ബുദ്ധിജീവികളെ പേടിക്കുന്ന പ്രധാനമന്ത്രി..!

thiruvanew
SHARE

ഒരു ശരാശരി ഇന്ത്യക്കാരന്‍ വളരെ സമാധാനപ്രേമിയാണ്. അവര്‍ മതേതരവാദികളുമാണ്. സാഹോദര്യത്തിലും സ്നേഹത്തിലും ഒക്കെ വിശ്വസിക്കുന്നവരാണ്. വല്യ തട്ടിമുട്ടുകള്‍ കൂടാതെ അങ്ങ് കഴിഞ്ഞുപോയാമതിയെന്ന് കരുതുന്നവര്‍. ഈ രാജ്യത്തിന്‍റെ ആത്മാവ് അവരൊക്കെയാണ്. ഈശ്വരവിശ്വാസികളാണെങ്കില്‍ അവരൊക്കെ വലിയൊരു പ്രാര്‍ഥനയുമായാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എണീക്കുന്നത് തന്നെ. 

പ്രാര്‍ഥനകള്‍ ദൈവം കേട്ടാലും ഇല്ലെങ്കിലും ശരി മോദിയും അമിത് ഷായും തോന്നിയതുപോലെ നേരം പുലരുമ്പോള്‍ ഓരോന്ന് പ്രസംഗിച്ചു കൂട്ടുന്നുണ്ട്. പക്ഷേ യുവാക്കള്‍ നല്ല മുന്നേറ്റത്തിലാണ്. രാജ്യമൊട്ടുക്കും സമരം എന്നവസ്ഥയിലേക്കെത്തിയിട്ടുണ്ട് കാര്യങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആണ് ആദ്യം പൗരത്വനിയമത്തിനെതിരെ തെരുവില്‍ ഇറങ്ങിയതെങ്കില്‍ അതുപിന്നെ ഡല്‍ഹിയും ബംഗാളും ബീഹാറും കടന്ന് തമിഴ്നാട്ടില്‍ വരെ എത്തിയിട്ടുണ്ട്. കേരളത്തില്‍ പക്ഷേ കലാലയങ്ങളില്‍ സമരങ്ങളൊന്നും കാര്യമായില്ലെങ്കിലും മലയാളിയുടെ തനത് പ്രതിഷേധകലാരൂപമായ ഹര്‍ത്താല്‍ ഒരു കൂട്ടര്‍ സംഘടിപ്പിച്ചു. മുമ്പത്തേപ്പോലെ ഒരു ബേക്കറി ലഹളയായി ചുരുങ്ങാതെ നിര്‍ത്താന്‍ ഹര്‍ത്താലുകാര്‍ കഴിവതും ശ്രമിച്ചതും മറ്റ് വലിയ പാര്‍ട്ടികളുടെ ഹര്‍ത്താലുപോലെ കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുക, സ്വകാര്യവാഹനങ്ങള്‍ തടയുക, നിരപരാധികളായ ജനങ്ങളെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുക തുടങ്ങിയ കലാപരിപാടികളൊക്കെയായി പൊലിപ്പിച്ചിട്ടുണ്ട്. പക്ഷേ കേരളത്തിന് പുറത്ത് വിദ്യാര്‍ഥികള്‍, അവര്‍ നാളെയുടെ പൗരന്‍മാരെന്നൊക്കെ പറഞ്ഞത് തിരുത്തുകയാണ്. ഇന്നത്തെ പൗരന്‍മാരാണെന്ന് വിളിക്കുന്നതാണ് ഉചിതം.

കെഎസ്ആര്‍ടിസിക്ക് കല്ലെറിഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു സംസ്ഥാന സര്‍ക്കാരിനെതിരെയാണ് ഹര്‍ത്താലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിലയിരുത്തല്‍. മാവോയിസ്റ്റുകള്‍ക്കൊപ്പം അര്‍എസ്എസും ഇസ്ലാമിക തീവ്രവാദികളും കൈകോര്‍ത്താണ് സംസ്ഥാനത്തെതിരെ തിരിഞ്ഞിരിക്കുന്നുവെന്നാണ് പിണറായിയുടെ ഇന്‍റലിജന്‍സ് സംവിധാനം കൊണ്ടപോയി കൊടുത്ത റിപ്പോര്‍ട്ട്. പിണറായിക്കും മോദിക്കും ഒരേ ടീമാണോ ഈ രഹസ്യവിവരങ്ങള്‍ നല്‍കുന്നതെന്ന് തോന്നുന്നു. മോദി അര്‍ബന്‍ നക്സലുകളെയാണ് സംശയിക്കുന്നത്. ബുദ്ധിജീവികള്‍ പ്രശ്നക്കാരാണെന്നാണ് മോദിയുടെ പണ്ടേയുള്ള വിചാരം. വിവരവും വിദ്യാഭ്യാസവും ഉള്ളവരോട് നമ്മുടെ പ്രധാനമന്ത്രിക്ക് കലിയാണ്. തനിക്കില്ലാത്ത വിദ്യാഭ്യാസം മറ്റ്ചിലര്‍ക്ക് ഉണ്ടെന്ന് തോന്നുമ്പോള്‍ ഉണ്ടാവുന്ന ഒരുതരം മാനസിക പ്രശ്നമാണിത്. പരിഹാരം ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ പിന്നെ തന്‍റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് ആരും ഒന്നും അന്വേഷിക്കരുത്. ഇല്ലെങ്കില്‍ സകലതിനും കാരണം ബുദ്ധിജീവികളായിരിക്കും.

ഒന്നാമത് ഈ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഉണ്ടാവുന്ന പ്രതിഷേധങ്ങള്‍ക്കൊക്കെ കാരണം ഈ വിദ്യാഭ്യാസം തന്നെയാണ്. പുസ്തകം വായിക്കുന്നതൊക്കെ പ്രശ്നമാണ്. ആ നേരം ഗോമാതാവിന്‍റെ ചാണകത്തില്‍ നിന്ന് സ്വര്‍ണം കിട്ടുന്നതിനെക്കുറിച്ചായിരിക്കണം നമ്മുടെ ചിന്ത. രണ്ടു സംസ്കൃതവാക്കുകള്‍ ഉച്ചരിച്ച് കൊളസ്ട്രോളും ഷുഗറും ഒക്കെ നോര്‍മലാക്കാനാവണം ഈ കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്. വെറുതെയാണോ ജെ.എന്‍.യു ഒക്കെ അടച്ചുപൂട്ടണമെന്ന് ഈ ബിജെപിക്കാര്‍ ഇങ്ങനെ പറയുന്നത്. സത്യത്തില്‍ ആര്‍ട്ടിക്കിള്‍ 21A ആണ് ഒഴിവാക്കേണ്ടത്. അതായത് വിദ്യാഭ്യാസത്തിനുള്ള അവകാശം. വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കില്‍ ആരെങ്കിലും ഷെയര്‍ ചെയ്യുന്ന പോസ്റ്റും വായിച്ച് അതും വിശ്വസിച്ച് ജീവിച്ചാ മതിയല്ലോ. ബിജെപിയോട് തെറ്റിയ ശിവസേനയ്ക്ക് കുട്ടികളെ തല്ലുന്നതിനോട് ഇപ്പോ യോജിപ്പില്ല. ഇപ്പോള്‍ എന്ന് പ്രത്യേകം ഓര്‍ക്കണം. കാരണം വാലന്‍റൈന്‍സ് ഡേയൊക്കെ വരുമ്പോള്‍ കലാലയ വിദ്യാര്‍ഥികളെ സദാചാരം പഠിപ്പിക്കാന്‍ ഈ ശിവസേനക്കാര്‍ സ്വന്തം നിലയ്ക്ക് വടിയുമായി വരാറാണ് പതിവ്.

ഈ ബിജെപിക്കാരുടെ വിചാരം എന്താണെന്ന് വച്ചാല്‍ ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയാല്‍ പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെ നടപ്പാക്കാം എന്നും അത് നടപ്പാക്കി തീരുംവരെ ആരും മിണ്ടരുത് എന്നുമാണ്. ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടുകയെന്നാല്‍ സുസ്ഥിരമായ സര്‍ക്കാരുണ്ടാക്കുക എന്നേയുള്ളു എന്നൊന്നും അവര്‍ ഓര്‍ക്കില്ല. ഭരണഘടനവരെ തിരുത്തലാണ് പരിപാടിയെന്നുവരെ വിചാരിക്കുന്നവരോട് പറഞ്ഞിട്ടും കാര്യമില്ല.

മൊത്തത്തില്‍ വിരട്ടലാണ് രീതി. അതാണ് ശീലവും. ആദ്യം കുറുവടി കാണിക്കും. പിന്നെ കത്തി. അതുകഴിഞ്ഞ് ശൂലം ഇതാണതിന്‍റെ പലപല ഘട്ടങ്ങള്‍. ആരും മിണ്ടരുത് പ്രതിഷേധിക്കരുത്. 

ഇതിനിടെ പതിവില്ലാത്തവിധം നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ പ്രതികരണങ്ങളൊക്കെയായി രംഗത്തുവന്നിട്ടുണ്ട്. എല്ലാവരും യുവതാരങ്ങളാണ് കെട്ടോ.

അതാണ് ലാലേട്ടന്‍ ഒന്നും അറിയാഞ്ഞിട്ടാണ്. ഇല്ലെങ്കില്‍ ദാ ഇപ്പോ ബ്ലോഗുമായി വന്നേനെ അല്ലേ ഏട്ടാ...

ആ... പണ്ടത്തെപ്പോലെ നോട്ടുനിരോധനം നടന്നപ്പോഴുള്ള ഒരു പരിതസ്ഥിതി അല്ലല്ലോ ഇപ്പോ. റോ‍‍ഡിലെ കുണ്ടും കുഴിയെക്കുറിച്ചും പറയുന്നപോലെ പറയാനും പറ്റില്ല. നമ്മള്‍‌ എന്തുവിചാരിക്കുന്നു എന്നതല്ലല്ലോ നാട്ടുകാര്‍ വിചാരിക്കുന്നത് എന്താണെന്ന് അറിയുമ്പോഴുള്ള വിചാരമായിരിക്കണം എന്നില്ലല്ലോ നമ്മള്‍ ഈ നിമിഷത്തില്‍ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോഴുള്ളതെല്ലാം സത്യമാവണം എന്നുമില്ലല്ലോ ബ്ലോഗ് എഴുതുമ്പോഴുള്ള സത്യം എന്നെങ്കിലും പറയാമായിരുന്നു.

*

ചുറ്റിലും ഇരുട്ടാണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ഇക്കയ്ക്ക് എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്.

ആ ഇത് നമ്മള് കുറെ മുമ്പ് കേട്ടതാണ്. മുന്‍വിധി ഉണ്ടെങ്കില്‍ പറയണ്ട. പക്ഷേ ഇന്ത്യയെക്കുറിച്ചൊക്കെ പണ്ട് ഘോരം ഘോരം പറഞ്ഞത് ഓര്‍മയുണ്ട്. 

ആ ...പിന്നെ അതിന്‍റെ ആത്മാവ്. അല്ലേ... പിന്നെ ആ സെന്‍സ്. സെന്‍സിബിളിറ്റി. 

ഇത്രയും സെന്‍സുണ്ടായിട്ടാണോ ഈ അവിടെയും ഇവിടേയും തൊടാതെ ഒരു കുറിപ്പ്. ഇനി ആ ചെറുക്കന്‍ ദുല്‍ഖര്‍ പോസ്റ്റ് ഇട്ടതുകൊണ്ട് മോശമല്ലേ ഒന്നും പറയാതിരിക്കുന്നത് എന്നു കരുതിയിട്ട് പറഞ്ഞതൊന്നും അല്ലായെന്ന് വിശ്വസിക്കുന്നു.

അഭിപ്രായം പറഞ്ഞാല്‍ പൊല്ലാപ്പാവുമല്ലോ എന്ന് കരുതിയിട്ട് ഒന്നും മിണ്ടാതിരിക്കുന്നവരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുകയാണ് മഹത്തായ ഈ വാചകങ്ങള്‍. താല്‍പര്യമുള്ളവര്‍ക്ക് കോപ്പിയടിക്കാം.

റോട്ടിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചപ്പോള്‍ ഹൈക്കോടതി വടിയെടുത്തു. പലതും പറഞ്ഞു. കേട്ടുമടുത്തപ്പോള്‍ പതിവുപോലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മറുപടി പറയാനെത്തി. ഒന്നൊന്നര വരവായിരുന്നു. 

കിട്ടുണ്ണിച്ചേട്ടനാണ് സുധാകരനെന്ന് തോന്നിയിട്ടുള്ളവര്‍ ആ തോന്നല്‍ മാറ്റേണ്ടതില്ല. കിട്ടുണ്ണിക്ക് പറ്റിയതു തന്നെ സുധാകരന്‍ജിക്കും പറ്റി. വീണ്ടും വന്നു. ഇത്തവണ മൈക്കും എടുത്തോണ്ടല്ല. ഇരുട്ട് വീണ ഒരു സന്ധ്യക്ക് പിന്‍വാതിലിലൂടെ ജഡ്ജിയദ്ദേഹത്തെ കാണാനെത്തി. ഫെയ്സ് ബുക്ക് ആയിരുന്നു ആ പിന്‍വാതില്‍.

ഇനി കുറച്ച് വിവരം വയ്പ്പിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ജീവനോടെയുള്ള ആസ്ഥാന ബുദ്ധിജീവി സാക്ഷാല്‍ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചിലത് പഠിപ്പിക്കാനെത്തിയിട്ടുണ്ട്. ശ്രദ്ധിച്ചിരിക്കണം. ഇടയ്ക്കിടെ ചോദ്യങ്ങളുണ്ടാവും. ആദ്യം ഉത്തരം പറയുന്നവര്‍ക്ക് മൂലധനം സമ്മാനം.

സമ്മാനം മൂലധനമോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ആണെന്ന് കരുതിയിട്ടാണം ഉത്തരം പറയാതിരിക്കാന്‍ എല്ലാവരും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ പാര്‍ട്ടിയുെട ഭാവി ശോഭനമാണ്.

വലിയ വലിയ അറിവുകള്‍ പ്രദാനം ചെയ്ത ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഇന്നത്തെ പരിപാടി അവസാനിപ്പിക്കുകാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...