ഓരോ വീട്ടിലും ഒരു വര്‍ക്കിങ് പ്രസിഡന്‍റ്; ആ 'കിണാശ്ശേരി' സ്വപ്നം കണ്ട് കോൺഗ്രസ്

thiruva-24
SHARE

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ നേതൃത്വം വഹിക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരിക്ക് മുന്‍പായി പേര് നല്‍കണം. വര്‍ക്കിങ് പ്രസിഡന്‍റ് പോസ്റ്റുകളിലേക്കാണ് ഇനിയുള്ള റിക്രൂട്ട്മെന്‍റ്.  ഏതെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ മൂന്നുവര്‍ഷത്തെ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള ഗ്രൂപ്പ് ലീഡറുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. ഇതൊരു അവസാന അറിയിപ്പായി കണക്കാക്കണം. 

ആദ്യം വെള്ളാപ്പള്ളി നടേശന്‍ ചേട്ടനെ ഒന്ന് ദര്‍ശിച്ചുവരാം. ആള് അല്‍പം ക്ഷീണത്തിലാണ്. ആപത്തുകാലത്താണല്ലോ നമ്മുടെ സാന്നിധ്യം എപ്പോഴും കൊടുക്കേണ്ടത്. അതുകൊണ്ട് മാത്രം അങ്ങോട്ട് പോയി പെട്ടെന്ന് തിരിച്ചുവരാം. സുഭാഷ് വാസുവും ടി.പി. സെന്‍കുമാറും തനിക്കെതിരെ തിരിയുന്നതിന് പിന്നില്‍ ചില ഗൂഡശക്തികളൊക്കെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ. ആ ശക്തി ഇന്ന് നേരിട്ട് പ്രത്യക്ഷപ്പെട്ടു. അഞ്ചുകോടിയുടെ ചിട്ടി പൊട്ടിച്ചായിരുന്നു വരവ്. ചിട്ടി അടിച്ചത് സുഭാഷ് വാസുവിനും.

സുഭാഷ് വാസുവിന് പിന്നില്‍ ബിജെപിയാണോ എന്നൊക്കെ സംശയിച്ചത് വെറുതെയായി. അല്ലെങ്കിലും വെള്ളാപ്പള്ളിയെ വെട്ടാന്‍ ഗോകുലം തന്നെയാണ് നല്ലത്. ഗോകുലത്തിനും അതൊരു സന്തോഷമാവും. കൊല്ലം പത്തുകഴിഞ്ഞു ഈ കളി തുടങ്ങിയിട്ട്. ഇനിയും പച്ചപിടിച്ചില്ലെങ്കില്‍ മഹാബോറാണ്. ഗുരുദേവവചനങ്ങള്‍ വെട്ടിക്കളഞ്ഞ്  ശത്രുവിന്‍റെ ശത്രു മിത്രം എന്നെഴുതി സ്വന്തം ലെറ്റര്‍പാഡില്‍ സുഭാഷ് വാസു ഒരു കത്തെഴുതിയതേയുള്ളു. ഗോകുലം ഗോപാലന്‍ ചേട്ടന്‍ വായിച്ചതും സുഭാഷിനോട് സബാഷ് പറഞ്ഞു. പിന്നെ കാണുന്നതാണ് ഈ ഇരിപ്പ്.

പക്ഷേ  ശ്രീ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിങ് ഇനിയില്ല. കോളജ് ഉണ്ട്. പേരില്ല.  പേരൊക്കെ മാറ്റിക്കഴിഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പേരില്‍ ആരംഭിച്ച് സുഭാഷ് വാസുവിനെ ഏല്‍പ്പിച്ച എന്‍ജിനിയറിങ് കോളജ് കൈയ്യീന്ന് പോയി.  അഞ്ചുകോടി നിക്ഷേപിച്ച് ഗോകുലം ഗോപാലൻ ട്രസ്റ്റിന്റെയും കോളേജിന്റെയും ചെയർമാനായി. നേരത്തെ  പറഞ്ഞതുപൊലെ പോസിറ്റീവ് ആയി കണ്ടാമതി. ഇതിലും വലുത് വരാനിരുന്നതാ എന്നോ മറ്റോവിചാരിച്ചേക്കൂ. അല്ലെങ്കിലും ഒരു എന്‍ജിനീയറിങ് കോളജിന് ചേര്‍ന്നതാണോ നടേശന്‍ ചേട്ടന്‍റെ പേര്. കുട്ടികള്‍ പഠിക്കുന്ന സ്ഥലമല്ലേ. 

ലോകത്ത് ഏറ്റവും വലിയ സങ്കീര്‍ണമായ പ്രശ്നത്തിന് അങ്ങനെ പാതി പരിഹാരമായി. കെപിസിസിയുടെ പുതിയ ഭാരവാഹിപ്പിട്ടിക അങ്ങനെ ഡല്‍ഹിയില്‍ പ്രസിദ്ധീകരിച്ചു. ഇനിയും പട്ടിക പുറകെ വരുന്നുണ്ട്. ഇത് ഇവിടംകൊണ്ടൊന്നും തീരുന്ന േകസേയല്ല. എന്തൊക്കെയായാലും മുല്ലപ്പള്ളി രാമചന്ദ്രന്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് ഇത്തരത്തിലൊരു പട്ടിക എങ്ങനെയാണ് ഹൈക്കമാന്‍ഡ് ഉണ്ടാക്കിയതെന്ന കാര്യത്തില്‍ ഗവേഷണം തന്നെ ആവശ്യമാണ്. മനുഷ്യന്‍റെ ജനിതക ഘടന വേര്‍തിരിച്ചെടുക്കുന്നതിലും ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് കെപിസിസി ഭാരവാഹിപ്പട്ടികയുടെ തയ്യാറാക്കല്‍ എന്നാണ് ലോകാരോഗ്യസംഘടന ഇതേക്കുറിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. 

ഈ കാണുന്ന ഭാരവാഹികളുടെ കുടുംബക്കാരെങ്കിലും കോണ്‍ഗ്രസിന് കൃത്യമായി വോട്ടുചെയ്തിരുന്നേല്‍ ഇവിടെ അവര്‍ക്ക് ഭരണത്തുടര്‍ച്ചയുണ്ടായേനെ.  അതാണ് ഈ വര്‍ക്കിങ് ഭാരവാഹികളെകൊണ്ടുള്ള പ്രവര്‍ത്തനം. മുല്ലപ്പള്ളിക്ക് വലിയ വലിയ ആഗ്രഹങ്ങളാണുണ്ടായിരുന്നത്. പാവം. കെപിസിസി പ്രസി‍ഡന്‍റ് പദവിയിലിരുന്നുകൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ഭാരവാഹികളെക്കുറിച്ച് സ്വ്പനം കാണാനുള്ള അവകാശമെങ്കിലും മുല്ലപ്പള്ളിക്ക് കൊടുക്കേണ്ടതാണ്. പ്രസിഡന്‍റാവുന്ന കാലത്ത് എംപിയായ അദ്ദേഹം ഇപ്പോള്‍ ഒരാള്‍ ഒരു പദവി എന്നാവശ്യപ്പെടുന്നതും ഈ കോണ്‍ഗ്രസ് സ്വഭാവമുള്ളതുകൊണ്ടാണ്. കേരളത്തിലെ ഓരോ വീട്ടിലും ഒരു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ്. അതാണ് പക്ഷേ ഗ്രൂപ്പ് നേതാക്കള്‍ സ്വപ്നം കാണുന്ന കിണാശ്ശേരി.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം  കെപിസിസി പ്രസിഡന്‍റ് വരെ ആകാന്‍ പറ്റുന്ന ആളാണ് താന്‍ എന്ന് വിശ്വാസമുണ്ട്. അത്തരത്തിലാണ് കോണ‍്ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കിയെടുക്കുന്നത്. സത്യത്തില്‍ കേരളത്തിലെ ഒരുവിധം ആളുകളുടെ പ്രശ്നങ്ങളൊക്കെ കെപിസിസി ഭാരവാഹികളാക്കിയാല്‍ തീരുന്നതേയുള്ളു എന്നു തോന്നും ഇവരുടെ നെട്ടോട്ടം കണ്ടാല്‍. അവനവനെ തന്നെ പ്രസിഡന്‍റായി കാണാനാണ് ഓരോ കോണ്‍ഗ്രസുകാരന്‍റേയും ആഗ്രഹം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതുപരിപാടി കണ്ടിട്ടില്ലേ. പരിപാടി കാണാനും കേള്‍ക്കാനും വന്നവരേക്കാള്‍ കൂടുതല്‍ പേര്‍ സ്റ്റേജില്‍ കാണും. അതാണ് ശീലം. സ്റ്റേജിലെ ആളുകളുടെ എണ്ണം നോക്കിയാണ് പരിപാടി വിജയിച്ചോ അതോ പൊളിഞ്ഞോ എന്നൊക്കെ അവര്‍ വിലയിരുത്തുന്നത്. വേദിയില്‍ കസേര തികയാതെ ആളുകള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അപ്പോ കരുതിക്കോണം പരിപാടി സൂപ്പര്‍ ഹിറ്റായി എന്ന്. അതിപ്പോ നിങ്ങളായിട്ട് പാര്‍ട്ടിയെ ഒരു കോലമാക്കിയിട്ട് ബാക്കി ഉണ്ടെങ്കിലല്ലേ ഈ മാധ്യമങ്ങള്‍ക്ക് ക്ഷീണിപ്പിക്കാന്‍ പറ്റൂ. വല്ലോ ബാക്കി വച്ചാല്‍ ഒരു കൈ ശ്രമിക്കാമെന്നേയുള്ളു.

വല്ലാത്തൊരു പാര്‍ട്ടി തന്നെ. ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും നിങ്ങള്‍ക്കറിയില്ല എന്നു പറയാതിരുന്നത് ഭാഗ്യം. അപ്പോ ഒരിടവേള. ഒരു ചുക്കും മനസിലാവാത്ത ഒരു പാര്‍ട്ടിയുണ്ടല്ലോ നമ്മുടെ നാട്ടില്‍. അവിടേയും ഒന്ന് കേറിവരാം. അലനും താഹയും മാവോയിസ്്റ്റുകളാണെന്ന് കേരളത്തില്‍ വിശ്വസിക്കുന്നവര്‍ രണ്ടുകൂട്ടരേയുള്ളു. ഒന്ന് പൊലീസ് പിന്നെ പിണറായിയും പിണറായിയുടെ സില്‍ബന്ദികളും. അങ്ങനെ സിപിഎമ്മിലും രണ്ടുവിഭാഗം വന്നു. വി.എസ്. കാലത്തെ വിഭാഗിയതയ്ക്കു ശേഷം പിണറായി തന്നെ മുന്‍കൈയ്യെടുത്ത് കൊണ്ടുവന്ന ഒന്നാണ് ഈ മാവോയിസ്റ്റ് അപാരത. പാര്‍ട്ടിക്കാര്‍ക്കുപോലും മനസിലാകാത്ത പാര്‍ട്ടിനിലപാട് പലപ്പോഴായി ഉണ്ടാവുമെങ്കിലും ന്യായീകരണക്കാര്‍ക്ക് പോലും മനസിലാകാത്ത നിലപാട് ഇതാദ്യമായാണ്. 

അങ്ങനെ സംഗതിയുടെ കിടപ്പുവശം കീറിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ കാര്യം പുറത്തറിഞ്ഞേക്കും. ഇനിയിപ്പോ പേടി അതല്ല. ആ കുട്ടികള്‍ മാവോയിസ്റ്റുകാരാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണല്ലോ എന്നതാണ്. പെട്ടത് അലനും താഹയും മാത്രമെന്ന് ചുരുക്കം. അങ്ങനെ കോണ്‍ഗ്രസുകാരെപ്പോലെ വല്ലതും വിളിച്ചുപറയുന്നവരല്ലല്ലോ ഈ സിപിഎമ്മുകാര്‍. അവരൊരു വെറൈറ്റി പാര്‍ട്ടി ആണല്ലോ. നല്ല പോലെ ആലോചിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്ന പാര്‍ട്ടിയെന്നാണല്ലോ വയ്പ്. പക്ഷേ മോഹന്‍ മാസ്റ്ററും കൂട്ടരും അന്നേ ദിവസം പാര്‍ട്ടി ക്ലാസില്‍ പോയില്ല. അതുകൊണ്ടാണ്.

അഭിനവ പാര്‍ട്ടി ബുദ്ധിജീവിയും താത്വികാചാര്യനുമായ എം.വി. ഗോവിന്ദന്‍ മാസ്റ്ററിലാണ് പാര്‍ട്ടി നേരിടുന്ന സങ്കീര്‍ണ സാഹചര്യത്തെ കൈകാര്യം ചെയ്ത് രക്ഷിച്ചെടുക്കാനുള്ള സകല ഉത്തരവാദിത്തവും. ഒരു മാസ്റ്ററെ വെട്ടാന്‍ എന്തുകൊണ്ടും മറ്റൊരു മാസ്റ്റര്‍ക്കാണല്ലോ അര്‍ഹത. പക്ഷേ വെട്ട്. അതൊരു ഒന്നൊന്നര വെട്ടായിപ്പോയി. പിണറായി ഭക്തര്‍ കരയരുത്... പ്ലീസ്. പൊതുവില്‍ പൊലീസ് രാജിനെക്കുറിച്ച് പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്. അങ്ങ് യുപിയില്‍ യോഗി ആദിത്യനാഥിന്‍റെ നാട്ടില്‍ പൊലീസ് അതിക്രമം നടന്നാല്‍ അത് യോഗിയുടെ പൊലീസ് രാജ്. ഇവിടെ കേരളത്തില്‍ നടന്നാല്‍ അത് മോദിഭരണത്തിന്‍റെ ബാക്കി. ഇതിലും ഭേദം കൊല്ലായിരുന്നില്ലേ മാഷേ. 

വീണ്ടും പറയുന്നു ഭക്തര്‍ കരയരുത്. പാവം ആണ് ഈ പാര്‍ട്ടി. വയ്യാത്തോണ്ടാണ്. പൊലീസിന് മോദി സ്വഭാവം എന്നുപറയും. ആ പോലീസ് പറയുന്നത് അതേപടി വിഴുങ്ങേണ്ടിയും വരുന്ന സാഹചര്യം. പോരാത്തതിന് മാധ്യമങ്ങളെ പേടിച്ച് നിലപാട് മാറ്റുകയും ചെയ്യുന്നു. 

ഈ പാര്‍ട്ടിയെ ഓര്‍ത്ത് ഒന്ന് പൊട്ടിക്കരയാന്‍ തോന്നുന്നത് ഒരു തെറ്റാണോ...ആണോ...നിങ്ങള് പറ. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയ്ക്ക് ഈ അവസരത്തില്‍ ചില ചോദ്യങ്ങളുണ്ട്. ഉത്തരം കിട്ടില്ലെന്നറിയാം. എന്നാലും. കേരളത്തിന് ഗവര്‍ണര്‍ ഒരു അലങ്കാരമാകുന്നത് ഇപ്പോഴാണ്. ഇവിടുന്ന് രണ്ടുപേരെ മിസോറാമിലേക്ക് അയച്ചപ്പോള്‍ മിസോറാമുകാരെ നോക്കി കൊ‍ഞ്ഞനം കുത്തിയവര്‍ക്ക് കിട്ടിയ കിട്ടാണ് ഇത്. ഇതിപ്പോ പാലക്കാട്ടെ ബിജെപി പ്രാദേശിക നേതാക്കള്‍ക്ക് വരെ ഗവര്‍ണറാണ് പാര്‍ട്ടി പ്രസിഡന്‍റ്. പാവങ്ങള്‍. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...