'പ്രധാൻ മന്ത്രി ഉള്ളി ഹഠാവോ യോജന' പ്രഖ്യാപിക്കുമോ?

thiruva-06
SHARE

നിര്‍മലാ സീതാരാമന്‍ തന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ടു പറഞ്ഞത് ഇത് പത്തു പതിനഞ്ച് കൊല്ലത്തേക്ക് ഇന്ത്യക്കു വേണ്ട ദിശ നല്‍കുന്ന ദീര്‍ഘ ദൃഷ്ടിയുള്ള  ബജറ്റാണെന്നണ്. പിന്നെ നമ്മള്‍ കണ്ടത് ആയമ്മ ആഴ്ചയിലൊരു തവണ വീതം വാര്‍ത്താ സമ്മേളനം നടത്തി, ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്തി പറയുന്നതും മിനി ബജറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നതുമാണ്. നല്ല ദീര്‍ഘ വീക്ഷണം. അതുകൊണ്ട്എന്തുണ്ടായി എന്നുവച്ചാല്‍ ഇപ്പോള്‍ ഏത് സാമ്പത്തിക സൂചിക എടുത്തു നോക്കിയാലും ഇന്ത്യ താഴേക്കാണ് എന്നതാണ്. കുറ്റങ്ങളില്ലായിരുന്നു എന്നല്ല, എങ്കിലും വലിയ കുഴപ്പമൊന്നും ഇല്ലാതെ ഓടിക്കൊണ്ടിരുന്ന വണ്ടിയായിരുന്നു ഈ ഇന്ത്യന്‍ സാമ്പത്തിക രംഗം. അത് മോദിയും ടീമും ഏറ്റെടുത്തതോടെ പഞ്ചറൊട്ടിക്കാന്‍ കൊണ്ടു വന്ന വണ്ടിയുടെ എഞ്ചിന്‍ പണിത് കുളമാക്കിയത് പോലെയായി. പറ്റില്ലെന്ന് ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും മനസ്സിലായി. മൊത്തം കുളമായാല്‍ പിന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വിത്തെടുത്ത് കുത്തുക എന്ന് പറയും. കയ്യിലുള്ളതെല്ലാം വിറ്റങ്ങ് തുലക്കുക. മോദി ജിയും നിര്‍മല ജിയും കൂടി അതും നൈസായി നടത്തുന്നുണ്ട്. 

വന്ന് വന്ന്  സാമ്പത്തിക രംഗം ഉള്ളിയിലെത്തി നിന്നു. ഉള്ളി ഒരു പ്രതീകമായി. വില സെഞ്ചുറിയടിച്ച് നോട്ട് ഔട്ട് ആയി നില്‍പ്പാണ്. സോറി ഉള്ളി എന്നൊന്നും വെറുതെ പറയാന്‍ പാടില്ല. ഒരു ബഹുമാനം ഒക്കെ കൊടുത്ത്  ശ്രീ ഉള്ളി ജി എന്നൊക്കെ പറയണം. കുട്ടികളെ അമ്മമാര്‍ വാല്‍സല്യത്തോടെ ഉണ്ണി കണ്ണാ എന്നു വിളിച്ചിരുന്നത് മാറ്റി ഉള്ളി കണ്ണാ എന്നൊക്കെയാണ് ഇപ്പോള്‍ വിളിക്കുന്നത്. ഉള്ളിക്കറി കൂട്ടുന്നവരൊക്കെ വലിയ പുള്ളികളാ. കൈക്കൂലി പോലും ഇപ്പോള്‍ ഉള്ളിയായി വാങ്ങലാണ്. അരിയും ഗോതമ്പും പോലെ അത്ര വലിയ പ്രാധാന്യമൊന്നും ഉള്ളിക്ക് കൊടുക്കേണ്ട കാര്യമില്ല. വില കൂടുന്ന സാധനം കുറച്ചുപയോഗിക്കുക . അതാണ് പോംവഴി. നമ്മുടെ പാലാരിവട്ടം പാലം പണിത മേസ്തിരി ചെയ്ത പോലെ. സിമന്‍റിന് വല കൂടിയപ്പോള്‍ സിമന്‍റുപയോഗിച്ച് പാലം പണിയുന്നത് കുറച്ചു. ഒരു ചട്ടി സിമന്‍റിന്‍റെ സ്ഥാനത്ത് ഒരു നുള്ളു സിമന്‍റ്. സിംപിള്‍. ഉള്ളിയുടെ വില കൂടിയതിന് വിശദീകരണം കൊടുക്കാന്‍ നോക്കി പരാജയപ്പെട്ട് രാജ്യത്തെ ബിജെപിക്കാരെല്ലാം ബുദ്ധിമുട്ടുകയാണ്. പക്ഷേ ഒരു ബിജെപി നേതാവിന് മാത്രമാണ് സന്തോഷം. ഉള്ളി ഒരു വില കുറഞ്ഞ സാധനമായിരുന്നപ്പോള്‍ അദ്ദേഹത്തിന് വലിയ വിഷമമായിരുന്നു. ഉള്ളി വില കൂടുന്തോറും ഇദ്ദേഹത്തിന്‍റെ സന്തോഷം കൂടിയില്ലെങ്കിലല്ലേ അതിശയമുള്ളു. തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോറ്റെങ്കിലെന്ത് ഇരട്ടപ്പേരിന് ഒരു നിലയും വിലയുമൊക്കെ വന്നില്ലേ? ഉള്ളി വിലയെപ്പറ്റി പക്ഷേ കേന്ദ്ര ധനമന്ത്രിയോട് ചോദിച്ച് സമാധാനം കണ്ടെത്താം എന്നൊന്നും കരുതണ്ട. നിര്‍മലമാഡം ഉള്ളിക്കറി കഴിക്കില്ല. അങ്ങനെ പറഞ്ഞാല്‍ പിന്നെ ചോദ്യവും ഉത്തരവുമൊന്നുമില്ലല്ലോ.

ഇതെന്ത് മറുപടിയാണ് മാഡം? സവാള വില കൂടുന്നതൊന്നും നിങ്ങളറിയുന്നില്ലേ? ദൈവദോഷം പറയരുത്. സവാള തന്നല്ല എന്നെ എന്‍റെ വീട്ടുകാര്‍ വളര്‍ത്തിയത്. ഞങ്ങളൊന്നും ആ ടൈപ്പല്ല. എന്നാല്‍ പിന്നെ മാഡം കഴിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ലിസ്റ്റ് തന്നേക്കൂ. അവക്ക് വില കൂടുമ്പോള്‍ ഞങ്ങള്‍ ചോദിക്കാം. ഒണിയന്‍ ഊത്തപ്പം, ഉള്ളി ചമ്മന്തി, ഉള്ളി തീയല്‍ ഇതൊന്നും കാണുന്നതേ എനിക്കിഷ്ടമല്ല. പഴയ കാലം വിട്ടേക്ക് . ഇപ്പോഴും ഉള്ളി ഉപയോഗിക്കില്ല? കണ്ണ് നിറയാന്‍ ആണെങ്കില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ആലോചിച്ചാല്‍ മതിയല്ലോ. ആവശ്യം പോലെ വെള്ളം കണ്ണില്‍ നിന്ന് വരും. അതിനായി ഉള്ളി മുറിക്കേണ്ട ആവശ്യം എനിക്കില്ല. നിങ്ങളിതെങ്ങനെ സ്വന്തം പാര്‍ട്ടിക്കാരോട് വിശദീകരിക്കും?

ബീഫ് ഉപയോഗിക്കാത്ത പോലെ ഉള്ളിയും ഉപയോഗിക്കരുത് എന്ന് ഞങ്ങള്‍ പറയും. പ്രധാനമന്ത്രി ഉള്ളി ഹട്ടാവോ യോജന എന്നൊരു പദ്ധതിയും ആലോചിക്കുന്നുണ്ട്. നാസയുടെ പഠനം അനുസരിച്ച് ഉള്ളി ശരീരത്തിന് കേടുണ്ടാക്കുന്ന സാധനമാണെന്ന് വാട്്സ് ആപ്പ് വഴി പ്രചാരണവും സംഘടിപ്പിക്കും.

ഉള്ളി ഉപയോഗിക്കാത്തതുകൊണ്ട് അതിലെ വിലക്കയറ്റത്തെപ്പറ്റി മാഡം ഒന്നും പറയുന്നില്ല. പോട്ടെ. പക്ഷേ മാഡം കാറുപയോഗിക്കുന്ന ആളാണല്ലോ. അതുകൊണ്ട് പെട്രോളിനും ഡീസലിനും അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തെപ്പറ്റി പറയാമല്ലോ. കാര്‍ ഓടുന്നത് ഇന്ധനം ഒഴിക്കുന്നതു കൊണ്ടാണല്ലോ?

ആരു പറഞ്ഞു കാറോടുന്നത് ഇന്ധനം ഒഴിക്കുന്നതു കൊണ്ടാണെന്ന്. കാറോടുന്നത് ഡ്രൈവര്‍ സ്റ്റിയറിങ് തിരിക്കുന്നതു കൊണ്ടാണ് . അതുപോലും അറിയില്ലേ? 

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സൗജന്യങ്ങള്‍ അനുഭവിച്ച് പഠിച്ചിറങ്ങിയിട്ടും ജനത്തിന് ഒരു ഗുണവും ചെയ്യാത്തവരാണ് ജെഎന്‍യുവിലെ കുട്ടികള്‍ എന്ന് ബിജെപിക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ.  നിര്‍മല സീതാരാമന്‍ ജെഎന്‍യുവില്‍ പഠിച്ചിറങ്ങിയതാണ്. 

കൂടുതല്‍ നിര്‍മലാ സീതാരാമന്‍മാര്‍ ഉണ്ടാവരുത് എന്ന് കരുതിയാണെന്നു തോന്നുന്നു ജെഎന്‍യു അടച്ചു പൂട്ടണം എന്ന് പല ബിജെപി നേതാക്കളും ആവശ്യപ്പെടുന്നത്.  പക്ഷേ , ബിജെപിയുടെ ഒരു ഗുണം എന്താണെന്ന് വച്ചാല്‍ ആ പാര്‍ട്ടിയില്‍ നിര്‍മല ഒറ്റപ്പെടുന്നില്ല എന്നതാണ്. കേന്ദ്രമന്ത്രിയായ അശ്വിനി ചൗബേയും പറഞ്ഞത് ഇത് തന്നെയാണ്. ഉള്ളി ഉപയോഗിക്കാത്ത കാരണം വിലക്കയറ്റം അറിയുന്നില്ലെന്ന്.

പണ്ട് ട്രയിന്‍ നിരക്ക് കൂടിക്കൊണ്ടിരുന്ന സമയത്ത് ഒരു എംപി സഭയില്‍ കാവ്യാത്മകമായി ഇങ്ങനെ പറഞ്ഞു. ദ റയില്‍  ടിക്കറ്റ്ഫെയര്‍ .ഇസ് റൈസിങ് ഹയര്‍ ആന്‍ഡ് ഹയര്‍. ബട്ട് ദ മിനിസ്റ്റേഴ്സ് ആര്‍ നോട്ട് അവയര്‍. സിന്‍സ് ദേ ആര്‍ ട്രാവലിങ് ബൈ എയര്‍.  . അതായത് യാത്ര വിമാനത്തില്‍ ആയതു കാരണം തീവണ്ടി നിരക്ക് കൂടുന്നത് മന്ത്രിമാര്‍ അറിയുന്നില്ലാ എന്ന് . ഉള്ളിയുടെ കാര്യത്തിലും അങ്ങനെയാണ് കാര്യങ്ങള്‍.  അല്ലെങ്കിലും മോദി സര്‍ക്കാര്‍ ഇങ്ങനെ കെടുകാര്യസ്ഥതയുടെ ആഴങ്ങളില്‍ എത്തുമ്പോളെല്ലാം ജൂനിയര്‍ നേതാക്കള്‍ മണ്ടത്തരങ്ങളുമായി വന്ന് ജനശ്രദ്ധ തിരിച്ചു വിടും. അതിനുള്ള ട്രയിനിങ് അവര്‍ക്ക് കിട്ടിയിട്ടുണ്ട്. വീരേന്ദ്ര സിങ് മസ്ത് എന്ന ബിജെപി എംപി  കഴിഞ്ഞ ദിവസം പറഞ്ഞത് ഉഗ്രന്‍ കണ്ടെത്തലായിരുന്നു. ഓട്ടോ മൊബീല്‍ രംഗത്ത് മാന്ദ്യം ഉണ്ടെന്ന് പറയുന്നത് ശരിയല്ലത്രേ. അങ്ങനെയായിരുന്നെങ്കില്‍ റോഡില്‍ ട്രാഫിക് ജാം ഉണ്ടാകുമോ എന്നാണ് ചോദ്യം. 

സത്യത്തില്‍ രാജ്യത്തെ പ്രശ്നം സാമ്പത്തിക മാന്ദ്യമാണോ അതോ ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ ബുദ്ധിക്കുള്ള മാന്ദ്യമാണോ എന്നാണ് ഇനി അന്വേഷിക്കേണ്ടത്. കേരളത്തില്‍ പക്ഷേ സ്ഥിതി കുറച്ചു കൂടെ ഭേദമാണ്. ഇവിടെ അവര്‍  ജി ഡി പി നിരക്കിനെക്കുറിച്ചൊക്കെ ചര്‍ച്ചക്ക് തയാറാണ്. അദ്ദേഹം പറയുന്നത് ശരിയാണ് . പണപ്പെരുപ്പം കൂടുന്നതനുസരിച്ച് കൂടുന്ന ജിഡിപി നിരക്കുണ്ട്. പക്ഷേ അത് സാധാരണ ആരും പറയുന്ന ജിഡിപി നിരക്ക് അല്ലെന്നേ ഉള്ളു. അല്ലെങ്കിലും സാധാരണക്കാര്‍ ഉപയോഗിക്കുന്നതൊന്നുമല്ലല്ലോ ബിജെപിക്കാര്‍ ഉപയോഗിക്കുന്നത്.

ജയിലിലിട്ട് എത്ര ചോദ്യം ചെയ്തിട്ടും സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള വഴികളൊന്നും പി.ചിദംബരം പറഞ്ഞു കൊടുത്തില്ല എന്നാണ് കേള്‍ക്കുന്നത്. ഇനി മന്‍മോഹന്‍ സിങിനെ അകത്തിട്ട് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ചിദംബരം പുറത്തിറങ്ങിയ സ്ഥിതിക്ക് ദേശീയ രാഷ്ട്രീയത്തില്‍ കശ്മീരും സാമ്പത്തിക രംഗവും ഒക്കെ ചര്‍ച്ചക്ക് കൊണ്ടു വന്നാല്‍ കൊള്ളാം. കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ പ്രധാന ദേശീയ പ്രശ്നം ഗാന്ധി കുടുംബത്തിന് എസ് പി ജി സുരക്ഷ ഇല്ലാതാക്കിയതാണല്ലോ.

ഇനി കേരളത്തിലേക്കു വരാം. ഇവിടെ പരമ രസമാണ് കാര്യങ്ങള്‍ . അരിമണിയൊട്ടു കൊറിക്കാനില്ല തരിവളയിട്ട് കൊറിക്കേം വേണം എന്നതാണ് അവസ്ഥ. സാമ്പത്തിക നില ഇപ്പോ തകരും ഇപ്പോ തകരും എന്ന് ധനമന്ത്രി തന്നെ ഇടക്കിടെ പറയുന്നുണ്ട്. എന്നാല്‍ ക്യാബിനറ്റ്റാങ്ക് വാരിക്കോരി കൊടുക്കുന്നതിലോ മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്നതിനോ ഒരു കുറവുമില്ല. മുഖ്യമന്ത്രിയും സെറ്റും ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളു. ഇനി ഹെലികോപ്ടറും കൂടി വന്നാല്‍ പൊളിക്കും. അതിന്‍റെ ഒരു കുറവാണ് ആകെയുണ്ടായിരുന്നത്.  ഒരു കുട്ടിയുടെ പഴയൊരു സ്വപ്നമാണ് പൂവണിയാന്‍ പോകുന്നത്.

ഒരു പ്രശ്നവും ഇല്ലാതെ പോകുമായിരുന്നു. കേന്ദ്രം തരാനുള്ള ജിഎസ്ടി കാശ് തന്നില്ലെന്നാണ്  തോമസ് ഐസക്കിന്‍റെ പരാതി. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍  ഇവിടെ കെ എസ് ആര്‍  ടി സിക്ക് പകരം ഹെലികോപ്ടര്‍ സര്‍വീസായിരിക്കും. ഈ സമയത്ത് പഴയ ചില ഉപദേശങ്ങള്‍ സര്‍ക്കാര്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

രാഹുല്‍ ഗാന്ധിയെ വയനാട്ടുകാര്‍ക്ക് കാണാന്‍ കിട്ടിയതാണ്  മറ്റൊരു ആശ്വാസം. ആളെ കാണാനില്ലെന്ന് പറഞ്ഞ് ഒരു യുവമോര്‍ച്ചക്കാരന്‍ കേസു വരെ കൊടുത്തിരുന്നു. ഇപ്പോഴത്തെ കേരള പൊലീസാണെങ്കില്‍ യുവമോര്‍ച്ചയുടെ ഒക്കെ പരാതി വളരെ സീരിയസായി എടുക്കുന്ന പോലീസുമാണ്. കേരള എംപിയാണെങ്കിലും ഭാഷ രാഹുല്‍ ജിക്ക് ഇപ്പോഴും വലിയൊരു പ്രശ്നമാണ്. ഉമ്മന്‍ ചാണ്ടി ഹിന്ദി പഠിച്ചാല്‍ താന്‍ മലയാളം പഠിക്കാം എന്നതാണ് രാഹുലിന്‍റെ ഒരു ലൈന്‍. രണ്ടും  നടക്കാന്‍ ചാന്‍സൊന്നുമില്ല. ഇത്തവണ വരവില്‍ പ്രസംഗം തര്‍ജമ ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുമോ എന്ന് രാഹുല്‍ ഒരു പരീക്ഷണം നടത്തി. ഒരു താരതമ്യ പഠനം. ഇനി സ്വന്തം പാര്‍ട്ടിക്കാരെ കൊണ്ട് തന്നെ തര്‍ജമ പണി ചെയ്യിച്ചു നോക്കുന്ന സീനാണ്. ഇതിലറിയാം സ്കൂള്‍ കുട്ടികളാണോ കോണ്‍ഗ്രസ് നേതാക്കളാണോ ജയിക്കുകയെന്ന്. രാഹുല്‍ പറയുന്നതെന്താണെന്ന് സിദ്ദിഖിനും ഒരു പിടിയും കിട്ടുന്നില്ലെന്ന് വ്യക്തമായി.  ഇതാണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ. എന്തു പറയണമെന്ന് നേതാക്കള്‍ക്ക് തന്നെ അറിയില്ല. ഇനി പറഞ്ഞാലോ താഴെയുള്ളവര്‍ മനസിലാക്കുന്നത് അവര്‍ക്ക് തോന്നിയ പോലെയും.

ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലയെ  ശക്തമായി ഏതിര്‍ത്താല്‍ കൊള്ളാം എന്നൊക്കെ കേരളത്തിലെ സിപിഎമ്മുകാര്‍ക്കുണ്ട്. പക്ഷേ , മാവോയിസ്റ്റുകളെ കേരള പൊലീസ് ഏറ്റുമുട്ടിക്കൊല്ലുന്നതില്‍ പൊലീസ് പറഞ്ഞത് അപ്പടി വിശ്വസിച്ചിരിക്കുന്ന അവര്‍ക്ക് ഹൈദരാബാദ് പൊലീസ് പറയുന്നതും വിശ്വസിക്കേണ്ടി വരുമല്ലോ. എന്തിന് അമിത് ഷായ്ക്കും മോദിക്കും എതിരായ ഏറ്റുമുട്ടല്‍ കൊല ആരോപണങ്ങള്‍ പോലും തല്‍ക്കാലം സഖാക്കള്‍ പുറത്തെടുക്കുന്നില്ല അപ്പോഴാണ് ഹൈദരാബാദ്. ആ വിമ്മിട്ടം മനസിലാക്കിക്കൊണ്ട് നിര്‍ത്തട്ടേ. വീണ്ടും കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...