മണ്ഡലകാലം അഥവാ ഇടതുപക്ഷത്തിന്‍റെ 'മണ്ടത്തര'കാലം

thiru-18
SHARE

വൃശ്ചികമാസത്തിനെ മണ്ഡലകാലം എന്നുമാത്രമല്ല ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത്. ഇടതുപക്ഷത്തിന്‍റെ മണ്ടത്തരകാലം എന്നുകൂടി ഇപ്പോള്‍ അതിന് പേരുണ്ട്. നവോത്ഥാനം പൂജക്കുവയ്ക്കാനുള്ള പാര്‍ട്ടിയുടെ അധികാരത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. നവോത്ഥാന മതില്‍ പണിതപ്പോള്‍ സിമന്‍റെും കട്ടയും അത്രക്കങ്ങ് ശക്തിയില്‍ ഉറപ്പിക്കാഞ്ഞത് നന്നായി. അതുകൊണ്ട് ഇപ്പോള്‍ എളുപ്പത്തില്‍ പൊളിക്കാന്‍ പറ്റി. സിപിഎമ്മിന്‍റെ ശബരിമല നിലപാടാണ് നാടിന് ഇപ്പോള്‍ ഒരു ആശ്വാസം. പറഞ്ഞുചിരിക്കാന്‍ വകയായല്ലോ. പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതും കാത്തിരിക്കകയായിരുന്നു സര്‍ക്കാര്‍. പരിഗണിച്ചു എന്നതോന്നലുണ്ടായപ്പോളേ പഴയ വിധി ഇനി ബാധകമല്ല എന്നുറപ്പിച്ച് നിലപാട് മാറ്റി ഇടതുപക്ഷം. ശബരിമലയില്‍ യുവതികളെ കയറ്റില്ല, കയറാന്‍ അനുവദിക്കില്ല. ആരാണ്ടുനാട്ടുകാര്‍ കൊടുത്ത പുനപരിശോധന ഹര്‍ജിയുടെ ഫലം ആസ്വദിക്കാന്‍ സര്‍ക്കാര്‍ സ്വയം അങ്ങ് തീരുമാനിച്ചു. എന്നിട്ട് മണ്ഡലകാലത്ത് ദേവസ്വം മന്ത്രി കടകംപള്ളി മുഖ്യന്‍റെ അനുഗ്രഹത്തോടെ മലകയറി.

കഴിഞ്ഞവര്‍ഷം ഈ സമയത്ത് പമ്പയിലും സന്നിധാനത്തും പ്രശ്നങ്ങവ്‍ ഉണ്ടാക്കിയത് ആരാണെന്ന കണ്ടത്തല്‍ സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു. മാധ്യമങ്ങളാണ് വില്ലന്മാര്‍. അവര്‍ ലൈവായി ടിവിയില്‍ കാണിക്കും എന്നറിഞ്ഞാണത്രേ യുവതികള്‍ മലകയറാന്‍ എത്തിയത്. അതായത് വെടിവച്ചവനും തോക്കുനിറച്ചവനും കുറ്റമില്ല വെടിയൊച്ച കേട്ടവനാണ് പ്രതി. ജനുവരി രണ്ടിന് രണ്ടുയുവതികള്‍ സന്നിധാനത്തെത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. പാടുപെട്ട് പൊലീസ് ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെ വിതരണം ആഭ്യന്തരവകുപ്പാണ് അന്നു ചെയ്തത്. ആ ചിത്രങ്ങളുടെ സംവിധായകനും നിര്‍മാതാവും ആരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാലും പറഞ്ഞുവരുമ്പോള്‍ മാധ്യമങ്ങളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.

സീസണ്‍ ഒന്നുകഴിഞ്ഞപ്പോള്‍ പമ്പയിലെ സീനില്‍ ചെറിയമാറ്റമുണ്ട്. കഴിഞ്ഞ വര്‍ഷം കാവി മുണ്ടുകാരായിരുന്നു യുവതികളെ തടഞ്ഞിരുന്നത്. ഇക്കുറി കാക്കി പാന്‍റുകാരാണെന്നുമാത്രം. പൊലീസിനെകൊണ്ട് നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചുവപ്പുകൈലിയുമായി ബ്രിഗേഡുകള്‍ തയാറാണ്. ഏത് ആക്ടിവിസ്റ്റിനെയും തടയും. നൂറുതരം. 

പിണറായി സ്വന്തമായി കളത്തില്‍ അത്ര ആക്ടീവല്ലെങ്കിലും തന്‍റെ ഭൂതഗണങ്ങളെ അതിനായി അഴിച്ചുവിട്ടിച്ചുണ്ട്. എകെ ബാലനൊക്കെ നിയമം പറയുന്നതുകേട്ടാല്‍ ഭക്തരുടെ മനസില്‍ കുളിര് കോരും. പുനപരിശോധനാ വിധി സംബന്ധിച്ച് ആശയക്കുഴപ്പം സര്‍ക്കാരിനുണ്ട്. പക്ഷേ യുവതികളെ കയറ്റണമെന്ന മുന്‍ വിധി നിലനില്‍ക്കുന്നതല്ലെ എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല താനും. ഇതിനെയാണ് നിയമത്തിന്‍രെ വളച്ചൊടിക്കല്‍ അഥവാ നീതി നിര്‍വനം എന്നു പറയുന്നത്.

പിണറായി കോടിയേരി കടകംപള്ളി ബാലന്‍ തുടങ്ങിയ താരങ്ങള്‍ക്കുള്ള അരവണ സിപിഎം പിബി തയ്യാറാത്തി വച്ചിട്ടുണ്ട്. ദില്ലിയിലെ സഖാക്കള്‍ അയോധ്യാ കേസില്‍ അഭിപ്രായം പറയട്ടെ. ശബരിമലക്കാര്യത്തില്‍ കേരള ഘടകം അഭിപ്രായിച്ചോളാം. അങ്ങനൊരു തീരുമാനമെടുത്താല്‍ തീരാവുന്ന പ്രശ്നമേ ഇപ്പോ പാര്‍ട്ടിക്കുള്ളൂ. എന്നാല്‍ പിബി കെട്ടുമുറുക്കിയിട്ടില്ല എന്നാണ് പിണറായി സഖാവ് പറയുന്നത്. സാധാരണ വാര്‍ത്താസമ്മേളനങ്ങളോ പ്രസ്ഥാവനകളോ ആണ് പാര്‍ട്ടി നടത്താറ്. ഇക്കുറി പക്ഷേ നിയമസഭയിലാണ് പാര്‍ട്ടികാര്യങ്ങള്‍ വിളമ്പിയത്. അതും സാക്ഷാല്‍ പണറായി. അങ്ങനെ സിപിഎം പിബി വാര്‍ത്തകള്‍ നമ്മുടെ നിമയസഭ രേഖയിലും പതിഞ്ഞു. 

സവോത്ഥാന മതില്‍ പണിയാന്‍ സര്‍ക്കാരിനൊപ്പെ ഇറങ്ങിത്തിരിച്ച പണിക്കാരനായിരുന്നു കെപിഎംഎസ്  നേതാവ് പുന്നല ശ്രീകുമാര്‍. എന്‍ജിനീയറും പ്രധാന മേസ്തിരിയുമെല്ലാം മതിലുപണിയില്‍ നിന്ന് പിന്മാറി. നാട് നശിപ്പിക്കാന്‍ വരുന്നവരെ തടയണേയെന്ന് സിപിഎം എംഎല്‍എ പ്രതിഭാഹരിയൊക്കെ ധര്‍മശാസ്താവിനോട് പ്രാര്‍ഥിക്കാനും തുടങ്ങി. എന്നിട്ടും അതൊന്നുമറിയാതെ പുന്നല യുവതീ പ്രവേശത്തിനായി ആഗ്രഹിക്കുകയാണ്. രാഷ്ട്രീയക്കാരനെപ്പോലെയാകാന്‍ പുന്നല പഠിക്കാത്തതാണ് പ്രശ്നം. പാര്‍ട്ടിക്ക് ഈ നിലപാടുമാറ്റമൊന്നും പുത്തരിയല്ല. ഇനിയാണ് ദേവസ്വം മന്തിയോടുള്ള ശരിക്കുള്ള ചോദ്യം. അപ്പോ എന്താ ശരിക്കും നിലപാട്. രാമായണത്തിനൊടുവില്‍ ഇടവേളക്കു മുമ്പത്തെ കഥ ചോദിക്കുകയാണെന്നു കരുതരുത്. നവോത്ഥാനം ഉണ്ടോ ഇല്ലയോ

കയറ്റി ജലീല്‍ എന്ന ചീത്തപ്പേലി‍ നിന്ന് ദാനദര്‍മിയായ മനുഷ്യന്‍ എന്ന പേരിലേക്ക് മന്ത്രി കെടി ജലീല്‍ രൂപാന്തരം പ്രാപിച്ചിട്ട് കുറച്ചായി. ഇപ്പോള്‍ നാട്ടില്‍ എവിടെ ആര് മാര്‍ക്ക് കൂട്ടിക്കൊടുത്താലും പ്രതിപക്ഷം അതെല്ലാം ജലീല്‍ സായ്വിന്‍റെ തലയില്‍ വയ്ക്കുകയാണ്. കേരള സര്‍വകലാശാലയിലെ മോഡറേഷനാണ് പുതിയ വിവാദം. പഴങ്കതകളൊക്കെ ചേര്‍ത്ത് സംഗതി ഉഷാറാക്കുകയാണ് പ്രതിപക്ഷം. പക്ഷേ ജലീല്‍ പേടിക്കേണ്ട കാര്യമില്ല. ഇതിലും വലിയ മഴവന്ന ദിവസംപോലും പിണറായി തന്‍റെ മന്ത്രിയെ നനയാന്‍ വിട്ടിട്ടില്ല. പിന്നെ ദാനം. അത് സോഷ്യലിസമാണല്ലോ. ഇല്ലാത്തവന് കൊടുക്കുന്ന പ്രത്യയശാസ്ത്രം. മഴ പെയ്തുകഴിഞ്ഞാല്‍ പിന്നാലെ മരം പെയ്യും. അതുകൊണ്ട് ചെന്നിത്തല സഭ ബഹിഷ്കരിച്ചാലും എംകെ മുനീര്‍ ഉണ്ട് ബാക്കി. ഒരുപായില്‍ ജീവിച്ച പഴയ ബന്ധംകൊണ്ടാകണം ജലീലിനെപറയുമ്പോള്‍ മുനീറിന് നൂറുനാവാണ്

ഹൈബി ഈഡന്‍ മസില് പെരുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ എംപിയുടെ വക പുത്തന്‍ സംരംഭങ്ങള്‍. കൂട്ടിന് എംഎല്‍എയും ഉള്ളകൊണ്ട് പ്രഭാതനടത്തത്തിന് കൂട്ടുണ്ട്.  ഇരുവരും ചേര്‍ന്നാല്‍ കൊച്ചിയുടെ ജിം ബോയ്സായി. താന്‍ ഒരു മോഷ്ടാവായിരുന്നുവെന്ന സത്യം ജി സുധാതകരന്‍ വെളിപ്പെടുത്തു. തെറ്റിദ്ധരിക്കരുത്. കവിതയോ മറ്റ് കലാ സൃഷ്ടിയോ അല്ല അദ്ദേഹം മോഷ്ടിച്ചത്. വാഴക്കുലയാണ്. ഈ പറയുന്ന വാഴക്കുലക്ക് കേരളത്തിന്‍റെ നവോത്ഥാനവുമായി വരെ ബന്ധമുണ്ടെന്നത് മറക്കരുത്. വാഴക്കുല മോഷ്ടിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ആരെങ്കിലും വരുമോ എന്നത് കണ്ടറിയേണ്ടതാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...