സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത അധ്യാപകന്റെ ഉപദേശം; എന്തും സഹിക്കുന്ന ജനം

modi-pariksha-pa-charcha-thiruva-ethirva845
SHARE

ജംബോ ഭാരവാഹികള്‍ ഇനി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടാകില്ല എന്ന് നൂറാവര്‍ത്തിപറഞ്ഞാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മടിക്കുത്തില്‍ തിരുകിയ കുഞ്ഞിപ്പട്ടികയുമായി ഡല്‍ഹിക്ക് വണ്ടികയറിയത്. ഇരട്ടപ്പദവി ഇല്ലാതാക്കി ഒരു സ്റ്റേജില്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിന് കോണ്‍ഗ്രസിന്‍റെ ഭരണ സംവിധാനത്തെ കൊണ്ടവരുകയായിരുന്നു ലക്ഷ്യം. നിലവില്‍ പുത്തരിക്കണ്ടം മൈതാനത്തോ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലോ പൂജപ്പുര മൈതാമത്തോ ഒക്കെയാണല്ലോ കെപിസിസി യോഗം ചേരുക. അത്രക്കാണ് ഖദര്‍ ബാഹുല്യം. 

പറഞ്ഞുവന്നതെന്തെന്നാല്‍ ഭാരവാഹികളുടെ എണ്ണം കുറക്കാന്‍ മുല്ലപ്പള്ളി ഇറങ്ങിത്തിരിക്കുമ്പോള്‍ രണ്ട് എന്നതായിരുന്നു വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ എണ്ണം. ജംബോ പട്ടിക ഇല്ലാതാക്കി ഇല്ലാതാക്കി വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ എണ്ണം ആറെണ്ണത്തിലേക്ക് എത്തിച്ചു. ലോറിക്കണക്കിന് ഭാരവാഹികളുമായി മുല്ലപ്പള്ളി മടങ്ങിവരുന്നത് കാണാന്‍ കണ്ണുനട്ടിരിക്കുന്നതിനിടയില്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ഓഖി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസ്. സര്‍ക്കാരിന്‍റെ കൈയ്യില്‍നിന്ന് ദുരിതാശ്വാസം ഒന്നും കിട്ടാതെ വന്നപ്പോള്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് ഒന്നരവര്‍ഷത്തിനൊടുവില്‍  സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവോടെയാണ് തിരിച്ചുകയറിയത്. സര്‍വീസില്‍ തിരിച്ചെടുത്തപ്പോള്‍ അരിവാളുണ്ടാക്കുന്ന പണിക്കാണ് പിണറായി ജേക്കബ് തോമസിനെ വിട്ടത്. 

മെറ്റല്‍ ഇന്‍ട്രസ്റ്റീസ് ചെയര്‍മാന്‍ പദവിയില്‍. ഇത്രയുമൊക്കെ ആയിട്ടും അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന അവസ്ഥയിലായിരുന്നു സാക്ഷാല്‍ പിണറായി. വരുന്ന മെയ്മാസത്തില്‍ കക്ഷി വിരമിക്കുകയാണ്. അതിനു മുന്‍പ് പറ്റാവുന്ന തരത്തിലൊക്കെ പണി കൊടുക്കുന്നതിന്‍റെ ഭാഗമായി ഒരു നൈസ് തരം താഴ്ത്തലാണ് ഇക്കുറി സമ്മാനം.  തന്‍റെ പുസ്തകത്തിന്‍റെ പേര് ജേക്കമ്പ് തോമസ് നത്തോലിക്കൊപ്പം നീന്തുമ്പോള്‍ എന്ന് മാറ്റാതിരുന്നാല്‍ മതിയാരുന്നു.

കൊണ്ടുനടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ. മുഖ്യമന്ത്രിക്കുപ്പായത്തിനായി തയ്യല്‍കട തിരഞ്ഞ പിണറായി വിജിലന്‍സ് ഡയറക്ടറുടെ കുപ്പായം തുന്നുന്ന കടകൂടി കണ്ടുപിടിക്കുകയും ജേക്കബ് തോമസിന് പറ്റിയതൊന്ന് തുന്നാല്‍ സ്വന്തം ചിലവില്‍ തുണി വാങ്ങി നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷമുള്ളമാണ് തനിക്ക് നീന്തലില്‍‌ കമ്പമുണ്ടെന്നും സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ത്രില്ല് കൂടുമെന്നും ഐപിഎസുകാരന്‍ തിരിച്ചറിഞ്ഞത്. തന്നെ സ്രാവെന്ന് വിളിച്ചതിനുള്ള ശിക്ഷകൂടിയാണ് പിണറായി സര്‍ക്കാര്‍ തോമാച്ചായനു നല്‍കിയത്. 

സസ്പെന്‍ഷന്‍ കാലയളവില്‍ ജേക്കബ്  തോമസ് പല നാടുകളിലെയും സംസ്കാരങ്ങള്‍ നന്നായി പഠിച്ചു. സര്‍ക്കാരുകള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ പാലിക്കുന്ന പൗരന്മാരെ കണ്‍കുളിര്‍ക്കെ കണ്ടു. അപ്പോള്‍ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. സെന്‍കുമാറിനെപ്പോലെ തന്ന കാക്കി ഊരാന്‍ ജേക്കമ്പ് തോമസിനും താല്‍പ്പര്യമുണ്ടെന്നു തോന്നുന്നില്ല

പരീക്ഷകളെ നേരിടാന്‍ കുട്ടികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരീക്ഷ പേ സംവാദം നടത്തി. മോദി ഭരണത്തില്‍ വന്നതില്‍ പിന്നെ എന്തിനെയും നേരിടാന്‍ തയ്യാറായാണ് ജനം ഓരോ ദിവസവും ഉണര്‍ന്നെണ്ണീക്കുന്നതു തന്നെ. പിന്നെ കുട്ടികള്‍ക്കു മാത്രമായി എന്തിനാണ് ഇങ്ങനെ ഒരു പ്രഹസനമെന്നു മനസിലാകുന്നില്ല. എത്ര തിരഞ്ഞിട്ടും കിട്ടാത്ത മോദിയും ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് എതിരാളികള്‍ ആയുധമാക്കുന്ന പ്രധാന സംഗതി. 

എട്ടാം ക്ലാസ് പാസായാലും സര്‍ക്കാര്‍ ജോലി കിട്ടിയിരുന്ന ആ പഴയ കാലത്ത് ബിഎ പാസായ ആള്‍ എന്തിനാണ് ചായ വിറ്റുനടന്നതെന്ന സംശയം വരെ എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളെ ഒന്നുപദേശിക്കുന്നതിന് സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലമൊന്നും ആവശ്യമില്ലല്ലോ. പഠിക്കാന്‍ നല്ല സമയം പുലര്‍കാലമാണ് എന്നാണ് മോദി പറയുന്നത്. പണിതരാന്‍ പറ്റിയ സമയം രാത്രി എട്ടു മണിയാണെന്ന് ജനങ്ങളും ആത്മഗതം പറയുന്നു. 

ഇനി പറയാന്‍ പോകുന്നത് മുഖ്യനെക്കുറിച്ചാണ്. അത് പറയും മുമ്പ് മുഖ്യന് പറയാനുള്ളത് ആദ്യം നമുക്കൊന്നു കേള്‍ക്കാം. എന്താണ് ആ പഴയ ശീലങ്ങള്‍. രാജാവ് വരുമ്പോള്‍ പ്രജകള്‍ വഴിമാറണം എന്നൊക്കെ കേട്ടിട്ടില്ല. തിരുവുള്ളക്കേടുണ്ടാതാകാതിരിക്കാന്‍ വഴി ഒരുക്കിയിടുകയും വേണം. രാവിലെ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയ ഒരു ജീവനക്കാരി അറിയാതെ ആ രാജപാതയില്‍പ്പെട്ടു. അംഗരക്ഷകര്‍ അവരെ പറപറത്തി. 

ശുചീകരണം എന്ന് മുഖ്യന്‍ പറയുന്നതിനെ ഭൃത്യന്മാര്‍ എങ്ങനെയാണ് എടുക്കുന്നത് എന്നു കണ്ടല്ലോ അല്ലേ. ഭരണത്തിന്‍റെയും ദേഷ്യത്തിന്‍ററെയും ഇടവേളയില്‍ കൃഷി ചെയ്യാനും മുഖ്യന്‍ സമയം കണ്ടെത്തുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതി ഉദ്ഘാടനം വയലും വീടും പരിപാടി ആയി മാറിയോ എന്നാണ് സംശയം. പക്ഷേ നല്ലകാര്യമാണ് പറയുന്നത്. ചില ജൈവചിന്തകള്‍. 

ആചാരങ്ങളാകുമ്പോള്‍ അത് പാലിക്കാതെ വയ്യ. ബജറ്റ് നിര്‍മാണത്തിനൊപ്പം കേന്ദ്ര ധനകാര്യ വകുപ്പ് ഹല്‍വയും ഉണ്ടാക്കുമത്രേ. ബജറ്റ് പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക തുടക്കം അങ്ങനെയാണ്. ഹല്‍വയാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ പിന്നെ സാമ്പത്തിക പ്രശ്നത്തെക്കുറിച്ച് കമാന്നൊരക്ഷരം ഉരിയാടില്ലല്ലോ. അല്ലെങ്കിലും നിര്‍മല സീതാരാമന്‍ വാചകക്കാരി മാത്രമല്ല നല്ലൊരു പാചകക്കാരിയുമാണ്. ഹല്‍വായില്‍ മധുരം അല്‍പ്പം കുറഞ്ഞാലും ബജറ്റില്‍ ഒന്നും കുറയാതിരുന്നാ മതിയാരുന്നു.

പൗരത്വ നിയമഭേദഗതി വിഷയത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കടുത്ത പോരാണ്. ഹവര്‍ണര്‍ മര്യാദരാമനാകണമെന്ന് മുഖ്യനൊക്കെ അടിക്കടി പറയുന്നുണ്ട്. എന്നാല്‍ ഇത്തരം പറച്ചിലില്‍ തെല്ലും താല്‍പ്പര്യമില്ലാത്ത ആളാണ് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍. ചെയ്താണ് പ്രതാപന് ശീലം. സിഎഎക്കെതിരെ റാലി നടത്തിയ ശേഷം ഡല്‍ഹിയിലെത്തിയ പ്രതാപന്‍ ഒരു സ്വകാര്യ ബില്ലവതരണത്തിന് അനുമതി തേടി. ആവശ്യം സിംപിളാണ്. ഇന്ത്യയിലെ ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം. ഈ ബില്ല് അവതരിപ്പിക്കാനുള്ള അവസരം നറുക്കെടുപ്പിലൂടെയാണ് താരുമാനിക്കുക. ഇടക്കിടത്ത് ഭാഗ്യക്കുറി നറുക്കു വീഴാറുള്ള പ്രതാപന്‍ പ്രതീക്ഷയിലാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...