കിഫ്ബിയിൽ കയ്യിട്ട് ഐസക്; എല്ലാം വിൽക്കാൻ നിർമല

Thiruvaa 19
SHARE

പറഞ്ഞല്ലോ. കഷ്ടപ്പാടാണ്. ബുദ്ധിമുട്ടാണ്. കഞ്ഞികുടിക്കാനെന്നല്ല കട്ടന്‍ കുടിക്കാന്‍പോലും പണമില്ല. സംസ്ഥാനത്തിന്‍റെ ഖജനാവ് ഗ്യാസുതീര്‍ന്ന ഗ്യാസ് സിലിണ്ടര്‍പോലെ ശൂന്യമാണത്രേ. നിത്യചിലവിനുപോലും സംസ്ഥാനത്ത് പണമില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷം നിയമസഭയില്‍ ഗണിത വിദ്വാന്‍ തോമസ് ഐസക്കിനെ വളഞ്ഞുപിടിച്ചു. പിന്നെ കെട്ടിയിട്ട് വിചാരണ ചെയ്തു. പിടിയിലായത് തോമസ് ഐസക്കായതുകൊണ്ട് ആരും രക്ഷിക്കാനെത്തിയില്ല. മുഖ്യന്‍ പോലും. അല്ലേലും അങ്ങനെയാണല്ലോ. കണക്കുപറയുന്നവരെ ആര്‍ക്കും ഇഷ്ടമല്ല. അതിപ്പോ ചാക്കോമാഷിനെ ആയാലും തോമസ് മാഷിനെ ആയാലും

************************************

അതെ അതാണ് സത്യം. കിഫ്ബി എന്ന ഒറ്റ മന്ത്രം ഉച്ഛരിച്ച് തോമാച്ചായന്‍ മുന്നോട്ട് പോകാന്‍ തുടങ്ങിയിട്ട് നാളേറെയായി. സഹമുറിയന്‍ മന്ത്രി ജി സുധാകരനുപോലും ആ കിഫ്ബിയില്‍ വിശ്വാസമില്ലെന്നത് മറ്റൊരുകാര്യം. എന്തായാലും ഒറ്റനോട്ടത്തില്‍ തന്നെ ഒഴിഞ്ഞുകിടക്കുന്ന ഖജനാവിനേക്കാള്‍ ഭേദം നിറയെ അരിമണികള്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ആ കിഫ്ബിതന്നെ. പണ്ടും തോമസ് ഐസക്കിനെ നേരിടാന്‍ വിഡി സതീശന്‍ കളത്തിലിറങ്ങിയിട്ടുണ്ട്. പരസ്യ ലോട്ടറി സംവാദത്തില്‍. അന്നും വിജയം സതീശനുതന്നെ. ആ ഫോം കക്ഷി കൈമോശം വരുത്തിയിട്ടേയില്ല. ഇത്തിരി ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഐസക് എതിര്‍തട്ടില്‍ വരുമ്പോള്‍ സതീശന്‍ ഉരുക്കു സതീശനാകും. ഉദാഹരണങ്ങളുടെ പെരുമഴയുമായാണ് കണക്കുപിള്ളയെ വിഡി നേരിടുന്നത്. അല്ലെങ്കിലും അല്‍പ്പസ്വല്‍പ്പം ഉപമയും ഉദാഹരണവുമൊക്കെ ഇറക്കിയില്ലെങ്കില്‍ ഈ കണക്കുപറച്ചിലുകാരെ കളത്തില്‍ പിടിക്കാന്‍ പറ്റില്ല. അത് സതീശന് നന്നായറിയാം.

************************************

ഈ കൗപീന കഥകളൊക്കെ സഭയുടെ രേഖയില്‍ തങ്കലിപികളില്‍ അങ്ങനങ്ങ് കിടക്കും. കുടുംബത്ത് ദാരിദ്ര്യമാണെങ്കിലും ആഡംബരത്തിന് തെല്ലും കുറവില്ല. കാറ് കാറിന്‍റെ ടയറ് വിധേയര്‍ക്കെല്ലാം ക്യാബിനറ്റു പദവി അങ്ങനെ നീളുന്നു ചിലവുകള്‍. വെറുതെ ഒന്ന് പട്ടിണികിടക്കണമെങ്കില്‍ത്തന്നെ ലക്ഷങ്ങള്‍ വേണ്ട അവസ്ഥ. പ്രതിപക്ഷം വീറോടെ പോരാടുകയാണ്. കടിച്ചുകുടഞ്ഞ് കണക്കിന് കൊടുക്കുകയാണ് ധനമന്ത്രിക്ക്. അല്ല സര്‍ക്കാരിന്

************************************

എല്ലാത്തിനും പലിശ സഹിതം തിരിച്ചു കൊടുക്കുന്നവനാണ് താനെന്ന് തെളിയിക്കാന്‍ ഒടുവില്‍ ഐസക് എഴുന്നേറ്റു. ഒരു കണക്കും പിന്നത്തേക്ക് വയ്ക്കുന്നത് ശരിയല്ല എന്ന ശീലക്കാരനാണ്. പണ്ട് സംവാദത്തില്‍ തോറ്റതൊക്കെ തോമസ് ഐസക് അന്നേ മറന്നിരുന്നു.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ജിഎശ്ടി നഷ്ടപരിഹാരം കേന്ദ്രം നല്‍കാത്തതാണെന്നതില്‍ ധമനന്ത്രിക്ക് തെല്ലും സംശയമില്ല. പക്ഷേ അതൊന്നും പറഞ്ഞാല്‍ പ്രതിപക്ഷത്തിന് മനസിലാവില്ലല്ലോ

************************************

മുന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടങ്ങളാണ് തന്നെക്കൊണ്ട് പിച്ചച്ചട്ടി എടുപ്പിച്ചതെന്ന് എസക് പറ്റും വിധമൊക്കെ പറഞ്ഞു നോക്കി. ഏറ്റില്ല. സാമം ദാനം ഭേദം ദണ്ഡം എന്നിവയാണല്ലോ ചതുരുപയങ്ങള്‍. ശുരന്മാരെ വന്ദിച്ചു പാട്ടിലാക്കണം. ലുബ്ദനെ ദാനം കൊണ്ടു പിടിക്കണം. ഭീരുവിനെ ഭയപ്പെടുത്തി ഓടിക്കണം. സമനെ കയ്യൂക്കുകൊണ്ട് നേരിടണം. അതുകൊണ്ട് ഇനി രണ്ടും കല്‍പ്പിച്ചുള്ള വിരട്ടലാണ്. ഏറ്റാല്‍ ഏറ്റു.

************************************

രമേശ് ചെന്നിത്തലയെയും ചന്തുവിനെയും വിരട്ടാന്‍ ആണായി പിറന്നവാരുമില്ല എന്നാണത്രേ പാണന്മാര്‍ ഇപ്പോള്‍ വടക്കന്‍ വീരഗാഥകളില്‍ പാടിനടക്കുന്നത്. അപ്പോള്‍ സംസ്ഥാനത്തെ ദാരിദ്ര്യകഥ അവസാനിപ്പിച്ചുകൊണ്ട് ഒരു ഇടവേളയെടുക്കുകയാണ്. വന്നിട്ട് രാജ്യത്തെ ദാരിദ്ര്യകഥ പറയാം. 

************************************

ആയിരത്തിയറുനൂറുകോടി രൂപ കേന്ദ്രം തരാത്തതാണ് സംസ്ഥാനത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് തോമസ് ഐസക്കിന് വെറുതെ അങ്ങു പറഞ്ഞാ മതിയല്ലോ. കക്ഷിക്ക് ഇവിടുത്തെ ഇട്ടാവട്ടം ചിലവ് നോക്കിയാല്‍ മതി. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനറിയാം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന അവസ്ഥ. അത്താഴത്തിന് വകയില്ലാതെ വരുമ്പോള്‍ വീട്ടിലെ കിണ്ടിയും കോളാമ്പിയും വരെ വില്‍ക്കാന്‍ നെട്ടോട്ടമോടുന്ന ക്ഷയിക്കപ്പെട്ട തറവാട്ടിലെ കാരണവത്തിയുടെ അവസ്ഥയിലാണ് അവര്‍. വില്‍ക്കാനുള്ള ആക്രി സാധനങ്ങള്‍ പരതുമ്പോളാണ് എയര്‍ ഇന്ത്യയും ബിപിസിഎല്ലുമൊക്കെ കണ്‍മുന്നില്‍ പെട്ടത്. സുപ്രീം കോടതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കണ്‍മുന്നില്‍ പെടാതെ പതുങ്ങിയിരിക്കുകയാണ്. കണ്ണില്‍പ്പെട്ടാല്‍ എന്താണ സംഭവിക്കുകയെന്ന് ഒരെത്തും പിടിയുമില്ല. ഇത്രയുമൊക്കെ സംഭവിച്ചിട്ടും അതിനെ ചോദ്യം ചെയ്യാന്‍ ഇങ്ങ് കേരളത്തില്‍ നിന്ന് ഒരാള്‍ വേണ്ടി വന്നു. കൊച്ചിയുടെ എംപി ഹൈബി ഈഡനാണ് കേന്ദ്രത്തിന്‍റെ കച്ചവടക്കണ്ണില്‍ കുത്തുന്നത്. 

************************************

ട്രോളിങ് സമയത്തുപോലും ചൂണ്ടയിടുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല.എന്നിട്ടും ഡിവൈഎഫ്ഐക്കാര്‍ ഒന്ന് ചൂണ്ടയിട്ടപ്പോള്‍ ട്രോളമ്മാര്‍ ഉറഞ്ഞപുതുള്ളി ഇറങ്ങിയിരിക്കുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് സംഘടനയിലെ ചോര തുളുമ്പുന്ന യുവത്വത്തിനായി ചൂണ്ടയിടല്‍ മല്‍സരം നടത്തിയത്. എന്നാല്‍ ചൂണ്ട അതില്‍ കോര്‍ക്കുന്ന ഇര എന്നിങ്ങനെ അതിനെ രണ്ടായി കണ്ട കോണ്‍ഗ്രസുകാര്‍ രക്തസാക്ഷിദിനത്തിലെ ഈ മഹത്തരമായ ഇന്‍സ്റ്റലേഷനെ വാഴ്ത്തി. ഒടുവില്‍ അത് പ്രതീകാത്മകമല്ല എന്ന് വിശദീകരിക്കാന്‍ സംസ്ഥാന നേതാവ് എ എ റഹിമിനുതന്നെ രംഗത്തെത്തേണ്ടിവന്നു. ആദ്യമാായാണ് ഒരു ചൂണ്ട ഡിവൈഎഫ്ഐയെ ഇങ്ങനെ കൊളുത്തിവലിക്കുന്നത്

***********************************

പുണ്യം പൂങ്കാവനം. ശബരിമല സീസണില്‍ പൊലീസ് നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തിയാണത്. കഴിഞ്ഞ മണ്ഡലകാലത്ത്  പക്ഷേ പ്ലാസ്റ്റിക് മാലിന്യം പെറുക്കാന്‍ പൊലീസിന് തീരെ സമയമില്ലായിരുന്നു. ഭക്തരെ ഓടിച്ചിട്ടടിക്കുന്നതിലും ഹെല്‍മറ്റ് പെറുക്കുന്നതിലുമൊക്കെയായിരുന്നല്ല ശ്രദ്ധ. ഇക്കുറി അത്തരം കലാപരിപാടി ഇല്ലാത്ത കൊണ്ട് പുണ്യം പൂങ്കാവനം പുനരാരംഭിച്ചു. എല്ലാത്തിനും നേതൃത്വം നല്‍കി മുന്നില്‍ ഡിജിപി ഉണ്ട്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...