ഹെലികോപ്ടറിനെപ്പറ്റി താത്വിക അവലോകനം നടത്തിയവർ ഇപ്പോൾ എവിടെ?

thiruva-03-12-19
SHARE

ഭാവിയില്‍ നമ്മള്‍ തമ്മില്‍ കണ്ടുമുട്ടുന്നത് ഇങ്ങനെയൊന്നും ആയിരിക്കില്ല. ഹെലികോപ്ടറിലൊക്കെ ആയിരിക്കും വരവ്. വന്നിറങ്ങും തോന്നിയതൊക്കെ പറയും തിരിച്ചു പറക്കും. ആഹ്... 

പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് നാടിനെ മൊത്തത്തില്‍ ശരിയാക്കിയെടുക്കണമെന്നുണ്ട്. അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നുവരാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഉപദേശകതൊഴിലാളികളും. ഇതിനെയൊക്കെ നോക്കീം കണ്ടും കൂടെ നിന്നുകൊടുക്കുക എന്നതാണ് ബാക്കി മന്ത്രിമാരുടെ പ്രധാനചുമതല.

അത് മടുക്കുമ്പോഴാണ് ചില വകുപ്പ് മന്ത്രിമാര്‍ സ്വന്തം നിലയ്ക്കൊക്കെ വല്ലതും ചെയ്യുന്നത്. സംഗതി കേരളത്തിലെ പൊലീസിനെ ഹൈടെക് ആക്കുക എന്നദൗദ്യത്തിലാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയില്‍ പിണറായിയുടെ ഇപ്പോഴത്തെ മുന്‍ഗണന. കേരളത്തിന്‍റെ സുരക്ഷ ആപത്തിലാണ് എന്നത് ഉറപ്പിക്കുകയായിരുന്നു ആദ്യം.

അതിനായി മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ഒരുവട്ടം അല്ല. രണ്ടുവട്ടം. അതോടെ കേരളം മാവോയിസ്റ്്റ് മേഖലയായി. ആര്‍ക്കും തര്‍ക്കമൊന്നും ഉണ്ടാവാനേ പാടില്ല. ഇനി തര്‍ക്കമുള്ളവരോട്, നിങ്ങള്‍ അര്‍ബന്‍ നക്സലുകളാണ്. അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൂത്രങ്ങള്‍ ആലോചിക്കുന്ന ഇസ്ലാമിസ്റ്റ് മാവോയിസ്റ്റുകളാണ്. ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ നിങ്ങള്‍ മിണ്ടാതിരുന്നാമാത്രം മതി. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പറയുന്നത് കേരളത്തില്‍ കാണപ്പെടുന്ന മാവോയിസ്റ്റുകള്‌ പാവപ്പെട്ടവരാണെന്നാണ്. എന്നാല്‍ ആട്ടിന്‍കുട്ടികളല്ല എന്നാണ് പിണറായ്ക്ക് പൊലീസ് പറഞ്ഞുകൊടുത്തത്.

കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ രാജ്യസുരക്ഷക്ക് ഫ്രാന്‍സില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ അതും വേറൊരു രാജ്യവും കൊടുക്കാത്തത്ര ഇരട്ടിവിലയ്ക്ക് വാങ്ങുമ്പോ ഒരു സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയ്ക്ക് പിണറായി സര്‍ക്കാര്‍ അയല്‍സംസ്ഥാനത്തുനിന്ന് ചുരുങ്ങിയത് ഹെലികോപ്ടര്‍ എങ്കിലും കൊണ്ടുവരണം. ഇല്ലെങ്കില്‍ അതൊരു നാണക്കേടുതന്നെ. അതുകൊണ്ട് മാവോയിസ്റ്റ് സ്ഥിരം സാന്നിധ്യമായ ചത്തീസ്ഗഡ് കൊടുക്കുന്ന വാടകയിലും കൂടുതല്‍ കൊടുത്ത് കേരളം മാവോയിസ്റ്റുകളെ കൊല്ലാന്‍ ഹെലികോപ്‍ടര്‍ വാടകയ്ക്ക് എടുക്കും.

സംഗതിയുടെ കിടപ്പുവശം വച്ചുനോക്കുമ്പോ ചില കാര്യങ്ങള്‍ പിടികിട്ടും. ഛത്തീസ്ഗഡ് ഹെലികോപ്ടറിന് നല്‍കുന്നത് പ്രതിമാസം 25 മണിക്കൂറിന് 85 ലക്ഷം രൂപ. കേരളം ഒപ്പിട്ടത് പ്രതിമാസം 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ. കൊള്ളാം അല്ലേ. സത്യത്തില്‍ മാവോയിസ്റ്റ് വേട്ട എന്നൊക്കെ പറയുന്നതിന് പരിധിയുണ്ടല്ലോ.

ഇതിപ്പോ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊക്കെ സഞ്ചരിക്കാന്‍ കൂടിയാണ് ഈ വാടകയെടുപ്പ്. 11 സീറ്റ് ഏതായാലും ഉണ്ട്. ഒരു വഴിക്ക് പോവുമ്പോള്‍ അത്രയും പേര്‍ക്ക് പോവാല്ലോ. സംഗതി കളറാവുകയും ചെയ്യും. ഇതൊക്കെ നാം മുന്നോട്ട് പോവാന്‍ മുസ്ലിം ലീഗ് എംപി അബ്ദുല്‍വഹാബ് പറഞ്ഞുകൊടുത്ത നമ്പറുകളല്ലേ. പണ്ടേ വഹാബ് ഇടതുപക്ഷത്താണ്. രാജ്യസഭയിലേക്ക് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് മാത്രം ലീഗ് ആവേണ്ടി വന്ന ശുദ്ധ കമ്മ്യൂണിസ്റ്റ് മുതലാളിയാണ് അദ്ദേഹം. അങ്ങനെയൊരാള്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കുന്നതെങ്ങനെയാണ്.

പണ്ട്, വളരെ പണ്ടല്ല, കുറച്ചുനാള്‍ പണ്ട്, വെള്ളാപ്പള്ളി നടേശന്‍ ചേട്ടന് കേന്ദ്രസർക്കാർ ഒരു ഹെലികോപ്ടര്‍ ഏര്‍പ്പാട് ചെയ്ത് കൊടുത്തിരുന്നു. അന്ന് ഈ പറക്കലിനെപ്പറ്റി താത്വിക അവലോകനം നടത്തിയ സിപിഎമ്മുകാരുണ്ട് നമ്മുടെ നാട്ടില്‍. ഒന്നോര്‍മിക്കുന്നത് എന്തുകൊണ്ടും നന്നാവും.

ഒന്നാമത് സംസ്ഥാനം മുഴുപട്ടിണിയിലാണ്. ചിലവുചുരുക്കാന്‍ പറഞ്ഞ് പറ​​ഞ്ഞ് തോമസ് ഐസക് ഒരു വഴിക്കായി. അതിനിടെയാണ് വലിയൊരു സംഘം ജപ്പാനിലൊക്കെ പോയത്. അതുകഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഹെലികോപ്ടറും റെഡിയായിരിക്കും. ഇനി ഇതിനൊക്കെ കൊടുക്കാന്‍ കാശ് കണ്ടെത്തണം. 

എല്ലാത്തിലും മാതൃകയാക്കുന്ന മോദിജിയെ ഇക്കാര്യത്തിലും പിണറായി സഖാവിന് മാതൃകയാക്കാവുന്നതാണ്. അദ്ദേഹമിപ്പോള്‍ വിമാനത്താവളങ്ങളിലാണ് കുളിയും കിടപ്പും. ചിലവുചുരുക്കലാണത്രെ. ഇവിടെ നമ്മള്‍ക്ക് കെഎസ്ആര്‍സി ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചില കാര്യങ്ങളില്‍ പിശുക്ക് കാട്ടാവുന്നതാണ്. 

സീരിയസായ പിണറായി വിജയന്‍ കോമഡി പറയാറുണ്ടോ? സത്യത്തില്‍ നമ്മള്‍ മലയാളികള്‍ അങ്ങനെ പിണറായി ഫലിതം ആസ്വദിക്കാനുള്ള ഭാഗ്യം കിട്ടിയവരൊന്നും അല്ലല്ലോ. പക്ഷേ ചിരിക്കാനൊരു വകയുണ്ട്. എന്താണെന്നു വച്ചാല്‍ പിണറായി പറഞ്ഞ രണ്ടു സീരിയസ് കാര്യങ്ങള്‍ ചേര്‍ത്തുവച്ചാല്‍ മതി. അത് മുട്ടന്‍ കോമഡിയാവും.

ഉദാഹരണത്തിന് ഊരിപ്പിടിച്ച കത്തികള്‍ക്കിയിലൂടെയൊക്കെ സധൈര്യം നടന്നു നീങ്ങിയ കഥയൊക്കെ അങ്ങേരു പറയും. എന്നിട്ട് ചുറ്റിലും സുരക്ഷാ സംവിധാനങ്ങളൊരുക്കി നാട്ടിലിറങ്ങും. പണ്ട് സെക്രട്ടറിയായ കാലത്തെ ഭീഷണിയായിരുന്നു ഭീഷണിയെന്നും മുഖ്യമന്ത്രിയായ കാലത്ത് അത്രയ്ക്കില്ലെന്നും എന്ന് വച്ച് കാച്ചും. എന്നിട്ടോ ഓഖി ദുരന്തമൊക്കെ ഉണ്ടായ സമയത്ത് സുരക്ഷാ ഭീഷണി എന്നും പറഞ്ഞ് പോവാതിരിക്കും.

ഒന്നുകില്‍ ഈ ധൈര്യം കൂടിക്കൂടി വിറയല്‍ വന്നുപോയതാവാനാണ് വഴി. അല്ലെങ്കില്‍ ആരോ കൊല്ലും എന്നൊക്കെ പറഞ്ഞ് ഏതൊക്കെയോ ഉപദേഷ്ടാക്കള്‍ നമ്മുടെ മുഖ്യമന്ത്രിയെ ജനങ്ങളെ കാണിക്കാതെ കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. രണ്ടായാലും പണികിട്ടുന്നത് നാട്ടിലെ ജനങ്ങള്‍ക്കാണ്.

ധൂര്‍ത്തിന്‍റെ കാര്യം പറഞ്ഞുവന്നപ്പോഴാണ് ഉള്ളിയുെട വിലയോര്‍ത്തത്.  സവാള ഇപ്പോ ഒരാര്‍ഭാടമാണ്. ഉള്ളിയെകൊതിച്ചിരിക്കുന്ന സാമ്പാറും സവാളയെ കാത്തിരിക്കുന്ന ചിക്കനുമാണ് ഇപ്പോഴത്തെ അടുക്കളയുടെ നൊമ്പരങ്ങള്‍. മുമ്പ് സവാള അരിയുമ്പോളാണ് കണ്ണുനിറഞ്ഞിരുന്നത്. ഇന്ന് അതിനെക്കുറിച്ചോര്‍ക്കുമ്പോളേ കണ്ണും നിറയും നെഞ്ചും ഇടിക്കും.

രാജ്യം ഇങ്ങനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് നടുവൊടിയുമ്പോള്‍ ഭരിക്കുന്ന ബിജെപിക്കാര്‍ക്ക് അതൊന്നും ഒരു വിഷയമേയല്ല. 2024ഓടെ രാജ്യത്തെ കുടിയേറ്റക്കാരെ തുരത്തിയോടിക്കുന്നതിന്‍റെ തിരക്കിലാണ് അവര്‍. ഇങ്ങനെ പോയാല്‍ ആരേയും ഓടിക്കേണ്ടിയൊന്നും വരില്ല. 2024 വരെ കാത്തിരിക്കേണ്ട ഒരു കാര്യവുമില്ലന്നേ.

ഇതിനിടയ്ക്കാണ് ഇടുക്കിയില്‍ സിപിഎം എംഎല്‍എ രാജേന്ദ്രന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചത്. അതും തോട്ടം മേഖലയില്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് അനുകൂല തൊഴിലാളികളെ നോക്കി. ചോദ്യം ഇതായിരുന്നു. നെഹ്റു കുടുംബത്തിലെ പിന്‍ഗാമികള്‍ക്കൊക്കെ ഗാന്ധി എന്ന പേര് എങ്ങനെ വന്നു. ആദ്യം അത് പോയി പഠിക്ക് എന്നിട്ട് മതി സമരം എന്നാണ്.

പക്ഷേ ഈ കോണ്‍ഗ്രസുകാര്‍ക്ക് ഗാന്ധി എന്നത് നിര്‍ബന്ധം ഒന്നും അല്ലേയല്ല. അല്ലെങ്കില്‍ പിന്നെ ‍ഡല്‍ഹിയിലെ പൊതുസമ്മേളനത്തില്‍ കോണ്ഡഗ്രസ് നേതാവ് സുരേന്ദര്‍ കെയാര്‍ പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിപ്പിക്കില്ലല്ലോ. സംഗതി പ്രിയങ്ക ഗാന്ധിയെയാാണ് മനസില്‍ ഓര്‍ത്തതെങ്കില്‍ കൂടിയും. അപ്പോ പേരിലല്ല. ലുക്കിലാണ് കാര്യങ്ങള്‍. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...