മുനീര്‍ എത്തിയിട്ടുണ്ട്. 

*************************************

ഇനി അല്‍പ്പം തമിഴ് പേശാണ്. എസ് രാജേന്ദ്രനാണ് അതിനായി എത്തുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആള് ഒറ്റക്കല്ല. കൂടെ സുബ്രമണ്യഭാരതിയൊക്കെയുണ്ട്. 

*************************************

ഇനി മറ്റ് ഭരണപക്ഷ എംഎല്‍എമാരെപ്പോലെതന്നെയാണ് രാജേന്ദ്രനും. അതെ പിണറായി സ്തുതി തന്നെ. ഭാഷ പ്രശ്നമല്ല. 

*************************************

ഭാഷയുടെ കളി അവസാനിച്ചിട്ടില്ല. വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഒരിടത്തു പെട്ടു. വിദേശികള്‍ പങ്കെടുത്ത ഒരു കലാ പരിപാടി. കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ ഇതാണ് സീന്‍.

*************************************

ഇല്ല പരിഭാഷക്കായി ആരും വരില്ല. അതും ഇപിക്കുതന്നെ ചെയ്യാവുന്നതാണ്. അതിനാണല്ലോ നമ്മള്‍ മംഗ്ലീഷ് കണ്ടുപിടിച്ചത്. അതിനെ അങ്ങ് വ്യവസായമാക്കിയാല്‍ മതി. ഇതല്ല ഇതിനപ്പുറത്തെ കളികണ്ടവനാണ് ഇപി എന്ന് ഇതു കാണുമ്പോള്‍ മനസിലാകും

*************************************

കോട്ടയത്തെക്കുറിച്ച് പറയുമ്പോള്‍ പണ്ട് പൊതുവേ പറയാറുണ്ട് അവിടെ ബികോമും കൊക്കോയും ഇല്ലാത്ത വീടില്ല എന്ന്. ഇപ്പോള്‍ സ്ഥിതി മൊത്തത്തിലൊന്നുമാറി. പക്ഷേ സംസ്ഥാനത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ഇങ്ങനെയൊരു പറച്ചിലിന് സാധ്യതയുണ്ട്. ഗവര്‍ണര്‍ ഇല്ലാത്ത ഒരു ദിവസമില്ല എന്ന്. എല്ലാ ദിവസവും വാര്ത്തയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാകും. പണ്ടൊക്കെ കേരളത്തില്‍ ഗവര്‍ണര്‍ ഉണ്ട് എന്ന് അധികമാരും വിശ്വസിച്ചിരുന്നില്ല. സംശയമുള്ളവര്‍‌ രാജ്ഭവനിലേക്ക് ടോര്‍ച്ചടിട്ടുവരെ നോക്കിയിട്ടുണ്ട്. ഇതിപ്പോ ഗവര്‍ണര്‍ കേരളത്തില്‍ പരക്കെ പെയ്യുകയാണ്. ഇന്നലെ കക്ഷി വീരേന്ദ്രകുമാറിനെ കാണാന്‍ പോയി. പിണറായി ഗവര്‍ണര്‍ക്കെതിരെ വെടി നിര്‍ത്തിയത് നന്നായി. ഇല്ലെങ്കില്‍ വീരനും മോനുമൊക്കെ ഇപ്പോള്‍ വരമ്പത്തുകിടന്നേനെ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...