രാജ്യത്തിന്റെ വായ തുന്നിക്കെട്ടുന്ന മോദിയും അമിത് ഷായും

thiruva-19
SHARE

സ്വന്തം ഇഷ്ടപ്രകാരം ആജ്ഞാപിക്കുന്ന ഭരണകൂടത്തിനെതിരെ രാജ്യത്ത് ശബ്ദമുയര്‍ന്നുതുടങ്ങിയിട്ട് ദിവസങ്ങളായി. എങ്ങനെയാണ് ഈ ശബ്ദങ്ങളെ ഇല്ലാതാക്കുക. മോദിക്കും അമിത്ഷായ്ക്കും അറിയാത്തതല്ല അതിനുള്ള വഴികള്‍ . പാര്‍ട്ടിയിലുള്‍പ്പെടെ എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കിയാണ് അവര്‍ ഈ കളം വരെ എത്തിനില്‍ക്കുന്നതെന്ന് മറക്കരുത്. ആജ്ഞ ധിക്കരിക്കുന്നവരെ തടയാന്‍ മറ്റൊരു ആജ്ഞ അവര്‍ പുറപ്പെടുവിച്ചു. നിരോധനാജ്ഞ. രാജ്യത്ത് അങ്ങനെ വായ തുന്നിക്കെട്ടാനുള്ള ശസ്ത്രകൃയക്കായി മോദിയും ഷാജിയും ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. യുവാക്കളും യുവതികളും ചോര ചിന്താന്‍ തയ്യാറായി തെരുവിലിറങ്ങിയിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് അത്രക്കങ്ങ് ആക്ടീവല്ല. നാഥനില്ലാക്കളരിയില്‍നിന്ന് അനിനപ്പുറം പ്രതീക്ഷിക്കേണ്ടതുമില്ലല്ലോ. എന്നാല്‍ ഇവിടെ കേരളത്തില്‍ അതല്ല സ്ഥിതി. തെരുവിലല്ലെങ്കിലും മൈക്കുകള്‍ക്കുമുന്നില്‍ ആഞ്ഞടിക്കാന്‍ ഖദര്‍ ധാരികള്‍ മല്‍സരിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അതില്‍ പ്രധാനി. രാജ്യം കത്തുന്നതിനിടെ മുല്ലപ്പള്ളിയുടെ കാര്യം പറയുന്നത് എന്തിനാണെന്ന് ധരിക്കരുത്. കക്ഷി കേന്ദ്രത്തിലെ മുന്‍ ആഭ്യന്തര സഹമന്ത്രിയാണ്. അതുകൊണ്ട് പറയുന്നത് പാര്‍ട്ടിയിലെ ആഭ്യന്തരകാര്യത്തെക്കുറിച്ചല്ല എന്ന് തിരിച്ചറിയുക.

കേന്ദ്രസര്‍ക്കാരിന് ലോട്ടറിയടിച്ചു. അതും കോടിക്കണക്കിന് രൂപയുടെ ലോട്ടറി. അതിലും നല്ലത് കേരളത്തിന്‍റെ വയറ്റത്തടിച്ചു എന്നുപറയുന്നതാകും. സംസ്ഥാനങ്ങള്‍ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് ഇരുപത്തിയെട്ടു ശതമാനം നികുതിയേര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമായി. നികുതി ഉയരുമെങ്കിലും സംസ്ഥാനം ലോട്ടറിയുടെ വില കൂട്ടില്ല. ജിഎസ്ടി നികുതി കൂടുന്നതോടെ തുകയുടെ നല്ലൊരു പങ്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പോക്കറ്റിലാകും. കടവും കടപ്പാടുമായി കഷ്ടപ്പെടുന്ന ധനമന്ത്രി തോമസ് ഐസക് കള്ളവണ്ടികയറി ദില്ലിയിലെത്തിയപ്പോളാണ് പട്ടാപ്പകലുണ്ടായ ഈ ഇരുട്ടടിക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പോറ്റാണാണെന്നു പറഞ്ഞാണ് കേന്ദ്രത്തിന്‍റെ നീക്കം. ഈ പറയുന്ന വടക്കുകിഴക്കന്‍ ജനത ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലാണുതാനും. അതൊന്നും പക്ഷേ ഭാഗ്യത്തിന് മോദി സര്‍ക്കാരിന്‍ന്‍റെ കണ്ണില്‍ പെട്ടില്ല. അന്യന്‍റെ കാലിയാകാറായ പോക്കറ്റിലെ ചില്ലറയിലായിരുന്നു കണ്ണത്രയും.

ലോട്ടറി മാഫിയക്കുവേണ്ടിയാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന് നമുക്കെല്ലാമറിയാവുന്നപോലെ ധനമന്ത്രി തോമസ് ഐസക്കിനുമറിയാം. സാന്‍റിയാഗോ മാര്‍ട്ടിനുമായി തായം കളിച്ച ഐസക്കിന് ഇനിയങ്ങോട്ട് ജയ്ഷാ കമ്പനികളുമായോ കോന്ദ്രസര്‍ക്കാരിന്‍റെ തോളില്‍ കൈഇടുന്ന ഭീമന്‍ കമ്പനികളുമായോ ഗുസ്തിപിടിക്കേണ്ടിവന്നാല്‍ ആരും തെല്ലും അല്‍ഭുതപ്പെടരുത്. മോദിക്കും ഷാജിക്കും എല്ലാം ഒരു ചൂതാട്ടം മാത്രം. ഒറ്റയക്കത്തിന് ഒന്നാം സമ്മാനം നഷ്ടമായവന്‍റെ നിരാശയിലാണ് തോമസ് ഐസക്

ജിഎസ്ടി ജിഎസ്ടി എന്നുകേട്ടപ്പോള്‍ തുള്ളിച്ചാടിയവനാണ് പ്രസ്തുത ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതി എന്താണെന്നറിയാതെ തലചൊറിഞ്ഞുനിന്ന മലയാളികളോട് ചാക്കോമാഷിന്‍റെ ചാതുര്യത്തോടെ കണക്ക് നിരത്തി വരാന്‍പോകുന്ന ലാഭത്തിന്‍റെ അക്കങ്ങള്‍ ചേര്‍ത്തുവച്ചവന്‍. ജിഎസ്ടി വരുമാനം വന്നിട്ട് അതില്‍നിന്ന് കാശെടുത്ത് നടപ്പാക്കാനുള്ള കഥകളൊക്കെ ബജറ്റിലെഴുതിയവന്‍. ലോട്ടറിയായിരുന്നു ഏക ആശ്വാസം. എന്ത് ആവശ്യം വന്നാലും ഒരു ലോട്ടറി. ഇപ്പോളും അത് ഭാഗ്യക്കുറിതന്നെയാണ്. കേന്ദ്രസര്‍ക്കാരിന്‍റെയാണെന്നുമാത്രം. 

ആരാകും അടുത്ത മിസോറാം ഗവര്‍ണര്‍ അഥവാ ആരാണ് ഇനി ബിജെപി സംസ്ഥാന അധ്യക്ഷന്‍. വക്കീല്‍ പോയതോടെ അനാധമായ കസേരക്കുചുറ്റും നേതാക്കള്‍ വട്ടം കറങ്ങുന്ന കളി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെയും അധ്യക്ഷന്‍ അമിത്ഷാ വിസില്‍ ഊതിയില്ല. തനിക്കിഷ്ടമുള്ള ആളെ കസേരയില്‍ ഇരുത്തിയശേഷം മറ്റുള്ളവരെ ചുറ്റും ഓടിച്ചുകൊണ്ട് വിസില്‍ ഊതി പ്രതീക്ഷ നല്‍കുക എന്നതാണല്ലോ ഷാജിയുടെ ഒരു ലീലാവിലാസം. മിസോറാമില്‍ നിന്നുമടങ്ങിയെത്തിയ കുമ്മനമോ അതോ അയ്യപ്പനേക്കാള്‍ ജനസമ്മതിയുള്ളവന്‍ എന്ന് അണികവാല്‍ വാഴ്തപ്പെടുന്ന കെ സുരേന്ദ്രനോ. ആരാകും ആ പ്രീ മിസോറാം സീറ്റില്‍ ഇരിക്കുക.

കസേരയുടെയും കുമ്മനത്തിന്‍റെയും കാര്യം പറഞ്ഞപ്പോളാണ് മറ്റൊരു കാഴ്ച ഓര്‍മവന്നത്. ഒഴിഞ്ഞ ഒട്ടനേകം കസേരകള്‍ നമ്മുടെ കുമ്മനത്തിന്‍റെ മുന്നിലുണ്ടായിരുന്നു. ബിജെപി ആസ്താനമായ മാരാര്‍ജി ഭവനിലല്ല എന്നുമാത്രം. ഒഴിഞ്ഞ കസേരകളെ നോക്കി കുമ്മനം പ്രസംഗിച്ചു. താരാട്ടായി ആ വാക്കുകള്‍ പാറിനടന്നു. പിണറായി വിജയന്‍റെ പൊലീസില്‍ ഡിജിപി ലോക്നാഥ് ബഹ്റ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ദന്തല്‍ പൊലീസിങ്ങ് എന്നതാണ് പുതിയ പദ്ധതി. പല്ലെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെറുതെ റോഡില്‍ നില്‍ക്കുന്ന പൊലീസുകാരുടെ അടുത്ത് ചെന്നാല്‍ മതി. ഒറ്റയടിക്ക് കാര്യം സാധിക്കാം. ചേര്‍ത്തല പൊലീസിന്‍റെ അടുത്തെത്തുന്നവര്‍ക്ക് ദന്തല്‍ പൊലീസ് പ്രത്യേക ഓഫറും നല്‍കുന്നുണ്ടത്രേ. ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് നന്നായി. പൊലീസിന്‍റെ മുന്നില്‍ പെട്ടാല്‍ പല്ല് സംരക്ഷിക്കാമല്ലോ

ഇനി രാജ്യാന്തര സെഗ്മന്‍റാണ്. അമേരിക്കയിലെ പിസി ജോര്‍ജായ ഡൊണാള്‍ഡ് ട്രംപ് ചട്ടമ്പിയെ ഇംപീച്ച് ചെയ്ത് പുറത്താക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി. ഇതിനെ മറികടക്കാനുള്ള ചട്ടമ്പി നാടകങ്ങള്‍ ട്രംപാശാന്‍ പയറ്റാതിരിക്കില്ലെന്ന് വിദേശകാര്യ വിദഗ്ധര്‍ ഒന്നടങ്കം പറയുന്നുണ്ട്. ഇംപീച്ചുകാരായ ഡെമോക്രാറ്റുകളെ പേടിപ്പിക്കാനാണെന്നു തോന്നുന്നു മസില്‍മാന്മാരുടെ പടത്തില്‍ തലവെട്ടിയൊട്ടിച്ചൊക്കെ ഫോട്ടോഷാപ്പ് പയറ്റിയത്. എന്തായാലും സംഗതി സീരിയസാണ്. ഇംപീച്മെന്റ് വിജയിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ കോമഡി താരത്തിന്‍റെ ട്രാജ‍ഡിക്ക് നാം സാക്ഷിയാകും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...