മഹാരാഷ്ട്രയ്ക്കിത് എന്തുപറ്റി? പടിയിറങ്ങിയ ഫഡ്നാവിസും മലകയറാൻ തൃപ്തിയും

thiruva
SHARE

ഈ മഹാരാഷ്ട്രക്കാര്‍ക്കെല്ലാം ആള്‍ക്കൂട്ട ശാപമാണെന്നുതോന്നുന്നു. മുഖ്യമന്ത്രിയാകാന്‍ കൊതിച്ചിറങ്ങിയ മഹാരാഷ്ട്രക്കാരനായ ഫഡ്നാവിസ്, ഒപ്പം ആള്‍ക്കൂട്ടമില്ലാത്തതിനാല്‍  രാജിവച്ചു. മറ്റൊരു മഹാരാഷ്ട്രക്കാരി തൃപ്തി ദേശായി ശബരിമല കയറാതെ തനിക്ക് തൃപ്തിയാകില്ലെന്നു പറഞ്ഞുവന്നെങ്കിലും ആള്‍ക്കൂട്ടത്തെ പേടിച്ച് തിരിച്ചുംപോയി. എന്തായാലും മഹാരാഷ്ട്രയായിരുന്നു ഇന്ന് കണ്‍മുന്നില്‍ മുഴുവന്‍. പുനെയില്‍ നിന്ന് വിമാനം പിടിച്ച് നമ്മുടെ നാട്ടിലെത്തിയ മഹാരാഷ്ട്രക്കാരിയെ ആദ്യം സന്ദര്‍ശിച്ച് നമുക്ക് മഹാരാഷ്ട്രയിലേക്ക് പോകാം. 

**********************************

നവോന്ഥാനം കൊണ്ട് സീറ്റു നഷ്ടമേ ഉണ്ടാകൂ എന്ന് വെളിവുണ്ടായ സിപിഎം.  ശബരിമല കത്തിച്ചാല്‍  സീറ്റു കിട്ടില്ലെന്ന് പിടികിട്ടിയ ബിജെപി. രണ്ടു കൂട്ടരും സുപ്രീംകോടതി വിധിയോടെ ഒന്ന് സമാധാനിച്ചതായിരുന്നു. നവോത്ഥാനത്തിന് സിപിഎമ്മും ഭക്തരെ ഇളക്കുന്നതിന് ബിജെപിയും അവധി കൊടുത്ത് അങ്ങനെ പോകുകയായിരുന്നു. അപ്പോഴാണ് ഇവിടെ ഇല്ലാത്ത അലമ്പ് വിമാനം പിടിച്ച് വന്നത്. തൃപ്തി ദേശായി. വിശ്വാസവും അവകാശവും തര്‍ക്കത്തിലായാല്‍ സമയമെടുത്തേ ഒരു തീരുമാനമെടുക്കാവൂ എന്ന് സുപ്രീംകോടതി പോലും കരുതുമ്പോഴാണ് തൃപ്തിക്ക് ഈ തിടുക്കം. ഒരേ കോടതി വിധിയെപ്പറ്റി പിണറായി സര്‍ക്കാരിനും തൃപ്തി ദേശായിക്കും കിട്ടിയ നിയമോപദേശങ്ങള്‍ രണ്ടായിപ്പോയി. അങ്ങനെയാണ് തൃപ്തി വീണ്ടും കൊച്ചിയിലെത്തിയത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നേരവും പുലര്‍ച്ചയുമൊന്നുമില്ലാതെ പണിയെടുക്കുന്നവരെപ്പോലെയാണ് തൃപ്തിയും. വെളുപ്പിന് നാലരക്കാണ് അവകാശമുറപ്പിക്കാന്‍ കേരളത്തില്‍ കാലുകുത്തിയത്. 

***************************************************************

മലയ്ക്കു പോകുന്ന വനിതകളെ തടയല്‍ ഈ സീസണില്‍ ജീവിത നിയോഗമായി എടുത്തിരിക്കുന്ന കേരള പൊലീസ് തൃപ്തിയോട് ഉള്ള കാര്യം അങ്ങ് പറഞ്ഞു. പൊലീസിനെ കഴിയുംപോലെയൊക്കെ സംരക്ഷിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി. അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് ഉള്ള സീറ്റുകള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്കും ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. അതുകൊണ്ട് തൃപ്തിക്ക് ശബരിമല കാണാന്‍ ഉള്ള സംരക്ഷണം തരാന്‍ പറ്റില്ലെന്ന്. തൃപ്തിയെ ഇവിടെയെത്തിച്ചത് ഗുഢാലോചനയാണെന്ന് ഭക്തശിരോമണി കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു.

***************************************

ആചാരസംരക്ഷണത്തിന്‍റെ പേരില്‍ തോന്ന്യവാസം കാണിച്ചാല്‍ ആചാരത്തിന് സന്തോഷമാകുമെന്ന് കരുതുന്ന കുറേപേര്‍ ഈ സമയത്ത് രംഗപ്രവേശം ചെയ്തു.  സാധാരണ ചെയ്യുന്ന പ്രതിഷേധത്തിന് എരിവു പോരെന്ന് തോന്നിയ കൊണ്ടാകണം ഇത്തവണ കുരുമുളക് കൈയില്‍ കരുതിയത്.  വാക്കും പ്രവൃത്തിയും കണ്ടാല്‍ മനസിലാകും നല്ല സംസ്കാരമുള്ള ടീമാണെന്ന്. മനുഷ്യരോട് അതും സ്ത്രീകളോ്ട് ഇങ്ങനെയൊക്കെ ചെയ്തിട്ട് ദൈവത്തിന്‍റെയും ആചാരത്തിന്‍റെയും പേര് ദയവായി പറയരുത്. ഞങ്ങളുടെ ദൈവം ഇതൊന്നും ഇഷ്ടപ്പെടുന്നയാളല്ല. ഞങ്ങളുടെ ആചാരത്തില്‍ ഇത്രേം തെമ്മാടിത്തരങ്ങളുമില്ല

*****************************************

ബിജെപിയുടെ എറണാകുളത്തെ സജീവസാന്നിധ്യമായ രാജഗോപാല്‍ എന്ന കൊച്ചിക്കാരുടെ മുത്തുവും സംഘവുമാണ് കമ്മീഷണര്‍ എത്തുന്നതിന് മുമ്പേ കമ്മിഷണറെ കാണാന്‍ വന്ന തൃപ്തി ദേശായിയ സ്വീകരിക്കാന്‍ കമ്മിഷണറോഫീസില്‍ കാത്തിരുന്നത്. തൃപ്തിയുടെ വരവൊക്കെ എങ്ങനെ അറിഞ്ഞൂന്ന് ചോദിച്ചാല്‍ അതങ്ങനെ പുറത്തുപറയാന്‍ പാടില്ലെന്നാണ് പാര്‍ട്ടി ബുദ്ധിജീവികള്‍ മുത്തിന് നല്‍കിയ ഉപദേശം. പെട്ടത് നമ്മുടെ വാര്‍ത്താ ലേഖകയായ ആശയാണ്. ആശയെ ഇത്രയും ആശയക്കുഴപ്പത്തിലാക്കിയ വേറൊരു പരിപാടി ആശ ഇന്നേ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

*********************************

വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ സുഖപ്രദം എന്നൊക്കെ പറഞ്ഞാണ് അമിത് ഷാജി രാഷ്ട്രപതിയേയും ഗവര്‍ണറേയും ഒക്കെ വിളിച്ചുണര്‍ത്തി ഫഡ്നാവിസിനെകൊണ്ട് സത്യപ്രതിജ്ഞ ചൊല്ലിച്ചത്. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും ഈ രാജ്യം തന്നെ വെളുത്തു വെളുത്ത് അങ്ങട് ഇല്ലാണ്ടാവാന്‍ വല്യ പണിയൊന്നും ഇല്ലെന്ന് ഉള്ളിന്‍റെയുള്ളില്‍ നാടിനോട് സ്നേഹമുള്ളവര്‍ക്കൊക്കെ മനസിലായതാണ്. പക്ഷേ സുപ്രീം കോടതി വെളിച്ചത്തില്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു തീര്‍പ്പാക്കി. എല്ലാം പച്ചവെളിച്ചത്തില്‍. വിശ്വാസവോട്ട് വരെ പരസ്യബാലറ്റില്‍. പോരാത്തതിന് തല്‍സമയം. ഇതൊന്നും ഷാജിക്കും കൂട്ടര്‍ക്കും അത്ര താല്‍പര്യമുള്ള കാര്യങ്ങളേയല്ല. പരമാവധി ആളുകളെ പറ്റിച്ച് അടച്ചിട്ട മുറിയിലോ മറ്റോ ഇരുന്ന് തീരുമാനം എടുത്ത് നടപ്പാക്കുമ്പോള്‍ മാത്രം നാട്ടുകാര്‍ അറിഞ്ഞാമതി എന്നതാണല്ലോ ലൈന്‍. അതിന്‍റെ അണ്ണാക്കിലേക്കാണ് സുപ്രീം കോടതി കോലിട്ട് കുത്തിയത്.

***************************************

പോയി കേസ് കൊടുക്കണം അമിത്ജി. നമ്മള്‍ പലയിടത്തും പയറ്റിയ അടവുപോലും വേണ്ടാത്ത സ്ഥലമായിരുന്നല്ലോ മഹാരാഷ്ട്ര. ഗോവയിലെപ്പോലെയോ മണിപ്പൂരിലെപ്പോലെയോ എന്തിന് രണ്ട് എംഎല്‍എ മാത്രമുണ്ടായിരുന്ന മേഘാലയില്‍ വരെ നമ്മുടെ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കിയതാണ് സമീപകാല ചരിത്രം. മഹാരാഷ്ട്രയില്‍ ആണെങ്കില്‍ സ്വന്തം സഖ്യത്തിന് ഭൂരിപക്ഷം കിട്ടി വോട്ടെണ്ണിയപ്പോള്‍. ഹിന്ദുത്വകാര്യങ്ങളില്‍ ബിജെപിയെ അപേക്ഷിച്ച് വല്യേട്ടനായ ശിവസേനയാണ് പ്രതിപക്ഷത്തേക്ക് പോയതും സര്‍ക്കാരുണ്ടാക്കാന്‍ നോക്കിയതും. എന്നിട്ടും ഷാജി അനങ്ങിയില്ല.  ഷാജിയണ്ണന്‍റെ ചാണക്യതന്ത്രങ്ങളെവിടെ എന്ന അസൂയാലുക്കളുടെ ചോദ്യങ്ങളില്‍ ഭക്തരും കൂടി വീണു. കേട്ട് കേട്ട് മടുത്തപ്പോഴാണ് രായ്ക്കുരാമാനം നട്ടപ്പാതിരയ്ക്ക് ഷാജിയണ്ണന്‍ തന്‍റെ തന്ത്രങ്ങളുടെ കെട്ടഴിച്ച് പുറത്തെടുത്തത്. അതോടെ ഭക്തന്‍മാരൊക്കെ വാഴ്ത്തലുകളായി. ചാണക്യനാണോ ചാണകമാണോ എന്നതില്‍ സാമാന്യബോധമുള്ളവര്‍ക്ക് ചില തര്‍ക്കങ്ങളൊക്കെ ഉണ്ടായിരുന്നു. അക്കാര്യത്തിലും സുപ്രീം കോടതി ഒരു തീരുമാനമാക്കിക്കൊടുത്തിട്ടുണ്ട്.

***************************************

ബിജെപിയുടെ ആകെ പ്രതീക്ഷ കെ.സി. വേണുഗോപാല്‍ജി മഹാരാഷ്ട്ര സഖ്യവിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട് എന്നതായിരുന്നു. കെ.സി. ഇടപെട്ട സംസ്ഥാനങ്ങളിലൊക്കെ വളരെ എളുപ്പം ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. ആ ചരിത്രം വച്ചുനോക്കുമ്പോള്‍ മഹാരാഷ്ട്ര വളരെ ഈസിയായി കൈയ്യില്‍ പോന്നേനെ. തൊട്ടടുത്ത ദിവസം തന്നെ വിശ്വാസം തെളിയിക്കാന്‍ കോടതി പറഞ്ഞില്ലായിരുന്നെങ്കില്‍ പിന്നേയും സാധ്യത ഉണ്ടായിരുന്നതാണ്. ഇതിപ്പോ കെ.സിയുടെ ആലപ്പുഴയില്‍നിന്ന് ഷാനിമോള്‍ ഉസ്മാന്‍ വരെ ജയിക്കുന്ന കാലമാണ്. അപ്പോ ഇങ്ങനേയും സംഭവിക്കണം.

***************************************

അജിത് പവാറാണ് ശരിക്കും ഭാഗ്യവാന്‍. എന്‍.സി.പി. വിട്ട് ബിജെപിക്കൊപ്പം പോയി ഉപമുഖ്യമന്ത്രിയൊക്കെ ആയി എന്നു മാത്രമല്ല തന്‍റെ പേരിലുള്ള എഴുപതിനായി കോടിയുടെ അഴിമതി ആരോപണത്തിന്‍റെ കറ മൊത്തമായി കഴുകിക്കിട്ടുകയും ചെയ്തു. അജിതാണ് മഹാരാഷ്ട്രയിലെ തറനാടകത്തിലെ ശരിക്കും താരം. കേസെടുത്ത ബിജെപിക്കാരെക്കൊണ്ട് കേസ് പിന്‍വലിപ്പിക്കാനും കുളിച്ച് കുട്ടപ്പനാക്കി പുറത്തിറക്കാന്‍ പറ്റി എന്നത് ചില്ലറ നേട്ടമല്ലല്ലോ. ആ ഡി.കെ. ശിവകുമാറിനും ചിദംബരത്തിനും ഒക്കെ ഒരു പാഠമാണ് അജിത് പവാര്‍.

*************************************

കോടതി വിധി കേട്ട് ഫട്നാവിസ് രാജി പ്രഖ്യാപിക്കും മുമ്പേ അജിത് പവാര്‍ രാജിവച്ചിട്ടുണ്ട്. അത്രയും അതിവേഗമാണ് കാര്യങ്ങള്‍. ഇനി നാളെ അമ്മാവനെ കണ്ട് കാലുതൊട്ട് വണങ്ങി കൂടെ ഇരുന്നാല്‍ വീണ്ടും ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടിയേക്കും. 

*********************************

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...