തള്ളും വിറ്റുതുലയ്ക്കലും തകൃതി

PTI2_1_2020_000043B
SHARE

വീട്ടുചിലവ് ശരിയാക്കാന്‍ പറമ്പിലെ മരം മുറിച്ച് വില്‍ക്കുന്നതൊക്കെ മനസിലാക്കാം. പക്ഷേ പുട്ടടിക്കാന്‍ വീടും പറമ്പും തന്നെ വില്‍ക്കേണ്ടിവരുന്നത് വേറെ ചില കുഴപ്പങ്ങള്‍കൊണ്ടാകാനേ തരമുള്ളു. അല്‍പം എക്കണോമിക്സാണ്. 

സാധാരണ ഒരു ചായക്കടയില്‍ കേറിയാല്‍ ഒരു ചായ എന്നു പറഞ്ഞാല്‍ അതില്‍ വെള്ളം തിളപ്പിച്ച് ചായപ്പൊടിയും ഇട്ട് പാലും ഒഴിച്ച് പഞ്ചസാരയും ഇട്ട് ഇളക്കി അലിയിപ്പിച്ച ശേഷം ഒരു ഗ്ലാസിലാക്കി തരുന്ന ഒന്നാണല്ലോ കിട്ടാറ്. ആ ഒരു ഗ്ലാസ് ചായക്ക് ശരാശരി പത്തുരൂപയാണ് ഇപ്പോ കൊടുക്കേണ്ടി വരുന്നത്. എന്നാല്‍ പുതിയ കേന്ദ്രബജറ്റ് ഈ ചായയെ എന്തു ചെയ്തെന്നോ... അതായത് എട്ടുരൂപയാക്കി ഒരു ചായക്ക്. അപ്പോ തോന്നും വിലകുറച്ചല്ലോ എന്ന്. പക്ഷേ എട്ടുരൂപയ്ക്ക് ഒരു ചായ വാങ്ങിയാല്‍ ആണ് അറിയുന്നത് അതില്‍ പാലൊഴിച്ചിട്ടില്ലാന്ന്. ഇനി പാലൊഴിച്ച ചായ കിട്ടണമെങ്കില്‍ 12 രൂപ കൊടുക്കാന്‍ പറയും ഈ സര്‍ക്കാര്‍. ഈ കട്ടന്‍ ചായ കുടിക്കുന്നവരുടെ സൗകര്യാര്‍ഥം എല്ലാ ചായയും കട്ടന്‍ ചായ എന്ന ലേബലില്‍ ഇറക്കിയതാണെന്നേ നിര്‍മലാജിയും മോദിജിയും പറയുള്ളു. പാലൊഴിച്ച ചായ വേണ്ടവര്‍ അതാവശ്യപ്പെട്ട് കുടിച്ചാ മതി. ചുരുക്കത്തില്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരാന്‍ നമ്മളെല്ലാവരും പാലൊഴിച്ച ചായ വാങ്ങി കുടിക്കാം എന്നങ്ങ് വയ്ക്കണം. രാജ്യസ്നേഹം ആണല്ലോ മോദിക്കാലത്തെ മെയിന്‍.

തമാശയല്ല, സീരിയസാണ്. കേന്ദ്രമന്ത്രിസഭയില്‍ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് വരെ ഒറിജിനലായ, കാര്യവിവരങ്ങളുള്ള ഒരാളാണ് നിര്‍മലാ സീതാരാമന്‍. ഒടുക്കത്തെ ബുദ്ധിയും പഠിപ്പിസ്റ്റും ആണെന്നാണ് ഇവരെ പറ്റി കേട്ടിട്ടുള്ളത്. അവരുടെ കാര്യം ഇങ്ങനെയാണ്. ഇനിയിപ്പോ ആ വിദ്യാഭ്യാസമൊക്കെ വച്ച് ഇവരുടെ കൂട്ടത്തില്‍ കൂടിയപ്പോ വല്ല മാന്ദ്യവും സംഭവിച്ചതാണോന്നും അറിയില്ല. ഒന്നുകില്‍ മോദിജിയ്ക്കും കൂട്ടര്‍ക്കും പറ്റിയ രീതിയിലുള്ള ഒരു ബജറ്റ് എന്നേ നിര്‍മലാജി ഉദ്ദേശിച്ചിട്ടുണ്ടാവൂ.. രാജ്യത്തേയും ജനങ്ങളേയും പറ്റി ചിന്തിക്കാന്‍ ഒരു വഴിയും ഇല്ല. അല്ല, അങ്ങനെ ഒരു ശീലം നമുക്കില്ലല്ലോ. കാര്‍ഷിക മേഖലയാണ് രാജ്യത്തിന്‍റെ നട്ടെല്ല് എന്ന് പറയും. എന്നിട്ട് കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവും നല്‍കും. എങ്ങനെ സാധിക്കുന്നോ ആവോ.

പഠനം മുടങ്ങിയ സീനിയര്‍ പൗരന്‍മാര്‍ക്ക് ഓണ്‍ലൈന്‍വഴി ഡിഗ്രിയൊക്കെ സമ്പാദിക്കാനുള്ള ഏര്‍പ്പാട് ബജറ്റില്‍ പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത് മോദിജിയുടെ കര്‍ശന നിര്‍ദേശപ്രകാരം ആകാനാണ് സാധ്യത. വെറുതെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന വിദ്യാഭ്യാസ പദ്ധതികൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

സത്യത്തില്‍ ആയിരത്തില്‍ താഴെ മാത്രം എണ്ണത്തില്‍ വരുന്നവരേ ഈ കോര്‍പറേറ്റുകളുള്ളു. അവര്‍ക്ക് ഇളവുകൊടുത്തത് ആറര ലക്ഷം കോടി രൂപയാണ്. പക്ഷേ കര്‍ഷകര്‍ക്ക് നീക്കിവച്ച് രണ്ടര ലക്ഷം കോടിയും. അതും കഴിഞ്ഞ തണത്തേതില്‍ നിന്ന് ഒരു കൂടതലും ഇല്ല. കോര്‍പറേറ്റുകള്‍ക്ക് ഇങ്ങനെയൊക്കെ ഇളവ് കൊടുത്ത് കഴിഞ്ഞാല്‍ സര്‍ക്കാരിന് പിന്നെ രാജ്യം ഭരിക്കാന്‍ എവിടുന്നാണ് പണം എന്നു ചോദിക്കരുത്. അതിനല്ലേ ഇവിടെ റിസര്‍വ് ബാങ്ക് ഇരിക്കുന്നത്. രണ്ട് ലക്ഷം കോടിയാണ് ഡിവിഡന്‍റായി മുമ്പ് വാങ്ങിയത്. വീണ്ടും വാങ്ങും. അങ്ങനെ റിസര്‍വ് ബാങ്കിനെ കാലിയാക്കും. അതുവരെ നമ്മളിങ്ങനെയൊക്കെ അങ്ങ് ഭരിക്കും. അല്ല പിന്നെ. ചുമ്മാ പണം ഇങ്ങനെ എടുത്തുവച്ചിട്ട് എന്തിനാ, പുഴുങ്ങിത്തിന്നാനൊന്നും പറ്റില്ലല്ലോ.

അങ്ങനെ എല്‍ഐസിയുടെ കാര്യത്തിലും ഒരു തീരുമാനമായി. വില്‍ക്കാന്‍ പോവ്വാണ്. കമ്പനി നല്ല ലാഭത്തിലുള്ളതാണ്. വില്‍ക്കാന്‍ പറ്റിയ സമയം. എത്രയും പെട്ടന്ന് എല്‍ഐസി സ്വന്തം പേരില്‍ ഒരു ജീവന്‍രക്ഷാ ഇന്‍ഷുറന്‍സ് എടുത്തേക്കണം. ഇനി എല്‍ഐസിയില്‍ പോളിസി എടുത്തവരോട് നിങ്ങള്‍ മരിക്കുമ്പോള്‍ കാശ് കിട്ടാനാണല്ലോ പോളിസി എടുത്തത്. അതിനു മുന്നേ എല്‍ഐസി മരിക്കില്ലാന്ന് ഇനി ഒരുറപ്പും തരാന്‍ പറ്റില്ല. അവനവന്‍റെ ആയുരാരോഗ്യത്തിനാി പ്രാര്‍ഥിക്കുന്ന കൂട്ടത്തില്‍ എല്‍ഐസിക്കുവേണ്ടിയും ഒന്നു മാറ്റിവച്ചേക്കുക. അതേ വഴിയുള്ളു. 

കേരളത്തിന് കാര്യമായൊന്നും കിട്ടിയില്ല എന്നു മാത്രമല്ല, കിട്ടിക്കൊണ്ടിരുന്ന വിഹിതം കുറയുകയും ചെയ്തു. ഇതൊക്കെ ഈ രാജ്യത്ത് ആദ്യമാണ്. 5 ട്രില്ല്യണ്‍ ‍ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സോറി കിതച്ചുകൊണ്ടിരിക്കുന്ന രാജ്യമാണല്ലോ ഇന്ത്യ. അതിന്‍റ ഓരോരോ മറിമായങ്ങളായിരിക്കും ഇതൊക്കെ.

ഒരു കണക്കിന് ഈ ബജറ്റ് നിര്‍മലാ സീതാരാമന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതാണെന്ന് പറയാം. കൂടെയുള്ള സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ സമരം ചെയ്യുന്നവരെ വെടിയ്ക്കാന്‍ ആളുകളെ ഏര്‍പ്പാടു ചെയ്യുന്ന തിരക്കിലായിരുന്നു. ഒറ്റയ്ക്ക് കണക്കു കൂട്ടിയപ്പോള്‍ ഇങ്ങനെയൊക്കെ ആയിപ്പോയെന്ന് വേണമെങ്കില്‍ നിര്‍മലാജിക്ക് നാട്ടുകാരുടെ അടുത്ത് ഒഴിവുകഴിവു പറയാവുന്നതാണ്. 

നിര്‍മലാജിക്കും കൂടെയുള്ളവര്‍ക്കും അവരുടെ പണിയെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നൊന്നും അവര്‍ ഒരു സെയില്‍സ് ഗേളായി മാറി എന്നൊക്കെ വിമര്‍ശകള്‍ പറയുന്നുണ്ട് എന്നറിയാം. പക്ഷേ അത് തെറ്റാണ്. അതൊക്കെ വെറും അപവാദങ്ങളാണ്. ഇപ്പോ മര്യാദയ്ക്ക് നടന്നു പോകുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ എത്രയും വേഗം പൊളിച്ചടുക്കുക  എന്ന പണി നിര്‍മലാജി മാത്രമല്ല കൂടെയുള്ളവരും വളരെ വെടിപ്പായി ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കണം. അതുകൊണ്ട് ആളുകളുടെ പര്‍ച്ചേസിങ് പവര്‍ കൂട്ടുന്നതാണ് ഈ ബജറ്റ് എന്ന് നിര്‍മലാജി പറയുമ്പോ അതിന് പണം ആരുകൊണ്ടുതരും എന്നും ചോദിക്കരുത്. അതൊന്നും അത്രവലിയ സംഭവമല്ല. 

രാജ്യത്ത് സാമ്പത്തികരംഗം തകിടം മറിയുകയാണെന്നും കോര്‍പറേറ്റുകള്‍ക്ക് പോലും സര്‍ക്കാര്‍ വില്‍ക്കുന്ന സംരംഭങ്ങള്‍ വാങ്ങാന്‍ പോലും കാശില്ലെന്നും ഒക്കെ കേള്‍ക്കുന്നുണ്ട്. അവര്‍ ഇനി ലോണും ചോദിച്ചും വരും. പക്ഷേ തോക്കും വെടിവയ്പുമൊക്കെ വളരെ സാധാരണഗതിയില്‍ ആയിക്കൊണ്ടിരിക്കുന്നുണ്ട് നവ ഇന്ത്യയില്‍. മോദിജി സ്വപ്നം കണ്ട നവ ഇന്ത്യ ഇങ്ങനെ പോയിന്‍റ് ബ്ലാങ്കില്‍ നില്‍ക്കുന്ന ഇന്ത്യയാവുമെന്ന് ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ ഒട്ടും പ്രതീക്ഷിച്ചതേയില്ല. കേന്ദ്രസഹമന്ത്രിയൊക്കെ, അതും ധനകാര്യസഹമന്ത്രി രാജ്യത്തിന്‍റെ ധനകാര്യസ്ഥിതി പരിഹരിക്കുന്നതിന് പകരം ഷഹീന്‍ബാഗില്‍ പോയി വെടിവയ്ക്കാനാണ് ആഹ്വാനം ചെയ്യുന്നത്. പ്രതീക്ഷനിര്‍ഭരമാണ് രാജ്യത്തിന്‍റെ ഭാവി.

ഒന്നുകില്‍ ഇവര്‍ക്ക് പ്രായം ആയിട്ടില്ല, കുട്ടിക്കളിയായി കാണാന്‍ പോലീസ് പറയും. ഇല്ലെങ്കില്‍ മാനസിക രോഗി. അത്രേ ഉള്ളു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ ഒന്ന് കറങ്ങി വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൊക്കെ പോയി ഹിന്ദിയില്‍ സംസാരിക്കുന്നതാണ് പുള്ളിയുടെ മിടുക്ക്. ഹിന്ദി വിദ്വാന്‍ പാസായ ചെന്നിത്തലയുടെ ഹിന്ദിക്ക് മലയാളത്തേക്കാള്‍ തെളിമയും വ്യക്തതയുമുണ്ട്. ദേശീയനേതാവായി വളരുന്നുവെന്ന് ഭക്തര്‍ കരുതുന്ന പിണറായി സഖാവ് ചെന്നിത്തലയുടെ ശിഷ്യത്വം സ്വീകരിക്കുന്നത് എന്തുകൊണ്ടും നന്നാവും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...