കട്ടക്കലിപ്പിൽ രാജേട്ടൻ; ഞെട്ടി അധ്യക്ഷനില്ലാ താമര പാർട്ടി

thiruva
SHARE

പുതിയ അധ്യക്ഷന്‍ വരുമ്പോള്‍ പഴയ അധ്യക്ഷന് യാത്രയയപ്പ് കൊടുക്കുന്ന പതിവ് സാധാരണ രാഷ്ട്രീയ പാര്‍ട്ടികളിലൊക്കെയുണ്ടാകാറുണ്ട്. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ നിന്നൊഴിഞ്ഞ അമിത്ഷാജിക്ക് പാര്‍ട്ടി അങ്ങനെയൊന്ന് നല്‍കികണ്ടില്ല. കാരണം ഊഹിക്കാവുന്നതേയുള്ളൂ. സീറ്റല്ലേ മാറുന്നുള്ളൂ. തീരുമാനങ്ങളെടുക്കാനുള്ള അധികാരമൊന്നും മാറുന്നില്ലല്ലോ. ന്യായമാണ്. എന്തായാലും ഇക്കണ്ടകാലം നാട്ടുകാരെക്കൊണ്ട് നിറയെപറയിച്ച ഷാജിയേട്ടന്‍ അത് തുടരുകതന്നെചെയ്യുമെന്ന് മനസിലുറപ്പിച്ചുകൊണ്ട് തുടങ്ങുകയാണ് തിരുവാ എതിര്‍വാ

എന്‍ഡിഎയുടെ, കേരളത്തില്‍ അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. അങ്കിലും ആചാരം പാലിക്കാന്‍ വേണ്ടി പറയുകയാണ്. എന്‍ഡിഎയുടെ കേരളത്തിലെ ഏക എംഎല്‍എ ഒ രാജഗോപാല്‍ ഒരു റിബലാണ് എന്ന് ചിലപ്പോള്‍ നമുക്ക് തോന്നും. പാര്‍ട്ടിയുടെ ഒഴുക്കിനെതിരെ നീങ്ങുന്നതാണ് പലപ്പോഴും കക്ഷിയുടെ രീതി. അത് റിബലായതുകൊണ്ടല്ല മറിച്ച് പാര്‍ട്ടി ഒഴുകാതെ വളരാതെ ഇങ്ങനെ നില്‍ക്കുമ്പോള്‍ എങ്ങോട്ടൊഴുകണമെന്ന് മനസിലാകാത്തതിനാല്‍ കാറ്റത്ത് രാജേട്ടന്‍ മെല്ലെ നീങ്ങുന്നതാണെന്ന് സംശയിക്കേണ്ടതുണ്ട്. നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പുസമയത്ത് രാജേട്ടനെന്ന കറ തീര്‍ന്ന ഭക്തനെ നമ്മള്‍ കണ്ടതാണ്. ശ്രീരമകൃഷ്ണന്‍ മഹാവിഷ്ണുവിന്‍റെ മറ്റൊരവതാരമാണെന്ന് വിശ്വസിച്ചാണ് അന്ന് രാജേട്ടന്‍ ഭരണപക്ഷത്തിനനുകൂലമായി കൈപൊക്കിയത്. അന്ന് ആ കൈ അറിയാതെ പൊങ്ങിയതാണെന്ന് പാര്‍ട്ടി വിശ്വസിച്ചിട്ടില്ല. പിന്നീട് ഇന്നാണ് പാര്‍ട്ടി ഒ രാജഗോപാലിനെ വീണ്ടും നോക്കിയത്. സര്‍ക്കാരിനനുകൂലമായ ആ കൈ ഇപ്പോളും രാജേട്ടന്‍ താത്തിട്ടില്ലെന്ന് കണ്ട അധ്യക്ഷനില്ലാ താമര പാര്‍ട്ടി ഞെട്ടി തരിച്ചുപോയി. സര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളുന്ന ഗവര്‍ണര്‍ പൊടിക്കൊന്ന് അടങ്ങണം എന്നാണ് ഈ സ്വാത്തികന്‍ പറയുന്നത്

അതെ ബിജെപിക്ക് ഒന്നും മനസിലാകുന്നില്ല. പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്തതിന്‍റെ കലിപ്പ് രാജഗോപാല്‍ ആദ്യമായല്ല വെളിവാക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പിന്തുണച്ച് കൂടുതല്‍ ഉയര്‍ന്നുനിന്ന കൈയ്യും മറ്റൊരാളിന്‍റെ ആയിരുന്നില്ല. ഇതിന്‍റെയൊക്കെ ഫലമായി പാര്‍ട്ടിയിലെ പൗരത്വം നഷ്ടമാകാതിരുന്നാമതിയാരുന്നു.

ഒരു ചായകുടിച്ചാല്‍ അവസാനിക്കുന്നതാണ് പ്രശ്നങ്ങളെന്ന് രാജഗോപാല്‍ കരുതുന്നു. ഉയരംകൂടുംതോറും ചായക്ക് കടുപ്പം കൂടും എന്നാണ്. അങ്ങനെയാണെങ്കില്‍ മുഖ്യനും ഗവര്‍ണറും തമ്മിലുണ്ടാകണം എന്ന് രാജേട്ടന്‍ വിചാരിക്കുന്ന ആ ചായ സല്‍ക്കാരം കനകക്കുന്നിലോ മറ്റോ വച്ച് നടത്താവുന്നതാണ്. പക്ഷേ ഇതോടെ പാര്‍ട്ടിയില്‍നിന്ന് രാജേട്ടന് പച്ചവെള്ളംപോലും കിട്ടാത്ത അവസ്ഥഉണ്ടാകാനാണ് ചാന്‍സ്. അധ്യക്ഷനില്ലാത്ത അവസ്ഥയില്‍ ഗവര്‍ണറുടെ നിഴലില്‍ ചവിട്ടി എണ്ണീറ്റുനില്‍ക്കാന്‍ കേരള ബിജെപി നടത്തിയ നീക്കത്തിനെയാണ് ഒരു കരുണയുമില്ലാതെ ഇങ്ങനെ നുള്ളിയത്.

രാജേട്ടന്‍ ആഗ്രഹിച്ചതുപോലെയല്ല കാര്യങ്ങള്‍. നിയമസഭയും നയപ്രഖ്യാപനവുമൊക്കെ പടിവാതിലിലെത്തിയതുകൊണ്ട് വെടി നിര്‍ത്തി സര്‍ക്കാര്‍ തോക്കു താഴെ വച്ചെങ്കിലും വേട്ട മതിയായില്ലെന്നുപറഞ്ഞ് ആരിഫ് മുഖമ്മദ് ഖാന്‍ നിറയൊഴിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ന് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി കനപ്പെട്ട ഒരു വിശദീകരണം നല്‍കിയെങ്കിലും മുഖ്യന്‍ മാത്രമല്ല കേരളത്തില്‍ വന്നതിനുശേഷം താനും അരിയാഹാരമാണ് കഴിക്കുന്നതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. എന്നുവച്ചാല്‍ സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന്. പണ്ടേ ഒന്നിലും തൃപ്തിവരാത്ത ആളാണ് ആരിഫ് മുഖമ്മദ് ഖാന്‍. അതുകൊണ്ടാണ് പാര്‍ട്ടികള്‍ മാറിമാറി കളിച്ചതും ഇപ്പോള്‍ ഈ പദവിയിലൊക്കെ എത്തിപ്പെടാന്‍ കഴിഞ്ഞതും. അപ്പോ നയപ്രഖ്യാപനം ഒരു ഒന്നൊന്നര വെടിക്കെട്ടാകും എന്ന് പ്രതീക്ഷിക്കാം.

പൗരത്വ ഭേദഗതി നിയമം ജനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെ ബാധിക്കില്ലെന്നുഫറയാനുള്ള ധൈര്യം സാക്ഷാല്‍ അമിത്ഷാക്ക് പോലുമില്ല. ബിജെപിയുമായി എല്ലാവരും ‍‍തെറ്റി. ഇടതിന്‍റെ തോളില്‍ കൈയ്യിട്ട രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയും തമ്മില്‍ തെറ്റി. അങ്ങനെ ആകെ പ്രശ്്നമാണ്. സംയുത്ക സമരമെന്ന ആശയം മരടിലുണ്ടായ ഫ്ലാറ്റ് സ്ഫോടനത്തിലും വലിയ പ്രകമ്പനം കോണ്‍ഗ്രസില്‍ ഉണ്ടാക്കുന്നതുകണ്ടിട്ടാകണം പിണറായി വീണ്ടും ചെന്നിത്തലയെ കൈ ആട്ടി വിളിക്കുകയാണ്. ഒന്നിച്ചിരിക്കാന്‍ .

പാര്‍ട്ടിയിലെ ഇരട്ട പൗരത്വത്തിനെതിരെ കൊടിപിടിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ആശ്വസിക്കാവുന്നതൊന്നുമല്ല കേരളത്തില്‍ നടക്കുന്നത്. ഗ്രൂപ്പിനതീതമായ പറക്കാന്‍ കെല്‍പ്പുള്ളവനാണ് താനെന്ന ചിന്ത അവസാനനിമിഷം വരെ വെടിയാതിരിക്കാന്‍ മുല്ലപ്പള്ളി ശ്രമിക്കുന്നുണ്ടെങ്കിലും ഇത് കോണ്‍ഗ്രസാണെന്ന് അറിയാവുന്നവരാരും അത് വിശ്വസിച്ചിട്ടില്ല. ഒരു വേദിയിലൊതുങ്ങാത്ത ഭാരിവാഹികളെന്നത് കോണ്‍ഗ്രസിന് ഒരു അലങ്കാരവും അഹങ്കാരവുമാണ്. എംപി സ്ഥാനം എന്നത് ഒറ്റപദവി, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റെന്നത് മറ്റൊരു ഒറ്റപദവി. അതാണ് കെ സുധാകരന്‍റെയും കൊടിക്കുന്നില്‍ സുരേഷിന്‍റെയും നിലപാട്. പാദം വരെ നീളമുള്ള ബര്‍മുഡ എന്ന് പറയുന്ന ഏര്‍പ്പാടിലാണ് ഇരുവരും വിശ്വസിച്ചു പോരുന്നത്. ഒറ്റപദവിയെന്ന പിടിവാശി മുല്ലപ്പള്ളി ഡല്‍ഹിയില്‍ കുഴിച്ചുമൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ആള്‍ക്കൂട്ടപട്ടിക ഉടന്‍ കൈമാറിയേക്കും. നാട്ടുകാര്‍ക്കെല്ലാം എല്ലാം അറിയാം എന്ന സുതാര്യതയാണ് ഈ പാര്‍ട്ടിയുടെ മറ്റൊരു പ്രത്യേകത

വേലിയിലിരുന്ന സുഭാഷ് വാസുവിനെയെടുത്ത് ബിഡിജെഎസില്‍വച്ചു എന്നതാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അവസ്ഥ. വേലി പൊളിയുമെന്നായപ്പോള്‍ സുഭാഷിനെ പാര്‍ട്ടി പുറത്താക്കി. പട്ടാള നീക്കമെന്നൊക്കെ പറയുന്നതുപോലെ പൊലീസ് നീക്കവുമായിവന്ന് സുഭാഷ് വാസു പാര്‍ട്ടിയെ കീഴടക്കുമോ എന്നറിയില്ല. കാരണം പുള്ളിയുടെ തേരാളി ടിപി സെന്‍കുമാറാണ്. ഇപ്പോളും താനാണ് കേരളത്തിലെ ക്രമസമാധാനം നിയന്ത്രിക്കുന്നത് എന്നു വിശ്വസിക്കുന്ന സെന്‍കുമാര്‍. എന്തായാലും ബിഡിജെഎസിന് ബിജെപിയില്‍ നിന്ന് ഒന്നും കിട്ടനില്ല. മുന്നണി സംവിധാനത്തിന് പ്രത്യേകിച്ച് സംസ്ഥാനത്ത് പണിയില്ലതാനും. അപ്പോള്‍പിന്നെ വിഴിപ്പലക്കല്‍ തുടങ്ങിയാട്ടെ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...