സിനിമ തന്നെ ലഹരി; ഷെയിം ആവാതെ ഷൈൻ ചെയ്യട്ടെ ഷെയ്ൻ

thiru-shane
SHARE

ഇങ്ങനെ പോയാല്‍ ഷെയിന്‍ നിഗം വളരെ പെട്ടന്നു തന്നെ ഷെയിം നിഗം ആവാന്‍ സാധ്യതയുണ്ട്. സിനിമയില്‍ ഷെയിം നിഗം പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരു സിനിമ കാണണമെന്ന ആഗ്രഹം ഇപ്പോഴും ബാക്കിയുണ്ട്. അതിനിവിടുത്തെ ചലച്ചിത്ര നിര്‍മാതാക്കള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇതിപ്പോ ഷെയിനിന്‍റെ രണ്ടുസിനിമകളും ഇനി ഷൂട്ട് ചെയ്യാനുള്ള സിനിമയും ഒക്കെ ഉപേക്ഷിച്ചു എന്നാണ് അവര്‍ പറയുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി സിനിമയ്ക്ക് പുറത്ത് ഇത്രയും പേരെടുത്ത ഒരു നടന്‍ സമീപ ചരിത്രത്തിലൊന്നും മലയാള സിനിമയില്‍ ഇല്ല. ഭാവി എന്താകുമെന്ന് പക്ഷേ ചോദിക്കരുത്.

ഇതിപ്പോ പക്കാ ഒരു കൊമേഴ്സ്യല്‍ സിനിമ പോലെത്തന്നെയാണ് പോകുന്നത്. നായകനുണ്ട്. വില്ലത്തരമുണ്ട്. നാടുവിടലുണ്ട്. വേഷം മാറി വരലുമുണ്ട്. ധിക്കാരിയായ പുതുതലമുറയില്‍പെട്ട നായകനെ ചുറ്റിപ്പറ്റിയാണ് കഥ. അമ്മ വരുന്നു. ഇടപെടുന്നു. ചര്‍ച്ച നടക്കുന്നു. ക്ഷമിക്കുന്നു. വീണ്ടും ഒത്തുപോവുന്നു. പിന്നേം തെറ്റുന്നു. നല്ലൊരു സിനിമയാക്കാന്‍ പറ്റിയ വിഷയമാണ്. പക്ഷേ സിനിമയാക്കിയാല്‍ ഷെയിം നിഗമിനെ നായകനാക്കാന്‍ പറ്റില്ലല്ലോ. അതിനീ നിര്‍മാതാക്കള്‍ സമ്മതിക്കില്ലല്ലോ. അതാണ് പ്രശ്നം.

സിനിമയെ ലഹരിയായി കാണുന്നവരുണ്ട്. പക്ഷേ സിനിമയിലെത്തി വേറെ ലഹരികള്‍ കൊണ്ടുനടക്കുന്നവരെപ്പറ്റിയാണ് നിര്‍മാതാക്കളുടെ ആകുലതകള്‍. സിനിമക്കാരനാവണോ, സിനിമ മാത്രമേ ലഹരി പാടുകയുള്ളുവെന്ന് കര്‍ശന നിര്‍ദേശം ഇറക്കണം സാര്‍. അല്ല പിന്നെ. വീണ്ടും പറയുന്നു. പ്രിയ ഷെയിന്‍. താങ്കള്‍ അഭിനയിച്ച ഒരു സിനിമ. ആ സിനിമയില്‍ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കി സന്തോഷകരമായ ഒരു ജീവിതം നയിക്കുന്ന ഒരു പടം, ഒരേയൊരു പടം, അങ്ങനെയൊന്ന് കാണണമെന്നുണ്ട്. താങ്കള്‍ തിരിച്ചുവരണം. എല്ലാം കോംപ്രമൈസ് ആക്കണം. പ്ലീസ്. അഭ്യര്‍ഥനയാണ്, അപേക്ഷയാണ്. ഉപേക്ഷ വരുത്തരുത്.

ഇനി പറഞ്ഞു വരുന്നത് ബിജെപിയുടെ ഗാന്ധി സങ്കല്‍പ് യാത്രയെക്കുറിച്ചാണ്. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷികത്തിന്‍റെ ഭാഗമായാണ് ആഘോഷം. സംഘപരിവാര്‍ ഗാന്ധിജിയുടെ ജന്‍മത്തേയും ദര്‍ശനങ്ങളേയും ഇങ്ങനെ ആഘോഷിക്കുന്നതുകാണുമ്പോള്‍ തന്നെ അതിലൊരു തമാശയുണ്ട്. ഇനിയിപ്പോ ബിജെപി അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെത്തന്നെ സ്വയം ആക്ഷേപിക്കാനാണോ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്നുപോലും സംശയിച്ചുപോകും. ബിജെപിക്കാര്‍ ഇങ്ങനെ തുനിഞ്ഞിറങ്ങിയാല്‍ പിന്നെ തിരുവാ എതിര്‍വാ പോലുള്ള പരിപാടികള്‍ക്കൊക്കെ  എന്തു പ്രസക്തിയാണുള്ളത്. ലൈവായി പൊതുജനമധ്യത്തില്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ ആരാണ് പിന്നെ ടിവിക്കു മുന്നില്‍ വന്ന് ആക്ഷേപഹാസ്യ പരിപാടിയൊക്കെ കാണുക. ദയവു ചെയ്ത് ബിജെപിക്കാര്‍ നമ്മുടെ കഞ്ഞിയില്‍ പാറ്റയിടരുത്. ഒന്നാമത് ആ കാഴ്ച തന്നെ നയനാനന്ദകരമാണ്. സാധാരണ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും വച്ചിരുന്നിടത്താണ് തൂവെള്ള ഗാന്ധി തൊപ്പിയൊക്കെ വന്നിരിക്കുന്നത്. എന്തൊരു പ്രഹസനമാണിത്.

എന്തു കളി. സംഗതി സിംപിളല്ലേ. ചരിത്രം ബിജെപിക്ക് അത്ര നല്ലതോ ഗുണമുണ്ടാക്കുന്നതോ അല്ല. അങ്ങനെ മികച്ചൊരു പാടിപ്പുകഴ്ത്താന്‍ പറ്റിയ ചരിത്രമൊന്നും അല്ലല്ലോ സംഘപരിവാരത്തിന്‍റെ കൈയ്യിലുള്ളത്. പിന്നെ സ്വന്തം നിലയ്ക്ക് ചരിത്രം തിരുത്തുക എന്നതാണ്. അതും അത്ര എളുപ്പമല്ലാത്തതിനാല്‍ ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളിലൊക്കെ തങ്ങള്‍ക്കും പങ്കുണ്ട് എന്ന് വരുത്തിതീര്‍ക്കലാണ്. അപ്പോഴാണ് ഗാന്ധിജി ചര്‍ക്കയില്‍ നൂലുനൂല്‍ക്കുന്ന ചിത്രം അനുകരിച്ച് മോദിജിയും ഇരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നത്. ഇവിടെയിപ്പോ എ.പി. അബ്ദുല്ലക്കുട്ടിയുണ്ട്. ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ചും ജീവതചര്യകളെക്കുറിച്ചും ഒക്കെ വിളിച്ചുപറയാന്‍ സര്‍വത്ഥാ യോഗ്യന്‍. എക്സ് ഗാന്ധിയനായിരുന്നല്ലോ ഈ ദേശീയ മുസ്ലിം. ഗാന്ധിജിയുടെ ലാളിത്യം ജീവിതത്തിലും അതേ പോലെ പകര്‍ത്തിയതിന് നിരവധി തെളിവുള്‍ അബ്ദുല്ലക്കുട്ടി നമുക്ക് മുന്നില്‍ അവശേഷിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് അക്കാര്യത്തിലൊന്നും ഒരു തര്‍ക്കത്തിന് നമ്മളില്ലേ.

ബിജെപിയുടെ ഗാന്ധി അനുസ്മരണത്തിന്‍റെ കേരളത്തിലെ ഈ പരിപാടി ദിവസം തന്നെ  ബിജെപി എംപിയായ പ്രഗ്യ സിങ്  ഗാന്ധിയെ കൊന്ന ഗോഡ്സേയെ രാജ്യസ്നേഹിയായി വീണ്ടും പ്രഖ്യാപിച്ചിരുന്നു, അതും പാര്‍ലമെന്‍റില്‍. നാണക്കേട് മൂലം രേഖകളില്‍ നിന്ന് അത് നീക്കിയിട്ടുണ്ട്. എന്നുവച്ച് ഈ രാജ്യത്തെ സകലമാന സംഘപരിവാര്‍ അണികളുടെ മനസില്‍ നിന്നും അതൊക്കെ നീക്കം ചെയ്യാന്‍ കഴിയുമോ, ഇല്ല. അപ്പോ പിന്നെ ഈ കുമ്മനംജിയൊക്കെ ഗാന്ധി ദര്‍ശനത്തില്‍ കിടന്ന് കുത്തിമറിയുന്നത് എന്തിനാണെന്നാ വിചാരം? അതൊക്കെയുണ്ട്. ചുരുങ്ങിയ പക്ഷം ഇത്ര ചെറിയ കാലം കൊണ്ട് ഗാന്ധിജിയേയും ഗാന്ധി ദര്‍ശനങ്ങളേയും പറ്റി ബിജെപിക്കാരെകൊണ്ട് നല്ലത് പറയിപ്പിക്കാന്‍ കഴിഞ്ഞു എന്ന് കണ്ട് തല്‍ക്കാലം ആശ്വസിക്കാം. 

ആര്‍എസ്എസിനെ നിരോധിച്ച ചരിത്രമുള്ള സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്‍റെ പ്രതിമ ഉണ്ടാക്കി ആരാധിക്കാന്‍ തുടങ്ങിയവരാണ് ബിജെപിക്കാര്‍. അതുകൊണ്ട് ഇതിലപ്പുറവും പ്രതീക്ഷിക്കണം. എന്തിനും ഏതിനും പഴി കേള്‍ക്കുന്ന ആ നെഹ്റുവിനെക്കൂടി ഇനി ഭാവിയില്‍ സ്വന്തമാക്കി അഭിമാനിക്കുമോ എന്നേ അറിയേണ്ടതുള്ളു. ഈ നേരത്ത് ഇവിടെയിരുന്നിങ്ങനെ ആലോചിച്ചുപോവുകയാണ്. ആ ചരിത്രം എന്ന ഒന്നുണ്ടല്ലോ. അതിങ്ങനെ മനുഷ്യരൂപവുംപൂണ്ട് സത്യം ബോധിപ്പിക്കാന്‍ വന്നാല്‍ എങ്ങനെയിരിക്കും? ചുമ്മാ ഒന്നു സങ്കല്‍പിച്ചു നോക്കാലോ. ദാ ഇങ്ങനെയിരിക്കും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...