മസിലുപിടിച്ച് ഭരിക്കുന്ന പിണറായിയ്ക്ക് കീഴിൽ മസില്‍പവര്‍ കാണിക്കാൻ ബഹ്റ

thiruva150120
SHARE

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ നിന്ന് ആര് പിന്നോട്ടുപോയാലും ഈ പരിപാടിയുമാി നമ്മള്‍ മുന്നോട്ടുതന്നെ പോകും. സ്വാഗതം ഫാസ്റ്റാഗ് പതിക്കാത്ത തിരുവാ എതിര്‍വാ

ദി കിംഗ് എന്ന സിനിമ സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടിയുടെ ഒറ്റ വെടിയുടെ പിന്‍ബലത്തിലാണ്. അല്ലെങ്കില്‍ അമ്പാസിഡര്‍ കാര്‍ തട്ടിയെടുത്ത വില്ലന്‍ ജയകൃഷ്ണന്‍ രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി തുടര്‍ന്നേനേ. കാറിന്‍റെ ഡീസല്‍ ടാങ്ക് നോക്കി കമ്മീഷണര്‍ മമ്മുക്ക വെടിയുതിര്‍ത്തപ്പോള്‍ അത് കിറുകൃത്യം കൊള്ളുമെന്ന് നമുക്ക് നന്നായറിയാമായിരുന്നു. കാരണം പുള്ളി നായകനാണല്ലോ.

ഇന്ന് പക്ഷേ ആ ഉന്നത്തില്‍ അത്ര ഉറപ്പ് കാണികള്‍ക്കില്ലായിരുന്നു. ചേര്‍ത്തലയിലുള്ള ആലപ്പുഴ റൈഫില്‍ ക്ലബില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ മമ്മൂട്ടി എത്തി. കൊണ്ടുവന്നതാകട്ടെ കിങ് മേക്കര്‍ രഞ്ജിപണിക്കര്‍. നാടുവാഴുന്ന പുലിമുരുകന്മാരെ വരെ മൃഗയായില്‍ കിറുകൃത്യം വെടിവച്ചിട്ട വാറുണ്ണിയുടെ ഉന്നം ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്ക്

തുടര്‍ന്നും പറയാന്‍പോകുന്നത് ഏതാണ് ഇതുപോലൊരു കാര്യം തന്നെയാണ്. വെടിവയ്പ്പല്ല പകരം വെടി നിര്‍ത്തലാണെന്നുമാത്രം. സിനിമയിലെ താരങ്ങളല്ല ഖദറിലെ താരങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഷ്ടിചുരുട്ടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ചിലവില്‍ അരങ്ങേറിയ പിണറായി വിജയന്‍റെ പ്രേതിഷേധത്തില്‍ പങ്കെടുത്തു. ഈ സമയം മുല്ലപ്പള്ളിയും പ്രതിഷേധം തുടങ്ങി. നിയമ ഭേദഗതിയോടാണോ എന്നു ചോദിച്ചാല്‍ അതെ.

പക്ഷേ പൗരത്വനിയമത്തിന്‍റെയല്ല, ഇടതുപക്ഷം ശത്രുവാണെന്ന കോണ്‍ഗ്രസ് അലിഖിത നിയമം ചെന്നിത്തല ലംഘിച്ചതിനോടുള്ള പ്രതിഷേധം. മനസിലുള്ളത് മുഖത്ത് വിരിയിക്കുന്ന കെപിസിസി അധ്യക്ഷന്‍ പരസ്യമായി തന്‍റെ അനിഷ്ടം രേഖപ്പെടുത്തി. ഒടുവില്‍ ഇരുവരും തമ്മിലുള്ള സമരം അങ്ങ് സമരസപ്പെടുകയാണ്. മുല്ലപ്പള്ളിയെ തല്ലിയും രമേശിനെ തലോടിയും രംഗം കൊഴുപ്പിച്ച പിണറായി ഒന്ന് ജയിച്ചു നിന്നതാണ്. ഒടുവില്‍ എല്ലാം കുളമായി

അല്ലെങ്കിലും ഐക്യത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇങ്ങനെയാണ്. മുല്ലപ്പള്ളിക്ക് കെപിസിസി ആസ്ഥാനത്തിരുന്ന് തീരുമാനമെടുത്താല്‍ മതി. പക്ഷേ രമേശിന് അങ്ങനെയല്ല. നിയമസഭയിലടക്കം പിണറായിയെ ഇടക്കിടക്ക് കാണേണ്ടിവരും. തമ്മില്‍ കാണുമ്പോള്‍ ഇരുപാര്‍ട്ടിയിലെയും പ്രശ്നങ്ങളാണത്രേ പിണറായിയും ചെന്നിത്തലയും പങ്കുവയ്ക്കാറ്.

പൗരത്വ ഭേദഗതിക്കെതിരെ ചെന്നിത്തലെയുടെ കൈപിടിച്ച് ചങ്ങല തീര്‍ക്കുന്നതായിരുന്നു പിണറായി കണ്ട സ്വപ്നം. പണ്ടേ ഭൗമശാസ്ത്രം ഇഷ്ടമുള്ള മുല്ലപ്പള്ളി ഭൂപട നിര്‍മാണത്തിനായി ചെന്നിത്തലയെ നിയമിച്ചു. ചെന്നിത്തല ഒരുക്കുന്ന ഇന്ത്യയുടെ ഭൂപടം തകരാതിരിക്കാന്‍ പിണറായി ചങ്ങലകൊണ്ട് കരുത്തുപകരും എന്ന് താത്വികമായി വിചാരിക്കാനേ ഇനി പറ്റൂ

മുല്ലപ്പള്ളിയെ പത്തുപറയുന്നത് കേള്‍ക്കുന്നതില്‍ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കുമൊക്കെ ഉള്ളില്‍ സന്തോഷമുണ്ടെന്ന് പിണറായിക്കറിയാം. പക്ഷേ പറച്ചില്‍ ഓവറായപ്പോള്‍ രമേശും ചാണ്ടിയുമൊന്നു പെട്ടു. മുഖംപൊത്തി ചിരിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടല്ലോ. കെപിസിസിയിലെ ഏകാന്തതയില്‍ ഇരട്ടപദവികള്‍ തിരഞ്ഞിരുന്ന മുല്ലപ്പള്ളിയുടെ മുഖം കൂടുതല്‍ കറുത്തു തുടങ്ങിയപ്പോള്‍ തൊമ്മനും ചാണ്ടിയുമൊക്കെ പതിയെ ചിരി നിര്‍ത്തി

കേസ് തെളിയിക്കുന്നതില്‍ മാത്രമല്ല കേരള പൊലീസിന്‍റെ മിടുക്കെന്ന് നമ്മള്‍ പല തവണ തിരിച്ചറിഞ്ഞതാണ്. സകലകലാവല്ലഭന്മാരായ കാക്കി ധാരികള്‍ക്കിടയില്‍ ജിമ്മന്‍മാര്‍വരെയുണ്ട്. സേനയില്‍ ഏറ്റവും വലിയ മസിലുള്ളത് തലവന്‍ ലോക്നാഥ് ബഹ്റക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫുള്‍ടൈം മസിലുപിടിച്ച് വകുപ്പു ഭരിക്കുന്ന പിണറായി വിജയനുകീഴില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഒരല്‍പ്പം മസില്‍പവര്‍ അധികം വേണമെന്ന് ബഹ്റക്കുമറിയാം.

സേനയുടെ മസില്‍ നാലാളെക്കാണിക്കാന്‍ മിസ്റ്റര്‍ പൊലീസ് ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ് തലസ്ഥാനത്ത് ബഹ്റ നടത്തി. മസില്‍മാന്‍ ഉണ്ണി മുകുന്ദനായിരുന്നു ഉദ്ഘാടകന്‍. ഇതൊന്നുമറിയാതെ ഇതേ സമയം തന്നെ തൃശൂരിലെ ഒരു ജിമ്മില്‍ മന്ത്രി ഇപി ജയരാജന്‍ മസില്‍ പെരുപ്പിക്കുന്നുണ്ടായിരുന്നു. പിണറായി കഴിഞ്ഞാല്‍പ്പിന്നെ മന്ത്രിയഭയിലെ മസിലുപിടുത്തക്കാരന്‍ താനാണെന്നു സ്ഥാപിക്കാനാണ് ഇപിയുടെ ശ്രമമെന്നു തോന്നുന്നു

അത്യാവശ്യം മസിലുണ്ടെങ്കിലും ബോഡിയുമൊക്കെയുണ്ടെങ്കിലും നടന്‍ അബു സലിമിന് ഇതുവരെയും മലയാള സിനിമയിലെ നായകന്മാരെ കീഴടക്കാനായിട്ടില്ല. വരുന്നവരെല്ലാം ആ തടിയെടുത്ത് പഞ്ഞിക്കിടാറാണ് പതിവ്. അതില്‍ നിന്നൊരു റിലാക്സേഷന്‍ പ്രതീക്ഷിച്ചാണ് അബു സലിം പൊലീസിന്‍റെ ഈ പരിപാടിക്കെത്തിയത്. പക്ഷേ ഇവിടെയും നായകന്‍റെ പ്രഹരം ഏറ്റുവാങ്ങാനായിരുന്നു വിധി

ഇനി ഒരു മോഷണ ആരോപണമാണ്. ഇതില്‍ കള്ളനാരാണ് എന്ന് കണ്ടുപിടിക്കുകയാണ് പ്രയാസം. അടയും ചക്കരയുംപോലെ എന്നൊരു പ്രയോഗമുണ്ട്. പണ്ട് തുഷാര്‍ വെള്ളാപ്പള്ളിയെയും സുഭാഷ വാസുവിനെയും കാണുമ്പോള്‍ ഇതായിരുന്നു നാവില്‍ വരുക. ഇപ്പോള്‍ പക്ഷേ ഇരുവരും കീരിയും പാമ്പുമാണ്. സസൂക്ഷ്മമായ അഥവാ മൈക്രോ ഇടപാടുകള്‍ നടത്തിയിരുന്ന ഇരുവരും അതി ഭയങ്കര അഥവാ മാക്രോ അകല്‍ച്ചയിലാണിപ്പോള്‍. സുഭാഷ് വാസു കള്ളനാണെന്നാണ് തുഷാര്‍ പറയുന്നത്. താന്‍ കള്ളനല്ല കള്ളനു കഞ്ഞിവച്ചവനാണെന്ന് സുഭാഷും തിരിച്ചടിക്കുന്നു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...