'പിടികിട്ടാപ്പുള്ളിയല്ല'; രാഹുൽ വയനാട്ടിലുണ്ട്

rahul
SHARE

ഉള്ളിക്കൊക്കെ തീ വിലയാണെങ്കിലും മനുഷ്യനുമാത്രം ഒരു വിലയുമില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഉന്നാവിലെയും ഉത്തര്‍പ്രദേശിലെയും ഉഗ്രവിഷങ്ങളെ മനസറിഞ്ഞ് സ്മരിച്ചുകൊണ്ടു തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

രാഹുല്‍ ഗാന്ധിയെ കാണാതായെന്നുകാട്ടി യുവമോര്‍ച്ച ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കാനെത്തിയ നേതാവിന് എംപിയെ അപമാനിച്ചതിനുള്ള സമ്മാനം മറ്റൊരു കേസിന്‍റെ രൂപത്തില്‍ പൊലീസ് നല്‍കിയിരുന്നു. താന്‍ ഒരു പിടികിട്ടാപ്പുള്ളിയല്ല എന്ന് ബോധിപ്പിക്കാന്‍ രാഹുല്‍ കേരളത്തിലേക്ക് വണ്ടികയറി. കെസി വേണുഗോപാലാണ് അനുഗമിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശരിക്കും വയനാട്ടില്‍ രാഹുലിനെ മല്‍സരിപ്പിക്കാം എന്നു തീരുമാനിച്ചതുതന്നെ കെസിയാണ്. പബ്ലിസിറ്റിയില്‍ ‍താല്‍പ്പര്യമില്ലാത്തതിനാല്‍ പുറത്തുപറയാത്തതാണ്. കെസിയുടെ ബുദ്ധിപരമായ നീക്കം കൊണ്ട് നാണക്കേടുണ്ടായില്ല. അല്ലെങ്കില്‍ ഇപ്പോള്‍ എക്സ് എംപി ആയി വീട്ടിലിരുന്നേനേ. ഇതിപ്പോ ഇവര്‍ രണ്ടില്‍ ആരെങ്കിലും നന്ദി പറഞ്ഞാല്‍ മതിയല്ലോ. രാഹുലിനെക്കാള്‍ വലിയ രാഹുല്‍ ഭക്തനായി കെസി പതിയെ തുടങ്ങുകയാണ്. 

ഇനി ഒരു പാട്ടാണ്. സംഗതി പാരഡിയാണെങ്കിലും ട്രാജഡിയിലേക്കാണ് വഴുതി വീഴുന്നത്. രാഹുലെത്തീ കള്ളനെപ്പോലെ എന്നൊക്കെ പാരഡി പ്രതീക്ഷിക്കരുത്. അങ്ങനല്ല. പാട്ടുകേട്ട രാഹുല്‍ പൊട്ടിക്കരയാതെ വേദിയില്‍ കടിച്ചുപിടിച്ചിരുന്നു. അതിഭാവുകത്വം കലര്‍ന്ന ആ വരികളെക്കുറിച്ച് കൂടുതല്‍ പറയാനില്ല. കേട്ടുവരാ.ം

അപ്പോ കാണുന്നവരോര്‍ക്കും രാഹുല്‍ പാട്ട് ആസ്വദിക്കുന്നപോലെ വെറുതെ ഇരുന്നതാണ്. മലയാളം മനസിലായില്ല എന്നൊക്കെ. അല്ലേയല്ല. കെസി വേണുഗോപാലിനേക്കാള്‍ നന്നായി മലയാളം അറിയുന്ന ആളായി രാഹുല്‍ മാറി. സംശയമുണ്ടെങ്കില്‍ ദാ ഇത് കണ്ടു നോക്കി. പാട്ടിനു പിന്നാലെ രാഹുലിനെ വേദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു. നല്ല പച്ചക്കു പച്ച മലയാളത്തില്‍. ഇടം വലം നോക്കി സംശയിച്ചിരിക്കാതെ നമ്മുടെ വയനാടന്‍ തമ്പാന്‍ മൈക്കിനരുകിലെത്തി. 

105 ദിവസത്തെ ഇടവേള കഴിഞ്ഞ് പി ചിദംബരം വന്നിരിക്കുന്നു. ജയില്‍ കഥകള്‍ പറയാനും ചിലത് പറയിപ്പിക്കാനും. പുറത്തിറങ്ങിയ ചിദംബരം സമ്പദ് ഘടനയെക്കുറിച്ച് ആശങ്കാകുലനായി.  മൂന്നുമൂന്നര മാസം ചിലവൊന്നുമില്ലായിരുന്നു. എല്ലാം സര്‍ക്കാര്‍ വക. അക്കാലത്ത് വലിയ ടെന്‍ഷനൊന്നുമില്ലാതെ ഇരുന്നതാണ്. ഇനിയിപ്പോ അത് നടക്കില്ല. സമ്പദ് വ്യവസ്ഥ മുന്നില്‍ നിന്ന് കൊഞ്ഞനം കുത്തുന്നുണ്ട്. മോദിയുടെ ഇന്ത്യയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് സൂക്ഷിച്ചുവേണമെന്ന് അനുഭവത്തില്‍ നിന്നും പഠിക്കാതെ മുന്‍ ധനമന്ത്രി പറയുകയാണ്. ഡോക്ടര്‍ നരേന്ദ്രമോദിക്ക് ചികില്‍സ പിഴച്ചെന്ന്. ഇന്ത്യക്ക് മോദി നല്‍കിയ മരുന്ന് തെറ്റിയെന്ന്. അതുകൊണ്ടുതന്നെ രോഗം മൂര്‍ഛിക്കാമെന്ന്. ഈ തിരിച്ചറിവ് ഉണ്ടാകാന്‍ നൂറ്റഞ്ചുദിവസം ജയിലില്‍ കിടക്കേണ്ട കാര്യമൊന്നുമില്ല. നാട്ടിലെ കൊച്ചു കുട്ടികള്‍ക്കുവരെ അറിയാം. ഇന്നലെ രാത്രിയാണ് പളനിയപ്പന്‍ ചിദംബരം ജാമ്യത്തിലിറങ്ങിയത്. സ്വീകരിക്കാന്‍ ഫാസിസ്റ്റ് വിരുദ്ധരെല്ലാം ജയിലിന് മുന്നില്‍ എത്തിയിരുന്നു

നിലവിലെ സാഹചര്യത്തില്‍ വെറുതെ വിലക്കയറ്റം എന്നു പറഞ്ഞാല്‍ ശരിക്കുള്ള ഫീല്‍ കിട്ടില്ല. ഉള്ളിയുടെയും സവാളയുടെയുമൊക്കെ വില ഇപ്പോള്‍ സ്വര്‍ണത്തിന്‍റെ മൂല്യം പറയുന്നതുപോലെ ഗ്രാം അടിസ്ഥാനത്തിലാണ് പറയുന്നത്. ഒറ്റയടിക്ക് ഒരു കിലോയുടെ വില കേട്ടാല്‍ ഹൃദയസ്തംഭനമൊക്കെ ഉണ്ടാകാന്‍ അതുമതി. രാജ്യത്ത് എന്തു സംഭവിച്ചാലും അതില്‍ പ്രതികരിക്കുന്നവരാണ് മലയാളികള്‍. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷണം കഴിക്കുമ്പോളും ഉറങ്ങുമ്പോളും മാത്രമാണ് കക്ഷി പ്രതികരിക്കാതിരിക്കുന്നത്. ഉള്ളിക്കുമാത്രമല്ല വിലകൂടിയിരിക്കുന്നത്. അരി പയര്‍ പരിപ്പ് എന്നുവേണ്ട എല്ലാത്തിന്‍റെയും ലിസ്റ്റ് രമേശ് ജി യുടെ കൈയ്യിലുണ്ട്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടിയ ഇന്ത്യയിലെ ജനങ്ങള്‍ അല്‍പ്പം സമാധാനത്തിനായി ടിക്ടോക് അഭിനയിക്കുകയാണ്. ഒരല്‍പ്പം സമാധാനം ലഭിക്കാന്‍ മറ്റ് വഴിയില്ലല്ലോ. ചുക്കില്ലാത്ത കഷായം എന്ന പ്രയോഗമൊക്കെ ഉള്ളിയില്ലാത്ത ഉള്ളിക്കറി എന്നായി മാറി. 

ഉള്ളിവിലയില്‍ കുലുങ്ങാത്ത ഒരേ ഒരു വീട്ടമ്മയേ ലോകത്തുള്ളൂ. അത് നമ്മുടെ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ്. താന്‍ ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് പ്രശ്നമില്ലെന്നുമായിരുന്നു പാര്‍ലമെന്‍റില്‍ വിലക്കയറ്റം ചര്‍ച്ച ചെയ്തപ്പോള്‍ ആ അമ്മ പറഞ്ഞത്. ഉള്ളിയില്ലാത്ത കറികളുടെ റെസിപ്പി സഭയുടെ മേശപ്പുറത്തുവയ്ക്കാനെങ്കിലും നിര്‍മലാ സീതാരാമന്‍ തയ്യാറാകണം. പേര് നിര്‍മല എന്നായിട്ട് കാര്യമില്ല പോക്കറ്റ് കീറിയവനോട് നൈര്‍മല്യം കാട്ടാന്‍ പഠിക്കണം. 

ബിഡിജെഎസിന്‍റെ നാലാം സന്തോഷ ജന്മദിനമായിരുന്നു. സന്തോഷം അത്രക്കങ്ങ് ഉണ്ടോ എന്നുചോദിച്ചാല്‍ മുഖത്ത് ചിരിയൊക്കെ വാരിപൂശി തുഷാര്‍ നില്‍ക്കുന്നത് കണ്ടു എന്നു വേണമെങ്കില്‍ പറയാം. ആ ഉള്ള നീറുന്നത് നമുക്കറില്ലല്ലോ. ഇവിടെയൊന്നും കിട്ടിയില്ല എന്ന് പറഞ്ഞ് പറഞ്ഞ് ആവര്‍ത്തന വിരസത അനുഭവിച്ച ജൂനിയര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയൊക്കെ വെടിഞ്ഞു. അമിത് ഷായുടെ റേഡിയോ നിലപാട് ഇപ്പോള്‍ തുഷാര്‍ നന്നായി അനുഭവിച്ച് അറിഞ്ഞുകഴിഞ്ഞു. പിന്നെ ആകെ ചെയ്യാന്‍ കഴിയുക സന്തോഷിക്കാന്‍ കിട്ടുന്ന നിമിഷങ്ങളില്‍ സര്‍വ്വം മറന്ന് ഉല്ലസിക്കുക എന്നത് മാത്രമാണ്. പാര്‍ട്ടിയുടെ ബര്‍ത്ത് ഡേക്ക് കേക്കുമുറിക്കാന്‍ ബിജെപിക്കാരുടെ നീണ്ട നിരയായിരുന്നു. ബിജിജെഎസ് അണികളേക്കാള്‍ കൂടുതലായിരുന്നു വന്ന ബിജെപി നേതാക്കളുടെ എണ്ണം

ജന്മദിനത്തിന് വരുമ്പോള്‍ സമ്മാനം കൊണ്ടുവരുക എന്നത് സാമാന്യ മര്യാദയാണ്. എന്നാല്‍ പികെ കൃഷ്ണദാസ് കൈയ്യും വീശിയാണ് വന്നത്. സമ്മാനം കൈയ്യിലല്ല തന്‍റെ നാവിലാണുള്ളതെന്ന രഹസ്യം അധികമാരോടും കൃഷ്ണദാസ് പറഞ്ഞതുമില്ല. രാമായണവും മഹാഭാരതവുമെല്ലാം മിക്സ് ചെയ്ത് ഒരു കിടുക്കാച്ചി സമ്മാനം. ഇതിലും വലുത് തുഷാറിന് സ്വപ്നങ്ങളില്‍ മാത്രം. അമിത്ഷായുടെ ഇത്തരം തള്ളലിന്‍റെ ബലത്തിലാണ് ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ നില്‍ക്കുന്നതുതന്നെ

മെയ്ഡ് ഇന്‍ ജപ്പാന്‍ ടീംസൊക്കെ നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇനിയങ്ങോട്ട് ജാപ്പനീസ് മുറകളൊക്കെ പ്രതീക്ഷിക്കാം. ഊരിപ്പിടിച്ച വാളുകള്‍ക്കുനേരെ സമുറായ് രീതികളൊക്കെ വന്നാലും അല്‍ഭുതപ്പെടാനില്ല. അതുകൊണ്ട് ആന്‍ഡ്രോയിഡ് മുഖ്യനെ ഒന്ന് സൂക്ഷിക്കുന്നത് നന്നെന്നുപറഞ്ഞുകൊണ്ട് ഇന്നത്തെ കലാപരിപാടി അവസാനിപ്പിക്കുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...