കേരളത്തിന് മാത്രം കേന്ദ്രസഹായമില്ല; പ്രളയം ഫോട്ടോഷോപ്പ് ആണോ?

thiruva-ethirva-08
SHARE

മുന്നറിയിപ്പുമായി തുടങ്ങാം. വീട്ടിലേക്ക് ആരെങ്കിലും വന്ന് വല്ല കുറിപ്പോ മറ്റോ നല്‍കി ഫോട്ടോ എടുക്കുകയാണെങ്കില്‍ ഒന്ന് സൂക്ഷിച്ചേക്കണം. നിങ്ങളുടെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സാഹിത്യകാരന്‍മാര്‍, കലക്ടര്‍മാര്‍, സമുദായ നേതാക്കള്‍ പ്രത്യേകിച്ചും ന്യൂനപക്ഷസമുദായ നേതാക്കള്‍ തുടങ്ങിയവര്‍ ജാഗ്രതൈ. അവസാനം അറിയില്ലായിരുന്നു, കുറിപ്പ് വായിച്ചില്ലായിരുന്നു, കുറിപ്പിനെതിരെ പിന്നീട് സംസാരിച്ചിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് ഫോട്ടോ എടുപ്പിനേയും ഫോട്ടോഷോപ്പിനേയും ഭയന്ന് മാത്രം ഉറങ്ങുക, ഉണരുക. 

ഇടിവെട്ടിയവന്‍റെ കഴുത്തില്‍ പാമ്പുകടിച്ചു എന്ന അവസ്ഥയാണ് നമ്മുടെ കേരളത്തിന്‍റേത്. സ്വതവേ ഉള്ള സാമ്പത്തിക പരാധീനതയാണ് ആ ഇടി. കടിച്ച പാമ്പ് കേന്ദ്രസര്‍ക്കാരും.  കഴിഞ്ഞകൊല്ലത്തെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശന്ഷടങ്ങള്‍ക്ക് കേരളത്തിന് ഒഴികെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ദുരിതാശ്വാസ നിധിയില്‍ നിന്ന് 5,908 കോടി രൂപ അനുവദിച്ചു. ബിജെപി സ്വന്തം നിലയ്ക്ക് ഭരിക്കുന്ന കര്‍ണാടകത്തിനാണ് വിഹിതത്തില്‍ കൂടുതല്‍. പിന്നെ മധ്യപ്രദേശിനും. കേരളത്തിലുണ്ടായ വെള്ളപ്പൊക്കമൊക്കെ ഫോട്ടോഷോപ്പ് പരിപാടിയാണെന്നാവും ധരിച്ചിരിക്കുന്നത്. ഇവിടെയുള്ള മിത്രങ്ങള്‍ ആ പരിപാടിയില്‍ വ്യാപൃതരായതുകൊണ്ട് കേന്ദ്രത്തിനും അങ്ങനെ തോന്നിപ്പോയതാവും. കുറ്റംപറയാന്‍ ഒക്കില്ല. 

ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ കേരളത്തെ കേന്ദ്രം തഴഞ്ഞു എന്നവാര്‍ത്ത കേള്‍ക്കാനുള്ള ഭാഗ്യമേ ഇവിടുത്തെ മിത്രങ്ങള്‍ക്കുള്ളു. അവരതില്‍ സന്തോഷിക്കും. മരുമോള് വിധവയായിക്കാണാന്‍ മകനൊന്ന് ചത്തുകിട്ടിയാമതി എന്നുകരുതുന്നവരോട് പ്രത്യേകിച്ചൊന്നും പറയാന്‍ നിക്കരുത്. നാട്ടിലെ റേഷന്‍ മുടക്കിയാണെങ്കിലും പിണറായിയെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചവരാണ് അവര്‍.  അവര്‍ സന്തോഷിക്കട്ടെ. 

ഗാന്ധിജി വരെ ഓട്ടോറിക്ഷ ഇടിച്ചാണ് മരിച്ചതെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന കൂട്ടരാണ്. ജെഎന്‍യുവില്‍ ഇടതുപക്ഷക്കാരാണ് മുഖം മൂടി അക്രമം നടത്തിയതെന്ന് പറയുന്നവരാണ്. അപ്പോ കേരളത്തിലെ മഴക്കാലദുരന്തമൊക്കെ തവള മൂത്രമൊഴിച്ചുണ്ടായതെന്ന് വിശ്വസിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ല. പക്ഷേ സഹായിക്കാനും ആരേയും സമ്മതിക്കില്ലല്ലോ. 2018ലെ മഹാപ്രളയം കഴിഞ്ഞപ്പോഴും ചെറിയ സഹായമാണ് കേന്ദ്രം നല്‍കിയത്.  

സഹായവുമായി ചില അറബ് രാജ്യങ്ങള്‍ വന്നതാണ്. ഈഗോ അടിച്ചതുകാരണം മോദിജി അത് മുടക്കി. അന്ന് കേന്ദ്രം 600 കോടി മാത്രം അനുവദിച്ചപ്പോള്‍ യുഎഇ 700 കോടിയായിരുന്നു ഉറപ്പ് നല്‍കിയത്. അതും പോയി. തിന്നുകയും ഇല്ല തിന്നാനോട്ട് സമ്മതിക്കുകയും ചെയ്യില്ല.

കേന്ദ്രത്തിന്‍റെ കടുത്ത അവഗണനയിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ചില പരിപാടികള്‍ സര്‍ക്കാര്‍ നോക്കുന്നുണ്ട്. അതില്‍പെന്ന ഒന്നാണ് കെല്‍പാം ഡ്രിങ്ക്സ്. സംഗതി ശീതളപാനീയമാണ്. തെങ്ങില്‍ നിന്ന് നീര ഇറക്കി പൊളിഞ്ഞ് പാളീസായ യുഡിഎഫ് സര്‍ക്കാരിന്‍റെ കഥയുള്ളതുകൊണ്ട് തെങ്ങിനെ തൊട്ട് കളിക്കാന്‍ വയ്യാതായി. അപ്പോഴാണ് പനയെ ഓര്‍ത്തത്. പനം കള്ളിനേയും. തെങ്ങിന്‍ കള്ളില്‍ നിന്ന് നീരയുണ്ടാക്കാമെങ്കില്‍ പനംകള്ളില്‍ നിന്ന് എന്തെങ്കിലുമൊക്കെ ഉണ്ടാക്കമല്ലോ എന്ന് ഇ.പി.ജയരാജന്‍ മന്ത്രിയായ വ്യവസായ വകുപ്പിന് തോന്നി. പാവം തോമസ് ഐസക്കിനൊരു സഹായമാവുമെങ്കില്‍ ആയിക്കോട്ടെ എന്നും കരുതിക്കാണണം. പുളിച്ചുപോവാതെ നോക്കിയാല്‍ നന്ന്.

കെല്‍പാം പുളിച്ചാല്‍ കള്ളാവുമോ എന്നതാണ് പൊതുവെ നമ്മള്‍ മലയാളികളുടെ ന്യായമായ സംശയം. എങ്കില്‍ ഓഫാക്കിയ ഫ്രിജില്‍ കെല്‍പാം വച്ച് വൈദ്യുതി വരെ ലാഭിക്കാന്‍ മലയാളി മുതിരും. ഏതായാലും പരിപ്പുവട, കട്ടന്‍ചായ കാലഘട്ടത്തിനോട് വിടപറഞ്ഞ് ഇതുപോലുള്ള ശീതളപാനീയങ്ങള്‍ വഴി വിപ്ലവത്തിന്റെ ആധുനിക വകഭേദം കാണിച്ചു തന്ന ജയരാജന്‍ സഖാവിന് നൂറുചുവപ്പന്‍ അഭിവാദ്യങ്ങള്‍.

നീരയുടെ ചീഞ്ഞളിഞ്ഞ അനുഭവം ഉള്ളതുകൊണ്ട് യുഡിഎഫ് നേതാക്കള്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാവും. കെ. ബാബുവൊക്കെ പ്രത്യേകിച്ചും. അബ്കാരി നിയമമൊക്കെ പൊളിച്ചെഴുതാന്‍ എടുത്ത പരിശ്രമം ഈ കേരളം ഓര്‍ക്കുന്നുണ്ടാവും. അല്ലെങ്കിലും അതിനൊക്കെ ഈ ഇടതുപക്ഷസര്‍ക്കാരിനെ കണ്ടുപഠിക്കണം. പലപല നിറങ്ങളിലല്ലേ പാനീയം എത്തുന്നത്.  ഇപ്പോഴത്തെ സാഹചര്യത്തില്‍ വലതുപക്ഷം പ്രതിപക്ഷമായതിനാല്‍ രമേശ് ചെന്നിത്തല ഒരു കോളവിരുദ്ധനായി അഭിനയിക്കുന്നതവും പൊളിറ്റിക്കല്‍ മൈലേജിന് എന്തുകൊണ്ടും നല്ലത്. 

കേരളം ഇന്നൊരു മാപ്പുപറച്ചിലും കേട്ടു. രാഷ്ട്രീയനേതാക്കളില്‍ നിന്ന് പതിവുള്ള ഒന്നല്ല ഈ മാപ്പ്. പക്ഷേ രമേശ് ചെന്നിത്തല അത് പറഞ്ഞു. അത്രമാത്രം വേദനിച്ചിട്ടാണ്. ആ വേദന മനസിലാവും. കാരണം ചെന്നിത്തല ആഭ്യന്തരമന്ത്രിയായ കാലത്ത് ഡിജിപിയാക്കിയ ടി.പി. സെന്‍കുമാറിന്‍റെ മഹദ്് വചനങ്ങള്‍ കണ്ടും കേട്ടും വായിച്ചുമാണല്ലോ ശരാശരി മലയാളി ഇന്ന് സാമൂഹ്യമാധ്യമങ്ങള്‍ ഒക്കെ തുറക്കുന്നത്. അതൊക്കെ വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ചെന്നിത്തലയോട് രണ്ടു പറയാനൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ആ തോന്നലിന്‍റെ പുറത്ത് രണ്ടെണ്ണം കിട്ടാതിരിക്കാനാണ് മുന്‍ ആഭ്യന്തരമന്ത്രിയുടെ മാപ്പുനീക്കം. ഈ മാപ്പ് അങ്ങ് അംഗീകരിച്ചുകൊടുത്തേക്കണം.

മലപ്പുറത്ത് എംഎല്‍എയും കലക്ടറും തമ്മില്‍ പൊരിഞ്ഞ അടിയാണ്. എംഎല്‍എയെ നിങ്ങളറിയും. സുപ്രസിദ്ധ പരിസ്ഥിതി പ്രേമിയും വിഖ്യാതമായ ജപ്പാന്‍ മഴ പ്രബന്ധരചയിതാവും സര്‍വോപരി ഇടതുപക്ഷക്കാരനുമായി പി.വി. അന്‍വര്‍. ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. കലക്ടര്‍ പറഞ്ഞ സ്ഥലത്തെ വീടുപണി അന്‍വറും കൂട്ടരും തടഞ്ഞു. വീടുവയ്പും സ്ഥലവും ഒക്കെ എംഎല്‍എ കാണിച്ചുകൊടുക്കും. അതാണ് സ്റ്റൈല്‍.

നിലമ്പൂര്‍ എടക്കരയില്‍ ഫെഡറല്‍ബാങ്ക് സൗജന്യമായി പണിതുകൊടുക്കുന്ന വിടുകളുടെ നിര്‍മാണമാണ് പി.വി. അന്‍വര്‍ എം.എല്‍.എ. തടഞ്ഞത്. പിന്നെ കലക്ടറും രംഗത്തിറങ്ങി. വിളിച്ചുപറയാവുന്ന കാര്യങ്ങള്‍ പരമാവധി നല്ല രീതിയില്‍ തന്നെ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞിട്ടുണ്ട്. കലക്ടര്‍ നോക്കിയത് കാശ് അധികം ചെലവാക്കാതെ കാര്യം നടത്താനാണ്. എംഎല്‍എ ആഗ്രഹിക്കുന്നത് അങ്ങനെയല്ലപോലും. 

സി.പി.ഐ മലപ്പുറം ജില്ല നേതൃത്വമാണ് കലക്ടര്‍ക്കൊപ്പം ഉള്ളത്. സിപിഎം നേതൃത്വം എന്ത് നിലപാടെടുക്കും എന്ന് ജില്ലാക്കമ്മിറ്റി യോഗം ചേര്‍ന്നേ തീരുമാനിക്കൂ. ആ യോഗം എന്നു ചേരണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. 

കലക്ടര്‍മാര്‍ വേണ്ടരീതിയില്‍ അനുസരിക്കാതെ വരുമ്പോള്‍ അതാത് സ്ഥലത്തെ ഇടതുഎംഎല്‍മാരുടെ രീതി ഈ കലക്ടര്‍മാരെ സംഘികളാക്കുക എന്നതാണ്. അല്ലെങ്കില്‍ കേന്ദ്രത്തിന് ആളാക്കുക. മൂന്നാറില്‍ ഇങ്ങനെയാണ് മണി മന്ത്രിയൊക്കെ പയറ്റിയത്. അത് വച്ചാണ് അന്‍വര്‍ എംഎല്‍എയും ആ വഴിക്കൊന്ന് നോക്കിയത്.

സാമ്പത്തിക തട്ടിപ്പ് എന്നൊരു ഗുരുതരാരാപണം കലക്ടര്‍ എംഎല്‍എയ്ക്കെതിരെ ആരോപിക്കുന്നുണ്ട്. ചില്ലറ കാര്യമല്ല. മറ്റൊരു കാര്യം ഭാവിയില്‍ വല്ല കേസും വന്നാല്‍ കലക്ടറായ ജാഫര്‍ മാലിക് അകത്തുകിടക്കണ്ടിവരും. ഇപ്പോ കണ്ടില്ലേ, പാലാരിവട്ടം പാലത്തില്‍ വെള്ളം ചേര്‍ത്തതിന് അകത്തുകിടക്കുന്നവരൊക്കെ ഉദ്യോഗസ്ഥരാണ്. മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന് ഒരു കുഴപ്പോം ഇല്ല. അതുപോലെ അന്‍വറിന് ഒരു കുഴപ്പോം കാണില്ല. പക്ഷേ പെടുന്നത് താനാവുമെന്ന് കലക്ടര്‍ക്ക് നല്ല ബോധ്യമുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...