ഏറ്റവും അധികം ചിരിപ്പിച്ചത് ആരെന്നതിന് പ്രസക്തിയില്ല; 2019ന്റെ രസ കാഴ്ചകള്‍

Thiruvaa_31-12
SHARE

ഈ വര്‍ഷത്തെ മൊത്തം ചിരികളെ ഇങ്ങനെ അരമണിക്കൂറില്‍ ഒതുക്കാന്‍ ശ്രമിക്കുക എന്നത് ഒരല്‍പ്പം കടന്ന കൈയ്യാണ്. ലോക്സഭാ തിരഞ്ഞെടുപ്പുകാലവും മന്ത്രിമാരുടെ വിദേശയാത്രയും മാര്‍ക്ക് സക്കാത്തും ബ്ലൂവറിയും പബ്ബും സിപിഎമ്മിന്‍റെ വെളിപാടുകാലവും തുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മലയാളി നല്ലോണം ചിരിച്ചു. കേന്ദ്രത്തിലെ ബിജെപിയാണോ കേരളത്തിലെ ബിജെപിയാണോ ഏറെ ചിരിപ്പിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മാറി നില്‍ക്ക് എന്ന് മുഖ്യന്‍ പിണറായി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അതനുസരിക്കാതെ ക്യാമറകള്‍ തുടര്‍ന്നും രസകരമായ കാഴ്ചകള്‍ കാണിച്ചുകൊണ്ടേയിരുന്നു. സുചിന്തിതമായ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പലതും പുറത്തെടുത്ത് മുല്ലപ്പള്ളിവരെ കളം നിറഞ്ഞ വര്‍ഷമാണ് കടന്നുപോകുന്നത്. അപ്പോള്‍ കണ്ടുമറന്ന ചിരിക്കാഴ്ചകളുടെ ഒരു ഓര്‍മപ്പെടുത്തലാണ്.

എല്ലാവര്‍ഷവും ദാ ഈ ദിവസം അതായത് ഡിസംബര്‍ മുപ്പത്തിയൊന്നിന് എല്ലാവരും ഒരു തീരുമാനമെടുക്കും. നാളെമുതല്‍ നന്നാകും എന്ന്.  സിപിഎം എന്ന കേരളത്തിലെ ഭരണകക്ഷിപാര്‍ട്ടി അഥവാ വല്യേട്ടന്‍ 2018 ഡിസംബര്‍ മുപ്പത്തിയൊന്നിന് ഇങ്ങനെ ഒരു തീരുമാനമെടുത്തിരുന്നു. നന്നാകാന്‍. പാര്‍ട്ടി സിപിഎം ആയതുകൊണ്ട് പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്തിരിക്കും. അതെ പാര്‍ട്ടി നല്ലോണം നന്നായി

ഇങ്ങനെ വാക്കില്‍ മാത്രം നന്നായിട്ടുകാര്യമില്ലെന്ന് ശത്രുക്കള്‍ പറഞ്ഞുനടക്കുമെന്നറിയാവുന്ന പാര്‍ട്ടി മറ്റൊരു കാര്യം കൂടി ചെയ്തു. ആ മതില്‍ അങ്ങ് പൊളിച്ചു. ഏത് വനിതാ മതിലേ. മതി ഇതിലേ എന്നതിന്‍റെ ചുരുക്കെഴുത്താണല്ലോ ഈ മതില്‍ . അങ്ങനെ മതില്‍ പണിത് വഴി മുടക്കിയത് ശരിയായില്ല എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞ വര്‍ഷംകൂടിയാണ് കടന്നുപോയത്. പക്ഷേ ഈ തിരിച്ചറിവുണ്ടാകാന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തൊമ്പത് സീറ്റില്‍ തോല്‍ക്കേണ്ടിവന്നു എന്നുമാത്രം.

മതില്‍ പൊളിച്ചുകളഞ്ഞകാര്യം ജനങ്ങളെ അറിയിക്കേണ്ടേ. അതിനായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീടു വീടാന്തരം കയറി ശരണംവിളിച്ചു. അതും പോരാഞ്ഞ് മകന്‍ ബിനോയിയെ കെട്ടുനിറച്ച് ശബരിമലക്ക് അയക്കുകയും ചെയ്തു. സകലപാപങ്ങളും പൊറുക്കേണമേ ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ എന്ന് സഖാക്കള്‍ മുഷ്ടിചുരുട്ടി വിളിച്ചു. 

ശബരിമലയിലെ ഈ നിലപാടുമാറ്റം പാര്‍ട്ടി നടത്തുമ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ അല്ല വയലില്‍ വായിക്കുകയായിരുന്നു. അഭിനവ നീറോചക്രവര്‍ത്തിയെപ്പോലെ

വീടുകയറുക എന്നത് സിപിഎമ്മിന്‍റെ മാത്രം കുത്തകയൊന്നുമല്ല എന്ന് പ്രഖ്യാപിച്ച് ബിജെപിയും പിന്നാലെ വച്ചുപിടിച്ചു. പൗരത്വ ഭേദഗതിയുടെ ഗതി വിവരിക്കാനാണ് പോക്ക്. പിന്നാലെ വീട്ടുകാരുടെ വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാരും എത്താന്‍ പോകുന്നുവെന്നതാണ് ഇനി നമ്മളെ കാത്തിരിക്കുന്ന സര്‍പ്രൈസ്. പൗരത്വം തെളിയിക്കാന്‍ മാനസികമായി തയ്യാറെടുത്തുകൊള്‍ക. 

2019 ല്‍ ജനങ്ങളെ ഏറ്റവും അധികം ചിരിപ്പിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതിന്‍റെ കുത്തക മോദിയും അമിത്ഷായും കൈയ്യടക്കി വച്ചിരിക്കുകയാണ്. ഇക്കുറിയും അതിനൊന്നും തെല്ലും കുറവുണ്ടായില്ല. ബാലാക്കോട്ട് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മോദി നടത്തിയ റഡാര്‍ സിദ്ധാന്തം വരും വര്‍ഷങ്ങളില്‍ പാഠ്യവിഷയമായാല്‍ അല്‍ഭുതപ്പെടാനില്ല.

മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് പ്രത്യാക്രമണത്തിന് നല്ലതെന്നും അപ്പോള്‍ ശത്രുരാജ്യത്തിന്‍റെ റഡാറില്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പതിയില്ലെന്നുമുള്ള കണ്ടെത്തലിന് ചിലപ്പോള്‍ നോബല്‍ സമ്മാനം ലഭിച്ചേക്കാം. മോദിയുടെ കേദാര്‍നാഥിലേക്കുള്ള മഞ്ഞുയാത്രയും ജനങ്ങളുടെ മനസ് തണുപ്പിച്ചു. ഈ സമയമെല്ലാം പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്‍റെ തിരക്കില്‍ ചാക്കുമായി നടക്കുകയായിരുന്നു. ഒടുവില്‍ ഈ ഇരട്ട സഹോദരങ്ങള്‍ പൗരത്വബില്‍ എന്ന പുത്തന്‍ വീഞ്ഞുമായി രംഗത്തെത്തി. വര്‍ഗീയതയുടെ പഴയ കുപ്പിക്ക് മാറ്റമില്ല.

സര്‍ക്കാരിനെക്കുറിച്ചു പറയുമ്പോള്‍ പ്രതിപക്ഷം എവിടെ എന്ന് ഏവരും ചോദിക്കക സ്വാഭാവികം. എന്നാല്‍ ആ ചോദ്യത്തിനുള്ള കൃത്യമായ മറുപടി നല്‍കാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രയാസമാണ്. നിലവില്‍ ജെഎന്‍‍യുവിലെയൊക്കെ വിദ്യാര്‍ഥികളൊക്കെയാണ് ഈ റോള്‍ നിര്‍വഹിച്ചുപോരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അമ്പേ തോറ്റു. തോറ്റു എന്നുപറഞ്ഞാല്‍ പോര തോല്‍പ്പിച്ചു.

അത്രക്ക് പാടുപെട്ടാണ് മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാധിത്യ സിന്ധ്യയും  രാജസ്ഥാനില്‍ ഗലോട്ടും സച്ചിന്‍ പൈലറ്റുമൊക്കെ തമ്മിലടിച്ചത്. അവരെയെല്ലാം നേരെയാക്കുന്നതിന്‍റ ഭാഗമായി സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഖ്യാപിച്ച രാഹുല്‍ അധ്യക്ഷ പദവി ഒഴിഞ്ഞു. പതിവുപോലെ ഒളിവില്‍ പോയി. രാജ്യത്തുതന്നെ സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയിച്ചില്ല. പിന്നാ കോണ്‍ഗ്രസില്‍. കണ്ടില്ലേ ആശാന്‍ ഇപ്പോ ടോട്ടലി ഫ്രീയാണ്. പാട്ടുംപാടി ഡാന്‍സും കളിച്ച് ഇങ്ങനെ നടക്കുന്നു. 

2019 ല്‍ ലോട്ടറിയടിച്ചവരില്‍ പ്രമുഖനാണ് എപി അബ്ദുല്ല  കുട്ടി. അല്‍ഭുതക്കുട്ടി എന്നൊക്കെ പണ്ടേക്കുപണ്ടേ വിളിപ്പേരുള്ള കുട്ടി ഈ വര്‍ഷവും വാര്‍ത്താ താരമായി. അഞ്ുവര്‍,ം കൂടുമ്പോള്‍ പാര്‍ട്ടി മാറല്‍ എന്ന രോഗമുള്ള കുട്ടി ഇപ്പോ ബിജെപിയിലാണ്. നരേന്ദ്രമോദിയെ ഗാന്ധിയനായി വാഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വോളന്‍ററി റിട്ടയര്‍മെന്‍റ് നല്‍കിയതിനെ തുടര്‍ന്നാണ് ഗാന്ധി ദര്‍ശനങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മോദിക്കൊപ്പം പോയത്. പണ്ട് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കു വന്നതും ഇതേ ഉദ്ദേശത്തിലായിരുന്നത്രേ. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തിനൊപ്പം ദേശീയ മുസ്ലീം പദവിയും ലഭ്യമായിട്ടുണ്ട്. പൗരത്വ ഭേദഗതിവിവരം അറിയാത്തതിനാല്‍ ആ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല എന്നുമാത്രം.

എല്ലാവര്‍ഷവും പ്രമുഖ വിടുവായന്മാരുടെ കണക്കെടുക്കുമ്പോള്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന ആളാണ് പൂഞ്ഞാറുകാരന്‍ പിസി ജോര്‍ജ്. ഇക്കുറിയും അതില്‍ മാറ്റമില്ല. ലോകത്തിലെ എല്ലാ മുന്നണിക്കും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പിസി അവസാനം താവളമാക്കിയിരുന്ന എന്‍ഡിഎ മുന്നണിയും വിട്ടു. പോകുന്നതിന് മുമ്പ് ബിജെപി സംസ്ഥാന നേതൃത്വത്തെ മാത്രമല്ല സാക്ഷാല്‍ നരേന്ദ്ര മോദിയെയും പത്തു പറഞ്ഞു. ഒന്നും വിചാരിക്കരുത്. അതാ ശീലം

ലോക്സഭാ തിരഞ്ഞെടുപ്പുകാലം ചിരിയുടെ മാലപ്പടക്ക കാലമായിരുന്നു. എന്നാല്‍ എറ്റവും ഒടുവില്‍ കളത്തിലെത്തിയ ഒരു സ്ഥാനാര്‍ഥിയാണ് പ്രചാരണത്തിനൊടുവില്‍ ട്രോളുകളില്‍ മുന്നിലെത്തിയത്. സാക്ഷാല്‍ കോടീശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ നേടിയ വിജയം തിരഞ്ഞെടുപ്പില്‍ കണ്ടില്ലെങ്കിലും ഇപ്പോളും ആ പറച്ചില്‍ ആളുകളുടെ നാവില്‍ തത്തിക്കളിക്കുകയാണ്. ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഇരുട്ടത്ത് തലക്കടികിട്ടിയ ഫീലാണ് സിപിഎമ്മിനുണ്ടായത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെല്ലാം സൈഡായി. കന്ല ‍ഒരു തരി മതിയെന്നുപറഞ്ഞ് ആലപ്പുഴയില്‍ നിന്ന് ആരിഫ് മാത്രം ഡല്‍ഹിക്കു പോയി. ബാക്കി എല്ലാവരും കേരളാ എക്സ്പസില്‍ ബുക് ചെയ്തിരുന്ന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ശബരിമലയില്‍ സമസ്ഥാപരാധം പറഞ്ഞ് വീടുകയറാന്‍ പോയി. 

ഈ വര്‍ഷം തീരുമ്പോളും തീരുമാനമാകാത്ത വിഷയങ്ങളിലൊന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ആരാണ് എന്ന ചോദ്യമാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കൈതച്ചക്ക കൊടുത്ത തിരഞ്ഞെടുപ്പു കമ്മീഷനെയാണ് ഈ വര്‍ഷത്തെ മികച്ച ട്രോളനായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതുവര്‍ഷം പിറക്കുമ്പോളും പിജെ ജോസഫും ജോസ് കെ മാണിയും എളിയില്‍ കൊച്ചുപിച്ചാത്തിയുമായി നടക്കുകയാണ്. തമ്മില്‍ കണ്ടാല്‍ കുത്തി കീറാന്‍.

അപ്പോള്‍ ഇങ്ങനെയൊക്കെയായാരുന്നു ഏറെക്കുറെ കാഴ്ചകള്‍. വര്‍ഷം തീര്‍ന്നു എന്നു കരുതി ആരും നിരാശപ്പെടരുത്. വരാനുള്ള ചിരികള്‍ 2020 ലും വിഴിയില്‍ തങ്ങില്ല. അപ്പോള്‍ പുതുവര്‍ഷാസംസകളോടെ ചിരിവര്‍ഷം നേര്‍ന്നുകൊണ്ട് ഈ പൗരന്‍ വിടവാങ്ങുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...