സംഘർഷം ഉണ്ടാക്കുന്ന സർക്കാർ; കക്കൂസിൽ കയറിയ പൊലീസും !

thiruva-new
SHARE

ഇന്ത്യയും അതിന്‍റെ സര്‍ക്കാരും എന്തുകൊണ്ടും വ്യത്യസ്ഥരാണ്. സമ്മതിക്കാതെ വയ്യ. ഓരോ രാജ്യത്തും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഇല്ലാതാക്കാനാണ് അവിടങ്ങളിലെ സര്‍ക്കാരുകള്‍ അധ്വാനിച്ച് ഊര്‍ജം കളയുന്നത്. എന്നാല്‍ ഇന്ത്യയെന്ന നമ്മുടെ രാജ്യം സാധാരണ ഗതിയില്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ അങ്ങ് ഓടിപ്പോകുന്ന ഒരു സ്ഥലമാണ്. ഇവിടെ ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ പ്രധാന പണി വളരെ കഷ്ടപ്പെട്ട് കൃത്യമായ ഇടവേളകളില്‍ ഓരോ പ്രശ്നങ്ങളുണ്ടാക്കി രാജ്യത്ത് കുഴപ്പം സൃഷ്ടിക്കുക എന്നതാണ്.  ചുമ്മാ ഇരിക്കുമ്പോള്‍ ഉള്ള നോട്ടെല്ലാം നിരോധിച്ച് ആളുകളെ ബാങ്കിനു മുന്നില്‍ വെയിലത്ത് ക്യൂ നിര്‍ത്തി തല്ലു കൊള്ളിക്കുക. നിലവിലിരിക്കുന്ന നികുതി സമ്പ്രദായം പൊളിച്ച് പണിത് ആശയക്കുഴപ്പമുണ്ടാക്കി കച്ചവടക്കാരെ പട്ടിണിക്കാക്കുക. ഭരണ ഘടനയിലെ വകുപ്പ് കുത്തിപ്പൊളിച്ച് കശ്മീരിനെ മുഴുവന്‍ ജയില്‍ പോലെ ആക്കുക. ഇപ്പോഴിതാ പൗരത്വ ബില്‍ കൊണ്ടു വന്ന് രാജ്യം മുഴുവന്‍ സംഘര്‍ഷമുണ്ടാക്കുക. ഈ മനോഹര രാജ്യത്ത് , ഈ സുന്ദരമായ ഭരണകാലത്ത് വീണ്ടും ഒരു തിരുവാ  അവതരിപ്പിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തില്‍ തുടങ്ങട്ടെ. ഏവര്‍ക്കും സ്വാഗതം

കശ്മീരില്‍ മാത്രമായിരുന്നു മോദി സര്‍ക്കാരിന്‍റെ കണക്കില്‍ സാധാരണ നിലയുണ്ടായിരുന്നത്. രണ്ട് മൂന്ന് 

ദിവസം മുന്‍പ് വരെ. ആ സാധാരണ നില ഇപ്പോള്‍ രാജ്യത്ത് എമ്പാടും വ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് സാധാരണ നില കശ്മീരിന് ശേഷം വന്ന് ചേര്‍ന്നത്. പിന്നീടത് ബംഗാളിലേക്കും രാജ്യ തലസ്ഥാനത്തേക്കും പടര്‍ന്നിട്ടുണ്ട്. പൗരത്വ ഭേദഗതി പോലെ ഒരു കാര്യം ഇന്ന് ലോക്സഭയില്‍ നാളെ രാജ്യസഭയില്‍ മറ്റന്നാള്‍ പ്രസിഡന്റ് ഒപ്പിട്ട്  നിയമം എന്ന മട്ടില്‍ എടുപിടി എന്നു കൊണ്ടു  വന്നാല്‍ രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന അറിയാത്തവരല്ല ഇവിടെ ഭരിക്കുന്നത്. അറിയില്ലായിരുന്നുവെങ്കില്‍ അവര്‍ ഈ പണിക്ക് പറ്റുന്നവരല്ല. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ചെയ്തതാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. അറിഞ്ഞുകൊണ്ട് തീ കൊടുത്തിട്ട് കത്തിപ്പോയേ എന്നു പറഞ്ഞ് കരയരുത്

ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയിലെ കുട്ടികള്‍ രംഗത്തിറങ്ങി രംഗം ഉഷാറാക്കി. കുട്ടികളെ കണ്ടപ്പോല്‍  പൊലീസിനും ആവേശമായി . കലാലയ ക്യാംപസിനുള്ളില്‍ കടക്കാന്‍ ആരും ഈ പൊലീസിനെ വിളിച്ചില്ല. ആവേശം മൂത്ത് അകത്തേക്ക് ചെന്നതാണ്. ഡല്‍ഹിയിലെ പൊലീസ് എന്നു പറഞ്ഞാല്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസാണ്. 

പൊലീസിനെന്താ കക്കൂസില്‍ കാര്യം? അറിയില്ല. പ്രധാനമന്ത്രിയുടെ സ്വഛ ഭാരത് പരിപാടിയനുസരിച്ച് ശൗചാലയമൊക്കെ വൃത്തിയാണോ എന്ന് നോക്കാന്‍ കയറിയതാണ് എന്നൊക്കെയാകും ഇനി ന്യായീകരണം വരുക. ലൈബ്രറയില്‍ പോയത് പൊലീസ് മാനുവലിലെ സംശയം തീര്‍ക്കാനായിരിക്കും. ടിയര്‍ ഗ്യാസ് പൊട്ടിച്ചത് ക്യാംപസിലെ കൊതുകു ശല്യം കുറക്കാന്‍. ജനമൈത്രി പദ്ധതിയുടെ ഭാഗമായി പൊലീസ് പരിശീലനം നല്‍കാന്‍ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചിലരെയും പണിക്കിടെ കൂടെക്കൂട്ടിയിരുന്നു. 

ഈ പോലീസ് ഒരു വിചിത്ര പോലീസ് ആണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഈ പൊലീസ് ഡല്‍ഹിയിലെ അഭിഭാഷകരുടെ സമരത്തിന്‍റെ മുന്നില്‍പ്പെട്ടു

പാവം പൊലീസ്. ഇതേ പൊലീസ് കോളേജ് കുട്ടികളെക്കണ്ടപ്പോള്‍ വിധം മാറി. അയ്യോ വക്കീലന്‍മാര്‍ തല്ലിക്കൊല്ലുന്നേ എന്ന് പറഞ്ഞ പൊലീസ് മാറി പുതിയ പൊലീസ് വന്നു. ഇതാവണമടാ പൊലീസ്. 

നല്ല രീതിയില്‍ വിദ്യാഭ്യാസം കിട്ടാത്ത ആളുകള്‍ പിന്നീട് രണ്ടു തരത്തിലുള്ള സ്വഭാവം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആധുനിക മനശാസ്ത്രത്തില്‍ ലോക പ്രശസ്തമായ രണ്ട് പ്രബന്ധങ്ങളുടെ കര്‍ത്താവായ ഡോക്ടര്‍ സണ്ണി   പറഞ്ഞിട്ടുണ്ട്. ഒന്നുകില്‍ അവര്‍ക്ക് തനിക്ക് കിട്ടാത്ത വിദ്യാഭ്യാസം കിട്ടിയവരോട് വലിയ ബഹുമാനമായിരിക്കും. തനിക്ക് ശേഷമുള്ള തലമുറക്ക് തനിക്ക് കിട്ടാത്ത വിദ്യാഭ്യാസം കിട്ടാന്‍ അവര്‍ ആഗ്രഹിക്കും. അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക്കും. മറ്റൊരു സാധ്യത നേരേ തിരിച്ചാണ്. കൊള്ളാവുന്ന വിദ്യാഭ്യാസം കിട്ടിയില്ല എന്ന കോംപ്ളക്സ് അവരെ ജിവിതകാലം മുഴുവന്‍ പിന്തുടരും. തനിക്ക് നടന്നിട്ടില്ലാത്ത വിദ്യാഭ്യാസം ഉണ്ടെന്ന് വീമ്പു പറയുകയും അതിനായി വ്യാജ രേഖ ചമക്കുകയും വരെ ചെയ്യുമത്രേ ഇക്കൂട്ടര്‍. തനിക്ക് ശേഷം വരുന്ന തലമുറ നല്ലരീതിയില്‍ വിദ്യാഭ്യാസം ചെയ്യുന്നത് കണ്ടാല്‍ അവരെ വഴിയിലിട്ട് തല്ലുക, ജയിലിലാക്കുക, അങ്ങനെ അവരെ ദ്രോഹിക്കാന്‍ കഴിയുതിന് വേണ്ടി ഇവരുടെ ഉപബോധ മനസ്സ് വേണ്ട ഇടപെടല്‍ നടത്തുമെന്നും അമേരിക്കയിലെ  പ്രഫസര്‍ ബ്രാഡ്്ലിയുടെ ശിഷ്യനായ സണ്ണി  കണ്ടെത്തിയിട്ടുണ്ട്. ആളു ചില്ലറക്കാരനല്ല. പത്ത് തലയും അനുബന്ധ അവയവങ്ങളും ഉള്ളയാളാണ്. നകുലന്‍റെ ഭാര്യ ഗംഗയെ രക്ഷിച്ച ആളുമാണ്.

സമകാലിക ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ സണ്ണി ഡോക്ടര്‍ പറയുന്നത് ശരിയാണെന്നാണ് തോന്നുന്നത്

രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ കലാപം നടക്കുന്ന നേരത്ത് മാനനീയ പ്രധാനമന്ത്രി ജി പറയുകയാണ് പ്രശ്നക്കാരെ അവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന്. കലാപങ്ങളുമായി നല്ല പരിചയമുള്ളവര്‍ക്കൊക്കെ ചിലപ്പോള്‍ അങ്ങനെ പറയാന്‍ കഴിഞ്ഞേക്കും. പക്ഷേ എപ്പോഴുമത് ശരിയാകണമെന്നില്ല. കലാപകാരികളുടെ വസ്ത്രം പലതാകും. മാനസിക നിലയാണ് ഒരേ പോലെയുള്ളത്. 

സമരത്തെ വസ്ത്രവുമായി നരേന്ദ്ര മോദി ബന്ധപ്പെടുത്തിയതിന് തക്ക പണി ഉടന്‍ തന്നെ കിട്ടി. വസ്ത്രം മാറ്റിയാല്‍ എല്ലാ സമരക്കാരും ഒന്നുപോലെ ഇരിക്കും എന്ന്  ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഡല്‍ഹിയിലെ പിള്ളേര്‍ ഒരു കടും കൈ കാണിച്ചു.  

ബുദ്ധിമാനായ മോദി ജി സമരം പടരാതിരിക്കാന്‍  പല സംസ്ഥാനങ്ങളിലും ഇന്‍റര്‍നെറ്റ് കട്ട് ചെയ്തിരിക്കുകയാണിപ്പോള്‍. ഇന്‍റര്‍നെറ്റില്‍ സര്‍ച്ച് ചെയ്താണ് ആളുകള്‍ സമരം നടക്കുന്ന സ്ഥലം കണ്ടുപിടിക്കുന്നതെന്നും ഊബറില്‍ ബുക്ക് ചെയ്താണ് പ്രക്ഷോഭത്തിന് പോകുന്നതെന്നും കരുതിയിട്ടാകാം. പക്ഷേ, സംഭവിച്ചത് തിരിച്ചാണ്. നെറ്റ് കട്ടായതോടെ ആളുകള്‍ക്ക് സമയം ഇഷ്ടംപോലെ കിട്ടി. മറ്റേത് ഏതു നേരവും മൊബൈലില്‍ നോക്കി ഇരിപ്പായിരുന്നല്ലോ. ഇത് , തല പൊക്കി നോക്കിയപ്പോളാണ് നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ മനസ്സിലായത്. അതോടെ സമരത്തിന് വിചാരിച്ചതിലും അധികം ആളായി. പൊളിഞ്ഞു പോയത് മോദി ജിയുടെ തന്നെ ഡിജിറ്റല്‍ ഇന്ത്യ വാഗ്ദാനങ്ങളാണ്. ഇടക്കിടെ ഇന്‍റര്‍നെറ്റ് കട്ട് ചെയ്യുന്ന രാജ്യത്ത് എന്തോന്ന് ഡിജിറ്റല്‍ ഇന്ത്യ, എന്തോന്ന് ക്യാഷ് ലെസ് എക്കോണമി. സിഗരറ്റ് കൊടുത്തിട്ട് കത്തിക്കാന്‍ തീ കൊടുക്കാത്ത അവസ്ഥയായിപ്പോയി മോദി ജീ. നെറ്റില്ലാതെ എന്ത് ഡിജിറ്റല്‍ ഇന്ത്യ?

പൗരത്വം ഒരു പ്രതിസന്ധിയായതിനെത്തുടര്‍ന്ന് കേരളത്തിലെ കീരിയും പാമ്പും തല്‍ക്കാലത്തേക്ക് ഒന്നിക്കാന്‍ തീരുമാനിച്ചു. അമിത് ഷായുടെ നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ്  പ്രഖ്യാപിച്ചത്. അമിത് ഷായുടെ നിയമം അറബിക്കടലില്‍ എന്നാണത്രേ അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്. ഇനി അറബി എന്ന വാക്ക് കേട്ട് അതും പൊക്കിപ്പിടിച്ച് വര്‍ഗീയത പറയാന്‍ ആളു വന്നാലോ എന്ന് പേടിച്ചാണ് പ്രയോഗം മാറ്റിപ്പിടിച്ചത്. 

കേന്ദ്ര സര്‍ക്കാരിനെതിരെ രണ്ടാം ബേക്കറി ഹര്‍ത്താല്‍ ഉണ്ടാകും എന്ന വാര്‍ത്തകള്‍ വന്ന സമയത്താണ് അതിന് ഒരു ദിവസം മുന്നേ പിണറായിയും ചെന്നിത്തലയും ചേര്‍ന്ന് ഈ സമരം ആസൂത്രണം ചെയ്തത്. അതേതായാലും ബുദ്ധിയായി. അല്ലെങ്കില്‍ മൗലിക വാദികളുമായി കൂട്ടുചേര്‍ന്നു എന്ന ചീത്തപ്പേര് കേള്‍ക്കണ്ടി വന്നേനെ. 

നമ്മള്‍ നിരന്തരം എതിര്‍ക്കുന്ന പിണറായിയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു സമരത്തിന് പോണോ എന്ന് യുഡിഎഫിലും കോണ്‍ഗ്രസില്‍ തന്നെയും വലിയ ചര്‍ച്ച ഉണ്ടായത്രേ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 19 സീറ്റ് വാങ്ങിത്തരുന്നതിനു കാരണക്കാരനായ പിണറായിയെ ഇങ്ങനെയെങ്കിലും നന്ദി അറിയിക്കണം എന്നായിരുന്നത്രേ മറുവാദം. ആ വാദമാണ് വിജയിച്ചത്. യുഡിഎഫുകാര്‍ നന്ദിയില്ലാത്തവരാണെന്ന് ഇനിയെങ്കിലും സിപിഎം പറയരുത്. 

ഇതിനിടക്ക് നടന്ന മറ്റൊരു തര്‍ക്കം സവര്‍ക്കറെച്ചൊല്ലി ആയിരുന്നു. മരിച്ചു പോയ മനുഷ്യനെ ഇതിനിടയില്‍ കൊണ്ടു വരേണ്ട ഒരു കാര്യവുമില്ലായിരുന്നു. സ്മൃതി ഇറാനിയും സംഘവും പാര്‍ലമെന്‍റില്‍ റേപ്പിനെച്ചൊല്ലി വലിയ ബഹളം വച്ചല്ലോ.  ആദ്യം വിചാരിച്ചത്

ഇന്ത്യയില്‍ റേപ്പ് കൂടുന്നതിനെക്കുറിച്ചോ ബിജെപി നേതാക്കള്‍ പല റേപ്പ് കേസിലും പ്രതികളാകുന്നതിനെക്കുറിച്ചോ ആയിരിക്കും  ബഹളം 

എന്നായിരുന്നു. സംഭവം രാഹുല്‍ ഗാന്ധി റേപ്പ് ഇന്‍ ഇന്ത്യ എന്ന് പ്രസംഗിച്ചതിനെത്തുടര്‍ന്ന് ആയിരുന്നു. രാഹുല്‍ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. രാഹുല്‍ കോണ്‍ഗ്രസിന്‍റെ ഭാരത് ബച്ചാവോ റാലിയില്‍ അത് പ്രഖ്യാപിക്കും എന്ന് പലരും പ്രതീക്ഷിച്ചു. 

സംഗതി രാഹുല്‍ പല കേസുകളിലും പല കോടതികളിലും പോയി മാപ്പൊക്കെ പറഞ്ഞിട്ടുള്ള ആളാണ്. അതുകൊണ്ട് മാപ്പ് എന്ന് പറയാന്‍ അറിയില്ല എന്നൊന്നും പറയണ്ട. പക്ഷേ, ഇതൊരു കനത്ത അടിയായിപ്പോയി. സവര്‍ക്കര്‍ എന്നു പറഞ്ഞാല്‍ ആരാണെന്നാ വിചാരം? രാജ്യത്ത് ഹിന്ദുത്വ ചിന്ത വേരുപിടിപ്പിച്ച നേതാവ് എന്നത് ചരിത്ര പ്രാധാന്യം . ആഭ്യന്തര മന്ത്രിയുടെ ആത്മീയ ഗുരുവാണ് സവര്‍ക്കര്‍ എന്നതാണ് ഇന്നത്തെ കാലത്ത് സവര്‍ക്കര്‍ക്കുള്ള സവിശേഷ പ്രാധാന്യം. അമിത് ഷായുടെ ഡല്‍ഹി വസതിയില്‍ മൂന്ന് ചിത്രങ്ങളാണുള്ളതത്രേ. ആദ്യ ചിത്രം നരേന്ദ്ര മോദിയുടേത് എന്നല്ലേ പറയാന്‍ വന്നത്. അല്ല, ആ ചിത്രം ഷായുടെ മനസ്സിലാണ്. ചാണക്യന്‍, ശങ്കരാചാര്യര്‍ പിന്നെ സവര്‍ക്കര്‍. എന്തു ചെയ്യാം? ഹിന്ദുത്വ പ്രചാരണം കഴിഞ്ഞാല്‍ അദ്ദേഹം പ്രധാനമായും സമയം  ചെലവഴിച്ചിരുന്നത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതുന്നതിലായിരുന്നു എന്നാണ് ചരിത്ര പുസ്തകങ്ങള്‍ പറയുന്നത്. 

പക്ഷേ ചരിത്രവും വസ്തുതയും കണക്കും കാര്യവും ഒന്നും നരേന്ദ്ര മോദിക്കും അമിത് ഷാക്കും സംഘത്തിനും ഒരു പ്രശ്നമേയല്ല. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ പഴയ സര്‍ക്കാരുകളുടെ നയം മാറ്റുക എന്നതു പോലെ തന്നെ പഴ ചരിത്രവും സ്ഥിതി വിവരക്കണക്കുകളും മാറ്റുക എന്നതും ഒരു സര്‍ക്കാരിന്‍റെ അവകാശമാണ് എന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. 2014നു ശേഷമാണ് ഇന്ത്യയിലെ ചരിത്രം തുടങ്ങുന്നത് എന്നു തന്നെ വിശ്വസിക്കുന്ന ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്. ഇന്ത്യയെ സ്വന്തം മണ്ണായി കരുതുന്ന ഏതെങ്കിലും വിഭാഗത്തെ രണ്ടാം തരക്കാരായി കാണാമെന്ന് വിചാരിച്ചാല്‍ ഈ ചരിത്രം ഒരു തടസ്സമായി മാറും

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...