ടിവി രാജേഷിന്‍റെ ഗാനാലാപനം; തളരാതെ നിയമസഭ

Thiruvaa_04-01
SHARE

കേരളത്തില്‍ നിയമസഭയും ഡല്‍ഹിയില്‍ പാര്‍ലമെന്‍റും ചേരുന്ന കാരണം നേതാക്കള്‍ മിക്കവാറും അകത്താണ്. അകത്താണ് എന്നു വച്ചാല്‍ സഭകള്‍ക്കകത്താണ്. പുറത്തുള്ള  ശബ്ദമലിനീകരണത്തിന് അതുകൊണ്ട് ഒരല്‍പം ആശ്വാസമുണ്ട്. പക്ഷേ സഭക്കുള്ളിലുള്ള പ്രകടനങ്ങള്‍ക്ക് ഒരു കുറവുമില്ല. നിയമസഭാ ടിവിയോട് കടപ്പെട്ടുകൊണ്ട് ആരംഭിക്കുന്നു.

സിപിഎം ഇപ്പോള്‍ കാര്യമായി  കേരളത്തിലേ ഉള്ളൂ എന്നതുകൊണ്ട് കേരളത്തിലെ സിപിഎമ്മിന്‍റെ ഹീറോ ആയാല്‍ അത് ദേശീയ സിപിഎമ്മിന്‍റെ ഹീറോ തന്നെയാകും. സാങ്കേതികമായി രാജേഷ് പാടിപ്പറഞ്ഞത് അത്തരത്തില്‍ വാസ്തവമാണ്. എന്നാലീ ദേശീയ ഹീറോ നിയമസഭയില്‍ എത്തുന്നത് പലപ്പോഴും കേരള പൊലീസിന്‍റെ പിആര്‍ഒ ആയിട്ടാണ്. എന്നുവച്ചാല്‍ വക്താവ്. പ്രതിപക്ഷം നല്ല നാല് ചോദ്യം ചോദിച്ചാല്‍ പൊലീസ് വക്താവ് ഉത്തരംമുട്ടിപ്പോകും. പിന്നെ വായില്‍ തോന്നിയതൊക്കെ പറയും. അലനും താഹയും എങ്ങനെ യുഎപിഎ പ്രകാരം അകത്തായി എന്ന് ചോദിച്ചാല്‍ അവര്‍ ആട്ടിന്‍ കുട്ടികളല്ല, മാന്‍കിടാക്കളല്ല, ചായകുടിക്കില്ല , ദോശ കഴിക്കില്ല എന്നൊക്കെയല്ലാതെ ഉത്തരം പറയാന്‍ ദേശീയ ഹീറോക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ഡിജിപിയും കൂടെ യുഎപിഎ ഇട്ട് പിള്ളേരെ പിടിക്കാന്‍ ഇറങ്ങിയ സംഘമാണെന്ന് മാത്രം നമുക്ക് അനുമാനിച്ചെടുക്കാം

സിപിഎമ്മിന് ഇഷ്ടമില്ലാത്ത യുഎപിഎ നടപ്പാക്കാനാണ് സിപിഎം ഭരിക്കുന്ന പോലീസിന് ഇഷ്ടം.  പൊലീസ് പറഞ്ഞാല്‍ കേരളത്തിലെ വേറെ ആര് വിശ്വസിച്ചില്ലെങ്കിലും പിണറായി വിജയന്‍ വിശ്വസിക്കും. സ്വന്തം പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയെക്കാള്‍ അദ്ദേഹത്തിന് പൊലീസിനെയാണ് വിശ്വാസം. 

പിണറായി പൊലീസ് തട്ടിക്കൊണ്ടു വന്ന പിള്ളേരുടെ കേസ് ഇപ്പോള്‍ എന്‍ ഐ എ കൊണ്ടു പോയി. ഇനി ധൈര്യമായി കൈമലര്‍ത്തി കാണിക്കാം. കേന്ദ്രവുമായി ബന്ധപ്പെട്ട് കേസ് തിരികെ എത്തിക്കാന്‍ പ്രതിപക്ഷം പറയുയുമ്പോള്‍ അദ്ദേഹം പറയുന്നത് അമിത് ഷായുടെ അടുത്ത് പോകാന്‍ പറ്റില്ലെന്നാണ്. ശരിയാണെന്ന് ബോധ്യമുള്ള ഒരു കാര്യമാണെങ്കില്‍ ആരുടെ അടുത്തും പോയി ചോദിക്കാന്‍ കരുത്തുള്ള ആളാവണ്ടേ മുഖ്യമന്ത്രി. അല്ല, ഈ കേസില്‍ അങ്ങനെ ശരിയില്ലെങ്കില്‍ അത് പറയണം. അല്ലാതെ അമിത് ഷായുടെ പേര് പറഞ്ഞ് ഊരാന്‍ നോക്കരുത്. അമിത് ഷായെ ഒളിച്ച് നടക്കാന്‍ മാത്രം എന്തു പ്രശ്നമാണ് അദ്ദേഹവുമായി മുഖ്യമന്ത്രിക്ക് ഉള്ളത്?

കാര്യങ്ങളുടെ കിടപ്പ് വച്ച് മനസിലാകുന്നത്, ഇനിയിപ്പോ അമിത് ഷാ വെറുതെ വിട്ടാലും അലനെയും താഹയെയും പിണറായി വെറുതെ വിടില്ലെന്നാണ്. കാരണം ഏത് കോടതിയും പോലീസും കണ്ടു പിടിക്കും മുന്നേ അവര്‍ മാവോയിസ്റ്റുകളാണെന്ന് കണ്ടു പിടിച്ചത് അദ്ദേഹമാണല്ലോ. അതുകൊണ്ട് ന്യായങ്ങളൊന്നും ഇനി ബാധകമല്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.

അപ്പറഞ്ഞത് മോശമായിപ്പോയി. അങ്ങനെ ആരോ പറഞ്ഞ കാര്യമല്ലല്ലോ മുനീര്‍ ചൂണ്ടിക്കാണിച്ചത്. മുഖ്യമന്ത്രി നന്നായി അറിയുന്ന ആളു തന്നെയാണ് പറഞ്ഞത്. ഒന്നുമില്ലെങ്കിലും ശബരി മല പ്രശ്നം ഒക്കെ വന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര‍് പോലും കൈവിട്ട സമയത്തും ഈ ബുദ്ധി ജീവികളൊക്കെയേ കൂടെ ഉണ്ടായുള്ളു എന്ന കാര്യം മറന്നു പോകരുത്

ഏതായാലും പ്രതിപക്ഷം ഇതങ്ങ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ക്കിത് ധൈര്യമായി ഏറ്റെടുക്കാം. കാരണം കോണ്‍ഗ്രസും മാവോയിസ്റ്റുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. ഗൂഢാലോചനയും അന്തര്‍ധാരയും ആരും ആരോപിക്കുകയുമില്ല. കോണ്‍ഗ്രസില്‍ നിന്ന് ആരും തെറ്റിപ്പിരിഞ്ഞ് പോയി മാവോയിസ്റ്റായ ചരിത്രമില്ല. മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ അഹങ്കാരവും അതാണ്. കോണ്‍ഗ്രസും മാവോയിസ്റ്റും തമ്മിലെ ആകെ ബന്ധം രണ്ടിലും ഒരു പാട് ഗ്രൂപ്പുകളുണ്ട് എന്നത് മാത്രമാണ്. അതുകൊണ്ട് ചെന്നിത്തലക്ക് ഇവിടെ വല്ല്യേട്ടന്‍ കളിക്കാം

ഫാസിസത്തെ നേരിടുന്നതിനിടെ കിട്ടുന്ന ഇടവേളകളില്‍ മാവോയിസത്തെ നേരിടാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മന്ത്രിമാരും തങ്ങളാലാകുന്ന രീതിയില്‍ തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ഇപി ജയരാജന്‍ തോക്കെടുത്തതും അതിന്‍റെ ഭാഗമാകാനാണ് സാധ്യത. 

തോക്കും വെടിവയ്ക്കും താനും തമ്മിലെ ബന്ധത്തെപ്പറ്റി ജയരാജന്‍ മന്ത്രി പറയുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. പോട്ടെ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ തോക്കിനുള്ള പ്രധാന്യമെങ്കിലും പറയാമായിരുന്നു. ഡല്‍ഹിയിലൊക്കെ റോഡില്‍ കൂടി ചുമ്മാ നടന്ന് വെടിവക്കുകയാണ് തീവ്രവാദി പയ്യന്‍മാര്‍. ആരെങ്കിലും ആസാദി ചോദിച്ചാല്‍ അപ്പോള്‍ വെടിയാണ്. ബിജെപിയുടെ വമ്പന്‍ നേതാക്കളൊക്കെ നേരിട്ട് വന്നാണ് ഷൂട്ടിങ് ഓര്‍ഡര്‍ കൊടുക്കുന്നത്.ജയരാജന്‍ ഇങ്ങനെ പരിശീലനവും കൊടുത്ത് നടന്നോ

പൗരത്വ പ്രശ്നം വന്നതു മുതല്‍  യുഡിഎഫിന് ഒരു ബേജാറുണ്ട്. അതായത് ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തേക്ക് പോയിക്കളയുമോ എന്ന പേടി. സംഭവം മാസ്സ് ഡയലോഗൊക്കെ അടിച്ച് പിണറായി ഇങ്ങനെ ഫാസിസത്തെ നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് , സിപിഎമ്മിന്‍റെ ന്യൂനപക്ഷ സ്നേഹം കപടമാണെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ ഒരു തീരുമാനം എടുത്തുട്ടുണ്ട്. കഴി‍ഞ്ഞ രണ്ടു ദിവസമായി സഭയില്‍ പലരും ചരിത്രം പറയുന്നത് കേള്‍ക്കുമ്പോള്‍ അതാണ് മനസിലാകുന്നത്. സിപിഎമ്മിനെ വെറുതെ അടിക്കുകയല്ല യുഡിഎഫ്, മര്‍മ്മത്ത് നോക്കിയാണ് ഈ അടി

ചുമരില്‍ വരച്ചത് അവിടെ നില്‍ക്കട്ടെ. അതാര്‍ക്കും വരക്കാം. പക്ഷേ, അതില്‍ ഇഎംഎസിനെപ്പറ്റി പറഞ്ഞത് സഖാക്കള്‍ വെറുതെ കേട്ടിരിക്കും എന്ന് തോന്നുന്നില്ല. പറഞ്ഞ് വന്നത് , സംഘപരിവാര്‍ പാക്കിസ്ഥാന്‍ വിസ കൊടുത്തു തുടങ്ങും മുന്‍പേ ഇഎംഎസ് അത് കൊടുത്തിരുന്നു എന്നാണല്ലോ.

സീരിയസായ ഈ പ്രശ്നത്തിന് പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. പ്രസംഗം രേഖയിലെത്തിയോ, രേഖ സുധാകരന്‍ ജി എടുത്ത് കത്തിച്ചോ എന്തോ?. ഒരു കാര്യം അറിയാം. ഇഎംഎസിനെ അങ്ങനെ വെറുതെ വിടാന്‍ യുഡിഎഫ് തീരുമാിച്ചിട്ടില്ല

അത് തീരെ ദുര്‍ബലമായിപ്പോയി രാജേഷ്. ഇങ്ങനെ വളവളാന്ന് പറഞ്ഞ് ചോദ്യത്തിലേക്ക് പോയാല്‍ പോര. ഇപ്പറഞ്ഞ വാര്‍ത്ത ഇഎംഎസ് തന്നെ നിഷേധിച്ചിരുന്ന കാര്യമെങ്കിലും പറയണമായിരുന്നു. പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ പോയാല്‍ അപ്പുറത്തുള്ളവര്‍ പിന്നെയും പിന്നെയും പറയും

സവര്‍ക്കര്‍ മാപ്പെഴുതിയ കഥ പറഞ്ഞ് ബിജെപിയെ കൊന്നുകൊലവിളിക്കുന്ന സമയത്താണ് ഇഎംഎസ് മാപ്പെഴുതി എന്ന് തിരുവഞ്ചൂര്‍ പറയുന്നത്. ഇത് ചെറിയ കളിയേ അല്ല. ഒന്നുകില്‍ ഇപ്പോള്‍ സഭയിലിരിക്കുന്ന സിപിഎമ്മുകാര്‍ക്ക് ഇഎംഎസ് ആരാണെന്ന് അറിയില്ല. അല്ലെങ്കില്‍ ഇഎംഎസിനെ പറഞ്ഞാല്‍ ഇത്രയൊക്കെയേ ഉള്ളൂ എന്ന് കോണ്‍ഗ്രസുകാര്‍ക്ക് നന്നായി അറിയാം. രണ്ടിലേതോ ആണ്. കാരണം രണ്ടു ദിവസത്തിനകം പ്രതിപക്ഷത്തെ മൂന്ന് മുതിര്‍ന്ന നേതാക്കളാണ് ഇഎംഎസിനെ ലക്ഷ്യം വക്കുന്നത്. 

സമയമില്ലാത്തതുകൊണ്ട് പറയുന്നില്ല എന്ന് തിരുവഞ്ചൂര്‍ പറയാനെടുത്ത സമയം മതിയായിരുന്നു ഈ പ്രശ്നത്തില്‍ വിശദീകരണം നല്‍കാന്‍. ഏതായാലും അതുണ്ടായില്ല

എല്ലാം തുടങ്ങിവച്ചത് ലീഗായതു കൊണ്ട് ലീഗിനിട്ട് തന്നെയാണ് സിപിഎം മറുപടി കൊടുത്തത്. ജെയിംസ് മാത്യുവിനായിരുന്നു പാര്‍ട്ടി ക്വട്ടേഷന്‍ കൊടുത്തത്. വല്ലാതെ കടത്തി പറയുമ്പോള്‍ സൂക്ഷിക്കണം സഖാവേ. സമീപ ഭാവിയില്‍ അവര്‍ ഒരു സഖ്യകക്ഷിയാകാനുള്ള സാധ്യതയൊന്നും ഈ പ്രസംഗം കാരണം ഇല്ലാതാകരുത്

ഈ തല്ല് ഇനിയും തുടരും എന്ന് പ്രതീക്ഷിക്കാം. ഇനി ഒരു അറിയിപ്പാണ്. കായിക മന്ത്രാലയത്തിന്‍റെ പ്രത്യേക അഭ്യര്‍ഥനയെത്തുടര്‍ന്നുള്ളത്. മലയാളത്തിനും ഇംഗ്ലീഷിലും അറിയിപ്പ് ആസ്വദിക്കാം

നിര്‍ത്തേണ്ട ഒരാവശ്യവുമില്ല ഇ പി. ഉത്തരേന്ത്യക്കാരൊക്കെയല്ലേ. നമ്മുടെ ബീഫിനെയൊക്കെ കളിയാക്കുന്നവരുണ്ടാകും അതില്‍. ഇങ്ങനെയൊക്കയേ അവര്‍ക്ക് ഒരു പണി കൊടുക്കാന്‍ പറ്റു. ഇഷ്ടമുള്ളതു പോലെ പറഞ്ഞോളൂ. വേണമെങ്കില്‍ മനസിലാക്കിക്കോട്ടെ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...