പിണറായി ഇപ്പോൾ 'പ്രിയപ്പെട്ട വിജയൻ'; ചിലർക്ക് 'പബ്ബ് വിജയൻ'

Thiruvaa
SHARE

ആകെ ഒന്ന് മടുപ്പടിച്ചുകിടന്ന കേരളം ഇത്രവേഗം ചാര്‍ജായി ഉന്മേഷത്തോടെ ആവേശപ്പെടുമെന്ന് ആരു നിരീച്ചു. എവിടെയും ചര്‍ച്ച പബ്ബുകളെക്കുറിച്ചാണ്. രാഷ്ട്രീയ തുരുത്തില്‍ അക്കെരെക്കരെ നിന്നിരുന്നവര്‍ക്കുപോലും പിണറായി വിജയന്‍ ഇപ്പോള്‍ പ്രിയപ്പെട്ട വിജയനാണ്. എന്നാല്‍ ചിലര്‍ മുഖ്യനെ ഇപ്പോള്‍ പബ്ബ് വിജയന്‍ എന്നാണ് വിളിക്കുന്നത്. സംഗതി ഇത്രയേ ഉള്ളൂ. സംസ്ഥാനത്ത് ഉല്ലാസത്തിനുള്ള ഇടമായി പബ്ബുകളും മൈക്രോ ബ്രൂവറുകളും തുടങ്ങാവുന്നതാണെന്ന്് എക്സൈസ് കമ്മീഷണര്‍ ഞഷിരാജ് സിങ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്ന് ആ നിര്‍ദേശത്തിന് അത്രക്കങ്ങ് കൈയ്യടികിട്ടിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഉപദേശക വൃന്തത്തിലെ പ്രമുഖന്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന നാം മുന്നോട്ട് എന്ന പരിപാടി പബ്ലിക് ഇന്‍ഫര്‍മേഷന്‍സ് വകുപ്പെന്ന സര്‍ക്കാര്‍ സംവിധാനം എല്ലാ ആഴ്ചയിലും അണിയിച്ചൊരുക്കാറുണ്ട്. പരിപാടി പത്തുപേര്‍ ശ്രദ്ധിക്കണമെങ്കില്‍ ചില ഞെട്ടിക്കല്‍ പ്രഖ്യാപനങ്ങള്‍ കൊണ്ടാണല്ലോ സാധിക്കുക. ഇക്കുറി ഒരല്‍പ്പം ഡാന്‍സും പാട്ടും ലഹരിയുമാകാമെന്ന് അണിയറക്കാര്‍ തീരുമാനിച്ചുകാണും. അതോടെ കേരളത്തിന്‍രെ സംസാരം പബ്ബിന്‍റെ പിന്നാലെ പാഞ്ഞുതുടങ്ങി.

*****************************************

ഉല്ലസിക്കാനുള്ള ഇത്തരം ഐഡിയകള്‍ മാത്രമല്ല നാം മുന്നോട്ട് മുന്നോട്ടു വയ്ക്കുന്നത്. പരിപാടി കൃത്യമായ റൂട്ടില്‍ കൊണ്ടുപോകുന്നതില്‍ ബ്രിട്ടാസ് പാടവം തെളിയിക്കുമ്പോള്‍ കാണികള്‍ക്കും ഭാഗ്യം കിട്ടുന്നുണ്ട്. എന്തിനാണെന്നല്ലേ. സ്റ്റുഡിയോയില്‍ എത്തുന്നവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പ്രസാദവദനനായി ഇരിക്കുന്ന പിണറായിയെ കാണാന്‍ കഴിയുന്നതില്‍. സ്വന്തക്കാരെ മാത്രമല്ല പരിപാടിയില്‍ പങ്കെടുപ്പിക്കുക. ഉദാഹരണത്തിന് ലീഗുകാരന്‍ അബ്ദുള്‍ വഹാബ് എംപി. കക്ഷി മുഖ്യന് നല്‍കുന്നത് ആകാശത്തോളം വലിയ ആശയങ്ങളാണ്. ഇടക്കിടക്ക് ടയര്‍ മാറ്റുന്ന കാറ് ഖജനാവിന് വലിയ ചിലവാണെന്നും അതിനാല്‍ ഒരു  ഹെലിക്കോപ്ടര്‍ വാങ്ങുന്നതാണ് ബുദ്ധിയെന്നുമാണ് ഉപദേശം. ലീഗുകാരനായതുകൊണ്ടല്ല മറിച്ച് കച്ചവടക്കാരനായതുകൊണ്ടാണ് വഹാബിന് ഹോട് സീറ്റില്‍ അവസരം കിട്ടിയതെന്ന് ശത്രുക്കള്‍ പറയുന്നുണ്ടെങ്കിലും ചെവി കൊടുക്കേണ്ട. അപ്പോള്‍ പബ്ബിനു പിന്നാലെ ആകാശക്കാഴ്ചകളും വന്നേക്കാന്‍ സാധ്യതയുണ്ട്. 

*****************************************

കിഫ്ബിക്കു പുറകെയാണ് പ്രതിപക്ഷം. മന്ത്രി ജി സുധാകരന്‍റെ ബകന്‍ പരാമര്‍ശത്തോടെയാണ് കിഫ്ബിയെ വീണ്ടും രമേശ് ചെന്നിത്തല ശ്രദ്ധിച്ചു തുടങ്ങിയത്. അപ്പോഴാണ് അതില്‍ ഒരു അസുര താണ്ഡവത്തിനുള്ള സാധ്യത ഒളിഞ്ഞു കിടക്കുന്നത് കണ്ടതും. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് വേണ്ട എന്ന സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ കത്തിക്കയറുകയും പിന്നീട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. ഈ കടയില്‍ ഈ കച്ചവടം മാത്രം മതിയോ എന്നുചോദിച്ച സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. സഭ സ്തംഭിപ്പിച്ചു പ്രതിപക്ഷം. താന്‍ ഒരു ബുദ്ധിമാനാണ് എന്നത് രമേശ് ചെന്നിത്തല അംഗീകരിക്കാത്തത് ധനമന്ത്രി തോമസ് ഐസക്കിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഐസക്കിന്‍റെ കണക്കിലെ കളികള്‍ക്ക് പിന്നാലെ നടന്ന് ഗവേഷണം നടത്തുകയാണ് ചെന്നിത്തല

*****************************************

കള്ളത്തരം കാട്ടുന്ന സര്‍ക്കാര്‍ അന്വേഷണങ്ങളെ ഭയപ്പെടുകയാണെന്ന് ചെന്നിത്തല നിഷ്കരുണം അങ്ങ് പറഞ്ഞു. ഇന്ദ്രചന്രന്മാരെ പേടിയില്ലാത്ത മുഖ്യന് എന്ത് സിഎജി എന്ത് ഓഡിറ്റ്. നൂറുതലയുള്ള രാവണനാണ് തന്‍റെ ധനമന്ത്രിയെന്ന് പിണറായിക്കും അറിയാവുന്നതാണല്ലോ. ഓഡിറ്റ് ചെയ്യാന്‍ വരുമോ എന്നുകാട്ടി സിഎജിക്ക് കത്തയച്ചിട്ട് തപാല്‍പ്പെട്ടിക്കു കീഴില്‍ ഇരിക്കുന്ന ഐസക്കിനോട് തെല്ലും ദയയില്ലാതെയാണ് ചെന്നിത്തല പെരുമാറിയത്.

*****************************************

ഇടവേളയാണ്. ദോ പോയി വന്നാല്‍ വന്നു. 

*****************************************

അബ്ദുല്ലകുട്ടിയുടെ അയോധ്യാകാണ്ഡമാണ് ഇനി. രാമന്‍റെ മണ്ണ് ക്ഷേത്രത്തിന് എന്ന സുപ്രീംകോടതി വിധി കേട്ടപ്പോള്‍ കൈയ്യടിച്ച ഏക മുസ്ലിം സഹോദരനാണ് എപി അബ്ദുല്ലക്കുട്ടി. തോല്‍വി ഇഷ്ടമില്ലാത്ത കുട്ടി ഇനി ഈ വിധി മുന്‍കൂട്ടി കണ്ടാണോ ബിജെപിയില്‍ പോയത് എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. അതോ ഇങ്ങനെയൊക്കെ പറയാന്‍പറ്റിയ ഒാരളെ ബിജെപി റിക്രൂട്ട് ചെയ്തതാണോ എന്നും സംശയിക്കാവുന്നതാണ്. അത്രക്ക് ഭക്തിയോടെയാണ് കുട്ടി പ്രതികരിക്കുന്നത്. 

*****************************************

ലീഗ് വിധിയോട് ആദ്യം പ്രതികരിച്ചത് എങ്ങനെയെന്നത് കേള്‍ക്കേണ്ടതാണ്

*****************************************

കുട്ടി പറയുന്നതുതന്നെയാണ് ശരി. അതുറപ്പിക്കണമെങ്കില്‍ ലീഗിന്‍റെ വണ്ടി ഇപ്പോള്‍ ഏത് സ്റ്റാന്‍ഡിലാഎന്നുകൂടി കേള്‍ക്കണം

*****************************************

ഇതൊന്നും ഒരു ഇശ്യൂ ആക്കേണ്ട എന്നാകും കുഞ്ഞാപ്പക്ക് പറയാനുള്ളത്. എന്തായാലും നിലപാട് മാറ്റം എന്ന വിഷയത്തില്‍ അഭിപ്രായം പറയാന്‍ കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ മുമ്പന്തിയിലുള്ള ആള്‍ അബ്ദുല്ലകുട്ടിയാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. 

*****************************************

പികെ കൃഷ്ണദാസിനും അബ്ദുല്ലക്കുട്ടിക്കും എന്നുവേണ്ട സകല ഭക്തിപ്രസ്ഥാനക്കാര്‍ക്കുമുള്ള മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കളത്തിലെത്തി. സപ്രീം കോടതിയുടെ രാമ വിധി അനുകൂലിക്കുന്നവര്‍ അയ്യപ്പ വിധികൂടി അംഗീകരിക്കാന്‍ തയ്യാറാകണമെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. 

*****************************************

ശബരിമല വിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സാവകാശം ചോദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഈ വിധിയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലായേനേ. പക്ഷേ സുവര്‍ണ നിമിഷങ്ങള്‍ക്കും മതിലിനുമൊന്നും അപ്പോള്‍ സാധ്യത ഉണ്ടാകില്ലായിരുന്നു എന്നുമാത്രം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...