ആളും തരവും മാറാതെ പുതുവർഷം; ചില രാജേട്ടൻ തമാശകൾ

thiruva
SHARE

പുതുവര്‍ഷമാണ് പുതിയ പതിറ്റാണ്ടിന്‍റെ ആരംഭമാണ് എന്നൊക്കെ പറയാമെന്നേയുള്ളു. ആളും തരവും മാറാതെ നില്‍ക്കുന്നിടത്തോളം കാലം തിരുവാ എതിര്‍വായ്ക്കും കാര്യമായ മാറ്റമൊന്നും ഇല്ല. ഒന്നുനന്നായികണ്ടാമതി എന്ന ചിന്ത തന്നെയാണ് ഈ പുതുവര്‍ഷദിനത്തിലും പങ്കുവയ്ക്കാനുള്ളത്. പക്ഷേ 2020 ജനുവരി ഒന്നിന് തൊട്ടുതലേന്ന് വരെ കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നും ഇല്ലാത്ത സ്ഥിതിക്ക് അതിന്‍റെ ഒരു തുടര്‍ച്ചയിലേക്ക് പോയിവരാം. അങ്ങനെ 2019ലെ അവസാന തമാശയെ 2020ല്‍ ആദ്യ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു തിരുവാ എതിര്‍വാ ആരംഭിക്കുകയാണ്. 

അതേ...ഈ വര്‍ഷം തകര്‍ക്കണം എന്നൊക്കെ ഏതൊരു മനുഷ്യനെപ്പോലെ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ആഗ്രഹിക്കാം. ഒന്നാമത് ഡിസംബര്‍ 31ന് സംസ്ഥാനത്തെ ഗവര്‍ണറെ വരെ പറ്റിച്ചാണ് നിയമസഭ കൂടി മോദി സര്‍ക്കാരിന്‍റെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. വെറും പ്രമേയമല്ല, ഭരണ പ്രതിപക്ഷകക്ഷികള്‍ എന്നുവച്ചാല്‍ എല്‍ഡിഎഫും യുഡിഎഫും തോളോട് തോള്‍ ചേര്‍ന്ന് കൈയ്യടിച്ച് പാസാക്കിയ പ്രമേയം. 

പ്രമേയം രമേശ് ചെന്നിത്തലയുടെ കൈയ്യടിയോടെ പിണറായി വിജയന്‍ പാസാക്കിയെടുക്കുമെന്ന് ഉറുപ്പായതുകൊണ്ട് വിഷയത്തില്‍ ഒ. രാജഗോപാലേട്ടന്‍ ഒറ്റപ്പെട്ടുപോവുമെന്ന് രാജേട്ടന് നല്ലബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് പ്രതിഷേധിച്ച് ആഞ്ഞടിക്കാന്‍ തയ്യാറാക്കിയ പ്രസംഗത്തിന്‍റെ വരികള്‍ മനപാഠമാക്കി ഉരുവിട്ടുകൊണ്ടാണ് സഭയിലെത്തിയതും ഇരുന്നതും. മനസില്‍ ആ ഒരൊറ്റ ലക്ഷ്യം മാത്രം നിറഞ്ഞുനിന്നതുകൊണ്ടാവണം പ്രമേയം എന്നു സ്പീക്കര്‍ പറയുന്നത് കേട്ടതേ രാജേട്ടന്‍ ചാടി എണീറ്റു. സത്യത്തില്‍ അതൊരു സ്റ്റാറ്റ്യൂട്ടറി പ്രമേയമായിരുന്നു. പൗരത്വഭേദഗതി നിയമം അല്ലായിരുന്നു വിഷയം.

പുഴയില്ലാത്ത മണ്ഡലത്തിലെ നദീസംരക്ഷണപ്രവര്‍ത്തനത്തെപ്പറ്റി സഭയില്‍ ചോദ്യം വരെ ഉന്നയിച്ച ചരിത്രമുള്ള സ്ഥിതിക്ക് ഇതൊക്കെ ചെറുത്. ഒന്നാമത് കേന്ദ്രസര്‍ക്കാരിനെതിരെ തിരിയുമ്പോ രാജേട്ടന്‍ ഒറ്റയ്ക്കാവും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുമ്പ് നോട്ടുനിരോധനം വന്ന സമയത്ത് സഹകരണ ബാങ്കുകള്‍ക്കെതിരെ നടപടികള്‍ വന്നപ്പോ ഇതുപോലെ ഒന്ന് അനുഭവിച്ചതാണ്. തലങ്ങും വിലങ്ങും അടി. ഒരാള്‍ ഒറ്റയ്ക്ക് എത്രയെന്ന് വച്ചാണ് ഇതൊക്കെ നേരിടുക. മോദിക്കും അമിത് ഷായ്ക്കും ഓരോന്ന് ചെയ്താല്‍ മതിയല്ലോ, ഇവിടെ ഇതൊക്കെ അനുഭവിക്കുന്നത് പാവം രാജേട്ടനും.

ആര്‍എസ് എസുകാരെക്കാളും ആര്‍എസ്എസിന്‍റെ ആദര്‍ശങ്ങളും മറ്റും വായിച്ചുള്ള അനുഭവം ഇവിടുത്തെ മറ്റ് പാര്‍ട്ടിക്കാര്‍ക്കാണ്. അതുകൊണ്ട് ഗോള്‍വാര്‍ക്കറെയും സവര്‍ക്കറേയും  ഒന്നും ക്വോട്ട് ചെയ്യുമ്പോള്‍ തന്നേ എന്നു ചോദിക്കുകയേ നിര്‍വാഹമുള്ളു. അല്ലെങ്കില്‍ ഒന്നും കേട്ടില്ലെന്ന് അങ്ങ് നടിക്കുക. 

ഒന്നാമത് ഇല്ലാത്ത ചരിത്രം ഉണ്ടെന്ന് കാണിക്കാന്‍ പലതരത്തിലും ഉള്ള ഉഡായിപ്പ് നമ്പര്‍ ഇറക്കിയാണ് ഈ ബിജെപ്പിക്കാര്‍ ഒന്ന് കഴിഞ്ഞ് പോവുന്നത്. രാജേട്ടനാണെങ്കില്‍ ആളൊരു സാത്വികനും. പിന്നെ അറിയാവുന്ന കാര്യങ്ങള്‍ പറ്റുന്ന വിധത്തില്‍ പറഞ്ഞൊപ്പിക്കുക. അത്രേയുള്ളു.

പാവം. ഉള്ളിലെ മനുഷ്യത്വം കൊണ്ട് പറഞ്ഞുപോയതാണ്. എല്ലാവര്‍ക്കും പൗരത്വം എന്നത്. ജന്‍മം കൊണ്ടും ആര്‍ജിത ശേഷികൊണ്ടും സംഘിയായി പരിവര്‍ത്തനപ്പെടാന്‍ രാജേട്ടന് കഴിഞ്ഞില്ല എന്നതാണ് പ്രശ്നം.

കാര്യകാര്യങ്ങള്‍ സഹിതം ഏതായാലും ഇതിനൊന്നും മറുപടി പറഞ്ഞ് പിടിച്ചുനില്‍ക്കല്‍ അത്ര എളുപ്പമല്ല. കണ്ടിട്ടില്ലേ ഈ ചാനലുകളില്‍ വന്നൊക്കെ മോദിജിക്ക് വേണ്ടി വാദിക്കുന്നവരുടെ വാദങ്ങള്‍. അതൊരു പ്രത്യേക തൊലിക്കട്ടിയാണ്. കോമണ്‍സെന്‍സ് എടുത്ത് തോട്ടിലെറിയുക എന്നതാണ് ആദ്യത്തെ കര്‍മം. ബാക്കി കണ്ണും പൂട്ടിയുള്ള നുണകള്‍ ആധികാരികമായി അവതരിപ്പിക്കുക എന്നതാണ്. ഇതൊന്നും സാധിച്ചില്ലെങ്കില്‍ ദാ ഇങ്ങനെ കേട്ടോണ്ടിരിക്കേണ്ടിവരും. 

രാജേട്ടന്‍റെ സഭയിലെ അവസ്ഥയെപ്പറ്റി പഠിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഒരു പഠനശിബിരം സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമായും ഈ അവസ്ഥയ്ക്ക് ഒരു ന്യായീകരണമാണ് പാര്‍ട്ടി അണികള്‍ പ്രതീക്ഷിക്കുന്നത്.  ശോഭ ചേച്ചിയെ അതേല്‍പ്പിക്കുകയാണ്. 

കുഞ്ഞാലിക്കുട്ടി എംപിയായി ഡല്‍ഹിയില്‍ പോയത് കഷ്ടമായിപ്പോയെന്ന് രാജേട്ടന് ഇപ്പോള്‍ തോന്നുണ്ടാവും. നേരത്തെ പറഞ്ഞില്ലേ, ഈ സഭയില്‍ രാജേട്ടന്‍ ഇങ്ങനെ ഒറ്റയ്ക്കായി ആക്രമിക്കപ്പെട്ട നേരത്ത് സാന്ത്വനവുമായെത്തിയത് കുഞ്ഞാലിക്കുട്ടി സാഹിബാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...