2019ലെ ചിരിനിമിഷങ്ങളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം; ചിരിവർഷം

thiruva-ethirva-30-12
SHARE

ഉള്ളിക്ക് വിലകൂടിയപ്പോള്‍ പോലും ചിരിച്ചവരാണ് മലയാളി. അല്ലെങ്കിലും ദുരന്തം നേരിടാന്‍ നമ്മളെ ആരും പഠിപ്പിക്കേണ്ടല്ലോ. സകലദുരന്തവും ഹെലികോപ്റ്റര്‍ പിടിച്ച് വന്നാലും തള്ളി മറിച്ചിടാന്‍ നമ്മള്‍ക്കുള്ള കഴിവില്‍ നമ്മള്‍ നമ്മള്‍ക്ക് തന്നെ സല്യൂട്ട് നല്‍കാന്‍ മടിക്കാത്തവരുമാണ്. അതിനി ആരെങ്കിലും പിടിച്ച് പാക്കിസ്ഥാനില്‍ കൊണ്ടിട്ടാലും നമ്മളിങ്ങിനെയൊക്കെത്തനെയായിരിക്കുകയും ചെയ്യും. രാഷ്ട്രീയം മൊത്തത്തില്‍ കോമഡിയായി മാറുന്നതിന്റെ വിഷമത്തിലും കുറേ ചിരിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. തിരുവാ എതിര്‍വായ്ക്കൊപ്പം ചിരിച്ച നിമിഷങ്ങളിലേക്ക് ചെറിയൊരു ഓട്ടപ്രദക്ഷിണം. ചിരിവര്‍ഷത്തിലേക്ക് സ്വാഗതം.

....................

ചരിത്രം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ താല്‍പര്യമുള്ളവര്‍ ലോകത്തുണ്ടോ എന്ന് സംശയമാണ്. ചരിത്രകുതുകിയായ ഇങ്ങനെയൊരു മഹാനുഭാവന്‍ ഭാരതത്തിന്റെ പുണ്യമാണ്. പക്ഷെ, സങ്കടമെന്നുപറയട്ടെ അതൊക്കെയും ചരിത്രം നശിപ്പിലിക്കലായിട്ടാണ് എതിരാളികള്‍ക്ക് തോന്നുന്നത്. ചരിത്രകാരന്മാര്‍ക്കുപോലും ഇത് മനസ്സിലാവുന്നില്ല എന്നതാണ് വിരോധാഭാസം. ഈ ദുഃഖങ്ങള്‍ക്കിടയിലും പ്രധാനമന്ത്രിയെ തിരിച്ചറിയുന്ന ഒരു മഹാനുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ്. നിലവിലെ ചരിത്രം കുഴിച്ചുമൂടാനുള്ള ശ്രമങ്ങള്‍ക്കിടെ ഇരുവരുമൊന്നും കണ്ടുമുട്ടി. സമാനദുഃഖിതരുടെ അപൂര്‍വസംഗമം.

.....................

നരേന്ദ്രമോദിയെയും നമ്മുടെ പാവം മുഖ്യമന്ത്രി പിണറായി വിജയനേയും താരതമ്യം ചെയ്യുന്നവരുണ്ട് നാട്ടില്‍. നാട് നന്നാക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്നതൊന്നും കാണാതെയാണ് ഈ കുറ്റപ്പെടുത്തല്‍. നാട്ടുകാരുടെ സുരക്ഷ ഊട്ടി ഉറപ്പിക്കാന്‍ മാവോയിസ്റ്റുകളെ സാഹസികമായി വെടിവച്ചുകൊന്നതൊന്നും മറക്കരുത് നാട്ടുകാരെ. ജനസേവനം വേഗത്തില്‍ നടക്കണം. അതാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതിനാണ് ഇല്ലായ്മകള്‍ക്കിടയിലും ഒരു ഹെലികോപ്റ്റര്‍ വാങ്ങാന്‍ ശ്രമിച്ചത്. പൊലീസിനൊക്കെ പറന്ന് വെടിവയ്ക്കുകയുംചെയ്യാമല്ലോ. അത്രയേ വിചാരിച്ചുള്ളൂ. പക്ഷെ, ആരോട് പറയാന്‍ ?

................

ആരോപണങ്ങള്‍ ഏത് ശക്തിമാന്റെയും ആരോഗ്യം ക്ഷയിപ്പിക്കും. പി. കെ. ശശി എംഎല്‍എയുടെ കമ്യൂണിസ്റ്റ് ആരോഗ്യം കണ്ട വര്‍ഷമാണ് 2019. സംഗതി പീഡന ആരോപണമായിരുന്നെങ്കിലും മരുന്നുകഞ്ഞി നല്‍കിയ പ്രതിരോധ ശക്തിയുടെ ബലത്തില്‍ ശശി പിടിച്ചുനിന്നു. തീവ്രത കുറഞ്ഞതാണ് ശശിയുടെ ഇടപാടുകളെന്ന് പാര്‍ട്ടിയുടെ സിബിഐ സംഘം കണ്ടെത്തിയത് അപാരഅന്വേഷണത്തിലൂടെയായിരുന്നു.

................

ആരോഗ്യമന്ത്രിക്ക് ആരോഗ്യംവേണം, വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാഭ്യാസം വേണം എന്നൊക്കെ ആഗ്രഹിക്കുന്നതുപോലെ കായികമന്ത്രിക്ക് അല്‍പം കായികശേഷിയൊക്കെ ആകാം എന്ന് നാട്ടുകാര്‍ ചിന്തിച്ചാല്‍ തെറ്റുപറയാകില്ല. ഇത് തിരിച്ചറിഞ്ഞയാളാണ് ഇ.പി. ജയരാജന്‍. കമ്യൂണിസ്റ്റ് ആരോഗ്യത്തെകുറിച്ചൊന്നും ചിന്തിക്കാത്ത ഇപിക്ക് ജിമ്മിലാണ് വിശ്വാസം. കഞ്ഞിയിലല്ല.

.......................

കോണ്‍ഗ്രസുകാരും ആരോഗ്യത്തില്‍ ശ്രദ്ധിച്ച വര്‍ഷമായിരുന്നു. പ്രത്യകിച്ച് എംപിയായി ഡല്‍ഹിയിലേക്ക് പോയ ഹൈബി ഈഡന്‍. തലസ്ഥാനത്തുപോയി ഫാസിസത്തിനെതിരെ ശക്തമായി പോരാടാന്‍ ആരോഗ്യം നല്ലോണം വേണം. ഇനി നാട്ടിലാണെങ്കിലോ. സ്വന്തം പാളയത്തില്‍ മേയറെ നേരിടാന്‍ ശക്തി ചില്ലറയൊന്നും പോരാ. അതുകൊണ്ട് ഓപ്പണ്‍ ജിമ്മിലാണ് ഹൈബിയുടെ കസറത്ത്.

..........................

കേരള പൊലീസ് ഈ സര്‍ക്കാരിന്റെ ഐശ്വര്യം എന്ന് ഡിജിപി തന്നെ സ്റ്റിക്കറൊട്ടിച്ചുകൊടുത്തിട്ടുണ്ട്. ചെയ്യാവുന്നതെല്ലാം ഇങ്ങനെ പരമാവധി ഭംഗിയായി ചെയ്യുന്ന മറ്റൊരു ഡിജിപി കേരളത്തിന്റെ ചരിത്രത്തിലില്ല. നീതിക്കുവേണ്ടി നിലകൊള്ളുന്നതിനിടെ സിപിഐക്കാരുവരെ കല്ലെറിഞ്ഞു. മാവോയിസ്റ്റുകളെ മാത്രമല്ല സിപിഐക്കാര്‍ക്കിട്ടും കൊടുക്കാന്‍ പിണറായിയില്‍നിന്ന് സമ്മതപത്രം നേരത്തെ വാങ്ങിയിട്ടുണ്ട്. എങ്കിലും ആരോഗ്യം നോക്കണമല്ലോ. അതിനായി സകല പൊലീസുകാര്‍ക്കും മസില് മസ്റ്റാണ്. അതിനായി ഒരു ജിമ്മുതന്നെ തുടങ്ങി. ഇടതുപക്ഷം ഭരിക്കുന്നതിനാല്‍ ചെറിയ തോതില്‍ പറ്റില്ല, അത് ഹൈെടക്ക് തന്നെ വേണം.

തള്ളിന്റെകൂടെ ഉന്തും എന്നുപറഞ്ഞുതുപോലെ താനൊരു വാഴക്കുല കട്ടകാര്യംകൂടി ജി സുധാകരന്‍ വെളിപ്പെടുത്തിയ കൊല്ലമാണിത്. വാഴക്കുലയല്ല സ്വര്‍ണം മോഷ്ടിച്ചിട്ടും കേരളത്തിലെ റോഡുകളൊന്നും നേരെയാകുന്ന ലക്ഷണമില്ല. ഉദ്യോഗസ്ഥന്‍മാരെ തെറിവിളിച്ചിട്ടൊന്നും കാര്യമില്ല. റോഡിന്റെ അവസ്ഥയറിയണമെങ്കില്‍ വൈദ്യുതി മന്ത്രി എംഎം മണിയോട് ചോദിച്ചാല്‍ മതി. രണ്ടുവര്‍ഷത്തിനിടെ 34 ടയറാണ് വണ്ടിക്ക് പാവം ആശാന് മാറ്റേണ്ടിവന്നത്. വൈദ്യുതി ലാഭിക്കൂ എന്നുപറയുന്നതുപോലെ സ്വന്തം വകുപ്പിന്റെ പരസ്യത്തിലെങ്കിലും ടയര്‍ ലാഭിക്കൂ എന്ന് പറയാന്‍ ജി. സുധാകരന് കഴിയുമോ. ആശാനെ കുറ്റംപറയുന്നവര്‍ സത്യം മനസ്സിലാക്കണം.

......................

രാഷ്ട്രീയം പരീക്ഷണങ്ങളുടേതാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്  ഇലക്ഷന്‍ സമയത്ത് ബിജെപി സൂപ്പറാണെന്ന് തോന്നി. പിന്നെ ആകെയൊരു മടുപ്പ്. പ്രധാനമന്ത്രിക്കിട്ട് രണ്ട് പുളിച്ചതങ്ങ് പറഞ്ഞു. ഒരു മനസുഖം. ചിരിയുടെ തമ്പുരാന്‍ പി.സി. ജോര്‍ജിന് ചിരിപ്പിച്ചിട്ട് ബോറടിക്കുന്നില്ലേ ആവോ. അധോലോകം പോലും പിസിയുടെ കോമഡിയില്‍ ചിരിച്ചുമറിഞ്ഞ വര്‍ഷമാണ്. രവി പൂജാര പിസിക്കിട്ട് ക്വട്ടേഷന്‍ കൊടുത്ത വര്‍ഷം. ആഫ്രിക്കയില്‍നിന്നല്ല അന്റാര്‍ട്ടിക്കയില്‍നിന്ന് ഭീഷണിപ്പെടുത്തിയാല്‍പ്പോലും പിസി ജോര്‍ജ് കുലുങ്ങത്തില്ല. പാലാരവട്ടം പാലമല്ല പിസീയെന്ന് ഏത് പൂജാരിയായാലും ഓര്‍ത്താല്‍ കൊള്ളാം.

.................

നിര്‍ഭയം രാത്രി നടത്തത്തിന് സ്ത്രീകളെ സര്‍ക്കാരുതന്നെ പ്രോല്‍സാഹിപ്പിക്കുന്ന കാലമാണ്. അതുപോലെ സല്യൂട്ടടിക്കേണ്ട പലതും നാട്ടില്‍ നടക്കുമ്പോഴാണ് കോഴിക്കോട്ടെ ചില ഹോട്ടലുകാര്‍ക്ക് ലുങ്കിയോട് അലര്‍ജി. ലുങ്കിക്ക് അഭംഗിയുണ്ടെന്ന് കണ്ടെത്തിയവര്‍ക്കെതിരെ സമരത്തിന് ആളുകളിറങ്ങി. ലുങ്കി സമരം ചരിത്രമായി. അങ്ങനെ ലുങ്കി പോലും 2019ല്‍ ചിരിപ്പിച്ച് കളഞ്ഞു. 

..................

പാടത്ത് പണി വരമ്പത്ത് കൂലി എന്നാണ് നിലപാടെങ്കിലും ഒരാണ്ടുമുഴുവന്‍ കുത്തിയിരുന്ന് ചിരിപ്പിച്ചവരാണ് പലരും. അതിന് ഒരരമണിക്കൂര്‍ പോരാതെ വരും എന്നുള്ളതുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു. കൂടുതല്‍ ലാഫിങ് ഇയര്‍.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...