ഏഴാം കൂലിയും എട്ടാംകൂലിയും പിന്നെ സെന്‍കുമാർജിയും

thiruva-thump
SHARE

വെള്ളാപ്പള്ളി കുടുംബവുമായി തെറ്റിയപ്പോഴേ സുഭാഷ് വാസുവിന്‍റെ ധൈര്യം ടി.പി. സെന്‍കുമാറായിരുന്നു. പിന്നെ, ബിജെപിയുടേയും. ഒരാഴ്ച മുമ്പ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി സുഭാഷ് വാസു തന്നാലാവുംവിധത്തിലുള്ള വെടിയും പുകയും ഒക്കെ സാധിച്ച ശേഷം ബാക്കി വച്ചത് ഇന്നേക്കായിരുന്നു. ജനുവരി 16ലേക്ക്. അങ്ങ് തിരുവനന്തപുരത്ത് സെന്‍കുമാര്‍ സാറിനൊപ്പമുള്ള ആ വാര്‍ത്താസമ്മേളനം. വെള്ളാപ്പള്ളി ആന്‍ഡ് സണ്ണിനെ ‍അറഞ്ചം പുറഞ്ചം പീസ് പീസാക്കാന്‍ പോകുന്ന ദിവസം. സുഭാഷ് വാസുവിനൊപ്പം പ്രബുദ്ധമലയാളികളും സംഘബുദ്ധികളും കാത്തിരുന്നു. 

എന്നൊക്കെയാണ് സെന്‍കുമാര്‍ സാറിന്‍റെ വിചാരം. അതുകൊണ്ട് തന്നെ സ്വയം സാറെന്നാണ് ഈ സാറ് വിളിക്കാറ്. തന്‍റെ വരവോട് കൂടി എസ് എന്‍ഡിപി ആകെ ഒന്ന് കുളിച്ചു കുട്ടപ്പനാവുമെന്നാണ് വിചാരം. വെള്ളാപ്പള്ളിയൊക്കെ അധികാരവും വലിച്ചെറിഞ്ഞ് കുട്ടനാട്ടിലെ വെള്ളക്കെട്ടില്‍ ചാടി ആത്മഹത്യചെയ്യേണ്ടിവരുമെന്നുറപ്പാണ്. കുറെ ആരോപണങ്ങളും തെളിവുകളുമായിട്ടാണ് ആ വരവ്. വെള്ളാപ്പള്ളി കിടുങ്ങും. രാജ്യം സെന്‍കുമാറിനെ വാഴ്ത്തും. കേരളത്തില്‍ ബിജെപി അധികാരത്തിലേറും. സെന്‍കുമാര്‍ ഗവര്‍ണറാകും. ഹോ എന്തെല്ലാം മോഹങ്ങളാണെന്നോ.....പക്ഷേ.

ഇതത്ര നിസാരമാവാന്‍ വഴിയില്ല. ഈ വരവിന് പല ഉദ്ദേശങ്ങളും ഉണ്ടല്ലോ. പക്ഷേ ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ സാധൂകരിക്കണമെന്നില്ല. എന്നാലും ടി.പി. സെന്‍കുമാര്‍ എന്നുമുതലാണാവോ വെള്ളാപ്പള്ളി നടേശനെതിരെ തിരിഞ്ഞത്. സംഗതി സിംപിളാണ്. പിണറായി വിജയന് ആരെ സ്നേഹിക്കുന്നോ അഥവാ പിണറായി വിജയനെ ആര് ഇഷ്ടപ്പെടുന്നോ അവര്‍ സെന്‍കുമാറിന്‍റെ ശത്രുവാണ്. വെരി വെരി സിംപിള്‍. 

പക്ഷേ സ്വയം കുഴികുത്താതിരിക്കാന്‍ സെന്‍കുമാര്‍ജിയും ശ്രദ്ധിക്കണമായിരുന്നു. റിട്ടയര്‍മെന്‍റ് ഒക്കെ ആയിട്ട് കാലം കുറച്ചായില്ലേ. ഇടയ്ക്ക് കണ്ണാടിയൊക്കെ ഒന്ന് നോക്കണം. തലയില്‍ തൊപ്പിയില്ലെന്ന് അറിയാന്‍ അതുപകരിക്കും. അല്ലെങ്കില്‍ മനസുകൊണ്ട് താങ്കള്‍ എന്നും എപ്പോഴും ഡ‍ിജിപി ആയിപ്പോവും. 

സെന്‍കുമാര്‍ സാറേ ഇങ്ങനെ പ്രവര്‍ത്തനം നോക്കിയൊക്കെ വിലയിരുത്തുകയാണെങ്കില്‍ താങ്കളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനവും വര്‍ത്തമാനവും കണ്ടിട്ട് ഈ നാട്ടുകാര് ചില വിലയിരുത്തല്‍ നടത്തിയാല്‍ ബഹുകേമമായിരിക്കും. അതുവേണോ.

സുഭാഷ് വാസുവിന്‍റെ ശിങ്കിടികളേയും കൂട്ടി വാര്‍ത്തസമ്മേളനം പൊതുസമ്മേളനം പോലെ നടത്താന്‍ അനുവദിച്ച പ്രസ് ക്ലബ് ഭാരവാഹികള്‍ക്കും ഈ സംഭവം നല്ലപോലെ കണ്ടുനിന്ന മറ്റ് വാര്‍ത്ത റിപ്പോര്‍ട്ടര്‍മാര്‍ക്കും ഒരു വലിയ നല്ല നമസ്കാരം. വളരെ നന്നായിട്ടുണ്ട്.

രമേശ് ചെന്നിത്തല സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാണെന്നാണ് നമ്മുടെയൊക്കെ അറിവ്. ആ ചെന്നിത്തല എന്തുകൊണ്ടും സെന്‍കുമാറിന് മറുപടി കൊടുക്കേണ്ട ഒരാളേയല്ല. പിന്നെ ഏഴാം കൂലിയും എട്ടാംകൂലിയും ട്രെംപ് കാര്‍ഡും. അങ്ങ് ഇതിലൊക്കെ ഇത്രേം ജ്ഞാനമുള്ള ഒരാളാണെന്ന് അറിഞ്ഞില്ല. ആരും പറഞ്‍ഞതുമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പൂജനീയ സെന്‍കുമാര്‍ജി ആളൊരു ശ്രീനാരായണ ഭക്തനാണത്രെ. സനാതനധര്‍മത്തിന്‍റ ഉസ്താദാണ്. 

അപ്പോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണ്? സനാതന ധര്‍മം മറ്റുള്ള സെമറ്റിക് മതങ്ങള്‍ പോലെ ആവണമെന്നോ അതോ ആ മതങ്ങള്‍ സനാതനധര്‍മം പോലെ ആവണമെന്നോ? ഇതൊന്നും വേണ്ട, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നല്ലേ ഗുരു പറഞ്ഞത്. 

ദേ കിടക്കുന്നു അദ്വൈതം. എന്നുവച്ചാല്‍ രണ്ടല്ലാത്ത അവസ്ഥ. എല്ലാം ഒന്നുതന്നെ. ആ ഒരു വിചാരമുണ്ടെങ്കില്‍ ഇങ്ങനെ രണ്ടായികാണുന്നതെങ്ങിനെയാ സെന്‍കുമാര്‍ സാറേ.

ആ ഇതിന് ഒറ്റവാക്കില്‍ വര്‍ഗീയത എന്നുപറയും. വെറുടെ സനാതനധര്‍മത്തിന്‍റേയും അദ്വൈതത്തിന്‍റേയും പേരും പറഞ്ഞ് വഷളാക്കണ്ട. ശ്രീനാരായണ ഗുരു ജീവിച്ചിരിപ്പില്ലാത്തത് ഗുരുവിന്‍റെ സുകൃതം. 

സുഭാഷ് വാസു എസ്‍എന്‍ഡിപിയോഗത്തെ ശുദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതേ സെന്‍കുമാറിന്‍റെ ധൈര്യത്തിലാണ്. രണ്ടുപേര്‍ക്കും ആഗ്രഹിച്ച പലതും കിട്ടിയില്ല എന്നതാണ് പ്രശ്നം. അപ്പോ പിന്നെ മുന്‍ ഡിജിപി വന്ന് ചില കൊലപാതകകേസുകളിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വരെ നടത്തുമെന്ന് പ്രഖ്യാപിച്ചും പോയതാണ്. ഇന്നാണ് പൊന്തിയത്. 

എന്നിട്ടെന്തായി. കൊലപാതകം, വെള്ളാപ്പള്ളിക്കുള്ള ബന്ധം...എവിടെ..തെളിവെവിടെ?

സത്യത്തില്‍ ടി.പി. സെന്‍കുമാര്‍ ഈ വരവിനെ കാണുന്നത് ഇപ്രകാരമാണ്. എസ്എന്‍ഡിപി യോഗത്തില്‍ കൊളപ്പുള്ളി അപ്പന്‍ എന്ന വെള്ളാപ്പള്ളി നടേശനെ നേരിടാനെത്തിയ ആറാം തമ്പുരാന്‍.

ഇതൊക്കെ പ്രതീക്ഷിച്ച് ഈ നേരത്ത് വെള്ളാപ്പള്ളി കിടന്ന് കിടുങ്ങുന്നതും പേടിച്ച് വിറക്കുന്നതും സ്വപ്നം കണ്ടവരുണ്ട്.സ്വപ്നങ്ങളല്ലല്ലോ യാഥാര്‍ഥ്യം. സെന്‍കുമാറിന്‍റെ മാസ് വരവും വെളിപ്പെടുത്തലും പ്രതീക്ഷിച്ച  മാധ്യമങ്ങളും സാധാരണജനങ്ങളും കണ്ട യഥാര്‍ഥ ചിത്രം വേറെയാണ്.

ഗവര്‍ണറെക്കൊണ്ട് ഒരു രക്ഷേം ഇല്ല. വാര്‍ത്താചാനലില്‍ ഗവര്‍ണറുടെ വാര്‍ത്തക്ക് മാത്രമായി ഒരു ബുള്ളറ്റിനൊക്കെ തുടങ്ങേണ്ട അവസ്ഥയാണ്. ഇങ്ങനേം ഉണ്ടോ ഗവര്‍ണര്‍ എന്നൊക്കെ തോന്നിപ്പോവുന്നു. പണിയില്ലാതായത് ഇവിടുത്തെ ബിജെപിക്കാര്‍ക്കാണ്. ഒന്നാമത് സംസ്ഥാന അധ്യക്ഷന്‍ കൂടിയില്ലാത്ത നേരം. ഇനി അധ്യക്ഷ പദവി കൂടി ഉദ്ദേശിച്ചാണോ അമിത് ഷാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുത്തതെന്നേ അറിയാനുള്ളു.പക്ഷേ പ്രശ്നമുണ്ട്. കെ. മുരളീധരന്. അദ്ദേഹം കുറെ ദിവസമായി അത് പരസ്യമായി പറഞ്ഞുനടക്കുന്നുണ്ട്. 

ഗവര്‍ണര്‍ വഴി ഭരണപക്ഷവും പ്രതിപക്ഷവും ഏതൊക്കെയോ മേഖലയില്‍ ഒന്നാവുകയും രണ്ടാവുകയും ചെയ്യുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് പിണറായിയോട് പിണങ്ങി. ഇനി കൂട്ടില്ല. അതേതായാലും നന്നായി. ആക്ച്വലി പിണറായി ആണോ ബിജെപിയാണോ സുധാകരന്‍റെ മെയിന്‍ ശത്രു?. ശോ... തെറ്റിദ്ധരിച്ചുപോയി. ഇങ്ങനെ ഒരേ സമയം രണ്ടു ശത്രുക്കളെ ഒരുപോലെ നേരിടുന്ന സുധാകരന്‍ജിക്ക് കെപിസിസി പുനസംഘടനയില്‍ ഒരാള്‍ ഒരു പദവി എന്ന പുതിയ നിയമം മാറ്റി ഒരാള്‍ രണ്ടുപദവി എന്നാക്കി കൊടുക്കണം. അപേക്ഷയാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...