വലിയ തമാശക്കാരന്‍ ആര്?; പാഷാണം ഷാജിയോ ഡിജിപി ബഹ്റയോ

thiruva
SHARE

കേട്ടു കേട്ട് നമ്മള്‍ മടുത്ത ചില പ്രയോഗങ്ങളുണ്ട്.  ഉപയോഗിച്ചുപയോഗിച്ച് ഒടുവില്‍ ആ പ്രയോഗം അതിന്‍റെ നേരെ എതിര്‍ അര്‍ഥത്തില്‍ ചെന്നു ഇടിച്ചു തകരും. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചാണക്യ തന്ത്രം എന്ന പ്രയോഗം. അതിബുദ്ധിമാന്മാരെ, കരുക്കള്‍ നീക്കുന്ന തന്ത്രഞ്ജന്മാരെ ഇനി അങ്ങനെ വിളിക്കുകയേ ചെയ്യരുത്. മഹാരാഷ്ട്രയിലെ കാര്യമൊക്കെ കണ്ട് ചിരിച്ചിരിക്കുന്ന അവര്‍ നമ്മള്‍ കളിയാക്കിയതാണെന്നേ  കരുതൂ. നൂറ്റൊന്നു ശതമാനം ഉറപ്പ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നമ്മുടെ ഭാഷക്കു നല്‍കുന്ന വലിയ സംഭാവനയായി വേണം ഇതിനെയൊക്കെ വിലയിരുത്താന്‍. അപ്പോള്‍ ചാണക്യ തന്ത്രങ്ങളൊന്നും പയറ്റാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

**********************************

പാഷാണം ഷാജിയാണോ ഡിജിപി ലോക്നാഥ് ബഹ്റയാണോ വലിയ തമാശക്കാരന്‍ എന്ന വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിക്കാവുന്നതാണ്. പാഷാണം ഷാജിയെ ആഭ്യന്തരവകുപ്പേല്‍പ്പിച്ചാലും വലിയ തെറ്റുണ്ടാകാന്‍ വഴിയില്ലെന്നും പൊലീസില്‍ ഇപ്പോള്‍ സംഭവിക്കുന്നതിനപ്പുറമൊന്നും ഇനി സംഭവിക്കാനില്ലെന്നും വിലയിരുത്തുന്നവരുമുണ്ട്. സംഗതി എന്തായാലും പുതിയ ശബരിമല സീസണില്‍ നമ്മുടെ പൊലീസ് ആള് വേറയാണ്. അത് പറയാതെ വയ്യ. പഴയ വീറും വാശിയും തിരിച്ചുവന്നിട്ടുണ്ട്. എങ്കിലും കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും അടുത്തിടയായി കേരള പൊലീസിനെ അത്ര വിലയില്ല എന്നൊരു സംശയം പൊതുവെ ഉയരുന്നുണ്ട്. എസ്എഫ്ഐക്കാരനായ അഭിമന്യുവിനെ കുത്തിയ പ്രതികളെപ്പോലും പിടിക്കാന്‍ നമ്മുടെ കാക്കിക്കൂട്ടത്തിന് കഴിഞ്ഞിട്ടില്ല. സ്കോട്‍ലന്‍റ് യാര്‍ഡ് കഴിഞ്ഞാല്‍ കേരള പൊലീസ് എന്നു പറഞ്ഞിരിക്കുന്നതിനിടെയാണ് യൂണിവേഴ്സിറ്റി കോളജ് കുത്തുകേസും പിഎസ്‍സി തട്ടിപ്പുമൊക്കെ വന്നത്. പ്രതികളില്‍ പലരും മഞ്ഞുമറക്കപ്പുറത്താണ്. ഇരുട്ടുണ്ടെങ്കില്‍ അല്‍പ്പം ആശ്വാസം ഇരുട്ടിലേലും തപ്പാമല്ലോ എന്നതാണ് ജപ്പാന്‍ മുഖ്യന്‍ പിണറായിയുടെ പൊലീസിന്‍റെ ഇപ്പോളത്തെ അവസ്ഥ. ഈ ചീത്തപ്പേരെല്ലാം മാറ്റുന്നതിന്  രണ്ട വഴികളേയുള്ളൂ. ഒന്ന് സഖാക്കളോട് കേസുകെട്ടുകള്‍ ഉണ്ടാക്കരുതെന്ന് പറയണം. രണ്ട് പൊലീസിന്‍റെ ആത്‍മവിശ്വാസം വര്‍ദ്ധിപ്പിക്കണം. ഏത് കേസ് തെളിയിക്കാനും കെല്‍പ്പുണ്ടെന്ന തോന്നലുണ്ടാക്കണം. രണ്ടാമത്തേതാണ് ഈ കാലത്ത് എളുപ്പം. അതുകൊണ്ട് ഈ ലക്ഷ്യത്തോടെ തലസ്ഥാനത്ത് പൊലീസുകാര്‍ക്കായി ഒരു  ഹൈടെക് ജിം തീര്‍ത്തു. സിനിമാ താരത്തേക്കാള്‍ താരപ്പകിട്ടുള്ള ബഹ്റതന്നെ സംഗതി ഉദ്ഘാടനവും ചെയ്തു. 

*********************************

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാനി‍ല്‍ പോയി. യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധികം ദിവസം കേരളത്തില്‍ ചിലവഴിക്കാന്‍ തോന്നിയില്ല. എങ്ങനെ തോന്നും. യൂറോപ്പില്‍ നിന്നു വന്നുകഴിഞ്ഞാണ് നിയമസഭ വിളിച്ചത്. എന്തൊരു സമാധാനക്കേടായിരുന്നു പ്രതിപക്ഷം ഉണ്ടാക്കിയത്. ഒടുവില്‍ നിയമസഭയും സെക്രട്ടറിയേറ്റുമെല്ലാം അടച്ച് മുഖ്യന്‍ വിമാനം കയറി. ഒറ്റക്കല്ല. മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും കൂടെയുണ്ട്. സാധാരണ മുഖ്യന്‍ നാട്ടിലില്ലാത്തപ്പോള്‍ ഇപി ജയരാജനില്‍ മുഖ്യന്‍റെ പ്രേതം കയറും. പിന്നെ മൈക്കെടുത്ത് പല മണ്ടത്തരങ്ങളും വച്ചുകാച്ചു. ഈ അപകടം ഒന്നിലധികം തവണ ഉണ്ടായതുകൊണ്ടാകണം ഇക്കുറി റിസ്കെടുക്കാന്‍ നില്‍ക്കാതെ പിണറായി ഇപിയെ കൂടെ കൂട്ടിയത്. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ തേടിയാണ് യാത്ര. ട്രഷറിയില്‍ എലി പെറ്റുകിടക്കുകയാണെന്നുപറഞ്ഞ് ധനമന്ത്രി ഇവിടെയിരുന്ന് കാറുന്നത് അങ്ങ് ജപ്പാനില്‍ കേള്‍ക്കുന്നുണ്ടോ എന്തോ. മുഖ്യന്‍റെ യാത്രക്ക് വന്‍ തുക ചിലവായി എന്നുപറയുന്നവരോട് പിന്നെ മുഖ്യന്‍ കള്ളവണ്ടി കയറണമായിരുന്നോ എന്നാണ്  മന്ത്രി ജി സുധാകരന് ചോദിക്കാനുള്ളത്. ജാപ്പാനീസ് കുഹു കുഹു

**********************************

കമ്പനി ചിലവില്‍  വിദേശയാത്രകള്‍ നടത്താത്ത കഥയാണ് കവിക്ക് പറയാനുള്ളത്. ഇത് പിണറായിയെ ഒന്നു ട്രോളിയതല്ലേ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അത് അങ്ങനെയല്ല എന്നാണ് വിശദീകരണം. കാരണം സാഹിത്യകാരന്മാര്‍ക്ക് ഇങ്ങനെയൊക്കെ പറയാം. സാഹിത്യം വിരലുകളില്‍ ആവാഹിച്ച മന്ത്രിക്ക് പ്രത്യേകിച്ച്

*********************************

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് കൊടി കയറുകയാണ്. ഇനി ആട്ടോം പാട്ടും കൊട്ടുമൊക്കെയായി കളര്‍ഫുളാണ് കാര്യങ്ങള്‍. കലാകാരന്മാരെ പ്രോല്‍സാഹപ്പിക്കുന്നതില്‍ നമ്മള്‍ തെല്ലും മടി കാണിച്ചിട്ടില്ല. ഇനി കാണിക്കുകയുമില്ല. കട്ട രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ ആര്‍ക്കാണ് അല്‍പ്പം സംഗീതമൊക്കെ ഇഷ്ടമില്ലാത്തത്. ചെസ്റ്റ് നമ്പര്‍ വാങ്ങി ഒന്നിമുപുറകെ ഒന്നായി കേരള രാഷ്ട്രീയത്തിലെ കലാകാരന്മാര്‍ ഇനി വേദിയിലേക്കുവരുകയാണ്. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി എവിടെ എപ്പോള്‍ വേദി ഉയര്‍ന്നാലും മൈക്ക് പോയിന്‍റില്‍ ആദ്യമെത്തുന്ന ആളുകളാണ് കടന്നപ്പള്ളി രാമചന്ദ്രനും പിജെ ജോസഫുമൊക്കെ. തുറുമുഖം പുരാവസ്തു എന്നിങ്ങനെയുള്ള വകുപ്പുകളുടെ മന്ത്രിയാണ് കടന്നപ്പള്ളി ഇപ്പോള്‍. വംശനാശം നേരിടുന്ന പ്രത്യേകതരം വീതുളി കൃതാവും അപൂര്‍വമായ ജുബയുമൊക്കെയാണ് വേഷം. ഇരുപത്തിയാറാം വയസില്‍ സാക്ഷാല്‍ ഇകെ നായനാരെ തറപറ്റിച്ച അതേ മെയ്‍വഴക്കത്തോടെ കടന്നപ്പള്ളി എത്തുന്നു. ഗിവ് ഹിം എ ബിഗ് ക്ലാപ്പ്

*********************************

നേരത്തേ പറഞ്ഞല്ലോ. ഇങ്ങനത്തെ സാഹചര്യത്തില്‍ സ്വോഭാവികമായും അതുത്ത പാട്ട് പാടാറുള്ളത് തൊടുപിഴയിലെ അനുഗ്രഹീത കലാകാരന്‍ പിജെ ജോസഫാണ്. എന്നാല്‍ മാണി കോണ്‍ഗ്രസ് നേരിടുന്ന പ്രത്യേക സാഹചര്യം നാം മറക്കരുത്. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ആദ്യം സ്റ്റേജിലെത്തുന്നവരാണ് യഥാര്‍ഥ കേരള കോണ്‍ഗ്രസുകാര്‍ എന്നാതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ അലിഖിത നിയമം. അതുകൊണ്ട ജോസഫിന് മൈക്ക് കിട്ടാതിരിക്കാന്‍ ജോസ് കെ മാണിയും ടീംസും പരമാവധി നോക്കും. അതുകൊണ്ട് കാഞ്ഞിരപ്പള്ളി എംഎല്‍എ ജയരാജ് മൈക്ക് തട്ടി ഓടി. സാധാരണ റോഷി അഗസ്റ്റിനെയാണ് ജോസ് കെ മാണി കളത്തിലിറക്കാറ്. ഇതു പക്ഷേ പാട്ടുമല്‍സരമായിപ്പോയി. അല്ലെങ്കില്‍ റോഷി കസറിയേനേ. എന്തായാലും ജയരാജ് നിരാശനാക്കിയില്ല

*********************************

കണ്‍മുന്നില്‍ കണ്ടവെരക്കുറിച്ചാണ് പലപ്പോഴും നാം പറയാറ്. കാണാത്തവരെ അന്വേഷിക്കാനുള്ള സാമാന്യ മര്യാദ പലപ്പോഴും നാം മറക്കും. എന്നാല്‍ യുവമോര്‍ച്ച അങ്ങനെയല്ല.  പ്രത്യേകിച്ച് സംസ്ഥാന സെക്രട്ടറി  അജി തോമസ്. വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്നുപറഞ്ഞ് ടിയാന്‍ എടക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബഹ്റയുടെ പൊലീസാണല്ലോ. അവര്‍ ആ പരാതി സ്വീകരിച്ചു. ഭാഗ്യത്തിന് രാഹുലിനെ തപ്പി ഇറങ്ങിയില്ല. ഇസ‍ഡ്

 ക്യാറ്റഗറിയൊക്കെ ഇല്ലാത്ത കാലത്ത് രാഹുലിനെ ആരെങ്കിലും തട്ടിക്കോണ്ടു പോലതാകാമെന്ന യുവമോര്‍ച്ച വിചാരിച്ചതില്‍ തെറ്റുപറയാനാകില്ല. ഇങ്ങനെ കാണാതാകാന്‍ സാധ്യതയുള്ള ആളിന്‍റെ സുരക്ഷയാണല്ലോ രാജ്യത്തെ ബിജെപി സര്‍ക്കാര്‍ എടുത്തുമാറ്റിയത് എന്ന ആശങ്ക പക്ഷേ യുവമോര്‍ച്ച പരാതിയില്‍ രേഖപ്പെടുത്തിയതായി കണ്ടില്ലെന്നുമാത്രം. പരാതി വിവരം അറിഞ്ഞാണോ എന്നറിയില്ല രാഹുല്‍ അന്ന് പാര്‍ലമെന്‍റിലെത്തി. അതോടെ ആ കേസ് ക്ലോസ് ചെയ്യേണ്ടതാണ്. എന്നാല്‍ പിന്നെ കഥ ആകെ മാറി. പാര്‍ലമെന്‍റിലിരിക്കുന്ന വയനാട് എംപിയെ അപമാനിച്ചെന്നും പറഞ്ഞ് മൂത്ത കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പരാതിപ്പെട്ടു. ബഹ്റയുടെ ജപ്പാന്‍ മുഖ്യന്‍റെ പൊലീസ് അതും സ്വീകരിച്ചു. അജി തോമസിനെതിരെ കേസുമെടുത്തു. ഇക്കാലത്ത് ഒരുപകാരവും ചെയ്യാനിറങ്ങരുതെന്ന് യുവമോര്‍ച്ച വീണ്ടും തിരിച്ചറിഞ്ഞു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...