ഒരു സംയുക്ത സമര 'സ്വപ്നം' തകർന്ന കഥ

thiruva-17
SHARE

കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും കേരളത്തിലേക്ക് ഗവര്‍ണര്‍ നിയമനം കിട്ടി വന്ന  ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ തര്‍ക്കം തുറന്ന പോരിലെത്തി. എന്നാലല്ലേ അതിനൊരു രസമുള്ളു. പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ കേസിനു പോയത് തന്നെ അറിയിച്ചില്ല എന്നതാണ് ഗവര്‍ണറുടെ പ്രശ്നം. അറിയിച്ച് അനുഗ്രഹം ചോദിച്ചാല്‍ വാരിക്കോരി കൊടുന്ന ആളാണ് ഗവര്‍ണര്‍ എന്ന് മുഖ്യമന്ത്രിക്ക് തോന്നിക്കാണില്ല. അതാകണം ചോദിക്കാത്തത്.  ആദ്യമേ അദ്ദേഹം ഒരു കാര്യം പറഞ്ഞു. 

അതായത് ഇതൊരു വാര്‍ത്താ സമ്മേളമല്ല. മാധ്യമങ്ങളെ ക്ഷണിച്ചതു പോലുമില്ല. ചുമ്മാ ഇങ്ങനെ പത്രക്കാരെ കണ്ടപ്പോള്‍ വല്ലതും മിണ്ടിയും പറഞ്ഞും പോകാം എന്നു കരുതി . അത്ര മാത്രം. ഇങ്ങനെയായിട്ടും കൃത്യമായി അടുക്കി പെറുക്കി പറയാനും , തന്‍റെ പോയിന്‍റുകള്‍ വ്യക്തമാക്കുന്ന ഭരണഘടനാ ഭാഗങ്ങളുടെ കോപ്പി തയാറാക്കി കൊണ്ടു വരാനും കാണിച്ച ആ നല്ല മനസ്സിനെ നമ്മള്‍ കാണാതിരിക്കരുത്.  സംസ്ഥാനത്ത് ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്ന നിലയില്‍ താനാണ് മുമ്പന്‍ എന്നാണ് ഗവര്‍ണര്‍ക്ക് ഇന്ന് സ്ഥാപിക്കാനുണ്ടായിരുന്നത്.

ഒരിക്കല്‍ കൂടി പ്രേക്ഷകരെ ഓര്‍മിപ്പിക്കട്ടെ, ഇത് ഗവര്‍ണര്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനം അല്ല. പറയാന്‍ കാരണം, അദ്ദേഹത്തിന് അല്ലെങ്കില്‍ തന്നെ ഒരു ചീത്തപ്പേരിപ്പോള്‍ ഉണ്ട് പബ്ളിസിറ്റിക്കു വേണ്ടി നടക്കുന്ന ആളാണെന്ന്. പണ്ട് പിസി ജോര്‍ജൊക്കെ ദിവസം മൂന്ന് നാലു തവണ മാധ്യമങ്ങളെ കാണുന്നതിന്‍റെ ഓര്‍മയാണ് ചിലര്‍ക്ക് ഇപ്പോള്‍ ഗവര്‍ണറെ കാണുമ്പോള്‍ വരുന്നത്. 

ഈ പറഞ്ഞ കാര്യം. അതായത് ജനങ്ങളുടെ മണി അഥവാ പണത്തിന്‍റെ കാര്യം. ഈ ഗവര്‍ണര്‍ സംവിധാനം ഉണ്ടായതു മുതല്‍ കേള്‍ക്കുന്നതാണ്. ജനങ്ങളുടെ പണം ചുമ്മാ കളയാനല്ലാതെ എന്തിനാണ് ഗവര്‍ണറും കുറേ പരിവാരങ്ങളും എന്ന്. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാ‍ര്‍ സംസ്ഥാന നിയമസഭയുടെ ഏകകണ്ഠമായ വികാരത്തിനനുസരിച്ച് ഒരു കേസിന് പോകുന്നതു പോലും അനാവശ്യ ചെലവായി ചൂണ്ടിക്കാണിക്കപ്പെട്ട സ്ഥിതിക്ക് മന്ത്രിസഭ കൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാനും ഉത്തരവുകള്‍ ഒപ്പിടാനും റിപ്പബ്ളിക് ദിനത്തില്‍ പതാക ഉയര്‍ത്താനുമൊക്കെയായി ഈ ഒരു വലിയ ചെലവ് വേണമോ എന്ന ചര്‍ച്ചക്കും ഇതേ ഗവര്‍ണര്‍ തന്നെ തുടക്കമിടും എന്ന് പ്രതീക്ഷിക്കാം.  ചരിത്രപരമായ പലതീരുമാനങ്ങളും എടുത്ത കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍  ചിലപ്പോള്‍ ഏവരെയും ഞെട്ടിച്ച് ഇക്കാര്യത്തിലും ഒരു തീരുമാനമെടുത്തേക്കാം

അത് വ്യക്തമാക്കിയത് ഏതായാലും നന്നായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിന്‍റെ കുറവ് നികത്തുകയാണ് ഗവര്‍ണര്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ഇതു കേട്ടെങ്കിലും മനസിലാക്കട്ടെ.  സംഗതി കേരളത്തിന്‍റെ മൊത്തം ഗവര്‍ണറാണെങ്കിലും ബിജെപിക്കാര്‍ മാത്രമാണ് അല്‍പമെങ്കിലും പിന്തുണ ആരിഫ് മുഹമ്മദ് ഖാന് കൊടുക്കുന്നത്. ഈ ഭരണഘടന, വകുപ്പ് , നിയമം എന്നൊക്കെ പറഞ്ഞ് ആകെ കടുപ്പമുള്ള വിഷയമായതുകൊണ്ട് അങ്ങനെ കാര്യങ്ങള്‍ വിശദീകരിച്ച്  ഉറപ്പിച്ച് ഒരു പിന്തുണ കൊടുക്കാനും പറ്റുന്നില്ല. ഇത്തരം  കാര്യങ്ങളിലൊക്കെ 

 ഒരുവിധം പിടിപാടുണ്ടായിരുന്ന  ശ്രീധരന്‍ പിള്ള വക്കീലാണെങ്കില്‍ മിസോറാമില്‍ ഗവര്‍ണറായി പോകുകയും ചെയ്തു. അദ്ദേഹം എന്തൊക്കെയായാലും സമയം കണ്ടെത്തി ആരിഫ് മുഹമ്മദ് ഖാന് നല്ല സ്ട്രോങ് പിന്തുണ കൊടുത്തു

നമ്മുടെ ഗവര്‍ണര്‍ക്കെതിരെ പലര്‍ക്കും പല വിമര്‍ശനങ്ങളും ഉണ്ടാകാം. മറ്റ് ചില ഗവര്‍ണര്‍മാരെക്കുറിച്ച് കേള്‍ക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന്‍ എത്ര മഹാന്‍ എന്ന് തോന്നുന്നത് . ബംഗാളില്‍ ഒരു ഗവര്‍ണറുണ്ട്. ജഗ്ദീപ് ധന്‍കര്‍. മഹാഭാരതത്തിലെ അര്‍ജുനന്‍റെ അമ്പുകള്‍ക്ക് ആണവ ശേഷി ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതായാണ് അവസാനം കേട്ടത്. അതും ഏതോ ശാസ്ത്ര മേളയില്‍ പറഞ്ഞതാണ്. ഏതായാലും നമ്മുടെ ഗവര്‍ണര്‍ അങ്ങനെയൊന്നും ആയില്ലല്ല. അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.

കാര്യങ്ങളെന്തൊക്കെയായാലും പിണറായി വിജയനാണ് ഈ പ്രശ്നങ്ങളിലൊക്കെ മൈലേജ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഫാസിസത്തിനെതിരെ പോരാടാനാണ് താന്‍ ഭൂമിയില്‍  അവതരിച്ചത് എന്ന മട്ടിലാണ് പുള്ളിയുടെ നടപ്പും ഭാവവും.  ഗവര്‍ണര്‍ക്കെതിരായ പോരാട്ടം കൂടിയായപ്പോള്‍ ഫാന്‍സിനിടയില്‍ നല്ല റേറ്റിങായി അദ്ദേഹത്തിന്. ഫാസിസമാണോ സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണോ ഏറ്റവും വലിയ പ്രശ്നം എന്ന കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസിന്  എന്തു ചെയ്യണമെന്ന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. ഒടുവില്‍ അവര്‍ വമ്പിച്ച ഒരു പ്രക്ഷോഭം അങ്ങ് പ്രഖ്യാപിച്ചു. 

ആ തീയതി ഒന്നു കൂടി പറയണേ. രാഷ്ട്രപിതാവിന്‍റെ കാര്യമല്ലേ. അതുകൊണ്ടാ. നിങ്ങളാദ്യം ഗാന്ധിജി  കൊല്ലപ്പെട്ട ദിവസത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്ത്. ഫാസിസത്തെ നേരിടുന്നത് നമുക്ക് പിന്നീട് നോക്കാം. ഏതായാലും അക്കാര്യത്തില്‍ ധാരണയായ സ്ഥിതിക്ക് ഇനി ബാക്കി കേള്‍ക്കാം. അങ്ങനെ യുഡിഎഫ് ഒരു വെറൈറ്റി സമരം നടത്താന്‍ തീരുമാനിച്ചു. അതില്‍ അവരെ അഭിനന്ദിക്കണം. യുഡിഎഫ് ഇങ്ങനെ പ്രത്യേക സമരത്തില്‍ പോകുമ്പോള്‍ വിഷമം മുഖ്യമന്ത്രിക്കാണ്. ഒരു സംയുക്ത സമരം എന്ന സ്വപ്നം തകര്‍ന്ന കഥ അദ്ദേഹം ഇപ്പോള്‍ എല്ലാ വേദികളിലും പറഞ്ഞ് കരയാറുണ്ട്.

അങ്ങനെയങ്ങ് ഏകപക്ഷീയമായി പറഞ്ഞു കളയരുത്. കോണ്‍ഗ്രസിന്‍റെ സംസ്ഥാന  അധ്യക്ഷനെ പിന്നാലെ നടന്ന് സിപിഎമ്മുകാര്‍ വിമര്‍ശിച്ച കൊണ്ടല്ലേ അവര്‍ വിട്ടിട്ടു പോയത്.  മുല്ലപ്പള്ളിയുമായി ഒന്ന് രമ്യതയിലെത്താന്‍ പിണറായിക്ക് പറ്റാത്തതിന് കോണ്‍ഗ്രസിനെ ഇങ്ങനെ വിമര്‍ശിക്കരുത്. മുല്ലപ്പള്ളിയോട് പിണറായിക്ക് പണ്ടു മുതലേ വലിയ സ്നേഹമാണെന്ന് എല്ലാവര്‍ക്കും അറിയാം. ചെന്നിത്തല ഒ കെ. പക്ഷേ മുല്ലപ്പള്ളിയുമായി ഒന്നിച്ചിരുന്ന് സമരം ചെയ്യുന്ന കാര്യം ചിന്തിക്കാന്‍ പറ്റുമോ പിണറായിക്ക്

യുഡിഎഫുമായി ചേര്‍ന്ന് സമരം ചെയ്യാനാകാത്തതിന്‍റെ ദുഖം പിണറായിയെ ഇനിയും വളരെ നാള്‍ പിന്തുടരും. ഉറപ്പ്. യുഡിഎഫ് സംയുക്ത സമരത്തില്‍ നിന്ന് വിട്ടു പോയതില്‍ പിണറായിക്ക് രഹസ്യമായി വലിയ സന്തോഷമാണ്. താന്‍ ഒന്നിച്ചുള്ള സമരത്തിന് മുന്‍കൈയെടുത്തിട്ടും കോണ്‍ഗ്രസ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ആത്മാര്‍ഥത കാണിച്ചില്ല എന്നു പറയാം. ബിജെപിയെ എതിര്‍ക്കുന്ന ആത്മാര്‍ഥതയുള്ള നേതാവായി ന്യൂനപക്ഷങ്ങളുടെ കൈയടി വാങ്ങുകയും ചെയ്യാം. എന്താ ആ പ്രസംഗത്തിലൊക്കെയുള്ള പഞ്ച് ഡയലോഗുകളെന്നോ. 

കോണ്‍ഗ്രസുകാര്‍ക്ക് ഇതുപോലെ ഡയലോഗടിക്കാന്‍ ആളു കുറവാണ്. ആകെയുള്ളതില്‍ ഒരാള് കെ സുധാകരനാണ്. പക്ഷേ പുള്ളി എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം പിണറായി വിജയനെ വിമര്‍ശിക്കുന്നിടത്ത് എത്തും. പിന്നെ കെ മുരളീധരനുണ്ട്. അദ്ദേഹം ഇപ്പോള്‍ ഗവര്‍ണറെ ചീത്ത പറയുന്ന തിരക്കിലുമാണ്. പിന്നെ വിഡി സതീശനൊക്കെ കോമഡി പറഞ്ഞ് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു.

ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ടീമും എവിടെയാണെന്ന് ചോദിക്കരുത്. അവര്‍ കെപിസിസിയില്‍ ഒരാള്‍ക്ക് ഒരു പദവി വേണോ , രണ്ട് പദവി വേണോ എന്ന ചര്‍ച്ചയിലും. മിക്കവാറും ഒന്നര പദവിയില്‍ കോംപ്രമൈസ് ആകാനാണ് സാധ്യത. കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിലും റെക്കോര്‍ഡ് ഇടുമെന്നാണ് കേള്‍ക്കുന്നത്. ചില വലിയ സംഭവങ്ങളുടെ സ്വാഗത സംഘമൊക്കെ ഉണ്ടാക്കുമ്പോള്‍ ഒരു ഗമക്ക് 100 അംഗങ്ങളുടെ കമ്മിറ്റി 1000 പേരുടെ സമിതി എന്നൊക്കെ പറയില്ലേ. കെപിസിസിക്കും ഏതാണ് അതുപോലെ ഒരു കമ്മിറ്റി വരുമെന്നാണ് കേള്‍ക്കുന്നത്.

ഇതിനിടക്ക് കേരളത്തെപ്പറ്റി കേരളത്തിനു പുറത്ത് വലിയൊരു വിവാദം നടന്നു. നമ്മളധികം അറിഞ്ഞില്ല എന്നേയുള്ളു. അതായത് കേരള ടൂറിസത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഒരു ട്വീറ്റ് വന്നു. ബീഫ് ഉലര്‍ത്തിയതിന്‍റെ പടമൊക്കെ ഇട്ട് കേരളത്തിന്‍റെ രുചി എന്ന മട്ടില്‍. ഇതിനെ ചില ഉത്തരേന്ത്യക്കാര്‍ ഏറ്റെടുത്ത് വിവാദമാക്കി. അത് മതനിന്ദയാണ് . ഹിന്ദുക്കള്‍ക്ക് എതിരാണ് എന്നൊക്കെ പറഞ്ഞ് ആകെ പുകിലാക്കി.  ബീഫ് വില്‍ക്കുന്ന കേരളത്തിലേക്ക് ഞങ്ങള്‍ വരില്ല എന്നു വരെ ചിലര്‍ പറഞ്ഞു. അവസാനം കേരള ടൂറിസം മന്ത്രി തന്നെ പ്രത്യക്ഷപ്പെട്ട് വിശദീകരണം കൊടുത്തു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...