'കഞ്ചാവി'ലെ ഇരട്ടത്താപ്പ്; ബോബ് മെര്‍ലി താരം; ഇവിടുള്ളവർക്ക് പരിഹാസം

Thiruvaa_Shane-29-11
SHARE

ഉറക്കമില്ലാത്ത ജനാധിപത്യമാണ് ഇന്ത്യ എന്ന് ലോകം അസൂയയോടെ മനസിലാക്കിയ ആഴ്ചയാണ് കടന്നു പോയത്. മഹാരാഷ്ട്രയില്‍ ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളാകെ  ദിനചര്യകള്‍ മാറ്റിവച്ച വാരം. സത്യപ്രതി‍ഞ്ജ എന്നൊക്കെ പറയുന്നത് ഗവര്‍ണറുടെ പ്രാഥമിക കൃത്യങ്ങളില്‍ ഒന്നായി മാറിയ ആഴ്ച. ഒടുവില്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ക്ലൈമാക്സ് കണ്ട ആഴ്ച. എത്ര കാലത്തേക്കോ എന്തോ

ജിലേബിയില്‍ മിന്‍ചാര്‍ കൂട്ടി അല്‍പം മോരും ചേര്‍ത്ത് കഴിച്ചാല്‍ എങ്ങനെയുണ്ടാകും. അതുപൊലെ ഒരു മുന്നണിയുടെ മുഖ്യമന്ത്രിയാണ് ഈ ഉദ്ധവ്. ഉദ്ധവ് മുഖ്യമന്ത്രിയായ സാഹചര്യങ്ങളെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം. തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞതും ജനാധിപത്യത്തെ അട്ടിമറിച്ച് ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും എന്ന് ബിജെപി ഞെട്ടലോടെ മനസിലാക്കി. അതവര്‍ക്ക് സഹിക്കില്ല. ഏത് ? ജനാധിപത്യത്തെ വേറെ ആരെങ്കിലും അട്ടിമറിക്കുന്നത്. അതുകൊണ്ട്  ഫട്നാവിസ് എന്‍സിപിയിലെ അജിത് പവാറിനെയും കൂട്ടി പുറപ്പെട്ടു. പിന്നെ നടന്നതാണ് ക്ലാസിക് . ബിജെപി കാര്യാലയമാണെന്ന് കരുതി രാജ്ഭവനില്‍ ചെന്ന ഫട്നാവിസ്. എന്തുണ്ട്? അപ്പോള്‍ ഗവര്‍ണര്‍. മുഖ്യമന്ത്രി പദവും ഉപമുഖ്യമന്ത്രി പദവും. അപ്പോള്‍ ഫട്നാവിസ്. രണ്ടും ഓരോ പ്ലേറ്റ് പോരട്ടേ.. ഇതുപോലത്തെ വളിച്ച ജനാധിപത്യ കോമഡികള്‍ അവസാനിച്ചപ്പോഴേക്കും രാജ്യത്ത് ഒരു വാക്കിന്‍റെ അര്‍ഥം അങ്ങ് മാറിപ്പോയിരുന്നു. ഒരാളിനെക്കുറിച്ചുള്ള ഇമേജും. ചാണക്യന്‍, ചാണക്യതന്ത്രം എന്നീ വാക്കുകള്‍ കേട്ടാല്‍ ഇനി നിങ്ങള്‍ക്ക് അമിത് ഷായെ ഓര്‍ക്കാതെ ജീവിക്കാന്‍ പറ്റില്ല.

കുറേ കാലമായി അധികാരം പിടിച്ചെടുക്കാന്‍ അമിത് ഷാ കാണിക്കുന്ന ഊളത്തരങ്ങളെ വലിയ ഹീറോയിസമായി കാണുന്ന ഒരു കൂട്ടം മനുഷ്യരിവിടെ ഉണ്ടെന്ന കാര്യമാണ് ഏറ്റവും വലിയ കോമഡി. രാഷ്ട്രീയം മൊത്തത്തില്‍ അസംബന്ധമാകുമ്പോള്‍ വൃത്തികേടുകള്‍ ഹീറോയിസമായി മാറുന്നത് സ്വാഭാവികം. 

ഗോവിന്ദച്ചാമിക്ക് ഒരു കൈയ്യില്ലെങ്കിലെന്താ എത്ര വലിയ കുറ്റകൃത്യങ്ങള്‍ പുള്ളിക്കാരന്‍ ചെയ്തു എന്ന് പറയുന്ന മനോനിലയാണ് ഇവിടെയൊക്കെ പ്രവര്‍ത്തിക്കുന്നത്.  ഗോവിന്ദച്ചാമി  മനുഷ്യത്വത്തോട് ചെയ്തത് മറ്റു ചിലര്‍ ഭരണഘടനയോട് ചെയ്യുന്നു എന്ന വ്യത്യാസമേ ഉള്ളു. 

നേതാവിനോടുള്ള ഭക്തി കൂടി കൂടി, നേതാവെങ്ങാനും വഴിയില്‍ അപ്പിയിട്ടാലും ബോള്‍ഡ് ഡിസിഷന്‍, ധീര നേതൃത്വം , മറ്റാര്‍ക്കും കഴിയാത്ത മിടുക്ക്, 70 കൊല്ലമായും ആരും ചെയ്യാത്തത് എന്നൊക്കെ പറയുന്ന അണികളുള്ള അവസ്ഥയാണ് നാട്ടില്‍. തല്‍ക്കാലം ഷാ ജിക്ക് ഒന്നു വിശ്രമിക്കാം. മഹാരാഷ്ട്ര പാളിയ സ്ഥിതിക്ക്

പക്ഷേ, ഇതൊന്നും കൊണ്ട് ഒന്നും അവസാനിച്ചു എന്നു കരുതണ്ട. ഷാ ജി ചുമ്മാ തിരിച്ചു വരും. ഇതിലും ഇരട്ടി ശക്തിയോടെ.  ചാണക്യനല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മീശമാധവനാണ് അമിത് ഷാ. സകല കക്ഷികളിലും പെട്ട എംഎല്‍എമാരേ ജാഗ്രതൈ

മഹാരാഷ്ട്രാ നാടകങ്ങളെ സുപ്രീം കോടതി തന്നെ തിരുത്താന്‍ ശ്രമിച്ചപ്പോള്‍ , ഇതിനൊക്കെ കൂട്ടുനിന്ന ഭരണഘടനാ സ്ഥാപനങ്ങളും തെറ്റു ചെയ്തെന്ന് വരുകയല്ലേ.  ഇരുട്ടത്ത് തിടുക്കപ്പെട്ട് റിപ്പോര്‍ട്ടുകളയക്കുന്നവരും അതനുസരിച്ച് നടപടികള്‍ എടുക്കുന്നവരുമൊക്കെ. അവരുടെ തെറ്റുകളെപ്പറ്റി ആരു സംസാരിക്കും?

ഇല്ല. ഒന്നും പറയുന്നില്ല. നമുക്ക് നമ്മുടെ സ്വന്തം അമിത് ഷാ ജിയിലേക്ക് തിരിച്ചു വരാം. മോദി മാര്‍ഗമാണ്  അമിത് ഷായെ നയിക്കുന്ന ശക്തി. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നമ്മള്‍ കണ്ടു. മോദി സ്തുതി. പ്രതിവര്‍ഷം 1250 കോടിയിലേറെ രൂപ സ്വന്തം പടമടിച്ച്  പരസ്യം കൊടുക്കുന്ന പ്രധാനമന്ത്രിയാണ് വിദേശത്ത് കാശ് ലാഭിക്കാന്‍ കുളിയും പല്ലുതേപ്പും വിമാനത്താവളത്തിലാക്കുന്നത്. രാജ്യത്തെ ആഭ്യന്തര മന്ത്രി വന്ന് പറയുമ്പോള്‍ നമ്മളതങ്ങ് വിശ്വസിക്കണം. പണ്ട് ഒബാമയെ കണ്ടപ്പോള്‍ ഇട്ട കോട്ടിന് പത്ത് ലക്ഷം രൂപ വിലയുണ്ടെന്നൊക്കെ പറഞ്ഞവര്‍ വല്ലതും അറിയുന്നുണ്ടോ പാവം മോദി ജി കാശ് ലാഭിക്കാന്‍ പെടുന്ന പാടുകള്‍. പക്ഷേ ആഭ്യന്തര മന്ത്രി ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഇങ്ങനെ പിശുക്കാന്‍ നില്‍ക്കരുതെന്ന് സ്നേഹ ബുദ്ധ്യാ പ്രധാനമന്ത്രിയെ ഒന്ന് ഉപദേശിക്കണം. ഒന്നുമില്ലെങ്കിലും 3000 കോടി രൂപയൊക്കെ മുടക്കി പ്രതിമയൊക്കെ ഉണ്ടാക്കി കളിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയല്ലേ. കുളി ഹോട്ടലില്‍തന്നെ ആക്കണം. ആ കാശൊക്കെ നമുക്ക് ടാക്സ് പിരിച്ച് ഉണ്ടാക്കാമെന്ന്..

.......

കേരളത്തിലും ഒരു അടിപൊളി ആഴ്ചയാണ്  കഴിഞ്ഞു പോകുന്നത്. പെപ്പര്‍ സ്പ്രേ ഒരു രാഷ്ട്രീയ ആയുധമായ വാരം. ആ വിഷ്വലു കണ്ടില്ലേ... അതില്‍ ചില കാക്കിധാരികളെ കാണാം. പൊലീസുകാരാണെന്ന് പറയപ്പെടുന്നു. പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിലാണ് ഒരു സ്ത്രീയെ ഇങ്ങനെ ആക്രമിക്കുന്നത്. ആ പോലീസുകാരുടെ മട്ടു കണ്ടോ. ചേട്ടന്‍ സ്പ്രേ ഒക്കെ അടിച്ച് , വന്ന ജോലിയൊക്കെ തീര്‍ത്ത് ഫ്രീ ആയെങ്കില്‍ ഞങ്ങള്‍ ഒന്ന് കസ്റ്റഡിയില്‍ എടുത്തോട്ടേ എന്ന ഭാവം. ആക്രമണത്തിന് ഇരയായ സ്ത്രീ അറസ്റ്റു ചെയ്യൂ എന്ന് നിലവിളിച്ചിട്ടും പൊലീസുകാര്‍ക്ക് ഭയങ്കര നാണമാണ്. വല്ല മാവോയിസ്റ്റുമായിരുന്നെങ്കില്‍ കാണാമായിരുന്നു. മാവോയിസ്റ്റില്‍ കുറഞ്ഞ ആരെയും ഒന്നും ചെയ്യണ്ട എന്നാണെന്ന് തോന്നുന്നു ഡിജിപി കൊടുത്തിരിക്കുന്ന നിര്‍ദേശം. അല്ലെങ്കില്‍ പിന്നെ ഹെല്‍മറ്റ് വയ്ക്കാതെ വരണം. അപ്പോള്‍ നമ്മള്‍ ലാത്തിയെറിഞ്ഞ് വീഴ്ത്തും. അത്തരം സെലക്ടഡ് പണികള്‍ക്കു വേണ്ടി പൊലീസിന്‍റെ എനര്‍ജി മുഴുവന്‍ റിസര്‍വ് ചെയ്ത് വച്ചിരിക്കുകയാണ്. കേട്ടിട്ടില്ലേ റിസര്‍വ് പോലീസ് , റിസര്‍വ് ബറ്റാലിയന്‍ എന്നൊക്കെ. പൊലീസിന് ഇപ്പോ വേറെ ഒരുപാട് പണിയുണ്ട് സാറന്‍മാരെ

കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഇടതു ബുദ്ധിജീവികളുടെ താരമായിരുന്നു ബിന്ദു അമ്മിണി. ഇത്തവണ പക്ഷേ അവരെ ട്രോളാനാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലുള്ള വിപ്ളവ ബ്രിഗേഡ് രംഗത്ത് വന്നത്.  കഴിഞ്ഞ വര്‍ഷം ബുദ്ധിജീവികള്‍ പിന്തുണച്ചത് നവോന്ഥാനത്തെ ആയിരുന്നില്ല, പിണറായി വിജയനെ ആയിരുന്നു എന്ന് ഇനിയെങ്കിലും ബിന്ദു അമ്മിണി മനസിലാക്കണം.  ചുമ്മാ മുളകു പൊടികൊണ്ട് കണ്ണെഴുതാതെ  അവസാന വിധി വരുന്നതു വരെ കാത്തിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.  മഹാരാഷ്ട്ര വിഷയത്തിലൊക്കെ നാറി നില്‍ക്കുന്ന ബിജെപിക്ക്  സമരം ചെയ്യാന്‍ ഒരു അവസരം ഉണ്ടാക്കിക്കൊടുക്കാന്‍ മാത്രമേ ഈ മലയകയറ്റം കൊണ്ട് സാധിക്കൂ. ഇടക്കിടക്ക്  ആശ്വാസത്തിന് പിണറായിയുടെ പഴയ നവോത്ഥാന പ്രസംഗം ഒക്കെ കേള്‍ക്കുന്നത് നല്ലതായിരിക്കും. കോമിക് റിലീഫ് എന്നൊക്കെ പറയില്ലേ.  ഇത്രയൊക്കെയേ ഉള്ളൂ ലോകത്തിന്‍റെ കാര്യം എന്ന് മനസിലാകുമ്പോള്‍ ആവേശം ഒക്കെ ഒന്ന് കുറഞ്ഞ് കിട്ടും.

ഏതായാലും മുഖ്യമന്ത്രി ഇതൊന്നും അറിയാതെ കേരള വികസനത്തിനായി ജപ്പാനില്‍ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ നിന്ന് കൊറിയ ഒക്കെ  കറങ്ങി ഒരു വരവുണ്ട്. കേരളം പോലെ മാധ്യമങ്ങള്‍ പിന്നാലെ നടക്കാത്തതിനാല്‍ കൃത്യമായി മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ അറിയാന്‍ പറ്റുന്നില്ല എന്നൊരു കുഴപ്പമുണ്ട്. തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്‍റെ യാത്രാവിവരണ സിഡി പുറത്തിറക്കുമായിരിക്കും.

........

ന്യൂ ജെന്‍ സിനിമാക്കാരെക്കുറിച്ച് സിനിമ കാണുന്നവര്‍ക്ക് മാത്രമല്ല, സിനിമ പിടിക്കുന്നവര്‍ക്കും പരാതികളുണ്ട്. ഷെയിന്‍ നിഗം എന്ന യുവ നടനെപ്പറ്റി പ്രൊഡ്യൂസര്‍മാര്‍ക്ക് പരാതിയോട് പരാതിയാണ്. വന്നിട്ട് കുറച്ച് നാളേ ആയിട്ടുള്ളു എങ്കിലും ഷെയിന്‍ നിഗം ലിമിറ്റഡ്  എന്ന പേരില്‍ നടന്‍ ഒരു പ്രസ്ഥാനമായി പോലും. അത്ര അഹങ്കാരമാണത്രേ

പുതിയ സിനിമാക്കാര്‍ കഞ്ചാവടിക്കുന്നു എന്നാണ് ഈ പഴയ സിനിമാക്കാരുടെ പരാതി. പക്ഷേ അതിന്‍റെ ഗുണമൊന്നും അവരുടെ സിനിമകളില്‍ കാണാനില്ല എന്ന് പരാതിപ്പെടുന്നവരും ഉണ്ട്. ഏതായാലും വിവാദത്തിന്‍റെ പുകമറയിലാണ് സിനിമാ ലോകം

സത്യത്തില്‍ എന്താണ് സംഭവം. ഏതെങ്കിലും ന്യൂ ജെന്‍ കക്ഷിയോട് ചോദിച്ച് മനസിലാക്കാം. സിനിമാ രംഗത്ത് കഞ്ചാവ് മാഫിയ ശക്തമാണോ?

കഞ്ചാവിനപ്പുറം എല്‍ എസ് ഡി പോലുള്ള മരുന്നുകള്‍  ഉപയോഗിക്കുന്നു എന്ന് കേള്‍ക്കുന്നു. ശരിയാണോ? ഇങ്ങനെ പോയാല്‍ മലയാള സിനിമാ ലോകം എവിടെ എത്തും ?

കഞ്ചാവിനെ കുറ്റം പറയുന്നതിലും മലയാളികളുടെ ഇരട്ടത്താപ്പ് പ്രകടമാണ്. കഞ്ചാവ് വലിച്ച് നടന്ന ബോബ് മെര്‍ലിയെ ഒക്കെ നമ്മള്‍ വലിയ താരമാക്കി കൊണ്ടു നടക്കും. ഇവിടെ വല്ല പിള്ളേരും ഒന്ന് മുടി നീട്ടി വളര്‍ത്തിയാല്‍ അവരെ കഞ്ചാവെന്ന് വിളിച്ച് കളിയാക്കുകയും ചെയ്യും. മാവോയിസ്റ്റുകളെക്കുറിച്ച് പറയുന്ന പോലെ തന്നെ. ചെഗുവേര വലിയ വിപ്ളവകാരിയെന്ന് പറഞ്ഞ് ചെയുടെ പടമുള്ള  ടി ഷര്‍ട്ടുമിട്ട് നടക്കുന്ന സിപിഎമ്മുകാരൊക്കെയാണല്ലോ  അതേ പണി ചെയ്യാന്‍ ആഗ്രഹിക്കുന്ന മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടിയല്ല, പൂച്ചക്കുട്ടിയല്ല എന്നൊക്കെ പറഞ്ഞ് വെടിവച്ച് കൊല്ലുന്നത്. അതുകൊണ്ട് ഷെയിന്‍ നിഗം ഇതൊന്നും കണ്ട് തളരരുത്. 

സ്കൂള്‍ കലോല്‍സവത്തിന്‍റെ ആഴ്ച കൂടിയായിരുന്നു ഇത്. ഇനി അതെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് വേണ്ട. ഇത്തവണ ഉല്‍ഘാടനച്ചടങ്ങിന് പ്രസംഗം കുറവായിരുന്നു. പാട്ടെന്ന് പറയാമോ എന്നറിയില്ല. അതുപോലൊരു സാധനമായിരുന്നു അധികവും

*****************

ഒരു കണക്കിന് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ മന്ത്രിയുടെ ഈ ശ്രമം നല്ലതാണ്. ഇതൊക്കെ കേട്ടാല്‍ ആര്‍ക്കും സ്വന്തം ശബ്ദത്തെക്കുറിച്ച് ഒരു ധൈര്യമൊക്കെ തോന്നും. ഇതിനെയൊക്കെ പാട്ടെന്ന് പറയാമെങ്കില്‍ നമ്മളൊക്കെ എന്ത് ചെയ്താലും സമ്മാനം കിട്ടുമെന്ന് കുട്ടികള്‍ക്ക് ഒരു വിശ്വാസം വരും

***************

അടുത്ത കോഡ് നമ്പരില്‍ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കറാണ്. അദ്ദേഹം കവിത ചൊല്ലുമ്പോള്‍ ആരും ബഹളം വയ്ക്കരുത്. പിണങ്ങിയാല്‍ അദ്ദേഹം ഇറങ്ങിപ്പോക്ക് നടത്തും. പകരം ആരെയും ഉല്‍ഘാടന ചുമതല ഏല്‍പ്പിക്കാതെ . സോ. ബീ കെയര്‍ഫുള്‍

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...