മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ടുപോയ മഹാരാഷ്ട്ര

thiruva-maharastra
SHARE

ലൊക്കേഷന്‍ ഹണ്ടായിരുന്നു ഇത്രനാള്‍. ജിപിആര്‍സ് ഒക്കെ എല്ലാവരുടെയും കൈയ്യിലുള്ളതിനാല്‍ അതിനൊന്നും ഒരു പാടുമില്ല. കൊളമ്പസ് അമേരിക്ക കണ്ടെത്തിയതുപോലെ വാസ്കോഡഗാമ കാപ്പാട് കാലുകുത്തിയതുപോലെ നമ്മളും പുത്തന്‍ ലൊക്കേഷന്‍ കണ്ടെത്തി കാലുകുത്തുകയാണ്. ഇനി ഇവിടെനിന്നാണ് സീരിയസായ തമാശകള്‍ കുഴിച്ചെടുക്കുക. അപ്പോള്‍ തുടങ്ങുകയാണ് പുതിയ വാഗ്ദത്ത ഭൂമിയില്‍ നിന്നും തിരുവാ എതിര്‍വാ

സിംപിളായി മുഴുവന്‍ മലയാളികള്‍ക്കും മനസിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ദാ ഈ കണ്ടതായിരുന്നു മഹാരാഷ്ട്രയിലെ ആദ്യ കാഴ്ച. പുലിമുരുകന്‍റെ ക്ലൈമാക്സ് എല്ലാവര്‍ക്കും അറിയാം എന്നതിനാലും വരയന്‍പുലിയാണ് കടുവ എന്നവിശദീകരണം നേരത്തേ വന്നതിനാലും കൂടുതല്‍ ഡെക്കറേഷനൊന്നും  ആവശ്യമില്ലെന്നറിയാം. പുതിയ ഈ കസേരയിലിരുന്ന് പറയാന്‍ പോകുന്നത് കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി അമിത് അനില്‍ചന്ദ്ര ഷായും നരേന്ദ്ര ദാമോദര്‍ദാസ് മോദിയും നടത്തിവരുന്ന പഴയ കഥകള്‍തന്നെയാണ്. കണ്ടു കണ്ടു പഴകിത്തുടങ്ങിയ തക്കിട തരികിട കളികള്‍. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലല്ല ഇവര്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ രൂപീകരണകത്തിന് ഇത്തരം പിന്നാമ്പുറകളികള്‍ കളിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മറ്റ് കക്ഷികള്‍ ഭൂരിപക്ഷം തികക്കുന്നതിന് കൂടെയുള്ളവരെ ആദ്യം തിരയും. എന്നാല്‍ ഷായുടെ മോദിയുടെ ബിജെപി ആദ്യം തിരയുന്നത് എതിര്‍പാളയത്തില്‍ കാശെറിഞ്ഞാല്‍ വീഴുന്ന എത്ര പേരുണ്ട് എന്നാണ്. ജനാധിപത്യത്തിന്‍റെ ഭാഗ്യം കൊണ്ട് ഇതുവരെയും അവരുടെ വലയില്‍ ആരും കുടുങ്ങാതിരുന്നിട്ടുമില്ല. ഇക്കുറി ഉപമുഖ്യമന്ത്രി പദമെന്ന ഇര കൊരുത്തപ്പോള്‍ എന്‍സിപിയില്‍ നിന്ന് വലിയൊരു കൊത്തുണ്ടായി. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ അറിയാതെ ആ വീട്ടിലെ ഫ്യൂസും ഊരി അനന്തരവന്‍ അജിത് പവാര്‍ ബിജെപിക്കൊപ്പം പോയി. ഭൂരിപക്ഷം ഉണ്ടാക്കുന്നതില്‍ മാസ്റ്റര്‍ ബിരുദം നേടിയ അമിത്ഷാ ജനാധിപത്യ മര്‍ഗത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് നാം എന്തിനാണ് പ്രതീക്ഷിക്കുന്നത്.

ആനപ്പുറത്തിരിക്കാന്‍ കൊതിച്ചവനെ ശൂലത്തില്‍ ഇരുത്തി. അതാണ് ഉദ്ധവ് താക്കറെയുടെ നിലവിലെ അവസ്ഥ. രാവിലെ സത്യപ്രതിഞ്ജ ചെയ്യാന്‍ കൊതി മൂത്തിട്ട് രാത്രിതന്നെ ചന്ദ്രിക സോപ്പിട്ട് കുളിച്ച് ട്രേഡ്മാര്‍ക്കായ ജുംബയുമിട്ട് ഇരുന്നതാ. കണ്ണിലെ ഈര്‍ക്കില്‍ ഒന്ന് സ്ലിപ്പായപ്പോള്‍ അറിയാതെ കണ്ണൊന്ന് ചിമ്മിയടഞ്ഞു. അമിത്ഷായെ സംബന്ധിച്ച് അതൊക്കെ വലിയൊരു സമയമാണ്. നിമിഷങ്ങള്‍കൊണ്ട് കളി മാറി മറിഞ്ഞു. ക്രിക്കറ്റടക്കമുള്ള കളികളില്‍ അഗ്രഗണ്യനായ ശരത്പവാറിനും ഈ കളി അത്ര പിടികിട്ടിയില്ല. കൂടുംകുടുക്കയുമായി മറുകണ്ടം ചാടിയ അജിത് പവാറിനെയും കൂട്ടി ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണറെ കണ്ടു. രാഷ്ട്രപതി ഭരണമുണ്ടായിരുന്ന മണ്ണില്‍ ഉറങ്ങിയ ഉദ്ധവ് താക്കറെയും ശരത് പവാറുമൊക്കെ ഉണര്‍ന്നത് ഫഡ്നാവിസ് മുഖ്യമന്ത്രിയുടെ നാട്ടിലാണ്. ഇല്ല ഇങ്ങനെയുള്ള മായാജാലക്കഥകള്‍ അറബിക്കഥകളില്‍ പോലും കണ്ടിട്ടോ കേട്ടിട്ടോയില്ല. പാലാ കൂടെപ്പോന്നു പിന്നാ കോന്നി എന്നുപറഞ്ഞ് കൂളിഗ് ഗ്ലാസ് വച്ച കേരളത്തിലെ എന്‍സിപിക്കാരന്‍ മാണി സി കാപ്പന്‍റെ പരസ്യമൊക്കെ അമിത് ഷാ പണ്ടേ അഭിനയിച്ച് മടുത്ത് ഉപേക്ഷിച്ചതാണ്. കൊച്ചുവെളുപ്പാന്‍കാലത്തേ സത്യപ്രതിഞ്ജചെയ്ത് മുഖ്യ ശത്രുവായ ശിവസേനയെ തോല്‍പ്പിച്ച് അങ്ങനെ ഫഡ്നാവിസ് ശരിക്കും മുഖ്യനായി.

കല്യാണത്തിന് സദ്യ ഉണ്ടാക്കാന്‍ വന്നവന്‍ കല്യാണപ്പെണ്ണിനെയും അടിച്ചോണ്ടുപോയ അവസ്ഥയാണ് ചുരുക്കത്തില്‍ മഹാരാഷ്ട്രയില്‍ നടന്നത്. ശക്തിയും സാമ്പത്തികവും ആവോളം കൈയ്യിലുള്ളതുകൊണ്ട് ഭൂരിപക്ഷം ഒന്നും ഒരു കടമ്പയേ ആയി ബിജെപി കരുതുന്നുമില്ല. എന്തുകൊണ്ടാണ് അജിത് പവാര്‍ അമിത്ഷാ നീട്ടിയ പുല്ലിന് പിന്നാലെ പോയത് എന്നതില്‍ അരിയാഹാരം എന്നല്ല ഒരു ആഹാരവും കഴിക്കുന്നവര്‍ക്കും തെല്ലും സംശയമില്ല. നല്ല ഇടി കൊടുക്കാന്‍ കഴിവുള്ള ഇഡി  എന്ന എന്‍ഫോഴ്്സ്മെന്‍റ് ഡയറക്ടേഴ്സ് ഒക്കെ ഇപ്പോളും നല്ല ഉഷാറായി കേന്ദ്രസര്‍ക്കാരിന്‍റെ ആഞ്ജകള്‍ക്കായി കാതോര്‍ത്തു നില്‍പ്പുണ്ട്. വെളുപ്പിനേ കിടക്കപ്പായില്‍നിന്ന് എതിര്‍കണ്ടം ചാടിചെന്ന് സത്യപ്രതിഞ്ജ ചെയ്ത അജിത്പവാറിന് ഉപമുഖ്യമന്ത്രി പദം ആദ്യം കിട്ടി. പിന്നാലെ കക്ഷിയുടെ എഴുപതിനായിരം കോടിയുടെ കേസ് കാണാതായി. ഒന്‍പതു കേസുകള്‍ ഇല്ലാതായതോടെ ഉപമുഖ്യമന്ത്രിയാകാന്‍ അജിത് പവാര്‍ പൂര്‍ണ യോഗ്യനായി. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ അത്യാവശ്യമാണെന്നാണ് അജിത് പവാറിന്‍റെ വാദം. ആരുടെ കൃഷിയാണ് അവിടെ നടക്കുന്നത് എന്ന് ഇപ്പോള്‍ നന്നായി മനസിലാകുന്നുണ്ട്.

മഹാരാഷ്ട്ര പണ്ടേ കേരളത്തിന് ഒരു വീക്നസാണ്. ഇവിടെനിന്ന് പണ്ട് കള്ളവണ്ടി കയറിയവരൊക്കെയും ബോംബെ എന്ന ലക്ഷ്യത്തിലാണ് പാഞ്ഞിരുന്നത്. ഏറ്റവും ഒടുവില്‍ അങ്ങനെ പാഞ്ഞ ആളാണ് പഴയ ആലപ്പുഴ എംപി കെ സി വേണുഗോപാല്‍. പണിയെടുക്കാതിരിക്കുന്നതിന്‍റെ വലിയ തിരക്ക് രാഹുല്‍ഗാന്ധിക്കുളളതിനാല്‍ പലപ്പോളും ചാണക്യ തന്ത്രങ്ങള്‍ മെനയുന്നതിന്‍റെ ഉത്തരവാദിത്തം കെസി വേണുഗോപാലിലാണ് എത്തുക. ഗോവയിലും കര്‍ണാടകയിലുമൊക്കെ കെസിയാണ് പാര്‍ട്ടിക്കായി ട്രാക്ക് പണിതത്. പക്ഷേ ട്രയിന്‍ ഓടിയത് ബിജെപി പണിത പാളത്തിലൂടെയാണെന്നുമാത്രം. അവസാന നിമിഷംവരെയും കൈമുതലായുള്ള ആത്മവിശ്വാസമാണ് കെസിയെ മുന്നോട്ടു നയിക്കുന്നത്

നാളെ അന്തിമ കാര്യം അറിയാം എന്ന് കഴിഞ്ഞയാഴ്ച കെസി പറഞ്ഞത് അച്ചട്ടായി. തൊട്ടടുത്ത ദിനം പുലര്‍ന്നപ്പോള്‍തന്നെ കാര്യം വ്യക്തം. ഭരണം വഴിയേ പോയി. കെസി ചെക്കുവച്ചിരുന്നു. പക്ഷേ അത് ചെസ് ബോര്‍ഡിന് പുറത്തായിരുന്നു എന്നുമാത്രം

അമിതാ ഷാ മാന്യനാണെന്ന് വിശ്വസിക്കാന്‍ കര്‍ണാടകയില്‍നിന്നും ഗോവയില്‍നിന്നുമൊന്നും കിട്ടിയ പാഠം മതിയായിരുന്നില്ല കെസിക്ക്. ഇനിയിപ്പോള്‍ കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്നുപറഞ്ഞ് സുപ്രീം കോടതിയെ നോക്കിയിരിക്കുകയാണ് ഇഷ്ടന്‍

വിഷയം എന്‍സിപിയുടെ ആഭ്യന്തരകാര്യമാണെങ്കിലും അതില്‍ അഭിപ്രായം പറയാന്‍ യോഗ്യനായ മലയാളി കെ മുരളീധരനാണ്. ഡിഐസി മടുത്തപ്പോള്‍ കുറെക്കാലും ആ ക്ലോക്കിന് കീ കൊടുക്കാന്‍ ഭാഗ്യം കിട്ടിയവനാണ് മുരളി. അതുകൊണ്ടുതന്നെ എന്‍സിപിയുടെ ക്ലോക്കിലെ സമയം ശരിയല്ലെന്ന് മുരളി ഇപ്പോളും വിശ്വസിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരില്‍ നമ്മുടെ ഭാഷയില്‍ മറുപടി പറയാന്‍ പോന്നവനും ഒരു മുരളിതന്നെയാണ്. വി മുരളീധരന്‍. അപ്പോ ഇനി മുരളീരവം കേള്‍ക്കാം

സിപിഎമ്മും സിപിഐയും തമ്മിലുള്ള കൂട്ടുകൃഷി സമീപകാലത്ത് അത്ര ഗുണകരമല്ലെന്ന് രണ്ടുപേര്‍ക്കും നന്നായി അറിയാം. വിളവെടുപ്പ് സമയത്ത് നേട്ടം മുഴുവന്‍ സിപിഎമ്മിനാണ്. ഒറ്റയ്ക്ക് കൃഷി മുന്നോട്ടുകൊണ്ടുപോകാനുള്ള പാങ്ങ് സിപിഐക്കില്ല താനും. പക്ഷെ, കൃഷിമന്ത്രിക്ക് ഇക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. തരിശ് നിലം കണ്ടാല്‍ അപ്പോള്‍ കൈലിയുടുത്ത് പാളത്തൊപ്പിയും വച്ച് ആ മണ്ണ് ഉഴുതുമറിക്കാന്‍ വെമ്പി ചാടിവീഴുന്നത് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ വീക്നെസാണ്. ഇത് പാര്‍ട്ടി സെക്രട്ടറി കാനത്തെ കാണിക്കാന്‍വേണ്ടിയാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. സമ്പത്തുകാലത്ത് നാലുവിത്തെറിഞ്ഞാല്‍ ആപത്തുകാലത്ത് ഉപകരിക്കുമെന്ന് സുനില്‍കുമാറിന് പണ്ടേ അറിയാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...