മരട് പൊളിയും മുൻപ് പൊളി‍ഞ്ഞ പിണറായിയുടെ നവോത്ഥാനമതിൽ...!

Thiruvaa_Maradu
SHARE

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് തൊട്ടുമുമ്പായി പിണറായി സര്‍ക്കാരിന്‍റെ നവോത്ഥാന മതില്‍ പൂര്‍ണമായും നിലംപൊത്തി. ശബരിമലയില്‍ യുവതികളെ കയറ്റണോ എന്നെങ്കാണും ഇനി സുപ്രീം കോടതി ചോദിച്ചാല്‍ ആ ഞങ്ങള്‍ക്കറിയില്ല തന്ത്രിയോടോ മേല്‍ശാന്തിയോടോ ചോദിക്കൂ എന്ന് മറുപടി നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചു. പാറശാലമുതല്‍ കാസര്‍കോടുവരെ നെടുനീളത്തില്‍ പണിത പിണറായി മതില്‍ സ്ഫോടകവസ്തുക്കളില്ലാതെതന്നെ തകര്‍ന്നടിഞ്ഞു. 

ഒടുവില്‍ ആ പടത്തിന്‍റെ ക്ലൈമാക്സ് എത്തി. അതായത് നമ്മുടെ ഷെയിന്‍ നിഗം മുടിവെട്ടി അഭിനയിച്ച കഥയുടെ ക്ലൈമാക്സ്. അവസാനമിറങ്ങിയ വലിയപെരുന്നാള് കൂടാന്‍ അധികം ആളൊന്നും പോകാതെ വന്നതോടെ അമ്മപറയുന്നത് അനുസരിക്കുന്ന ചെമ്മരിയാട്ടിന്‍കുട്ടിയാണ് താനെന്ന് ഷെയിന്‍ പറഞ്ഞു. അതോടെ അമ്മ യോഗം ചേരുകയും ചര്‍ച്ചിക്കുകയും എല്ലാം കോപ്ലിമെന്‍സായെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം പക്ഷേ നിര്‍മാതാക്കള്‍ അറിഞ്ഞിട്ടില്ല. സൂപ്പര്‍താരങ്ങള്‍ കളത്തിലെത്തിയതോടെ എല്ലാം നിര്‍മാതാക്കള്‍ അറിയണം എന്ന നിര്‍ബന്ധമൊന്നുമില്ല. കാരണം ഈ നടന്മാരെല്ലാം നിര്‍മാതാക്കളുമാണല്ലോ. 

അമ്മയുടെ യോഗം കഴിഞ്ഞ് പതിവ് വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നില്ല. കരണം മറ്റൊന്നുമല്ല. ക്യാമറക്കുമുന്നില്‍ ഇരിക്കുമ്പോള്‍ മാധ്യമങ്ങള്‍ ആദ്യം ഷെയിന്‍ വിഷയം ചോദിക്കും. പിന്നെ ചിലപ്പോള്‍ അത് പതിയെ പൗപത്വ ഭേദഗതിയിലേക്കൊക്കെ പോയേക്കും. അപ്പോള്‍ നമ്മുടെ ഏട്ടനും ടീംസിനുമൊന്നും ചിലപ്പോള്‍ ശരിക്കും അഭിനയിക്കേണ്ടിവരും. അതൊഴിവാക്കാന്‍ എല്ലാം പരിഹരിച്ചേ എന്ന് ഉറക്കെ കൂവി എല്ലാവരും പറപറന്നു. അവന്‍ കുട്ടിയാണ്. കൊച്ചുകുട്ടി. ഇതായിരുന്നു യോഗത്തിന്‍റെ പൊതുവികാരം. കുട്ടികളെ സാധാരണ വലിയവരാണ് മുടിവെട്ടാനൊക്കെ കൊണ്ടുപോകുന്നത്. 

മലപ്പുറത്ത് സിനിമയെ വെല്ലുന്ന മറ്റൊരു ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ജില്ലാകലക്ടര്‍ ജാഫര്‍ മാലിക്കും പിവി അന്‍വര്‍ എംഎല്‍എയും തമ്മില്‍. പണ്ടേ ഭൂമി വിഷയത്തില്‍ അന്‍വറിന് രാശി അത്ര പോര. ആദിവാസി ഭവന നിര്‍മാണ പദ്ധതിക്ക് ഭൂമി വാങ്ങിയതില്‍ എംഎല്‍എ വക ക്രമക്കേടുണ്ടെന്ന് കലക്ടറുടെ ആരോപണങ്ങളെ തടയണകെട്ടി തടുക്കാന്‍ അന്‍വര്‍ തീരുമാനിച്ചുകഴിഞ്ഞു. സിപിഎമ്മിന്‍റെ പിന്തുണ പണ്ടേ ആവോളമുള്ളതുകൊണ്ട് ഈ ഒഴുക്കിലൊന്നും അന്‍വര്‍ തളരില്ല. അതിന് കൊതിക്കുന്ന സിപിഐയുടെ റവന്യൂക്കാര്‍ ചാല് വേറെ വെട്ടുന്നതാകും നല്ലത്. മാനനഷ്ടമാണ് അന്‍വര്‍ ആരോപിക്കുന്നത്. തടയണ വിവാദത്തില്‍ മാനം ഒന്ന് തകര്‍ന്നതായതുകൊണ്ട് ശേഷമുള്ള കാലം കണക്കുകൂട്ടിയാല്‍ മതിയാകും

ഭൂമിവിഷയത്തില്‍ കലക്ടറും എംഎല്‍എയും തമ്മില്‍ കട്ട ആരോപണം. അപ്പോളാണ് റവന്യൂമന്ത്രിയെ മലപ്പുറംകാരുടെ കൈയ്യില്‍ കിട്ടുന്നത്. ന്യായമായും കാര്യം ചോദിക്കും. പക്ഷേ ഇക്കുറി ചോദിച്ചവര്‍ സ്വയം പറഞ്ഞു. പുല്ല് ചോദിക്കണ്ടാര്‍ന്നു.

നമ്മുടെ വിനോദ സഞ്ചാര മേഖലയുടെ ഖ്യാദി ലോകത്തെത്തിക്കാന്‍ അതത് സര്‍ക്കാരുകള്‍ നല്ലകാശിറക്കി പരസ്യങ്ങള്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് പരസ്യ പ്രക്ഷേപങ്ങള്‍. ഇക്കാലമത്രയും ചെയ്ത നല്ല കാര്യങ്ങളെ വെള്ളത്തിലാക്കാന്‍ സഖാക്കള്‍ക്ക് ഒറ്റ ദിനം മതിയായിരുന്നു. ഫാസിസം തുലയട്ടെയെന്ന് ഉറക്കെ വിളിച്ച അവര്‍ കുട്ടനാട്ടിലൂടെ കാഴ്ചയും കണ്ട് വഞ്ചിവീടില്‍ നടന്ന നൊബേല്‍ ജേതാവിനെ തടഞ്ഞു. പണിമുടക്ക് എന്ന കലാപരിപാടിക്ക് നാട്ടില്‍ സ്ഥാനമില്ല. ഹര്‍ത്താലാചരിക്കാന്‍ മാത്രമാണ് ഇവിടുത്തെ പാര്‍ട്ടിക്കാര്‍ക്ക് അറിയുന്നത്. അക്കാര്യം നൊബേല്‍ ജേതാവിന് അറിയാം എന്ന് സഖാക്കള്‍ കരിതിയതിലും തെറ്റില്ല. പണിമുടക്കുദിവസം ആക്രമണം പേടിച്ച് കൊതുകുപോലും ഇവിടെ പറക്കാറില്ലെന്ന് വിദേശികള്‍ ഈ സംഭവത്തോടെ തിരിച്ചറിഞ്ഞുകാണും.  കേരളത്തില്‍ കൊച്ചി മെട്രോ മാത്രമാണ് പണിമുടക്കു ദിവസം ഓടിയത്. ഏണിവച്ച് കയറാന്‍ പറ്റാഞ്ഞതുകൊണ്ടാണ്. അല്ലെങ്കില്‍ അതും തടഞ്ഞേനേ

ഇടതുപക്ഷത്തിന് രണ്ട് പ്രഖ്യാപിത നിലപാടുണ്ട്. ഒന്ന് അവര്‍ പറയുന്നത് എല്ലാവരും അനുസരിച്ചിരിക്കണം. രണ്ട് ഏതെങ്കിലും സഖാക്കള്‍ ഒരു കൊള്ളരുതായ്മ കാണിച്ചാല്‍ ഉടന്‍ അവര്‍ സഖാക്കളല്ലെന്നും സാമൂഹ്യ വിരുദ്ധരാണെന്നും പ്രഖ്യാപിക്കും. ഇക്കുറിയും ഭാഗ്യത്തിന് അതില്‍ മാറ്റമുണ്ടായില്ല.

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ആലപ്പുഴ ജില്ലാക്കമ്മറ്റിക്ക് അധികാരമുണ്ടോ എന്നറിയില്ല. പക്ഷേ പാര്‍ട്ടിപ്രവര്‍ത്തകര്‍ തല്ലുകൊള്ളിത്തരം കാട്ടിയാല്‍ നടപടിയെടുക്കാവുന്നതാണ്. നടപടിയുടെ കാര്യം പറഞ്ഞപ്പോളാണ് നമ്മുടെ ടിപി സെന്‍കുമാറിനെ ഓര്‍ത്തത്. ഐഎഎസില്‍ നിന്നു വിരമിക്കാന്‍ നേരമാണ് കാക്കി ഊരിവയ്ക്കുന്നതിന്‍റെ മാനസിക പ്രശ്നങ്ങള്‍ സെന്‍കുമാറിനെ വേട്ടയാടി തുടങ്ങിയത്. എങ്ങനെ കാക്കി ഊരാതിരിക്കാം എന്ന ആലോചന അദ്ദേഹത്തെ ബിജെപി പാളയത്തിലെത്തിച്ചു. സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ അന്നത്തെ ആഭ്യന്തരന്‍ രമേശ് ചെന്നിത്തല പരസ്യമായി മാപ്പുപറഞ്ഞിരുന്നു. അതിനുള്ള മറുപടിയുമായാണ് പരിവാര്‍ വേദിയില്‍ സെന്‍കുമാറെത്തിയത്.

ഏതേ പൊലീസുകാരനും ഒരബദ്ധമൊക്കെ പറ്റുമെന്ന് പണ്ടേ കേട്ടുശീലിച്ചത് നന്നായി. അല്ലെങ്കില്‍ ഇപ്പോള്‍ ഇമ്മാതിരി വര്‍ത്തമാനമൊക്കെ കേള്‍ക്കുമ്പോള്‍ നാം ഞെട്ടിയേനേ. എല്ലാ കലാപരിപാടികളിലും അഗ്രഗണ്യരായിരിക്കും പൊലീസുകാര്‍.  ഐപിഎസ് ട്രയിനിങ് ക്യാംപില്‍ ചീട്ടുകളിവരെ പഠിപ്പുക്കുമെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകി. അതൊക്കെ അറിയിച്ചു തരാന്‍ ഈ സെന്‍കുമാര്‍ വേണ്ടിവന്നു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...