പി.സി. ജോർജ്; വേദി ഏതായാലും ചെസ്റ്റർ നമ്പര്‍ വേണ്ടാത്ത കലാപ്രതിഭ

thiruva-george-04
SHARE

രാജ്യത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണം വല്ലാതെ കൂടുകയാണെന്നു തോന്നുന്നു. പത്തുവാര്‍ത്തയെടുത്താല്‍ അതില്‍ ആറും ക്രൈം സീരീസില്‍ പെട്ടതായിരിക്കും. ഒരു കിലോ സവാളയും വാങ്ങി വീട്ടിലേക്കുപോവുകയായിരുന്ന ഗൃഹനാഥനെ അജ്ഞാത സംഘം തട്ടിക്കോണ്ടുപോയി.  സവാള തട്ടിയെടുത്തശേഷം ഇയാളെ വഴിയരികില്‍ ഉപേക്ഷിച്ചു. ഇങ്ങനെയൊരു വാര്‍ത്ത വരും ദിവസങ്ങളില്‍ കേട്ടാല്‍ തെല്ലും അല്‍ഭുതപ്പെടരുത്. സവാള വിലയുടെ ഷോക്കില്‍ നിന്ന് മുക്തരാകാനാണെന്ന് തോന്നുന്നു ഉള്ളി ടിക്ടോക്കുകളുമായി വീട്ടമ്മമാരടക്കം രംഗത്തുണ്ട്. 

ഒരു ബോറ‍ഡി ദിവസം. അങ്ങനെയാണ് ഇന്നത്തെ വാര്‍ത്താ ലോകം തുടങ്ങിയത്. എന്നാല്‍ ഉച്ചയോടെ സംഗതി കളറായി. കോട്ടയം പ്രസ്ക്ലബിന്‍റെ പടികയറിയറിയ ഒരു ഖദര്‍ധാരിയെ കണ്ട ഉടന്‍ കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ബോറഡി സ്ഥലം കാലിയാക്കി. ഇനി നിന്നാല്‍ ചിരിച്ച് ചാകേണ്ടിവരുമെന്ന് ബോറഡിക്കും തിരിച്ചറിവൊക്കെ ഉണ്ടാകുമല്ലോ. ആ ഖദര്‍ധാരി പക്ഷേ കോണ്‍ഗ്രസല്ല. എന്നാല്‍ കോണ്‍ഗ്രസല്ലേ. ആ ഖദര്‍ധാരി കമ്യൂണിസ്റ്റല്ല. പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ കമ്യൂണിസ്റ്റല്ലേ എന്ന് സംശയം തോന്നുകയും ചെയ്യും. അല്ല പുള്ളി താമരയുടെ ആളാണ്. അല്ല ആയിരുന്നു. അല്ലെങ്കില്‍ വേണ്ട ഇത്തരം വിശദീകരണത്തിന്‍റെയൊന്നും ആവശ്യമില്ല. ആ പേര് തന്നെ ധാരാളം. പിസി ജോര്‍ജ്. ഏത് വേദിയില്‍ പരിപാടി അവതരിപ്പിക്കാനും ചെസ്റ്റ് നമ്പര്‍ ആവശ്യമില്ലാത്ത കലാതിലകം. അടുത്തിടയായി പുള്ളി സംസാരം തുടങ്ങുന്നത് തന്നെ ബിജെപി സ്തുതിയോടെയാണ്. ആ ശീലത്തിന് ഇന്നും മാറ്റമില്ല. പക്ഷേ ശ്രദ്ധിച്ചിരുന്നോളം. ആള് ഓട്ടോറിക്ഷ കണക്കെയാണ്. എപ്പോള്‍ എവിടെനിന്ന് വിളികേട്ടാലും വണ്ടി വട്ടം വെട്ടിത്തിരിക്കും

വാക്കും നിലപാടും അടിക്കടി മാറ്റി മാറ്റി പറഞ്ഞില്ലെങ്കില്‍ അപ്പോള്‍ ഉറപ്പിച്ചോണം അത് ഒര്‍ജിനല്‍ പിസി ജോര്‍ജ് അല്ല എന്ന്. മോദിയുടെ നമോ പ്രഭാവത്തില്‍ ഹൃദാ ആകൃഷ്ടനായി എന്‍ഡിയെക്കൊപ്പം ജീവിതം സ്വപ്നം കണ്ട ജനപക്ഷക്കാരനാണ് പിസി. പക്ഷേ ആ ദാമ്പത്യം അധികകാലം നീണ്ടില്ല. പുതിയാപ്ലയായി അബ്ദുല്ലകുട്ടിയൊക്കെ വന്നതുകൊണ്ടാണോ എന്നറിയില്ല പിസി അവിടെനിന്നിറങ്ങി. ഹിന്ദുമതത്തിന് പുറത്തുനിന്ന് ഒരാള്‍ ബിജെപിയില്‍ എത്തിയാല്‍ സ്വാഭാവികമായും അവര്‍ക്ക് വലിയ സ്വീകരണമാണ് കിട്ടാറ്. മുന്തിയ കസേരയില്‍ ആദ്യം അവരെ ഇരുത്തും. അല്‍ഫോന്‍സ് കണ്ണന്താനവും അല്‍ഭുതക്കുട്ടിയുമൊക്കെ അങ്ങനെ കസേരകിട്ടിയവരാണ്. പക്ഷേ പിസിക്ക് ഒന്നും കിട്ടിയില്ല. കാരണം പിസി ബിജെപിയില്‍ ചേര്‍ന്നില്ല. പകരം ഘടകകക്ഷി സെറ്റപ്പായിരുന്നു. പൊലീസിന്‍റെ ഉള്‍പ്പെടെ കാക്കി പണ്ടേ പിസിക്ക് ഇഷ്ടമല്ല. അതാണ് കാരണം.  ഒന്നും കിട്ടാതെ അടുക്കളപ്പുറത്തു തേഞ്ഞു കിടക്കുന്ന തുഷാര്‍ സെറ്റപ്പിന് പിസിയെ കിട്ടില്ല. മോദി സ്തുതിയുടെ അലങ്കാരം ചെറുങ്ങനെ ഒന്നു മാറ്റിപ്പിടിച്ചു.

ആദ്യമായാകണം തനിക്ക് പിണക്കം തോന്നുന്നവരോട് ഇത്രയും മാന്യമായ ഭാഷയില്‍ പിസി പ്രതികരിക്കുന്നത്. മൂന്നുമാസം മുന്‍പ് പക്ഷേ പൂഞ്ഞാര്‍ ജോര്‍ജ് പറഞ്ഞിരുന്നത് ഇങ്ങനെയേ ആയിരുന്നില്ല. അന്ന് മോദീരവമായിരുന്നു സര്‍വത്രയും. അന്നാല്‍ അതിനും ഒരു ആറ്മാസം മുന്‍പത്തെ പാട്ടുകേട്ടാല്‍ നാം വിചാരിക്കും നമുടെ ചെവിക്ക് എന്തോ തകരാറുണ്ടെന്ന്. ആ തോന്നലിന് ഒരേ ഒരു മരുന്നേയുള്ളൂ വീണ്ടും ഒരു കൊല്ലം പഴയ പിസി ഭാഷ്യം കേള്‍ക്കുക. 

മോദിയെ മാന്യമായി ചീത്തവിളിക്കേണ്ടിവന്നതുകൊണ്ട് പിസിക്ക് ആകെ ഒരു ഉഷാര്‍ കുറവുണ്ട്. അതുകൊണ്ട് കാര്‍ഷിക ലോണ്‍ തിരിച്ചടവ് തേടിയെത്തുന്ന ബാങ്കുകാരുടെ മുകളില്‍ നൈസായങ്ങ് കേറി. തനി പിസി ലൈനാണ് ഇനി കാര്യങ്ങള്‍. തന്‍റെ സ്വഭാവത്തില്‍ ഒരു മാറ്റവുമില്ലെന്ന് ജോര്‍ജ് വീണ്ടും വീണ്ടും തെളിയിച്ചു

അതെ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ പൂഞ്ഞാറുകാര്‍ക്കെന്നല്ല കേരള ജനതക്കെന്നല്ല ലോകത്തിനുതന്നെ പിസി പിസിയല്ലാതാകും. ഈ നാക്കും വാക്കും ഉടനെങ്ങാണും പെന്‍ഷനാകാന്‍ സാധ്യതയുണ്ടോ? അല്ല മകന്‍ ഷോണൊക്കെ കളത്തിലിറങ്ങാന്‍ സൈഡില്‍ വന്നങ്ങനെ നില്‍പ്പുണ്ടല്ലോ. അതുകൊണ്ടുചോദിച്ചതാ

കെടി ജലീല്‍ സായ്‍വിന്‍റെ സഹായം കൊണ്ട് നിരവധിപേര്‍ കേരളത്തില്‍ നല്ല നിലയിലെത്തി. എന്നിട്ടും ആ നന്മമരത്തിന് കഷ്ടകാലമാണ്. വഴിയേ പോകുന്ന കോടാലികളെല്ലാം ആ കടക്കല്‍ കത്തിയിറക്കുന്നുണ്ട്. ഒടുക്കം ഗവര്‍ണറുടെ ഓഫീസിന്‍റെ പേരിലാണ് പീഡനം. മാര്‍ക്ക് ദാനം മഹദ് ദാനം എന്ന് ആപ്തവാക്യമെഴുതി ജീവിക്കാന്‍ ഇതുങ്ങളൊന്നും സമ്മതിക്കില്ലെന്നുവച്ചാല്‍ എന്താ ചെയ്യുക. കേട്ടപാതി കേള്‍ക്കാത്തപാതി രമേശ് ചെന്നിത്തല കളത്തിലെത്തി. ചെണ്ടകൊട്ടുതുടങ്ങി

ഒന്നുകൊണ്ടും പേടിക്കേണ്ട പിടിക്കപ്പെടുകയേയില്ല. കാരണം ഇത് പിണറായി വിജയന്‍റെ നേരിട്ടുള്ള റിക്രൂട്ട്മെന്‍റാണ്. അതിനുമേല്‍ പറക്കാന്‍ തല്‍ക്കാലം കേരളത്തില്‍ ഹെലികോപ്റ്റര്‍ മാത്രമേയുള്ളൂ. ഇനിയങ്ങോട്ട് അതിലാകട്ടെ ജലീലിന്‍റെ തലതൊട്ടപ്പനായ പിണറായിയാണുതാനും. 

സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും ആല്ചയിലൊരിക്കല്‍ മുണ്ടുടുക്കണം എന്നൊരു തീരുമാനം പണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ പറയുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല മുഴുവന്‍ ജനതയും മുണ്ടുടുക്കണം എന്നാണ്. വെറുതെയുടുത്താല്‍ പോര, മുറുക്കിയുടുക്കണം. മുഖ്യനും മന്ത്രിമാരും പറന്നു നടക്കുമ്പോള്‍ നമ്മളിങ്ങനെ മുണ്ട മുറുക്കിയുടുത്ത് ജീവിക്കണം.

കാനായിലെ കല്യാണം അടുത്ത ദിവസങ്ങളിലെങ്ങാണുമാണ് നടന്നിരുന്നതെങ്കില്‍ ഉറപ്പാണ് കുറച്ചധികം പേരെ എക്സൈസ് അകത്താക്കിയേനേ. വീടുകളില്‍ വൈന്‍ ഉണ്ടാക്കാം. പക്ഷേ വൈനില്‍ ആല്‍ക്കഹോള്‍ പാടില്ല. പറയുന്നത് സംസ്ഥാന എക്സൈസ് മന്ത്രിയാണ്. എങ്കില്‍പിന്നെ ഒറ്റവാക്കില്‍ വീടുകളില്‍ സ്ക്വാഷ് മാത്രം ഉണ്ടാക്കാം എന്ന് സിംപിളായി പറഞ്ഞാല്‍ പോരെ. വീട്ടില്‍ വൈന്‍ ഉണ്ടാക്കാന്‍ പറ്റാത്തതില്‍ ആരും വിഷമിക്കരുത്. പബ്ബുകള്‍ വരുന്നതോടെ വൈനൊക്കെ ഔട്ട് ഓഫ് ഫാഷനാകും. അത് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്‍രെ ഈ നീക്കം. ഇതിന്‍റെ പേരില്‍ മദ്യത്തിന്‍റെ രുചിയറിയാത്ത എക്സൈസ്മന്ത്രിയെ ആരും പഴിക്കരുത്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...