'സിനിമയ്ക്ക് പുറത്തെ മെഗാസ്റ്റാർ'; മനോരോഗം ഒരു രോഗമാണോ

thiruva-10
SHARE

സിനിമകളില്‍ രാഷ്ട്രീയമുണ്ട്. അതുകൊണ്ട് സിനിമയും നമുക്കൊരു വിഷയമാണ്. ഷെയ്ന്‍ നിഗമാണല്ലോ ചര്‍ച്ചയിലെ താരം. ആള് അഭിനയിച്ച സിനിമകള്‍ വളരെ കുറച്ചേ ഉള്ളൂവെങ്കിലും സിനിമയ്ക്ക് പുറത്ത് മെഗാസ്റ്റാറായിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നും ഇങ്ങനെയാവാന്‍ ഇക്കാലം കൊണ്ടൊന്നും പറ്റിയിട്ടില്ല. മുടിയൊക്കെ മുറിച്ചപ്പോ നിര്‍മാതാക്കള്‍ പണി കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞതാണ്. പക്ഷേ ഈ സ്നേഹവും മനുഷ്യപ്പറ്റുമൊക്കെ ആളുകളില്‍ വര്‍ക്ക് ഔട്ട് ചെയ്യുമല്ലോ. അതുകൊണ്ട് മുടിമുറിച്ച് യാത്രപോയി ഷെയിന്‍ തിരിച്ചെത്തുമ്പോഴേക്കും കട്ടായങ്ങളില്‍ അയവൊക്കെ വരാന്‍ പോയതായിരുന്നു. സംഭവിച്ചത് മറിച്ചായിപ്പോയി. മൈക്ക് കണ്ടപ്പോള്‍ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഷെയ്‍ന്‍ ഒരു തുറന്ന പുസ്തകമായിപ്പോയി. അതോടെ നിര്‍മാതാക്കള്‍ അവരുടെ പുസ്തകം പിന്നേം അടച്ചുവച്ചു.

മനോരോഗം അത്രവലിയ ആശങ്കപ്പെടാവുന്ന ഒരു രോഗമല്ലെന്ന് ഷെയിനിനോടും നിര്‍മാതാക്കളോടും ആരാണ് ഒന്നുപറഞ്ഞുകൊടുക്കുക. അതൊക്കെ ഈ ആധുനിക കാലത്ത് ഒരു രോഗമാണോ. ആധുനിക മനശാസ്ത്രജ്ഞരൊക്കെ മനോരോഗത്തെ വിശദീകരിക്കുന്നത് മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില അവസ്ഥകള്‍ മാത്രമാണെന്നാണ്. വളരെ എളുപ്പത്തില്‍ ചികില്‍സിച്ച് ഭേദമാക്കാവുന്ന ഒന്നുമാത്രം. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നകാര്യത്തില്‍ ഒരു പക്വതയും വിവേകവും ഉണ്ടെങ്കില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാം. അവിടെയാണ് നേരത്തെ പറഞ്ഞ സ്നേഹത്തിന്‍റെയൊക്കെ പ്രസക്തി. അത് ബാലന്‍ സഖാവില്‍ നിന്ന് കണ്ടുപഠിക്കണം. ആള് സിനിമാ മന്ത്രിയാണ്, നിയമമന്ത്രിയാണ് അങ്ങനെ പലതുമാണ്.

ബാലന്‍ സഖാവിന് അങ്ങനെ ഷെയ്നിനോട് മാത്രമായ് ഉള്ളതല്ലെന്ന് വേണം മനസിലാക്കാന്‍. പാലക്കാട്ടെ പാര്‍ട്ടിക്കുള്ളിലെ സ്ത്രീപീഡനക്കേസ് അന്വേഷിക്കുമ്പോഴും  ഇത്തരത്തില്‍ സ്നേഹം കൊണ്ടും വാല്‍സല്യം കൊണ്ടും അതിനെ നേരിടുന്ന ശീലം നമ്മള്‍ മുമ്പും കണ്ടതാണ്. അങ്ങനെയാണ് പി.കെ. ശശിയുടെ ചെയ്ത്തിനെ ഒരു കുരുത്തക്കേടായി വിലയിരുത്തിയത്. ഇവിടെ പക്ഷേ ഷെയിന്‍ ശരിക്കും കുട്ടിയാണ്. അതുകൊണ്ട് ഒരു മകന് കൊടുക്കാവുന്ന സ്നേഹവാല്‍സല്യങ്ങള്‍ ചൊരിയുന്ന ബാലന്‍ സഖാവിനെ കണ്ടും കേട്ടും സിനിമ താരസംഘടനാ ഭാരവാഹികളും നിര്‍മാതാക്കളും തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെയാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വേറിട്ട ഒരു അനുഭവമാണ്. ഇരട്ടച്ചങ്ക് ഉണ്ടെന്നൊക്കെ പറയുമെങ്കിലും വേറൊരു ചങ്ക് കണ്ടാല്‍ ചെമ്പരത്തിപ്പൂ എന്നേ പറയൂ. അല്ലെങ്കില്‍ പിന്നെ ഷെയിന്‍ നിഗത്തേക്കാളും പ്രായം കുറഞ്ഞ രണ്ടു കുട്ടിസഖാക്കളെ യുഎപിഎയും ചുമത്തി ജയിലിട്ടിട്ട് അവര്‍ മാവോയിസ്റ്റാണെന്ന് ഉറക്കേ പറയാന്‍ ഇരട്ടച്ചങ്കല്ല, ചങ്ക് തന്നെ ഇല്ലാഞ്ഞിട്ടാണെന്നേ പറയൂ. ഒക്കെ പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഒരു സിപിഎം ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍ നോട്ടീസ് ഒക്കെ കൊടുക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയ പക്ഷം അവര്‍ക്ക് ആ പാര്‍ട്ടിയില്‍ അംഗത്വം ഉണ്ടാവണമല്ലോ. എന്നിട്ട് പറയുന്നത് കേട്ടോ.. അവര്‍ സിപിഎമ്മുകാരേ അല്ലെന്ന്. 

ചില്ലറ തൊലിക്കട്ടി പോരാ ഇതിനൊന്നും. ഒന്നാമത് യുഎപിഎ കരിനിയമമാണെന്ന് പ്രഖ്യാപിത നയമുള്ള പാര്‍ട്ടിയാണ് ഈ സിപിഎം. മറ്റൊന്ന്. സാധാരണ സ്ത്രീപീഡനക്കേസിലൊക്കെ സഖാക്കള്‍  പെട്ടാല്‍, പരാതിയൊക്കെ നല്‍കിയാല്‍ അതൊക്കെ പാര്‍ട്ടി തന്നെ അന്വേഷിച്ച് കുറ്റം ചെയ്തോ ഇല്ലയോ എന്നൊക്കെ കണ്ടെത്താറാണ് പതിവ്. പൊതുവെ കുറ്റക്കാരെന്ന് ഇത്തരം അന്വേഷണങ്ങളില്‍ കണ്ടെത്താറുമില്ല. ഇവിടെ പക്ഷേ പൊലീസ് ആണ് എല്ലാം അന്വേഷിച്ചത്. മാവോയിസ്റ്റ് എന്ന് പൊലീസ് പറഞ്ഞു. പിണറായി സഖാവ് അതേറ്റുചൊല്ലുകയും ചെയ്തു. സംഗതി ശുഭം. അപ്പോ ചോദ്യം ഇതാണ്, സിപിഎം ബ്ര‍ാഞ്ച് അംഗങ്ങളായ അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് പിണറായിയെ അറിയിച്ചതും ഈ പൊലീസ് ആയിരിക്കും. പാവം അതും വിശ്വസിച്ച്. വിളിച്ചും പറഞ്ഞു. ഇനി കേരളത്തില്‍ സിപിഎം അംഗത്വ വിതരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം വരുമായിരിക്കും. ഡിജിപിയെ പാര്‍ട്ടിയുടെ സംസ്ഥാനതല അച്ചടക്കപരിപാലനവും ഏല്‍പ്പിക്കാം. നമുക്കെന്തിനാണ് ബ്രാഞ്ച് തൊട്ട് സെക്രട്ടറിമാരൊക്കെ. 

നാട് മൊത്തത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. നാട്ടുകാരെക്കാള്‍ പ്രതിസന്ധിയിലാണ് കേരളസര്‍ക്കാര്‍. ഖജനാവില്‍ പണമില്ലെന്ന് അധികാരമേറ്റതുമുതല്‍ പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന് ഒരു കുടുക്കയില്‍ ഇട്ട് വയ്ക്കാന്‍ ചില്ലറപൈസ പോലും ഇതുവരെയും കിട്ടിയിട്ടില്ല. അപ്പോഴാണ് ഇരക്കുന്നവനെ തുരുക്കുന്നപോലെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ വിദേശരാജ്യപര്യടനമഹാമഹങ്ങള്‍. എത്രകേട്ടാലും ഇടതുസര്‍ക്കാര്‍ തങ്ങളുടെ തീരുമാനങ്ങളില്‍ നിന്ന് അണുവിട മാറില്ല. വാശിയാണ്. ഇനി ആരെ വിദേശത്തേക്കയക്കാം എന്നാലോചിച്ചപ്പോഴാണ് കലാലയ യൂണിയന്‍ ഭാരവാഹികളെ ലണ്ടനില്‍ അയച്ചു ചില നമ്പറുകളൊക്കെ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. 

ഇവരൊക്കെ ലണ്ടനില്‍ പോയി എന്താണാവോ പഠിക്ക്യാ. അതിലൊരു കൗതുകമുമുണ്ട്. ഇനി ഇവിടുത്തെ യൂണിയന്‍ പ്രവര്‍ത്തന ശൈലി ലണ്ടന്‍കാരെ പഠിപ്പിക്കാനായിരിക്കുമോ? എങ്ങനെ ഒരു സംഘടന മാത്രമായി സ്ഥിരമായി യൂണിയന്‍ ഉണ്ടാക്കാം, പഠനത്തിനു പുറത്തെ ആക്ടിവിറ്റികളായ ഇടിറൂമുകള്‍, സ്വന്തം സംഘടനയ്ക്കകത്തുള്ളവരെ എങ്ങനെ കത്തിയെടുത്ത് കുത്താം., പരീക്ഷയ്ക്ക് കോപ്പിയടിക്കേണ്ട വിധം അങ്ങനെ അങ്ങോട്ട് പഠിപ്പിച്ചു കൊടുക്കാന്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. അതുപോട്ടെ. തോമസ് ഐസകിലേക്ക് വരാം. ആള് സാമ്പത്തിക കാര്യങ്ങളില്‍ മഹാബുദ്ധിമാനാണ്. പക്ഷേ ഖജാനാവില്‍ പണം കാണൂല. എന്നും കടം ആയിരിക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ യുഡിഎഫ് സര്‍ക്കാരിന്‍റെ ധൂര്‍ത്തിനെക്കുറിച്ച് ധവള പത്രംഅച്ചടിച്ചാണ് ഐസക് സഖാവ് ഹരിശ്രീ കുറിച്ചത്. എന്തായിരുന്നു ആ വരവ്. ഒരു  ഒന്നൊന്നര വരവായിരുന്നു അത്.

പ്രതിപക്ഷത്തെ വി.ഡി. സതീശനാണ് ഐസക് സഖാവിന്‍റെ പരമ്പരാഗത ശത്രു. സതീശന്‍ ഒരു ധവള പത്രവുമായി വരുന്നുണ്ട്. അച്ചടിച്ചു തീര്‍ന്നിട്ടില്ല. തീര്‍ന്നാലുടന്‍ വെല്ലുവിളിച്ചെത്തും. പിന്നെ പൊരിഞ്ഞ പോരാട്ടമായിരിക്കും. കണക്കിന്‍റെ കാര്യത്തില്‍ ഒരു കണക്കായിരിക്കുകയാണ്. മോദിജി മൊത്തത്തില്‍ ഉണ്ടാക്കിവച്ച ഡാമേജിനൊപ്പമാണ് ഈ പ്രതിസന്ധിയും. പക്ഷേ നമ്മുടെ മന്ത്രിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു മുട്ടും സംഭവിക്കാതിരുന്നാ മതിയായിരുന്നു. സംഭവിച്ചാല്‍ അതിന്‍റെ ദേഷ്യം കൂടി നാട്ടാര് താങ്ങേണ്ടിവരും. നിങ്ങളൊന്ന് നന്നായി കണ്ടാമതി. നമ്മളിങ്ങനെയൊക്കെയങ്ങ് ജീവിച്ചുപോയ്ക്കോളും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...