ആർത്തിമൂത്ത കേരള കോൺഗ്രസ്; ആവർത്തിക്കുന്ന പിളർപ്പുകൾ

thiruva-ethirva
SHARE

ഫ്രഞ്ച് വിപ്ലവത്തില്‍ ടെന്നീസ് കോര്‍ട്ടിനുള്ളതുപോലെ ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ അമൃത്സറിലെ ജാലിയന്‍ വാലാബാഗിനുള്ളതുപോലെ കേരള കോണ്‍ഗ്രസ് ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചരല്‍ക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് സാമാന്യം ഉയര്‍ന്നുകിടക്കുന്ന പ്രദേശമായതിനാലാണോ എന്നറിയില്ല പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി ഇവിടെ ഒത്തുകൂടിയാണ് തീരുമാനങ്ങള്‍ എടുക്കാറ്. ഉയരം കൂടുംതോറും തീരുമാനത്തിന് കടുപ്പംകൂടും എന്ന തിയറിയനുസരിച്ചാണ് കാര്യങ്ങള്‍. ഇത് കേരളകോണ്‍ഗ്രസ് ഭരണഘടനയില്‍ പ്രത്യേകം പറഞ്ഞിട്ടുമുള്ളതാകുന്നു. ചരല്‍ക്കുന്നിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് കേരള കോണ്‍ഗ്രസിന്‍റെ ശരിക്കുള്ള പ്രശ്നം എന്നു മനസിലാക്കേണ്ടതുണ്ട്. രോഗം അറിഞ്ഞിട്ടു വേണമെല്ലോ ചികില്‍സ. ആരാണ് മുമ്പന്‍. അതാണ് ശരിക്കും പ്രശ്നം

മുന്നിലെത്താനുള്ള ഈ തിരക്കും ആര്‍ത്തിയും തന്നെയാണ് കേരള കോണ്‍ഗ്രസുകളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പിളര്‍പ്പിനും കാരണം. മാണിസാറുള്ളകാലത്ത് ഐക്യ കേരള കോണ്‍ഗ്രസ് എന്നൊരു ആശയം ഇടക്കിടക്കുയര്‍ന്നുവരുമായിരുന്നു. അതിന്‍റെ ഭാഗമായാണ് പിജെ ജോസഫിനെയും കൂട്ടരെയും വീണ്ടും ഒപ്പം ചേര്‍ത്തത്. അപ്പോള്‍ പാര്‍ട്ടി അനൈക്യ കേരള കോണ്‍ഗ്രസായി. മാനച്ചിലാറ്റില്‍ കുത്തൊഴുക്കു വരുന്നതും പോന്നതും പോലയാണ് ഈ പാലാ പാര്‍ട്ടിയിലെയും കാര്യങ്ങള്‍. വരുമ്പോള്‍ കുത്തിയൊലിച്ചുവരും. എന്നിട്ട് ഇരുകരകളിലും നാശം വിതച്ച് അങ്ങ് പോകും. രണ്ടിലയാണ് ഇപ്പോള്‍ പ്രശ്നം. ജോസഫ് ആ ഇലയില്‍ ഉണ്ണുന്നത് തടയാന്‍ ജോസ് ഡല്‍ഹിക്ക് വണ്ടികയറി

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന്‍റെ രക്തം ഒരുപാട് കണ്ട മണ്ണാണ് ചരല്‍ക്കുന്നിലേത്. പണ്ട് 1979 ല്‍ മാണിയും ജോസഫും ടാറ്റപറഞ്ഞത് ഇതേ മണ്ണില്‍ വച്ചായിരുന്നു. അന്ന് കുതിരയായിരുന്നു മാണിയുടെ ചിഹ്നം.  പുതിയ പാര്‍ട്ടി ഉണ്ടാക്കിയ ജോസഫ് പാര്‍ട്ടിയുടെ ചിഹ്നമാക്കിയത് ആനയെ ആയിരുന്നു. എണ്‍പത്തിനാലില്‍ വീണ്ടും മാണിക്കൊപ്പം കൂടിയ ജോസഫ് മാണിസാര്‍ മുതിര കൊടുത്തു വളര്‍ത്തിയ കുതിരയെയും അഴിച്ച് അതിന്‍റെ പുറത്താണ്  പിന്നീട് പിളര്‍ന്നു  പോയത്. മറവി എന്ന അനുഗ്രഹം ആവോളമുള്ളവരാണ് കേരള കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് ജോസഫ് വീണ്ടും വന്നു. രണ്ടിലയില്‍ ഉണ്ടുറങ്ങി. മൃഷ്ടാന്നം ഉണ്ടുകഴിഞ്ഞു പോകുമ്പോള്‍ ഇല എടുക്കുക എന്നത് എല്ലാ നാട്ടിലെയും ഒരു ആചാരമാണല്ലോ. അതാണ് ജോസഫും ചെയ്തത്. 91 മുതല്‍ മാണിസാര്‍ വെള്ളമൊഴിച്ച് ഉണങ്ങാതെ കാത്ത ആ രണ്ടിലയുമായി ജോസഫ് പോയി.  പറഞ്ഞുവന്ന് ചരല്‍ക്കുന്നിനെക്കുറിച്ചാണ്. പണ്ട് യുഡിഎഫ് വിടാന്‍ മാണിക്കാര്‍ തീരുമാനിച്ചതും ഇതേ കുന്നിന്‍മുകളില്‍വച്ചായിരുന്നു. ഇപ്പോള്‍ ചരല്‍ക്കുന്നില്‍ നല്ല തണുപ്പാണ്. എങ്കിലും നല്ല ചൂടന്‍ തീരുമാനങ്ങളുണ്ടാകുമെന്നാണ് ജോസുമോന്‍ പറയുന്നത്.

ജോസഫ് വരത്തനാണ്, വലിഞ്ഞുകയറിവന്നതാണ് എന്നൊക്കെ ജോസ് കെ മാണി വച്ചുകാച്ചുന്നുണ്ട്. കേട്ടുകൈയ്യടിക്കാന്‍ ചുറ്റും പരിവാരങ്ങളുള്ളതുകൊണ്ട് കുഴപ്പില്ല. റോഷി അഗസ്റ്റിനൊക്കെ കട്ടക്കുള്ളപ്പോള്‍ ജോസ് മോന്‍ എന്നാ പേടിക്കാനാന്നേ

ഇപ്പോള്‍ ഈ കട്ട തണുപ്പത്ത് എന്തിനാണ് ഈ മലമുകളില്‍ കൂടിയിരിക്കുന്നത് എന്നാണ് ആലോചിക്കുന്നതെങ്കില്‍ പറഞ്ഞുതരാം. അന്‍പ്പത്തിയഞ്ചുകിലോമീറ്റര്‍ അകലെയുള്ള ആലപ്പുഴ ഈ ചരല്‍ക്കുന്നിനുമുകളിലിരുന്നാല്‍ നന്നായി കാണാം. സ്വാഭാവികമായും കുട്ടനാട്ടിലേക്ക് ആ കാഴ്ച നീളും എന്നതില്‍ സംശയമേ വേണ്ട. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച കുട്ടനാടാണ് പാലാക്കു ശേഷം കേരള കോണ്‍ഗ്രസിന്‍റെ യുദ്ധ ഭൂമി. പണ്ട് ഇവിടെ മല്‍സരിച്ച കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇപ്പോള്‍ ജോസഫിനൊപ്പമാണ്. അതിനാല്‍ ജോസ് മോന്‍ ഒരുമുഴം നീട്ടി വിതക്കുകയാണ്. വിതക്കുന്നവനേ കൊയ്യൂ എന്നതാണ് ജോസിന്‍റെയും വിശ്വാസം

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യത്തില്‍ മടവീണതുപോലെ സുധീരന്‍ വന്നതോടെ പിജെ ഇനി ആ വഴിക്ക് ചാല് കീറാനാണ് ചാന്‍സ്. ആ കളിക്കായി കളം ഒഴിഞ്ഞുകൊണ്ട് ഒരു ഇടവേളയെടുക്കുകയാണ്. ഉടന്‍ മടങ്ങും

സിഎഫ് തോമസ് നിയമസഭയുടെ പടി കയറിയിട്ട് നാല്‍പ്പതാണ് തികഞ്ഞു. ജോസ് കെ മാണിയുടെ അഭാവത്തിലും ആഘോഷചടങ്ങിന് കുറവൊന്നും ഉണ്ടായില്ല. ഉമ്മന്‍ ചാണ്ടി തിരുവഞ്ചൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് അതികായന്മാരും പിസി ജോര്‍ജുമൊക്കെ ചേര്‍ന്ന് പരിപാടി കളറാക്കി. നല്ലതുമാത്രമായിരുന്നു ഏവര്‍ക്കും പറയാനുണ്ടായിരുന്നത് എങ്കിലും അവരവരുടെ സ്വഭാവ സവിശേഷതകള്‍ വിളമ്പാന്‍ കിട്ടിയ ഒരിടം കൂടിയായിരുന്നു ഈ വേദി

ഇനി പിസിയുടെ അവസരമാണ്. പേടിയുള്ളവര്‍ക്ക് ചെവി പൊത്താം.പിസി ജോര്‍ജിനെയൊക്കെ ക്ഷണിക്കുമ്പോള്‍ സിഎസ് തോമസിന് മിനിമം ഒരു കണക്കുകൂട്ടലൊക്കെ ഉണ്ടാകുമല്ലോ. പക്ഷേ ഇതിപ്പോ ഇരുപത്തിയഞ്ചുരൂപയുടെ ഗുണ്ട് അന്‍പതുപൈസയുടെ ഓലപ്പടക്കം മാതിരിയേ ശബ്ദമുണ്ടാക്കിയുള്ളൂ എന്ന് ആശ്വസിക്കാം. ഇപ്പോള്‍ കേട്ടതിന്‍റെ ക്ഷീണം മാറ്റാന്‍ ഇനി ഒരു പാട്ടു കേള്‍ക്കാം. ഈ പാട്ടു കഴിയുമ്പോള്‍ മനസിലാകും ഇത്രയും നേരം കേട്ടതൊന്നും തെള്ളേ അല്ലായിരുന്നു എന്ന

നിമിഷ കവികളായ കുടുംബശ്രീ ചേച്ചിമാര്‍ക്ക് എല്ലാ പ്രോല്‍സാഹനവും നേര്‍ന്നുകൊണ്ടും മണിയാശാന് അങ്ങനെതന്നെ വരണമെന്നും പറഞ്ഞുകൊണ്ട് ഇന്നത്തെ കര്‍ട്ടനിടുകയാണ്. പാട്ടും പറച്ചിലുമൊക്കെയായി നാളെ വീണ്ടും കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...