കോൺഗ്രസും ലീഗും കയറിക്കൂടിയ സിപിഎം ചങ്ങല...!

thiruva-ethirva-27-01-2020
SHARE

അത് ശരി. പൂച്ചയായ ഗവര്‍ണറോട് ഞാന്‍ യുദ്ധം ചെയ്യാം. പുലികളായ മോദിയുടേയും അമിത് ഷായുടേയും കാര്യം പിണറായി നോക്കട്ടെയെന്ന്. അടിപൊളി. ഇമ്മാതിരി വാദങ്ങളുടെ ബഹളമാണ് മൊത്തത്തില്‍. അതിനിടയില്‍ നൈസായിട്ട് തിരുവാ എതിര്‍വാ ആരംഭിക്കുന്നു. സ്വാഗതം.

എല്‍ഡിഎഫ് നാട്ടുകാരെയൊക്കെ കൂട്ടി ഒരുപരിപാടി നടത്തി. മനുഷ്യരായതുകൊണ്ട് മനുഷ്യമഹാ ശൃംഖല എന്ന് പേരുമങ്ങിട്ടു. സംഭവം ഗംഭീരമായി അവസാനിച്ചപ്പോള്‍ യുഡിഎഫിന് ആകെയൊരു കണ്‍ഫ്യൂഷന്‍. പങ്കെടുത്ത ചങ്ങായിമാരെല്ലാം നമ്മുടെ ആളുകള്‍ തന്നെയല്ലേ എന്ന്. മുസ്ലീംലീഗിനായിരുന്നു ആദ്യം സംശയം. പിന്നെയത് കോണ്‍ഗ്രസിനകത്തായി. ശൃംഖല കേന്ദ്രത്തിനെതിരെയായിരുന്നെങ്കിലും അത് തങ്ങളെ ചങ്ങലയ്ക്ക് തളയ്ക്കാനുള്ള നീക്കമായിരുന്നുവെന്ന് യുഡിഎഫുകാര്‍ക്ക് തോന്നിപ്പോയാലെന്ത് ചെയ്യും. ചങ്ങലയില്‍ കോണ്‍ഗ്രസുകാരെ കണ്ടെത്തിയത് മുരളീധരനാണ്. പക്ഷെ, സംഘടന പുനഃസംഘടിപ്പിച്ചെത്തിയ മുല്ലപ്പള്ളിക്കത് സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല. 

വേറെയൊരുമില്ല. നമിച്ചു. കോണ്‍ഗ്രസില്ലാതിരുന്നെങ്കിലെന്ന്, ഹോ സങ്കല്‍പ്പിക്കാന്‍കൂടി പറ്റുന്നില്ല. പിണറായി സര്‍ക്കാരിനെപോലെ സിപിഎമ്മുകാരുടെ ചങ്ങലയും പൊട്ടിപ്പൊളിഞ്ഞെന്നാണ് മുല്ലപ്പള്ളി കണ്ടെത്തിയത്. ആ പരിപാടിയില്‍ സിപിഎമ്മുകാര്‍ തന്നെ വന്നിട്ടില്ല. പിന്നെയാ കോണ്‍ഗ്രസുകാര്‍. മുല്ലപ്പള്ളിയെ പറ്റിക്കാന്‍ അങ്ങനെ എളുപ്പത്തില്‍ കഴിയില്ല. ചെന്നിത്തല വിചാരിച്ചിട്ടും പോലും നടന്നിട്ടില്ല. പിന്നെയാ മുരളി.

രാജ്യം അപകടത്തിലാണ്. ഫാസിസം നാടുനശിപ്പിക്കുകയാണ് എന്നൊന്നും രാവിലെയും വൈകിട്ടും കാര്യമില്ലെന്ന് മുല്ലപ്പള്ളി അവര്‍കള്‍ മനസ്സിലാക്കണം. പഴയ ശക്തിയോര്‍ത്ത് പുളകിതനായി കോണ്‍ഗ്രസില്‍മാത്രമാണ് പ്രതീക്ഷ എന്ന് പറയാന്‍ ഏത് കോണ്‍ഗ്രസുകാരനും പറ്റും. ഒന്നിച്ച് നിന്ന് പോരാടാനായില്ലെങ്കില്‍ ഒന്നിച്ച് നില്‍ക്കുന്നവരെ ഭിന്നിപ്പിക്കാതിരിക്കുകയെങ്കിലും മിനിമം വേണം. ഇങ്ങനെയൊക്കെയാണെങ്കിലും മുല്ലപ്പള്ളിക്ക് ഒരു കാര്യം നിര്‍ബന്ധമാണ്. ആര് സമരം നടത്തിയാലും ക്രഡിറ്റ് നമ്മുടെ പാര്‍ട്ടിക്ക് തന്നേക്കണം. 

കോണ്‍ഗ്രസിനെ ഇനി പിടിച്ചാല്‍ കിട്ടില്ല. പുതിയ മുഖവുമായാണ് വരവ്. ഗംഭീര പട്ടിക കണ്ടുപിടിച്ച് അവതരിപ്പിച്ചതിന്റെ അഭിമാനത്തിലാണ് കെപിസിസി പ്രസിഡന്റ്. സ്വയം അഭിനന്ദിച്ചിട്ട് സാറിന് മടുക്കുന്നില്ല.

പട്ടികയില്‍ പക്ഷെ, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നുപറഞ്ഞതുപോലെയാണ് സ്തീകളുടെ അവസ്ഥ. യൂത്തിന്റെ കാര്യം പോട്ടെ. വൃദ്ധന്മാരില്ലാത്തെ ഏക പാര്‍ട്ടിയാണല്ലോ. മഹിളാ കോണ്‍ഗ്രസിന് മഹിളകളുടെ ക്ഷേമം നോക്കേണ്ട ബാധ്യതയുണ്ട്. പട്ടിക വന്നശേഷം മുല്ലപ്പള്ളിക്കൊപ്പം സജീവമായി ഉണ്ടായിരുന്നു ലതിക സുഭാഷിന് രണ്ടുദിവസം കഴിഞ്ഞാണ് അക്കാര്യം ഓര്‍മവന്നത്. ഉടനെ പ്രതിഷേധം ആളിക്കത്തി. നാടകമാണെന്ന് പറയത്തേയില്ല. അത്രയ്ക്ക് ആര്‍ട്ടിഫിഷ്യലായിരുന്നു.

പുനഃസംഘടന, ഭാരവാഹി പട്ടിക എന്നൊക്കെ കേട്ടാല്‍ വെറുതെയിരിക്കാന്‍കഴിയില്ല കെ. മുരളീധരന്.  അതാണ് പണ്ടേ ശീലം. രാഷ്ട്രീയകാര്യസമിതിയില്‍ മാത്രം അഭിപ്രായം പറയുന്ന ചെറുപ്പക്കാരനായിരുന്നു. സമിതി ചേരാത്തത് മുരളിയുടെ കുറ്റമല്ല. രാജ്യം കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നതുപോലെ കേരളം മുരളിയെ ഉറ്റുനോക്കുന്നുണ്ടെന്ന് മുരളിക്ക് നന്നായി അറിയാം. അങ്ങനെ മുരളീധരന്‍ പൊട്ടിത്തെറിച്ചു. 

യുദ്ധം നേരിട്ടാവണം എന്നാഗ്രഹിക്കുന്നയാളാണ് മുല്ലപ്പള്ളി. അത് പിണറായി വിജയനോടായാലും മുരളിയോടായാലും. അതുകൊണ്ട് തന്നെ അടവുകളോരാന്നായി നേരിട്ട് പ്രയോഗിച്ചു. പാര്‍ട്ടിയില്‍നിന്ന് പോയവഴിയും തിരിച്ചുവന്നവഴിയുമൊക്കെ ഓര്‍ക്കണം മുരളീധരന്‍. ശൗര്യം എന്നോട് മാത്രം പോരാ എന്നാണ് മുരളിയുടെ മറുപടി കുത്ത്.

രണ്ടുപേരും ക്ഷീണിതരാണ്. ഗവര്‍ണറോടുള്ള യുദ്ധത്തിനിടെയാണ് മുരളി സ്വന്താക്കാരോട് യുദ്ധം തുടങ്ങിയത്. മുല്ലപ്പള്ളിയാകട്ടെ പിണറായിയോടും പിണറായിക്കൊപ്പം സമരത്തിനുപോയ രമേശ് ചെന്നിത്തലയോടും യുദ്ധത്തിലായിരുന്നു. പോരാത്തതിന് പട്ടികയില്‍ ഇടംപിടിക്കാന്‍ ശ്രമിച്ച സകലരെയും തള്ളി താഴെയിട്ടതിന്റെ ക്ഷീണം വേറെ. ഇങ്ങനെ നില്‍ക്കുമ്പോഴാണ് ചെന്നിത്തല മധ്യസ്ഥവേഷമിട്ട് സഹായത്തിനെത്തിയത്. പുള്ളി ഫോണെടുത്ത് കറക്കി രണ്ടുപേരെയും വിളിച്ചു.  തല്‍ക്കാലത്തേക്ക് വെടിനിര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ.

കൊച്ചിയില്‍ വെള്ളം കയറിയപ്പോ വോട്ടുകുറഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വെള്ളത്തില്‍നിന്ന് ചെളിവാരി പാര്‍ട്ടിക്കാരായ ഹൈബി ഈഡനും മേയര്‍ സൗമിനി ജെയ്നും പരസ്പരം എറിഞ്ഞുകളിച്ചത് കൊച്ചിക്കാര്‍ മറക്കാനിടയില്ല. അങ്ങനെ രണ്ടുവഴിക്ക് പോയ മേയറും എംപിയും ഒരു ഉദ്ഘാടനച്ചടങ്ങില്‍ വേദി പങ്കിട്ട് ഒന്നിച്ചിരുന്നു. പക്ഷെ മിണ്ടാട്ടമില്ല. മേയറോട് നേരത്തെ തന്നെ നേരേ ചൊവ്വേ ക്ഷണാപണം നടത്തിയതെങ്കിലും പരിഗണിച്ച് നിങ്ങള്‍ക്കൊന്ന് മിണ്ടിക്കൂടായിരുന്നോ മേയറേ. പാവം.

ബിഡിജെസിന്റെ കാര്യത്തിലങ്ങനെ തീരുമാനമായി. ജോസ് കെ മാണിയും പി. ജെ. ജോസഫും പരിപോഷിപ്പിച്ച് മുന്നേറുന്ന കേരള കോണ്‍ഗ്രസിനെ പോലെ നല്ലൊരു ഭാവിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്‍ട്ടിയുടെ യഥാര്‍ഥ ഉടമ താനാണെന്ന് പ്രഖ്യാപിച്ച് സുഭാഷ് വാസു രംഗത്തെത്തിയിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പിള്ളി തലകുത്തിനിന്നാല്‍പോലും പാര്‍ട്ടി പിടിക്കാനാകില്ല പോലും. പൊളിക്കും.

തൊണ്ണൂറ് ദിവസത്തിനകം വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പണി അവസാനിപ്പിക്കുമെന്ന് സുഭാഷ് വാസു. യഥാര്‍ഥ ബി.ഡി.ജെ.എസ് തന്റേതാണ്. തുഷാര്‍ തലകുത്തിനിന്നാല്‍പോലും പാര്‍ട്ടി പിടിക്കാനാകില്ല. 

മിഷന്‍ നയന്റി ഡെയ്സ് എന്നാണ് സുഭാഷ് വാസു പുതിയ ഗെയിമിന് ഇട്ടിരിക്കുന്ന പേര്. കയ്യില്‍ ബോംബുമായിട്ടാണ് നടത്തം. ദിവസം മുന്‍കൂട്ടി തീരുമാനിച്ചാണ് സ്ഫോടനം. ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ആ മരട് ഫ്ളാറ്റിന്റെ കാര്യംകൂടി സുഭാഷ് വാസുവിനെ ഏല്‍പ്പിച്ചാല്‍ മതിയായിരുന്നു. പോട്ട്.

മനുഷ്യമഹാശൃംഖലയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിയര്‍പ്പൊഴിവാക്കിയത് ആരെന്ന് ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞേക്കണം. കണ്ണൂരിന്റെ സ്വന്തം. ജയരാജന്‍ സഖാവെന്ന്. ആളെല്ലാംകൂടി കൈകോര്‍ക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ മൈക്ക് മാത്രം പിടിതന്നില്ല. ഇപ്പം ശരിയാകുമെന്ന് സഖാവ് വിചാരിച്ചെങ്കിലും കൈ വേദനിച്ചത് മാത്രം ബാക്കി. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...