രാജ്യത്തെ പ്രതിഷേധങ്ങളിൽ കൂസാതെ അമിത് ഷായും മോദിയും

thiruva-ethirva-18-12
SHARE

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം വലിയ പ്രക്ഷോഭം നടക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പക്ഷേ പ്രക്ഷോഭം ശക്തമല്ലെന്നായിരുന്നു ഇന്നലെ തിരുവാ എതിര്‍വായുടെ നിരീക്ഷണം. ഈ നിരീക്ഷണത്തില്‍ മനം നൊന്താണോ എന്നറിയില്ല ഇന്ന് മൊത്തത്തില്‍ വെടിക്കെട്ടു കലാപരിപാടികളായിരുന്നു. പാലക്കാട് നഗരസഭയില്‍ സിപിഎം ബിജെപി കയ്യാങ്കളി.  കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബിജെപി  ഇടതുപ്രമേയം കീറിയെറിഞ്ഞു.  തൃശൂര്‍ കേരളവര്‍മ കോളജില്‍ എ.ബി.വി.പിക്കാരെ എസ്.എഫ്.ഐക്കാര്‍  പഞ്ഞിക്കിട്ടു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കേരള സര്‍ക്കാരിന്‍റെ കെഎസ്ആര്‍ടിസി ബസുകള്‍  എറിഞ്ഞു തകര്‍ത്തതിനുപിന്നാലെയായിരുന്നു ഈ കലാപ പരിപാടികള്‍. 

റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ നീറോചക്രവര്‍ത്തി വീണ വായിച്ചുവെന്നാണ് നാമെല്ലാം കേട്ടുവളര്‍ന്നത്. അതുകൊണ്ടുതന്നെ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര അമിത്ഷായും വീണ വായിക്കുമെന്നാണ് സ്വാഭാവികമായി നാമെല്ലാം കരുതിയതും. എന്നാല്‍ അവരെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്നമേയല്ല. ആരൊക്കെ എത്രയൊക്കെ പ്രതിഷേധിച്ചാലും നിയമം നിയമത്തിന്‍റെ വഴിയേ എന്നാണ് മോദി ഷാ സയാമീസ് ഇരട്ടകളുടെ നിലപാട്. വിഷയത്തില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് അമിത് ഷാജി അഭിമുഖമൊക്കെ കൊടുക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ അനീതി തോന്നുന്നുണ്ടെങ്കില്‍ ആര്‍ക്കും അത് പറയാം എന്നാണ് ഷാജി മൊഴിയുന്നത്. അതായത് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധമൊന്നും അനീതി തോന്നിയിട്ട് നടക്കുന്നതല്ലെന്ന്. യുവാക്കള്‍ ഒന്ന് മനസിലാക്കണം. ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ ഈ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും ധാരാളമാണ്. എന്നാല്‍ ഉണരില്ല എന്ന് വാശിപിടിച്ച് കണ്ണിറുക്കി ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ഈ മുദ്രാവാക്യങ്ങള്‍ പോരാതെ വരും. 

ഇത് ഇന്നോ ഇന്നലയ‌ോ തുടങ്ങിയതല്ല. ഗുജറാത്തിലൊക്കെ നന്നായി ഓടിയ കാസറ്റാണ്. ആറേഴു വര്‍ഷമ മുമ്പാണ് ദേശീയ തലത്തില്‍ റിലീസ് ചെയ്തു എന്നുമാത്രം. കേരളത്തിലെ ജനങ്ങള്‍ക്ക് പൗരത്വ ഭേദഗതി ബില്ലെന്ന CAA യെക്കുറിച്ച് പറഞ്ഞുനല്‍കാന്‍ പക്കാ ഫാസിസ്റ്റ് വിരുദ്ധരായ രമേശ് ചെന്നിത്തലയും ബെന്നി ബഹ്നാനുമാണ് എത്തുക. അതിനൊരു കാരണമുണ്ട്. അത് വഴിയേ പറയാം. ബില്ലിനെതിരെ കേരളത്തില്‍ ആഞ്ഞടിക്കാനുള്ള ചുമതലയാണ് രമേശില്‍ നിക്ഷിപ്തമായിട്ടുള്ളത്. ലോക്സഭയിലെ കാര്യം താന്‍ ഏറ്റുവെന്നാണ് ബെന്നിബഹ്നാന്‍ പറയുന്നത്. ഇരുവരെയും പേടിച്ചാണ് സത്യം പറഞ്ഞാല്‍ ഫാസിസം കേരളത്തിലേക്ക് കടക്കാന്‍ മടിക്കുന്നതുതന്നെ. ഐക്യ ജനാധിപത്യ മുന്നണി എന്നാണ് പേരെങ്കിലും അവിടെ ആകെ ഇല്ലാത്തത് ഐക്യമാണ് എന്നത് എല്ലാവരും പൊതുവെ അംഗീകരിക്കുന്ന സത്യമാണ്. പിന്നെ ജനാധിപത്യം. അത് ആവോളമുണ്ട്. അത് കൂടുമ്പോള്‍ പരസ്യ പ്രസ്താവന നിരോധിക്കും എന്നുമാത്രം. 

എന്തുകൊണ്ടാണ് രമേശും ബെന്നിയും എന്നവിഷയത്തിലേക്കാണ് ഇനി വരുന്നത്. രാജ്യത്ത് കോണ്‍ഗ്രസ് എന്നൊരു പ്രതിപക്ഷമുണ്ട്. അവരുടെ വലിയ പ്രതീക്ഷ രാഗ എന്ന രാഹുല്‍ ഗാന്ധിയിലാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ അരിപ്പക്കുമുന്നില്‍ പ്രതിഷേധിച്ച് രാജ്യം കത്തുമ്പോള്‍ അതിന് കാര്‍മികത്വം വഹിക്കേണ്ട രാഗ ഈ കത്തുന്ന രാജ്യത്തില്ല. പുള്ളി ദക്ഷിണ കൊറിയയിലാണ്. ഈ രാജ്യത്ത് ഇനി രക്ഷയില്ല എന്നുകണ്ട് കൊറിയയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശാഖ രൂപീകരിക്കാന്‍ പോയതാണോ എന്ന് എഐസിസി വ്യക്തമാക്കിയിട്ടില്ല.  ഉത്തരവാദിത്തമുള്ള പയ്യനാണെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതിനാല്‍ കുഴപ്പമില്ല. 

കോളജ് പിള്ളേര്‍ വിപ്ലവം വരുത്തട്ടേ സമയമാകുമ്പോള്‍ ഞാനെത്തി ഉത്തരവാദിത്തമേറ്റോളാം എന്നതാണ് കോണ്‍ഗ്രസ് ലൈന്‍. നമുക്കിവിടെ ഒരു രമേശ് ചെന്നിത്തല ഉള്ളതുകൊണ്ട് കുഴപ്പമില്ല. അപ്പോള്‍ നമുക്ക് രമേശിന് പറയാനുള്ളതിന് ആദ്യം ചെവി കൊടുക്കാം. 

കേട്ടില്ലേ. തമ്മിലടിപ്പിക്കാനുള്ള നീക്കമാണത്രേ. ആരെയാണെന്നല്ലേ. കോണ്‍ഗ്രസുകാരെത്തന്നെ. ഒന്നുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ ഐ കോണ്‍ഗ്രസിനെയും എ കോണ്‍ഗ്രസിനെയും. മോദി ഷാ ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വണ്ടിയില്‍ കയറൂ എന്ന് കേരള മുഖ്യന്‍ പറയേണ്ട താമസം ഫാസിസം തുലയട്ടേയെന്ന് ആക്രോശിച്ച് രമേശ് ചെന്നിത്തല ആ കൂടെ കയറി. യുഡിഎഫ് എന്നൊരു സംവിധാനത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് അമ്പേ മറന്നതാണ് പ്രശ്നം. ചെന്നിത്തല കരുതിയത് തന്‍റെ മുന്നണിയിലെ കുഞ്ഞാടുകള്‍ പിന്നാലെ ഉണ്ടാകും എന്നാണ്. വിളിക്കാത്ത കല്യാണത്തിന് പോകുന്ന പതിവ് നിര്‍ത്തിയെന്ന് ആര്‍എസ്പിയും വിവിധ കേരള കോണ്‍ഗ്രസുകാരും കട്ടായം പറഞ്ഞു. അതോടെ രമേശ് ഒറ്റയാനായി. അല്ല ഒറ്റുകാരനായി. 

ദാ ഈ കണ്ടില്ലേ ഇതാണ് ശരിക്കും പ്രശ്നം. ആരാണ് ശരിക്കും തല എന്ന മൂപ്പിളമ തര്‍ക്കം. സാധാരണയായി ഐ എ എന്നിങ്ങനെ രണ്ടു ടീമായിരുന്നു കളത്തിലുണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പില്ലാത്ത മുല്ലപ്പള്ളി ഗ്രൂപ്പും ഇതിനൊപ്പം മല്‍സരിക്കാനുണ്ട്. ഫാസിസത്തെ തടയാനുള്ള ശക്തി നമുക്കുണ്ടെന്ന് ചെന്നിത്തലയെ ബോധിപ്പിക്കാനാണ് യുഡിഎഫ് കണ്‍വീനറിന്‍റെ ശ്രമം. സര്‍ക്കാര്‍ വണ്ടി ഞാന്‍ ഓടിക്കും നീ മുന്നണി വണ്ടി നോക്കിയാല്‍ മതിയെന്ന് രമേശും പറഞ്ഞുവയ്ക്കുന്നു

പൗരത്ത ബില്ലിനെ ആദ്യം തടഞ്ഞ മലയാളഇ പൗരനെന്ന പദവിക്കായി ചാടിയിറങ്ങിയ രമേശിനോട് ഒരു കോണ്‍ഗ്രസ് പൗരന് നല്‍കാറുള്ള സാമാന്യ പരിഗണനപോലും രമേശിന് പാര്‍ട്ടി നല്‍കിയില്ല. ബെന്നി ബഹ്നാന്‍ നിര്‍ത്തിയപ്പോള്‍ അടി കഴിഞ്ഞുവെന്നാണ് കരുതിയത്. എന്നാല്‍ മുല്ലപ്പള്ളി വടി വെട്ടാന്‍ പോയിട്ടേ ഉള്ളായിരുന്നു

രാജ്യത്ത് ഇങ്ങനെ പൗരത്വ ഭേദഗതി തുടങ്ങിയ ചീളു കേസുകളെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെ അതിലൊന്നും തെല്ലും താല്‍പ്പര്യമില്ലാത്ത കേരള കോണ്‍ഗ്രസ് മാണി പിള്ളേര്‍ പതിവ് തമ്മിലടിയിലും രണ്ടില കൈയ്യടക്കാനുള്ള പിടിവലിയിലുമായിരുന്നു. തദ്ദേശ ഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ അകലക്കുന്നില്‍ പാര്‍ട്ടിക്കുള്ളിലെ അകലം പരസ്യമാക്കി മാണി കോണ്‍ഗ്രസുകാര്‍ പോരാടി. ഇക്കുറി വിജയം ജോസ് കെ മാണിക്കായിരുന്നു. പാര്‍ട്ടിയിലെ പ്രഥമ പൗരന്‍ ആരാണെന്ന കാര്യത്തില്‍ അവര്‍ക്ക് ഉടനെങ്ങും ഉത്തരം കണ്ടെത്താനായേക്കില്ല.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...